തെളിയിക്കപ്പെടാത്ത ക്രിമിനല്‍കേസുകളുടെ അന്വേഷണം പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിനെടുക്കുന്നതിനെയാണ് സാധാരണഗതിയില്‍ ''കോള്‍ഡ് കേസ്'' (COLD CASE) എന്നു പറയുന്നത്. എന്നാല്‍, കോള്‍ഡ് കെയ്‌സ് എന്നാണു വായിക്കുന്നതെങ്കില്‍ ഫ്രിഡ്ജ്, ഫ്രീസര്‍പോലെയുള്ള ഒരു ശീതീകരണപ്പെട്ടിയെന്നും അര്‍ത്ഥമാക്കാം. സൂപ്പര്‍താരം പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത്, കഴിഞ്ഞദിവസങ്ങളില്‍ ആമസോണ്‍ ഒടിടിയില്‍ എത്തിയ കോള്‍ഡ് കേസ് എന്ന ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ സിനിമയില്‍ മേല്‍പ്പരാമര്‍ശിക്കപ്പെട്ട രണ്ടു കാര്യങ്ങളും സമന്വയിക്കുന്നുണ്ട്. അതുകൊണ്ട് ചിത്രശീര്‍ഷകത്തെ ഏതര്‍ത്ഥത്തിലും പരിഗണിക്കാം.
ഒരേസമയം ഹൊറര്‍ പശ്ചാത്തലവും ശാസ്ത്രീയമായ കേസന്വേഷണവും സമന്വയിക്കുന്ന രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്. കായലില്‍ വല വീശിയ മുക്കുവനു കിട്ടിയ പൊളിത്തീന്‍കവറില്‍ കാണപ്പെട്ട മനുഷ്യന്റെ തലയോട്ടിയെ ചുറ്റിപ്പറ്റിയാണ് കഥയുടെ വികാസം. കേസന്വേഷണത്തിനു നേതൃത്വം കൊടുത്തുകൊണ്ട് രംഗത്തെത്തുന്ന പൃഥ്വിരാജിന്റെ സത്യജിത്ത് ഐപിഎസിന്റെ അന്വേഷണം പുരോഗതിയിലേക്കു നീങ്ങുമ്പോള്‍, ആ ക്രൈം ഇന്‍വെസ്റ്റിഗേഷനു സമാന്തരമായി അദിതി ബാലന്റെ മേഥ എന്ന വനിതാ ജേര്‍ണലിസ്റ്റ് താന്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍, പ്രേതബാധയെന്നു കരുതപ്പെടുന്ന തരത്തില്‍ നടമാടുന്ന ഭീതിപ്പെടുത്തുന്ന ചില സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നു. രണ്ട് അന്വേഷണങ്ങളും ഒരേ കേന്ദ്രത്തില്‍ സമന്വയിക്കുന്നതാണ് കോള്‍ഡ് കേസിന്റെ പ്രധാന സവിശേഷത.
ഫ്രിഡ്‌ജെന്ന ''കോള്‍ഡ് കേയ്‌സ്'' ഈ ഹൊറര്‍ മിസ്റ്ററി ക്രൈംത്രില്ലര്‍ സിനിമയില്‍ ഒരു പ്രധാനപ്പെട്ട വസ്തുവായിട്ടാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തെളിവുകള്‍ നശിപ്പിച്ചുകൊണ്ട് ഒരു പാവം പെണ്‍കുട്ടിയെ നിഷ്ഠുരമായി കൊന്ന്, മൃതദേഹം സൂക്ഷിക്കുന്ന പ്രസ്തുത ഫ്രിഡ്ജുതന്നെ പൊട്ടിത്തെറിച്ച് കുറ്റവാളിയായ ആ വനിതാവക്കീല്‍ മരണപ്പെടുന്നതടക്കമുള്ള അതീവ നിര്‍ണായകമായ യാദൃച്ഛികതകള്‍ ഈ സിനിമയില്‍ എടുത്തു പറയേണ്ടതാണ്.
പ്രേതബാധകള്‍ തുടരുന്നു, സ്വത്ത് തട്ടിയെടുക്കലും...
