ഈ അടുത്തകാലത്ത് പത്രത്തില്‍വന്ന വാര്‍ത്തയാണ്, നമ്മുടെ സ്ത്രീകളുടെ ജോലിഭാരം ലഘൂകരിക്കാനായി അടുക്കളകള്‍ നവീകരിക്കുന്ന പദ്ധതി. കെ.എസ്.എഫ്.ഇയില്‍നിന്നു ലോണെടുത്ത് അടുക്കളയുപകരണങ്ങള്‍ വാങ്ങാം. തവണകളായി തിരിച്ചടച്ചാല്‍ മതി. ലഘുവായ പലിശ. സ്ത്രീകളെല്ലാം, ഞാന്‍ ഉള്‍പ്പെടെ, സന്തോഷിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോഴുള്ള കിച്ചണുകളെപ്പറ്റി ചിന്തിച്ചത്. മിക്കവാറും എല്ലാ വീടുകളിലും ഫ്രിഡ്ജ്, ഗ്രേയ്റ്റര്‍, മിക്‌സി, എഗ് ബീറ്റര്‍, ഓവന്‍ തുടങ്ങിയവയുണ്ട്. എല്ലാമൊന്നുമില്ലെങ്കിലും മിക്‌സിയില്ലാത്ത വീടുകള്‍ കാണില്ല.
നല്ലതെല്ലാം പഴയതായിരുന്നുവെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പണ്ടുകാലങ്ങളില്‍ കിച്ചണുകള്‍ സ്മാര്‍ട്ടല്ലായിരുന്നു. പകരം, നമ്മുടെ അമ്മമാരും വല്യമ്മമാരുമൊക്കെ സ്മാര്‍ട്ടായിരുന്നു. ഇപ്പോഴും പത്രത്തിലെ ചരമക്കോളങ്ങളില്‍ തൊണ്ണൂറിനു മുകളിലുള്ളവരെ കാണാറുണ്ട്. അവരുടെ ആരോഗ്യത്തിനു കാരണമെന്തെന്നു ചിന്തിക്കുമ്പോള്‍; അവരുടെ ജീവിതരീതികളായിരുന്നുവെന്നു മനസ്സിലാക്കാം. ഏതാണ്ട് അറുപതു കൊല്ലം പിന്നിലേക്കുപോയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ മറ്റു ജോലിക്കായി പോകുന്ന സ്ത്രീകളോ വളരെ ചുരുക്കമായിരുന്നു. വെളുപ്പിനു നാലുമണി കഴിയുമ്പോള്‍ മിക്ക വീട്ടുകാരും ഉണരും. എല്ലാ വീടുകളിലുമുണ്ട് കോഴിയും പശുക്കളും ആടുകളും. രാവിലെ കോഴിപ്പൂവന്മാരുടെ ഇടതടവില്ലാത്ത കൂവലാണ്. സമയം കഴിഞ്ഞാല്‍ കറവയുള്ള പശുക്കള്‍ അമറാന്‍ തുടങ്ങും. അമ്മയും മൂത്തസഹോദരങ്ങളും എഴുന്നേറ്റ് എല്ലാവരെയും വിളിച്ചുണര്‍ത്തും. പിന്നീട് പ്രാര്‍ത്ഥനയാണ്. ഞങ്ങള്‍ ഉണരുമ്പോള്‍ അപ്പുറത്തെ രാമന്‍നായരുടെ മക്കളുടെ കീര്‍ത്തനം കേള്‍ക്കാം. അവിടത്തെ തങ്കമ്മയും കുട്ടനുമെല്ലാം ഞങ്ങളുടെ കൂട്ടുകാരാണ്. അതിനപ്പുറത്തുനിന്ന് ഫാത്തിമ ഉമ്മയുടെ മക്കളുടെ അറബിപ്രാര്‍ത്ഥന. