''നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.'' ജനുവരി അഞ്ചിന് കൊല്ലം കല്ലുവാതുക്കലില്‍നിന്നു കേട്ട വാര്‍ത്തയാണിത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആ കുഞ്ഞ് മരിച്ചു. പിന്നീടങ്ങോട്ട് ഈ കേസന്വേഷണത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത് ആരെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിര്‍ദേശപ്രകാരമാണ് ഒരുമിച്ചുള്ള ജീവിതം മോഹിച്ച് രേഷ്മയെന്ന ആ അമ്മ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചത്. വിവാഹിതയും രണ്ടു വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഇങ്ങനെ എത്രയോ രേഷ്മമാരാണ് നമുക്കു ചുറ്റും വിവാഹേതരബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്!
മുറ്റത്തും അകത്തളങ്ങളിലും കൊഞ്ചിക്കളിച്ചു നടക്കേണ്ട എത്രയോ കുഞ്ഞുങ്ങളാണ് ഇന്ന് ഉറ്റവരാല്‍ ഇല്ലാതാക്കപ്പെടുന്നത്. ചേര്‍ത്തണയ്‌ക്കേണ്ട അമ്മമാര്‍ തന്നെ അവരെ എന്നേക്കുമായി ഉറക്കിക്കിടത്തുമ്പോള്‍ അമ്മയെന്ന വാക്കിന്റെ അര്‍ത്ഥമെന്ത്?
വിവാഹേതരബന്ധങ്ങള്‍ കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്ന വാര്‍ത്തകളാണ് ദിനവും നാം കേള്‍ക്കുന്നത്. സോഷ്യല്‍മീഡിയതന്നെയാണ് പല കേസുകളിലും വില്ലനാവുന്നത്. ഭര്‍ത്താവും മക്കളും തന്റെ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാവുന്നുവെന്ന് അമ്മമാരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു.
നൊന്തു പ്രസവിച്ച കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിര്‍വികാരയായി പോലീസിനോടു വിവരിക്കുന്ന അമ്മമാരെ നമ്മള്‍ കുറച്ചുകാലങ്ങളായി കാണുന്നുണ്ട്.
വഴിവിട്ട ബന്ധത്തിനായി സ്വന്തം മാതാപിതാക്കളെയും നൊന്തുപ്രസവിച്ച മക്കളെയും വിഷം കൊടുത്തു കൊന്ന പിണറായിയിലെ സൗമ്യയെന്ന യുവതി പിന്നീട് ജയിലിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കാമുകനൊപ്പം സുഖജീവിതം നയിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി, കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനായ സ്വന്തം മകനെ കടലിലെറിഞ്ഞു കൊന്ന കണ്ണൂര്‍ സ്വദേശിനി ശരണ്യ, സ്വന്തം ഭര്‍ത്താവിനെ കബളിപ്പിച്ച് മറ്റൊരാളെ പ്രണയിച്ച് ഒടുവില്‍ ഭര്‍ത്താവിനെയും സ്വന്തം മകളെയും വകവരുത്താന്‍ കാമുകനെ ഏര്‍പ്പാടു ചെയ്ത ടെക്‌നോപാര്‍ക് ജീവനക്കാരി... ഇവരൊക്കെ ഇതേപോലുള്ള ക്രൂരതയുടെ അമ്മമുഖങ്ങളില്‍ ചിലതു മാത്രമാണ്. കട്ടപ്പനയില്‍ എട്ടു വയസുകാരിയെ തല്ലിച്ചതച്ച കേസില്‍ അറസ്റ്റിലായത് അമ്മയുടെ കാമുകനായിരുന്നു. തടയാനോ പൊലീസില്‍ അറിയിക്കാനോആ അമ്മ മെനക്കെട്ടില്ല. പെറ്റമ്മ ചട്ടുകം പഴുപ്പിച്ചു പൊള്ളിക്കുകയും മര്‍ദിക്കുകയും ചെയ്ത മൂന്നു വയസുകാരന്‍ ആലുവയില്‍ മരണത്തിനു കീഴടങ്ങിയ വാര്‍ത്തയും നാം കേട്ടതാണ്. തൊടുപുഴയില്‍ രണ്ടാനച്ഛന്റെ കൊടുംപീഡനത്തിനിരയായി ഏഴുവയസുകാരന്‍ മരണത്തിനു കീഴടങ്ങിയപ്പോഴും തടയാനോ എതിര്‍ക്കാനോ സന്നദ്ധമാവാതെ നിസ്സംഗത പുലര്‍ത്തിയ അമ്മ. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ബൈക്കില്‍ നാടുവിട്ടു പോകവേ തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ സുമിത്ര പ്രവീണ്‍ എന്ന യുവതി വാഹനാപകടത്തില്‍ മരണപ്പെട്ടത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് പുതുബന്ധങ്ങളും സൗഹൃദങ്ങളും തേടിപ്പോകുന്നവര്‍ ഇന്ന് കാലം നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗിക്കുകയാണ്.