അടുത്തിടെ പുറത്തിറങ്ങിയ ചില സിനിമകളിലെ പ്രധാന പ്രമേയമായിരുന്നു, മരണപ്പെട്ട ഒരാളുടെ ആത്മാവ് പ്രതികാരത്തിനോ നിറവേറപ്പെടാത്ത ആഗ്രഹങ്ങളുടെ സാഫല്യത്തിനോ ജീവിച്ചിരിക്കുന്ന ബന്ധുവിന്റെയോ സുഹൃത്തിന്റെയോ താനുമായി സമാനതകളുള്ള മറ്റേതെങ്കിലും വ്യക്തിയുടെയോ ജീവിതത്തെ സ്വാധീനിക്കുന്നതും തദനന്തരസംഭവങ്ങളും. ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ ഇത്തരം കഥകള്‍ കണ്ടും കേട്ടും മടുത്തുതുടങ്ങിയിരിക്കുന്നു. ഇത്തരം ക്ലീഷേ പ്രകടനങ്ങള്‍കൊണ്ട് മനുഷ്യന്റെ ഭയമെന്ന നൈസര്‍ഗികവികാരത്തെ ഇനിയും ഇളക്കിവിടാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം നമ്മുടെ സിനിമാക്കാര്‍ ഇനിയെന്നു മനസ്സിലാക്കും? അത്തരം ന്യൂനതകളെ ഡോള്‍ബി സൗണ്ട് സിസ്റ്റംകൊണ്ടു മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ചലച്ചിത്രമെന്ന മാധ്യമം തുടങ്ങിയകാലംമുതലുള്ള പ്രമേയമാണ് സ്വത്തു തട്ടിയെടുക്കല്‍. മലയാളസിനിമയില്‍ നൂറ്റൊന്നാവര്‍ത്തിച്ച ഈ വിഷയം ആവര്‍ത്തനവിരസതയുടെ സകല സീമകളും ഭേദിച്ചുകൊണ്ട് കോള്‍ഡ് കേസിലും കടന്നുവന്നിരിക്കുന്നു. തന്റെയടുക്കല്‍ ഡൈവോഴ്‌സ് ആവശ്യവുമായി വരുന്ന ഇടപാടുകാരിയുടെ കൈവശം കോടിക്കണക്കിനു സ്വത്തുണ്ടെന്നു തിരിച്ചറിയുന്ന വക്കീല്‍ ഡൈവോഴ്‌സ് നേടിക്കൊടുത്തതിനുശേഷം നിര്‍ദ്ദയം അവരെ കൊന്നൊടുക്കി, വ്യാജരേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതു കാണുമ്പോള്‍, നമ്മുടെ സാമൂഹികനീതിക്കു നിരക്കാത്തതും ലോകം മുഴുവന്‍ ആദരിക്കുന്ന റോയല്‍ പ്രൊഫഷന്റെ അതുല്യതയ്ക്കു കളങ്കംചാര്‍ത്തുന്നതുമായ ഹീനകൃത്യങ്ങള്‍ കണ്ടു പ്രേക്ഷകന്‍ വിമ്മിട്ടപ്പെടുന്നു.
അതീന്ദ്രിയജ്ഞാനത്തിന്റെ മൂന്നാം കണ്ണു തുറന്ന് അന്ധയായ ഒരു കഥാപാത്രം പ്രേതസംവാദത്തിന്റെ മൂലകാരണങ്ങള്‍ വെളിപ്പെടുത്തുന്നതാണ് കഥയിലെ ഹൊറര്‍ ലൈനിന്റെ മുഖ്യഘടകം. പ്രേതാത്മാവുമായി സംവദിക്കാന്‍ ഉപയുക്തമായ സമയം വെളുപ്പിനെ മൂന്നു മണിക്കും നാലു മണിക്കും ഇടയ്ക്കാണെന്ന് അവര്‍ വെളിപ്പെടുത്തുന്നത് കൗതുകമായിരിക്കുന്നു. അവരുടെ അന്ധമായ കണ്ണുകളുടെ ബീഭത്സമായ ചലനങ്ങളില്‍ തൊട്ടാണ് കോള്‍ഡ് കേസ് പര്യവസാനിക്കുന്നത്.
മിക്ക കേസന്വേഷണത്തിലും കുറ്റവാളിയില്‍നിന്നു തെളിവിലേക്ക് അന്വേഷണോദ്യോഗസ്ഥന്‍ സഞ്ചരിക്കുമ്പോള്‍, ഇവിടെ ആ പരമ്പരാഗതശൈലിക്കു വിരുദ്ധമായി തെളിവില്‍തൊട്ടു കുറ്റവാളിയിലേക്കെത്തുന്നു.
ലക്ഷ്മിപ്രിയ ചന്ദ്രമൗലി, സുചിത്ര പിള്ള, ആത്മീയ രാജന്‍, ജിബിന്‍ ഗോപിനാഥ്, പൂജ മോഹന്‍രാജ്, രാജേഷ് ഹെബ്ബര്‍, അലന്‍സിയാര്‍ ലോപസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീനാഥ് വി. നാഥിന്റേതാണ് തിരക്കഥ. ഷിബു ഗംഗാധരനും ജോമോന്‍ ടി. ജോണും ചേര്‍ന്ന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീനാഥ് വി. നാഥ് രചിച്ച് പ്രകാശ് അലക്‌സ് ഈണമിട്ട് ഹരിശങ്കര്‍ ആലപിച്ച, ഈറന്‍മുകില്‍ മഷിയാലേ... എന്ന ഗാനം ശ്രദ്ധിക്കപ്പെടും.