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ അടുക്കളയിലേക്കാണ്. കഞ്ഞിയും കറിയും കപ്പയും മീനും പിള്ളേര്‍ക്ക് കൊഴുക്കൊട്ടയുമെല്ലാം ഉണ്ടാക്കണം. അതിനിടയില്‍ അപ്പനും ആണ്‍മക്കളും പശുവിനെ കറന്നുകൊണ്ടുവരും. എട്ടുമണിയാകുമ്പോഴേക്കും വീട്ടിലെ മൂത്തവള്‍ മുറ്റമടിക്കണം. തുണിയലക്കണം, പെണ്‍മക്കള്‍ വെള്ളം കിണറ്റില്‍നിന്നു കോരി പാത്രങ്ങളില്‍ നിറയ്ക്കണം. ആണ്‍മക്കള്‍ അപ്പന്റെകൂടെ പറമ്പില്‍ പണിയണം. പിന്നീട് കുളിച്ചുവന്ന് സ്‌കൂളിലേക്കു നടപ്പാണ്. രണ്ടുമൂന്നു കിലോമീറ്റര്‍ നടക്കണം. ആണ്‍കുട്ടികള്‍ മുന്നില്‍ നടക്കും. പെണ്‍കുട്ടികള്‍ പിന്നാലെ. നാലു മണിക്ക് തിരിച്ചും നടക്കണം. വീട്ടില്‍ വന്നാല്‍ പുല്ലു പറിക്കണം. പറമ്പില്‍ പണിയണം. പകല്‍സമയത്ത് അമ്മയും വല്യമ്മയും അപ്പനുമെല്ലാം പറമ്പിലും വീട്ടിലുമായി നന്നായി ജോലി ചെയ്യും. അന്തിയായാല്‍ എല്ലാ വീടുകളില്‍നിന്നും പ്രാര്‍ത്ഥനയുടെ ശബ്ദം. ആര്‍ക്കും ഇന്നത്തെപ്പോലെ മാരകമായ രോഗങ്ങളോ പ്രഷറോ ഷുഗറോ ഉണ്ടായിരുന്നതായി അറിവില്ല.
സ്മാര്‍ട്ട് കിച്ചണുകള്‍ വന്നാല്‍ നമ്മുടെ സ്ത്രീകള്‍ എന്തുചെയ്യുമെന്നുകൂടി ആലോചിക്കണം. ഇപ്പോള്‍ത്തന്നെ ഗ്യാസ് അടുപ്പും മിക്‌സിയും ഫ്രിഡ്ജുമൊക്കെയുണ്ട്. ഇനി വേണ്ടത് ഒരു ഡിഷ്‌വാഷ് മാത്രമായിരിക്കും. അതുംകൂടി വാങ്ങിയാല്‍ എങ്ങനെ സമയം വിനിയോഗിക്കും? മൊബൈല്‍ ഫോണും ടി.വി. യും എല്ലായിടത്തുമുണ്ട്. ടി.വി.യുള്ളതുകൊണ്ട് ആര്‍ക്കും വായനയില്ല. വാട്ട്‌സ്ആപ്പും ഫേയ്‌സ്ബുക്കും മറ്റ് ആപ്പുകളുമായി മുന്നോട്ടുപോയാല്‍ ആയുസ്സിന്റെ ദൈര്‍ഘ്യം കുറയാനും സാധ്യതയുണ്ട്.
സ്മാര്‍ട്ട് കിച്ചണ്‍ നടപ്പാക്കുന്നതോടുകൂടി എന്തെങ്കിലും ജോലിസാധ്യതകള്‍ ഉണ്ടാകണം. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. ഇവര്‍ക്കായി വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ പഠിപ്പിക്കുകയോ അതിനുള്ള അസംസ്‌കൃതവസ്തുക്കള്‍ എത്തിച്ചു നല്‍കുകയോ വേണം. അല്ലെങ്കില്‍ സ്ത്രീകളുടെ ആയുസ്സ് കുറയാനും അവരുടെ വിലപ്പെട്ട സമയം പാഴായിപ്പോകാനും സാധ്യതയുണ്ട്. സൗകര്യങ്ങള്‍ കൂടുന്തോറും പരിസരശുചീകരണം കുറയുന്നതായി കാണുന്നു. എല്ലാവരും വീടിനുള്ളില്‍ ത്തന്നെയിരുന്നാല്‍ മതിയെന്നൊരു ചിന്ത. കൊവിഡുകാലത്ത് ഇതൊരു നല്ല ചിന്തയാണ്. കിച്ചണ്‍ സ്മാര്‍ട്ടായാലും വീടും പരിസരവും ശുചിയായും വൃത്തിയായും ചെടികള്‍ വളര്‍ത്തിയുമൊക്കെ സംരക്ഷിക്കണം.