•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

നീതിമാര്‍ഗത്തില്‍ വിരിഞ്ഞ രക്തനക്ഷത്രം

  • ജോര്‍ജ് കള്ളിവയലില്‍
  • 15 July , 2021

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം രക്തസാക്ഷിത്വമാണ്. മനുഷ്യര്‍ക്കുവേണ്ടി, പ്രത്യേകിച്ചു നീതിയും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി ജീവന്‍ ബലികൊടുത്ത സ്റ്റാനിസ്ലാവോസ് ലൂര്‍ദുസ്വാമിയെന്ന 84 വയസുള്ള കത്തോലിക്കാപുരോഹിതന്റെ മരണം വെറുതേയാകില്ലെന്നു വിശ്വസിക്കാം. ഭരണകൂടഭീകരതയുടെ ഇര മാത്രമല്ല ഇദ്ദേഹം. ഇന്ത്യയിലെ നിയമ, ജുഡീഷ്യല്‍, ഭരണ, രാഷ്ട്രീയസംവിധാനങ്ങളുടെ നീതി നിഷേധത്തിന്റെയും ഏകപക്ഷീയ നിലപാടുകളുടെയും പ്രതീകംകൂടിയാണ് ഫാ. സ്റ്റാന്‍ സ്വാമി.
മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടിയവന് മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ടു. പരസഹായമില്ലാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍പോലും കഴിയാത്ത വയോധികന്‍ ഈ രാജ്യത്തിനായിരുന്നില്ല ഭീഷണി; പലതരത്തിലുള്ള ചൂഷണങ്ങളിലൂടെ അധികാരവും പണവും സ്വാധീനവും കൈപ്പിടിയിലൊതുക്കുന്ന ഭരണവര്‍ഗത്തിനും ചൂഷകര്‍ക്കുമായിരുന്നു. ഭീഷണി ജാര്‍ഖണ്ഡിലെ ഖനി, ഭൂമിമാഫിയ മുതല്‍ മത, രാഷ്ട്രീയ വൈരികള്‍ക്കും സ്റ്റാന്‍ സ്വാമിയെന്ന ഈശോസഭാവൈദികന്‍ വെല്ലുവിളിയായിരുന്നു.
ഭരണകൂടഭീകരതയുടെ ഇരവിമര്‍ശകരെയും എതിര്‍ശബ്ദങ്ങളെയും ഇല്ലാതാക്കുന്ന കിരാതനിയമങ്ങളുടെയും ഭരണകൂടഭീകരതയുടെയും ഇരയാണ് ഫാ. സ്റ്റാന്‍ സ്വാമി. മുംബൈ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലെ വെന്റിലേറ്ററില്‍ സ്വാമിയച്ചന്‍ സാധാരണപോലെ മരിക്കുകയായിരുന്നില്ല. അദ്ദേഹംതന്നെ പറഞ്ഞതുപോലെ, ആരോഗ്യവാനായിരുന്ന തന്നെ ജയിലറകളില്‍ അടച്ചും കള്ളക്കേസ് ചുമത്തിയും നടത്തിയ പീഡനങ്ങളിലൂടെ കൊല്ലുകയായിരുന്നു. തോക്കും ബോംബും കത്തിയും ഒന്നുമില്ലാത്ത ഒരു സാധുവിനെയാണ് ഭരണകൂടം പേടിച്ചത്. തെറ്റുകള്‍ മറയ്ക്കാനില്ലാത്ത ഒരു സര്‍ക്കാരിനും ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലുള്ളവരെ ഭയപ്പെടേണ്ടതില്ല.
