സൈനിക സുരക്ഷാവശ്യങ്ങള്ക്കുവേണ്ടി ഉപയോഗിക്കുന്ന ചാരസോഫ്റ്റ്വെയറുകള് ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ സുപ്രധാനവ്യക്തികളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ദേശീയരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍, സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, രാജ്യത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പുകമ്മീഷനംഗം, സുപ്രീംകോടതി ജഡ്ജി തുടങ്ങിയ സുപ്രധാന വ്യക്തികള്‍ ഫോണ്‍ ചോര്‍ത്തലിന് ഇരകളായിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സമാനമായ ഫോണ്‍ചോര്‍ത്തല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും അനങ്ങാപ്പാറനയം തുടരുകയാണ്. വിഷയത്തില്‍ നീതിന്യായപീഠത്തിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍. റാം സുപ്രീംകോടതിയെ സമീപിച്ചതോടെ നിയമയുദ്ധത്തിനും കളമൊരുങ്ങുകയാണ്. കളങ്കിതമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ജനാധിപത്യത്തിനു കൂടുതല്‍ അപമാനമായിക്കൊണ്ട് പെഗാസസ് വിവാദം വളരുകയാണ്.
രണ്ടു കേന്ദ്രമന്ത്രിമാര്‍, മൂന്നു പ്രതിപക്ഷനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 40 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ ഇന്ത്യയിലെ 300 പ്രധാന വ്യക്തികള്‍ ഇസ്രയേലി ചാരസോഫ്റ്റ്വെയറായ പെഗാസസിന്റെ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ വലിയ ആശ്ചര്യവും അമ്പരപ്പുമാണ് രാജ്യമെമ്പാടുമുണ്ടായത്. ഇന്ത്യയില്‍ പ്രതിരോധം, ആഭ്യന്തരമന്ത്രാലയം, തിരഞ്ഞെടുപ്പുകമ്മീഷന്, കശ്മീര്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന, ദി വയര്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഹിന്ദു, ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്സ്പ്രസ്, നെറ്റ്വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ദ് വയര്‍ സ്ഥാപക എഡിറ്റര്‍മാരായ സിദ്ധാര്‍ത്ഥ് വരദരാജന്, എം. കെ. വേണു, മറ്റു മുഖ്യധാര മാധ്യമപ്രവര്‍ത്തകരായ
ശിശിര്‍ ഗുപ്ത, പ്രശാന്ത് ഝാ, രാഹുല്‍ സിങ്, സന്ദീപ് ഉണ്ണിത്താന്, മനോജ് ഗുപ്ത, ജെ. ഗോപീ കൃഷ്ണന്, രോഹിണി സിങ്, വിജയ് സിങ് തുടങ്ങിയവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
എന്നാല്‍, ഇസ്രയേല്‍ കമ്പനിയുടെ ചാരപ്പണി അന്വേഷിക്കുന്നതില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍നിന്നു പങ്കാളിയായ വാര്‍ത്താ പോര്‍ട്ടല്‍ 'ദ് വയര്‍' രണ്ടാം ഘട്ടം നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ നേതാവുമായ അഭിഷേക് ബാനര്‍ജി, നിലവില്‍ മോദിമന്ത്രിസഭയില്‍ മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹഌദ് പട്ടേല്‍ എന്നിവരുടെ പേരുകളും ഉള്‍പ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആശ്ചര്യവും അമ്പരപ്പും കടുത്ത പ്രതിഷേധങ്ങളിലേക്കു തിരിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പക്ഷത്തു നില്ക്കുന്നവരെക്കൂടാതെ സര്‍ക്കാരിന്റെ ഭാഗമായി നില്ക്കുന്നവരുള്പ്പെടെയുള്ളവരുടെ ഫോണുകളില്‍ ചാരവൃത്തി നടത്താന്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സി ഇസ്രയേല്‍ കമ്പനിയുടെ സോഫ്റ്റ്വെയര് ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് രണ്ടാം ഘട്ടമായി 'ദ് വയര്‍' പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉദ്യോഗസ്ഥതലത്തിലും വ്യക്തിതലത്തിലും സര്‍ക്കാരിനു ചില പ്രത്യേക താത്പര്യങ്ങളുള്ളവരാണ് ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്ളത്. മോദിസര്‍ക്കാരിന്റെ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെക്കൂടി ബാധിക്കുന്ന രീതിയില്‍ വിവാദം വളരുകയാണ്.