അമ്മ എന്ന വാക്ക് മനസ്സിലുണര്‍ത്തുന്നത് ദിവ്യമായ വികാരമാണ്. നൊന്തുപ്രസവിച്ചു പാലൂട്ടി താരാട്ടി താലോലിച്ചു വളര്‍ത്തിയ അമ്മയോടുള്ള കുഞ്ഞിന്റെ ബന്ധം പവിത്രമാണ്, കുഞ്ഞിന് അമ്മ ആശ്രയമാണ് അതങ്ങനെതന്നെ തുടരണം.
വീടുകളില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലാതാവുമ്പോള്‍
അമ്മമാര്‍പോലും മാതൃത്വം മറക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് സുരക്ഷ? സംസ്ഥാനത്തെ പന്ത്രണ്ടുലക്ഷത്തോളം കുടുംബങ്ങളില്‍ കുട്ടികള്‍ക്കു സുരക്ഷയില്ലെന്നും അവര്‍ക്കു നേരേ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സാമൂഹികനീതി വകുപ്പ് സര്‍വേ പറയുന്നു. ഇത് ഏറ്റവും പുതിയ കണക്കല്ല. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍, ജോലിസ്ഥലത്തെ പിരിമുറുക്കങ്ങള്‍, കടബാധ്യതകള്‍, ഒറ്റപ്പെടലുകള്‍ എന്നീ കാരണങ്ങളാലൊക്കെ അസ്വസ്ഥരാകുന്ന പല ദമ്പതിമാരും തങ്ങളുടെ ദേഷ്യം തീര്‍ക്കുന്നത് കുഞ്ഞുങ്ങളോടാണ്. മറ്റുള്ളവരോടുള്ള ദേഷ്യവും പകയും കുഞ്ഞുങ്ങള്‍ക്കു നേരേ തിരിച്ചുവിടുമ്പോള്‍ പ്രതിരോധിക്കാന്‍ അശക്തരായ കുഞ്ഞുങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ വേദനിക്കുകയാണ്.
കുടുംബത്തില്‍നിന്ന് സ്നേഹം ലഭിക്കാത്ത കുഞ്ഞുങ്ങളാണ് പലപ്പോഴും വീടുവിട്ട് ഒളിച്ചോടുന്നവരിലേറെയും. സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷം സൃഷ്ടിച്ചാലേ കുഞ്ഞുങ്ങള്‍ക്കും സമാധാനമായി ജീവിക്കാനാവൂ. സ്‌നേഹിച്ചും സന്തോഷം പങ്കിട്ടും വിട്ടുവീഴ്ചാമനോഭാവത്തിലും ജീവിക്കുന്ന ദമ്പതികള്‍ കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിന്റെ സന്ദേശമാണു നല്‍കുന്നത്. പരസ്പരം കലഹിക്കുകയും തമ്മില്‍ തല്ലുകയും ചെയ്യുന്ന മാതാപിതാക്കള്‍ മക്കളുടെ ജീവിതങ്ങളെയും അസ്വസ്ഥമാക്കുന്നു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും സമൂഹത്തില്‍ വര്‍ധിച്ചുവരുന്നു. വീട്ടിലും വീടിനുവെളിയിലും ഇങ്ങനെ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഭേദമില്ലാതെ ലൈംഗികമായ ചൂഷണത്തിനു കുട്ടികള്‍ ഇരയാവുന്നു.
കുട്ടികളെ പീഡിപ്പിക്കുന്നവരില്‍ തൊണ്ണൂറുശതമാനവും ബന്ധുക്കളും അടുത്തറിയുന്ന ആളുകളുംതന്നെയാണ്. ഇത്തരം പീഡനങ്ങളെ എതിര്‍ക്കാനുള്ള അവബോധവും കരുത്തും കുട്ടികളില്‍ പകര്‍ന്നുനല്‍കണം.
സ്‌നേഹത്തില്‍ അധിഷ്ഠിതമാവണം ബന്ധങ്ങള്‍. എങ്കിലേ നല്ല കുടുംബങ്ങള്‍ രൂപപ്പെടൂ. നമ്മുടെ കുഞ്ഞുങ്ങള്‍ കുരുന്നിലേ തല്ലിക്കൊഴിക്കപ്പെടാതിരിക്കാന്‍ ഒരുമയുടെ നല്ല ബന്ധങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവണം, അവിടെ അവര്‍ സുരക്ഷിതരായി വളരട്ടെ.