തെറ്റുകളെയും തിന്മകളെയും എതിര്‍ക്കുന്നവനു നീതി നിഷേധിക്കപ്പെടുന്നതിന്റെ നേര്‍ചിത്രമാണ് ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം. കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുക മാത്രമല്ല, വേഗത്തിലുള്ള വിചാരണയും ജാമ്യവും അവശ്യനേരത്ത് ചികിത്സപോലും നിഷേധിക്കപ്പെടുകയും ചെയ്തു. അല്‍ഷൈമേഴ്സ് രോഗബാധിതനായിരുന്നിട്ടും വെള്ളം കുടിക്കാനായി ഒരു സ്ട്രോപോലും ജയിലധികൃതര്‍ നിഷേധിച്ചു. കോടതി ഇടപെട്ടശേഷമാണ് സ്‌ട്രോ നല്‍കിയതെന്നതു മറക്കരുത്.
നല്ല സമറായക്കാരനായ ഒരു മനുഷ്യസ്നേഹിയെ അദ്ദേഹത്തിന്റെ മാതൃരാജ്യവും പോലീസും അന്വേഷണ ഏജന്‍സികളും കോടതികളും ജയിലധികൃതരുമെല്ലാം ചേര്‍ന്നു മരണത്തിലേക്കു നയിച്ചു. കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ വിചാരണപോലുമില്ലാതെ, ന്യായമായ ജാമ്യം നിഷേധിച്ച് ഒമ്പതു മാസം തടവറയിലടച്ചവരോടു കാലം പൊറുക്കട്ടെ. ദൈവനീതിക്കായി ജീവന്‍ ബലികൊടുത്ത ഫാ. സ്റ്റാന്‍ സ്വാമിയോട് രാജ്യത്തിനു വേണ്ടി മാപ്പു ചോദിക്കാം.
തീവ്രവാദത്തോടു മമതയില്ലാതെ പാര്‍ശ്വവത്കരിക്കപ്പെട്ട ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോഴും തീവ്രവാദത്തിന്റെയോ ഭീകരതയുടെയോ മാര്‍ഗം സ്വാമിയച്ചന്‍ ഒരിക്കലും സ്വീകരിച്ചിരുന്നില്ല. മാവോയിസ്റ്റുകളുടെ ഭാഗവുമായിട്ടില്ല. ഇക്കാര്യം അദ്ദേഹംതന്നെ പലതവണ വ്യക്തമായി പറഞ്ഞിട്ടുണ്ട്. യേശുക്രിസ്തുവിന്റെ സമാധാനപാതയിലാണ് ഗോത്രവര്‍ഗക്ഷേമത്തിനായുള്ള പോരാട്ടം നടത്തിയിരുന്നത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം പരിശോധിച്ചിട്ടും ചോദ്യം ചെയ്തിട്ടും തീവ്രവാദബന്ധം തെളിയിക്കാന്‍ ഒന്നും കിട്ടിയിരുന്നുമില്ല.
എന്നിട്ടും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് അര്‍ദ്ധരാത്രിയില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള വസതിയില്‍നിന്ന് ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ സംഘം അറസ്റ്റു ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍നിന്നു തെളിവുകളൊന്നും കിട്ടിയില്ലെന്നു പോലീസ്തന്നെ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍ മാവോയിസ്റ്റുകളുമായി ബന്ധമുïെന്നു സൂചിപ്പിക്കുന്ന ചില മെയിലുകള്‍ ഉണ്ടെന്ന് കോടതിയില്‍ എന്‍ഐഎ അവകാശപ്പെട്ടു. അവ കംപ്യൂട്ടറില്‍ ഉണ്ടായിരുന്നവയല്ലെന്നും പിന്നീട് ചേര്‍ത്തതാണെന്നും ഫാ. സ്റ്റാന്‍ സ്വാമി പറഞ്ഞു.  അദ്ദേഹം പറയുന്നതാണു ശരിയെന്നു വിശദപരിശോധനയില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍
2018 ജനുവരിയിലെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടാണ് ഫാ. സ്റ്റാന്‍ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധം ആരോപിച്ചത്. പക്ഷേ, സംഘര്‍ഷം നടന്ന സ്ഥലത്തോ അതിനാസ്പദമായ സമ്മേളനത്തിലോ മഹാരാഷ്ട്രയിലോപോലും അദ്ദേഹം പോയിട്ടില്ല. ഇക്കാര്യം പോലീസിനും അറിയാം. പക്ഷേ, എല്‍ഗാര്‍ പരിഷദ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ പൂനെയിലെ ശനിവാര്‍ വാഡയില്‍ സംഘടപ്പിച്ച ഭീമ കൊറേഗാവ് ഇരുനൂറാം വാര്‍ഷികപരിപാടിയുമായി ബന്ധപ്പെട്ടാണ് ഫാ. സ്റ്റാന്‍ സ്വാമിക്കെതിരേ എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തത്.