ഇന്ത്യയില്‍നിന്ന് ദ് വയര്‍, വിദേശമാധ്യമങ്ങളായ വാഷിങ്ടണ്‍ പോസ്റ്റ്, ദ് ഗാര്ഡിയന് എന്നിവയടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ ഫോണ്വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പുസമയത്താണ് ഫോണ്‍ ചോര്‍ത്തിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കു പുറമേ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അഞ്ചു സുഹൃത്തുക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
''രാജ്യത്ത് നിയമം അനുസരിക്കുന്ന ഒരു പൗരന്, അത് ആരായാലും അവരുടെ ഫോണ്‍ ചോര്‍ത്തുക എന്നു പറയുന്നത് നിയമവിരുദ്ധമാണ്. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്കെതിരായ ആക്രമണവുമാണിത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണം.'' സംഭവത്തോട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇതായിരുന്നു.
മോദിസര്‍ക്കാരിനെതിരേ ശക്തമായി ആഞ്ഞടിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപ്പാര്‍ട്ടികള്‍ പ്രതികരിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയെ പുറത്താക്കണമെന്നും വിഷയത്തില്‍ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു. ദേശീയ സുരക്ഷയില്‍ വീഴ്ച വരുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി രാജ്യദ്രോഹമാണെന്നുവരെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പെഗാസസിനെ ഉപയോഗിച്ച് ചാരറാക്കറ്റിനെ നിയോഗിച്ചതും നടപ്പാക്കിയതും കേന്ദ്രസര്‍ക്കാരാണെന്നാണ് പ്രതിപക്ഷാരോപണം.
ചാരവൃത്തിറിപ്പോര്ട്ടുകള് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ശക്തമായി നിഷേധിച്ചുവെങ്കിലും അതിനുപയോഗിച്ച ഇസ്രയേല്‍ കമ്പനിയുടെ 'പെഗാസസ്' സ്പൈവെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നല്കാന് ബന്ധപ്പെട്ടവര്‍ക്കു കഴിയാത്തത് വിമര്‍ശനങ്ങളുടെ മൂര്‍ച്ചയും വിവാദത്തിന്റെ വ്യാപ്തിയും കൂട്ടുന്നുണ്ട്.
പെഗാസസ് സോഫ്റ്റ്വെയര്
2010 ല്‍ രൂപീകൃതമായ ഇസ്രയേല്‍ കമ്പനിയായ എന്‍.എസ്.ഒയാണ് പെഗാസസിന്റെ ഉപജ്ഞാതാക്കള്‍. സ്മാര്‍ട്ഫോണുകളിലെ രഹസ്യം ചോര്‍ത്താന്‍ സഹായകമായ ചാരസോഫ്റ്റ്വെയറാണ് പെഗാസസ്. എസ്.എം.എസുകള്‍, ഫോണ്‍ കോളുകള്‍, വാട്സാപ്പ് സംഭാഷണങ്ങള്‍ തുടങ്ങിയവ കൂടാതെ ഫോണ്‍ ക്യാമറവഴിയും വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസിനു കഴിയും. ചുരുക്കിപ്പറഞ്ഞാല്‍, സ്മാര്‍ട്ഫോണ്‍ കൈവശം വയ്ക്കുന്ന വ്യക്തിയുടെ മുഴുവന്‍ പ്രവൃത്തികളും ഒളിഞ്ഞിരുന്ന് റിപ്പോര്‍ട്ടു ചെയ്യാന്‍ പെഗാസസിനു കഴിയുമെന്നു ചുരുക്കം.
2019 ലാണ് ചാരസോഫ്റ്റ്വെയറായ പെഗാസസ് ആദ്യമായി ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്നു ചോര്‍ന്നത്. ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന വാര്‍ത്തകള്‍ വന്നതോടെ കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനോടു വിശദീകരണം തേടി. തുടര്‍ന്ന് 2019 നവംബറില്‍ മറുപടി നല്കിയ വാട്സാപ്പ്, വിവരങ്ങള്‍ ചോര്‍ന്നതില്‍ കേന്ദ്രസര്‍ക്കാരിനോടു ഖേദം പ്രകടിപ്പിച്ചിരുന്നു. സുരക്ഷാകാര്യങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വാട്സാപ്പ് അന്നു വിശദീകരണം നല്കി. പ്രതിരോധവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതികളിലുള്പ്പെടെ അന്ന് ഇതു ചര്‍ച്ചയായെങ്കിലും അധികം വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. വാട്സാപ്പിന്റെ സുരക്ഷാവീഴ്ച എന്നതിനപ്പുറം പെഗാസസിന്റെ ചാരസോഫ്റ്റ്വെയറിലേക്ക് അധികം മാധ്യമശ്രദ്ധ അന്നു പതിഞ്ഞിരുന്നില്ല.
