ആയുര്‍വേദത്തിന്റെ വെളിച്ചം ലോകത്തിന്റെ നെറുകയോളമെത്തിച്ച വൈദ്യകുലപതി ഡോ. പി. കെ. വാരിയര്‍ (100) ഇനി ഓര്‍മ.
ഒരു സ്പര്‍ശനംകൊണ്ട് രോഗത്തിന്റെ ആഴവും രോഗിയുടെ മനസ്സും അളക്കാനുള്ള അപൂര്‍വസിദ്ധി ലഭിച്ച ചുരുക്കം ചില ആയുര്‍വേദാചാര്യന്മാരില്‍ ഒരാളായിരുന്നു ഡോ.പി.കെ. വാരിയര്‍. അദ്ദേഹത്തിന്റെ മാന്ത്രികസ്പര്‍ശംകൊണ്ട് പതിനായിരങ്ങളാണ് രോഗമുക്തി നേടിയത്. ആയുര്‍വേദത്തോടൊപ്പം ചിട്ടയായ ജീവിതവും പ്രാര്‍ത്ഥനയുംകൊണ്ട് വാര്‍ദ്ധക്യത്തെപ്പോലും തോല്പിക്കാനാകുമെന്ന് തന്റെ ജീവിതംകൊണ്ട് അദ്ദേഹം തെളിയിച്ചു. ജൂണ്‍ ആറിനായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ആശംസകളര്‍പ്പിക്കാനെത്തിയവരെ അന്നും പുഞ്ചിരിയോടെ സ്വീകരിച്ച അദ്ദേഹം ജൂലൈ പത്താം തീയതി നമ്മെ വിട്ടുപിരിഞ്ഞു.
നൂറാം വയസ്സിലും രോഗീപരിചരണത്തിനു സമയം മാറ്റിവച്ച അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്കു മാതൃകയാണ്. രോഗികളോടു കുശലം ചോദിച്ചുകൊണ്ട് ചികിത്സയാരംഭിക്കുന്ന വാരിയര്‍, കുശലാന്വേഷണത്തിനിടയില്‍ രോഗിയില്‍ കയറിക്കൂടിയിരിക്കുന്ന രോഗാവസ്ഥയെ കണ്ടെത്തുകയും മരുന്നു നിശ്ചയിക്കുകയും ചെയ്യും. അതിനുശേഷമാകും രോഗിപോലും അറിയുക, അദ്ദേഹം നടത്തിയ കുശലാന്വേഷണം തന്നോടല്ല, രോഗത്തോടായിരുന്നുവെന്ന സത്യം. അപൂര്‍വമായിമാത്രം ലഭിക്കുന്ന ഈ സിദ്ധി സ്വായത്തമാക്കിയ ഡോക്ടര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള പേര് പി.കെ. വാരിയരുടേതുതന്നെയാണ്.
വേദനയോടെ തന്റെ മുന്നില്‍ എത്തുന്ന രോഗികള്‍ സന്തോഷത്തോടെ തിരിച്ചുപോകണമെന്ന് വാരിയര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. ചികിത്സയിലും മരുന്നിലും കൃത്രിമം കാട്ടുന്നത് വൈദ്യവൃത്തിക്കു നിരക്കുന്നതല്ലെന്ന വലിയ പാഠം ലോകത്തെ പഠിപ്പിച്ച മഹാനായിരുന്നു പി.കെ. വാരിയര്‍. ആതുരസേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ രാജ്യം പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ ബഹുമതികള്‍ നല്‍കി ആദരിച്ചു.
വൈദ്യം ജീവിതമാര്‍ഗമല്ല, ജീവിതനിയോഗം തന്നെയാണ്. രോഗികളെ പരിശോധിച്ചു ചികിത്സ നിശ്ചയിക്കുമ്പോള്‍ വാക്പുണ്യമാണ് ആദ്യം വരിക. പിന്നീടാണ് കൈപ്പുണ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആയുര്‍വേദത്തെ അടിസ്ഥാനമാക്കി നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ വ്യക്തിയാണ് വാരിയര്‍. തന്റേതായ മാതൃക ചികിത്സാരീതിയിലും കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ആയുര്‍വേദത്തിന്റെ പരമപ്രധാനമായ രണ്ടു ഘടകങ്ങളാണ് ചികിത്സയും പഥ്യവും. ഇവ രണ്ടും കൃത്യമായെങ്കില്‍മാത്രമേ വൈദ്യനു രോഗത്തെ പിടിച്ചുകെട്ടാനാവൂ. ഇക്കാര്യങ്ങളില്‍ കര്‍ക്കശക്കാരനായ വ്യക്തിയായിരുന്നു വാരിയര്‍. ഏഴു പതിറ്റാണ്ടിലധികം ചികിത്സാരംഗത്തുണ്ടായിരുന്നിട്ടും ഒരു രൂപപോലും കണ്‍സള്‍റ്റേഷന്‍ ഫീസായി അദ്ദേഹം വാങ്ങിയിട്ടില്ല.
രോഗിക്കു വൈദ്യനോടും വൈദ്യനു രോഗിയോടുമുള്ള വിശ്വാസമാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന പ്രധാന ഔഷധം എന്നാണ് പി.കെ. വാരിയരുടെ പക്ഷം.
ജീവിതശൈലിയിലും തന്റേതായ മാതൃക നിലനിര്‍ത്തിയ വ്യക്തിത്വമായിരുന്നു പി.കെ. വാരിയര്‍. അതില്‍ ഏറ്റവും പ്രധാനം സമയനിഷ്ഠയാണ്. അതില്‍ മാറ്റമുണ്ടായാല്‍ അദ്ദേഹത്തിന്റെ ചിരിമാറും. ഒരു വൈദ്യന്‍ സമയക്ലിപ്തത പാലിച്ചില്ലെങ്കില്‍ അനിഷ്ടങ്ങള്‍വരെ സംഭവിക്കാമെന്നും, അതിനാലാണ് സമയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തതെന്നും അദ്ദേഹം കൂടക്കൂടെ പറയുമായിരുന്നു.
1921 ല്‍ തലപ്പണത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളില്‍ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്ന പി. കെ. വാരിയരുടെ ജനനം. പിന്നിട്ട വര്‍ഷങ്ങളില്‍ അദ്ദേഹം നടന്നുപോകാത്ത വഴികളില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും പൊതുപ്രവര്‍ത്തനരംഗത്തു സജീവമാകാനും വാരിയര്‍ യൗവനകാലം മാറ്റിവച്ച ചരിത്രവുമുണ്ട്. പാരമ്പര്യത്തിലേക്കു തിരിച്ചുവരണമെന്ന ബോധ്യമുണ്ടായപ്പോള്‍ സജീവരാഷ്ട്രീയം ഉപേക്ഷിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, കര്‍മരംഗത്തെത്തി. തുടര്‍ന്ന്, ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ഇന്ന് ലോകം കൈകൂപ്പുന്ന മഹാവൈദ്യനായി. ആയുര്‍വേദത്തെ ലോകത്തിന്റെ നിറുകയിലെ സിന്ദൂരമായി വരച്ചിട്ട പി.കെ. വാരിയര്‍ വിടവാങ്ങുമ്പോള്‍ നഷ്ടം മലയാളികള്‍ക്കു മാത്രമല്ല, രാജ്യത്തിനുതന്നെയാണ്.