പൂനെയ്ക്കടുത്ത് കൊറേഗാവ് ഭീമയില്‍ 1818 ജനുവരി ഒന്നിന് മറാത്ത പേഷ്വമാര്‍ക്കെതിരേ മറാത്ത ഭടന്മാര്‍ നടത്തിയ പോരാട്ടമാണ് ഭീമ കൊറേഗാവ് എന്നറിയപ്പെടുന്നത്. അന്നത്തെ പോരാട്ടത്തില്‍ ജയിച്ച ബ്രിട്ടീഷുകാര്‍ക്കു പിന്നില്‍ അണിനിരന്നത് ദളിത് സൈന്യമായിരുന്നു. ഈ ജയത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദളിതര്‍ 2018 ജനുവരിയില്‍ ഭീമ കൊറേഗാവില്‍ നടത്തിയ എല്‍ഗാര്‍ പരിഷത്ത് കണ്‍വന്‍ഷനിടയ്ക്ക് സംഘര്‍ഷവും കല്ലേറും ഉണ്ടായി. ദളിതര്‍ക്കു വലിയ പ്രാധാന്യമുള്ള ഭീമ കൊറേഗാവ് സംഭവത്തിന്റെ ആദ്യ ശതാബ്ദിസമ്മേളനം ദളിത് നായകനായ ബി.ആര്‍. അംബേദ്കറാണ്ഉദ്ഘാടനം ചെയതത്.
2018 ജനുവരിയിലെ ഭീമ കൊറേഗാവ് എല്‍ഗാര്‍ പരിഷത്ത് പരിപാടി മാവോയിസ്റ്റ് അനുഭാവമുള്ളവര്‍ സംഘടിപ്പിച്ചതാണെന്നും ഇതില്‍ മാവോയിസ്റ്റ്അനുകൂലനീക്കങ്ങള്‍ നടന്നെന്നുമാണു പോലീസിന്റെ എഫ്‌ഐആറിലുള്ളത്. സംഘര്‍ഷത്തിനു ഫാ. സ്റ്റാന്‍ സ്വാമി പരോക്ഷപിന്തുണ നല്‍കിയതായിപ്പോലും തെളിവു ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. വൃദ്ധനും രോഗിയുമായ ഒരു വൈദികനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി അറസ്റ്റു ചെയ്തു കൊണ്ടപോകേï എന്തു സാഹചര്യമായിരുന്നു എന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല.
വിചാരണയും ജാമ്യവും നിഷേധിക്കപ്പെട്ടു
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍മുതല്‍ നവിമുംബൈയിലെ തലോജ ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷകളെല്ലാം എന്‍എഐ ശക്തമായി എതിര്‍ത്തു. മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത് ഇരുമ്പഴിക്കുള്ളിലാക്കിയ ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ പൗരനായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.
പാര്‍ക്കിന്‍സണ്‍സ് രോഗവും കേള്‍വിക്കുറവുമുള്ള വന്ദ്യവയോധികനായ വൈദികന്‍ എങ്ങനെയാണ് രാജ്യത്തിനു ഭീഷണിയാകുന്നതെന്നു കോടതിയും ചോദിച്ചില്ല. എട്ടുമാസത്തിനുശേഷവും വിചാരണപോലുമില്ലാതെ തടവില്‍ കഴിയുമ്പോഴാണ് കൊവിഡ് ബാധിച്ചതും ആരോഗ്യനില വഷളായതും. അതീവഗുരുതരരോഗിയായിട്ടും ജാമ്യം നല്‍കാന്‍ ഈ രാജ്യത്ത് കോടതികളുണ്ടായില്ല.
മുംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിക്കുമ്പോഴേക്കും ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യം നഷ്ടമായിരുന്നു. കൊവിഡ് പോസിറ്റീവുകൂടിയായതോടെ സ്ഥിതി വഷളായി. സാധാരണ  പൗരനു ലഭിക്കേണ്ട മനുഷ്യാവകാശങ്ങള്‍പോലും ഈ മനുഷ്യാവകാശപ്രവര്‍ത്തകനു കേന്ദ്രസര്‍ക്കാരും ദേശീയ അന്വേഷണ ഏജന്‍സിയും ജയിലധികൃതരുമെല്ലാം ചേര്‍ന്നു നിഷേധിച്ചു.
അശരണരുടെ ആലംബമായി എന്നും
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1937 ഏപ്രില്‍ 26 നു ഫാ. സ്റ്റാന്‍ സ്വാമി ജനിച്ചു. ഫിലിപ്പീന്‍സിലാണു തിയോളജിയും സോഷ്യോളജിയില്‍ മാസ്റ്റേഴ്‌സും പഠിച്ചത്. ബ്രസീലില്‍നിന്നുള്ള കത്തോലിക്കാ ആര്‍ച്ചുബിഷപ് ഹെല്‍ഡര്‍ കമാരയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ പാവങ്ങളുടെ അവകാശപ്പോരാളിയാക്കി മാറ്റിയത്. ലിബറേഷന്‍ തിയോളജിയോട് ആഭിമുഖ്യം ഉണ്ടായേക്കാമെങ്കിലും ഒരിക്കലും തീവ്രനിലപാടുകള്‍ സ്വാമിയച്ചനുണ്ടായിരുന്നില്ല. സായുധവിപ്ലവമെന്ന ആശയത്തോടുപോലും വിയോജിച്ചിരുന്നതായാണ് അദ്ദേഹത്തിന്റെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്.
പാവങ്ങള്‍ക്കും അശരണര്‍ക്കും നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുംവേണ്ടി ജീവിക്കാനുള്ള യേശുക്രിസ്തുവിന്റെ സന്ദേശം ഉള്‍ക്കൊള്ളുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഭൂമിയും അവകാശങ്ങളും കവര്‍ന്നെടുക്കുന്ന ഭൂമി, ഖനി മാഫിയയ്ക്കെതിരേ ഭയമേതുമില്ലാതെയുള്ള സമാധാനപ്പോരാട്ടമായിരുന്നു സ്വാമിയച്ചന്‍ നടത്തിയിരുന്നത്. ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം യേശുവിനെ കണ്ടത്.
ജീവിതത്തിന്റെ സുഖലോലുപതകളോട് ഫാ. സ്റ്റാന്‍ സ്വാമിക്ക് കമ്പമുണ്ടായില്ല. റാഞ്ചിയില്‍ ആദിവാസികളിലൊരാളായാണ് സ്വാമിയച്ചന്‍ ജീവിച്ചത്. ബംഗളൂരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി 1975 മുതല്‍ 11 വര്‍ഷക്കാലം പ്രവര്‍ത്തിച്ചെങ്കിലും നഗരജീവിതത്തോടു ഭ്രമമുണ്ടായില്ല. സ്വന്തം ആവശ്യപ്രകാരമാണ് ഈശോസഭാഅധികൃതര്‍ അദ്ദേഹത്തെ ജാര്‍ഖണ്ഡിലേക്കു മാറ്റിയത്. ഗോത്രവര്‍ഗക്കാര്‍ക്കായി അദ്ദേഹം ജീവിതം സ്വയം സമര്‍പ്പിക്കുകയായിരുന്നു.