എന്നാല്‍, ഈ സംഭവത്തിനുശേഷം വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പതിനാറു വ്യത്യസ്ത മാധ്യമസ്ഥാപനങ്ങളും സംഘടനകളും നടത്തിയ സമഗ്രാന്വേഷണവും കണ്ടെത്തലുകളുമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ഇന്ത്യയില്‍ ചാരവൃത്തിക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഫ്രാന്‍സിലെ മാധ്യമസ്ഥാപനമായ ഫോര്‍ബിഡന്‍ സ്റ്റോറീസും ആംനസ്റ്റി ഇന്റര്‍നാഷണലും ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ലബോറട്ടറിയുടെ സാങ്കേതിക ഉപദേശത്തോടെ രൂപപ്പെടുത്തിയ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനവഴിയാണ് പെഗാസസിന്റെ ഇടപെടലുകള്‍ ശാസ്ത്രീയമായി സ്ഥിരീകരിച്ചു പരസ്യപ്പെടുത്തിയത്. ഇന്ത്യയില്‍ പെഗാസസ് ഡേറ്റാബേസിലുള്ള ആയിരം ഫോണ്‍ നമ്പറുകളില്‍ 300 എണ്ണത്തിലും ചോര്‍ത്തല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ലഹരി-മനുഷ്യക്കടത്ത് മാഫിയകള്‍, അന്താരാഷ്ട്രഭീകരവാദസംഘടനകള്, കൊടുംകുറ്റവാളികള്‍ തുടങ്ങിയവരെയൊക്കെ പിന്തുടരുന്നതിനും പിടികൂടുന്നതിനും പെഗാസസ് വിജയകരമായി ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, മനുഷ്യാവകാശപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാക്കളെയും എന്തിനേറെ, സര്‍ക്കാരിന്റെ ഭാഗമായവരെപ്പോലും വേട്ടയാടുന്നത് അധാര്‍മികമാണ്.
പൗരാവകാശങ്ങള്‍ക്ക് ഏറെ പുകള്‍പെറ്റ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏകാധിപത്യരാജ്യങ്ങളെ നാണിപ്പിക്കുംവിധം പൗരന്റെ സ്വകാര്യതകളിലേക്കു ഭരണകൂടം നുഴഞ്ഞുകയറുന്നുവെന്നത് ഒട്ടും ആശാസ്യമല്ല. സ്വകാര്യതയ്ക്കുള്ള അവകാശത്തെ മൗലികാവകാശങ്ങളുടെ ഭാഗമായിപ്പോലും വ്യാഖ്യാനിച്ചിട്ടുള്ള ഒട്ടനവധി കോടതിവിധികള്‍ ഉണ്ടായിട്ടുള്ള രാജ്യമാണ് ഇന്ത്യ. രണ്ടായിരാമാണ്ടില്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഇന്ത്യന്‍ ഐ.ടി. ആക്ട് സെക്ഷന്‍ 69 പ്രകാരം രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫോണുകള്‍ ഉള്പ്പെടെയുള്ളവവഴി സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താനും ശേഖരിക്കാനും വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും രാജ്യത്തെക്കാള്‍ ഉപരിയായി ഭരിക്കുന്നവര്‍ ഭയപ്പെടുന്നവരെയും ഭരണകൂടത്തിനു താത്പര്യമില്ലാത്തവരെയും വേട്ടയാടാനും രഹസ്യങ്ങള്‍ ചോര്‍ത്താനും അനുവദിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. പൗരാവകാശങ്ങള്‍ക്കും സ്വകാര്യതയ്ക്കുള്ള അവകാശങ്ങള്ക്കുംനേരേ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള പുതിയ സൈബര്‍ ഭീഷണികള്‍ ഇന്ത്യയുടെ ജനാധിപത്യം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ദുഷ്കരമായ വഴികളുടെ നേര്‍ചിത്രങ്ങളാണ്.