സ്വാമിയച്ചന്റെ അമ്പതുവര്‍ഷത്തോളം നീണ്ട സേവനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സമ്മാനം പക്ഷേ, കൊടിയ ക്രൂരതയായി. എന്‍ഐഎ എന്തൊക്കെ ആരോപിച്ചാലും ആദിവാസികള്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട രക്ഷകനെക്കുറിച്ചു നല്ലതേ പറയാനുള്ളൂ. ഭൂമിക്കും വനാവകാശത്തിനുംവേണ്ടി ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണച്ചതു തെറ്റല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആദിവാസികളുടെ പൗരാവകാശങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും അവര്‍ക്കു പിന്തുണ നല്‍കുകയും ചെയ്യുന്നതു മനുഷ്യത്വപരമായ ജനാധിപത്യകടമയാണെന്ന് ഫാ. സ്റ്റാന്‍ സ്വാമിക്കു ബോധ്യമുണ്ടായിരുന്നു.
പൊട്ടിച്ചെറിയണം ചങ്ങലകള്‍
'കൂട്ടിലടച്ച പക്ഷിക്കും പാടാന്‍ കഴിയും.' തലോജ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് ജെസ്യൂട്ട് സഹപ്രവര്‍ത്തകന് അയച്ച കത്തില്‍  ഫാ. സ്റ്റാന്‍ സ്വാമി ഇതെഴുതിയത്. അതെ, കൂട്ടിടച്ചാലും മരണം കവര്‍ന്നാലും ഫാ. സ്റ്റാന്‍ സ്വാമിയെന്ന പക്ഷിയുടെ പാട്ടുകള്‍ ലോകത്ത് കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങും. ഒരാളെ ജയിലിലടയ്ക്കാം... കൊല്ലാം, പക്ഷേ, സത്യത്തെയും ആശയങ്ങളെയും വധിക്കാനാകില്ല. ജീവിച്ചിരുന്ന സ്റ്റാന്‍ സ്വാമിയെക്കാള്‍ പതിന്മടങ്ങു ശക്തനായിരിക്കും മരണത്തിലും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിയെന്ന രക്തസാക്ഷി. 'എനിക്കു സംഭവിക്കുന്നത് എനിക്കു മാത്രം സംഭവിക്കുന്ന ഒന്നല്ല, രാജ്യത്തുടനീളം നടക്കുന്ന പ്രക്രിയയാണിത്. ബുദ്ധിജീവികള്‍, അഭിഭാഷകര്‍, എഴുത്തുകാര്‍, കവികള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, നേതാക്കള്‍ എന്നിവരെ എങ്ങനെ ജയിലിലടയ്ക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ പ്രക്രിയയുടെ ഭാഗമാണ്. ഒരുതരത്തില്‍ ഈ പ്രക്രിയയുടെ ഭാഗമാകുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ ഒരു നിശ്ശബ്ദകാഴ്ചക്കാരനല്ല, കളിയുടെ ഭാഗമാണ്. എന്തായാലും വില നല്‍കാന്‍ തയ്യാറാണ്'. അറസ്റ്റിനു തൊട്ടുമുമ്പ് 2020 ഒക്ടോബര്‍ ഏഴിനു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോസന്ദേശത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി പറഞ്ഞ ഈ വാചകങ്ങള്‍ ഭരണകൂടങ്ങള്‍ക്കുള്ള വലിയ മുന്നറിയിപ്പാണ്.
ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ-മത-ഭക്ഷണ-വസ്ത്ര സ്വാതന്ത്ര്യങ്ങള്‍, എതിര്‍ക്കാനുള്ള അവകാശം തുടങ്ങിയവ നിഷേധിക്കുന്ന കരിനിയമങ്ങള്‍ക്കെതിരേ ജനകീയപ്രതിരോധം ഉയര്‍ത്താന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ രക്തസാക്ഷിത്വം കാരണമാകട്ടെ. അനീതികളുടെയും ചൂഷണങ്ങളുടെയും ചങ്ങലകള്‍ പൊട്ടിച്ചെറിയാനാകണം. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും തുല്യനീതിക്കുംവേണ്ടി തന്റേടത്തോടെ നിലകൊള്ളാം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)