•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

നിലയ്ക്കുന്ന നിലമെഴുത്തുകള്‍

  • അഡ്വ. എ.റ്റി. തോമസ് വാളനാട്ട്
  • 8 July , 2021

നോട്ടുനിരോധനത്തിനുശേഷം കേരളത്തില്‍ ഭൂമിയുടെ ക്രയവിക്രയത്തില്‍ ഗണ്യമായ ഇടിവുണ്ടായി. ഇക്കാര്യം സമര്‍ത്ഥിക്കുന്നതിനു കണക്കുകള്‍ നിരത്തേണ്ട   ആവശ്യമൊന്നുമില്ലല്ലോ. മുമ്പ് പെണ്‍മക്കളുടെ വിവാഹാവശ്യങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പണം ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഒരു തുണ്ടു ഭൂമി വിറ്റ് കാര്യങ്ങള്‍ സാധിച്ചിരുന്നു. ഏതെങ്കിലും മാര്‍ഗത്തില്‍ പണം കൈയിലെത്തുമ്പോള്‍ ഭൂമി വാങ്ങുകയും ചെയ്തിരുന്നു. ഭാഗോടമ്പടി ചെയ്യുന്ന സമയത്ത് ഒന്നിലധികം മക്കളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കുമായി  വീതിച്ചുകൊടുക്കാന്‍ പ്രയാസമുള്ള വസ്തുക്കള്‍ വിറ്റു പണമാക്കി വീതം വയ്ക്കുമായിരുന്നു. ചില സ്ഥലങ്ങളിലെ താമസം അരോചകമായിത്തോന്നുന്ന ആളുകള്‍ക്ക് മനസ്സിനിണങ്ങിയ ഒരു സ്ഥലത്തേക്കു മാറിത്താമസിക്കുന്നതിനുവേണ്ടിയും ഭൂമി കൈമാറ്റം ചെയ്തിരുന്നു. കൃഷി ചെയ്യാന്‍ ആരോഗ്യമില്ലാതെ വരികയും അനന്തരാവകാശികള്‍ക്കു കൃഷിയില്‍ താത്പര്യമില്ലാതെ വരികയും ചെയ്യുമ്പോഴും കൃഷിഭൂമി വില്ക്കുന്നതു പതിവായിരുന്നു. കൃഷിയിറക്കാന്‍ ചെലവാകുന്നിടത്തോളംപോലും പണം തിരിച്ചുകിട്ടാതെവരുന്ന അവസരത്തിലും കൃഷിഭൂമിയുടെ കൈമാറ്റം നടന്നിരുന്നു. നഗരത്തിലെ വിസ്തീര്‍ണം കുറഞ്ഞ ഭൂമി വിറ്റിട്ട് ഗ്രാമത്തില്‍പോയി കൂടുതല്‍ ഭൂമി വാങ്ങുന്നതിനുവേണ്ടിയും ഭൂമിവില്പന നടത്തിയിരുന്നു. മേല്പറഞ്ഞ സാഹചര്യങ്ങളെല്ലാംതന്നെ ഇപ്പോഴും നിലനില്ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഭൂമിയുടെ ക്രയവിക്രയം നടക്കുന്നതേയില്ല എന്നു പറഞ്ഞാല്‍ അതില്‍ വലിയ തെറ്റില്ല. 

റിസര്‍വ്വ് ബാങ്കിന്റെ കണക്കനുസരിച്ച് മാര്‍ച്ച് 2020 നു ശേഷം സ്വര്‍ണപ്പണയവായ്പയില്‍ 82 ശതമാനം വര്‍ദ്ധനയുണ്ടായി എന്ന് 21-05-2021 ലെ 'ഇന്ത്യന്‍ എക്‌സ്പ്രസ്സ്' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതായി കണ്ടു. ഭൂമി വില്ക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ അവരില്‍ പലരും സ്വര്‍ണവായ്പ വാങ്ങാന്‍ പോവുകയില്ലായിരുന്നു. കാരണം, പലിശയടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ പലര്‍ക്കും സാധിക്കില്ല.
ലക്ഷങ്ങളുടെയും കോടികളുടെയും ആസ്തി 'മൂലധന'മായി 'ചത്തു'കിടക്കുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി, നല്ല ആഹാരം കഴിക്കാന്‍പോലും ഗതിയില്ലാതെ ജീവിതം തള്ളിനീക്കുന്ന ഭൂവുടമകള്‍ കേരളത്തിന്റെ സങ്കടക്കാഴ്ചയാണ്. 'ഭിക്ഷക്കാരനെപ്പോലെ ജീവിച്ച്, സമ്പന്നനെപ്പോലെ സംസ്
കരിക്കപ്പെടുന്നവര്‍' (എന്നുപിശുക്കന്മാരെപ്പറ്റി പറയാറുള്ളതുപോലെ), പട്ടിക്കു മുഴുവന്‍തേങ്ങാ കിട്ടിയതുപോലെ, എന്നൊക്കെയുള്ള ചൊല്ലുകള്‍ ഓര്‍ത്തുപോകും, ഇവരുടെ അവസ്ഥകണ്ടാല്‍. ഭൂമി കൈവശമുള്ളതുകൊണ്ട് അവര്‍ക്കു യാതൊരു പ്രയോജനവുമില്ല. വേണമെങ്കില്‍ പണയപ്പെടുത്തി ബാങ്കില്‍നിന്നു ലോണ്‍ വാങ്ങാം. പക്ഷേ, ലോണ്‍ തിരിച്ചടയ്ക്കാന്‍ വരുമാനമില്ല. വര്‍ദ്ധിച്ച കൂലിയും വളം - കീടനാശിനികളുടെ വിലയുംകൊടുത്ത് കൃഷി ചെയ്താല്‍ മുതലാകുകയില്ല. തനിയെ അധ്വാനിക്കാവുന്നതിന് ഒരു പരിധിയില്ലേ? ഇളംതലമുറയ്ക്ക് കൃഷിഭൂമി ആവശ്യമില്ല. അവര്‍ വിവരസാങ്കേതികവിദ്യയും നഴ്‌സിങ്ങും
പഠിച്ച് വിദേശത്തുപോകാന്‍ ഇഷ്ടപ്പെടുന്നവരാണ്. കൃഷിയിടങ്ങള്‍ കാടും പടലും കയറി തേളിനും പാമ്പിനും വാസയോഗ്യമായിരിക്കുകയാണ്.
ഈ സ്ഥിതിക്കൊരു മാറ്റം സമീപഭാവിയിലെങ്ങുമുണ്ടാകാന്‍ സാധ്യതയില്ല. തെങ്ങ്, കമുക്, കുരുമുളക് 
തുടങ്ങി ഒട്ടനവധി കാര്‍ഷികോത്പന്നങ്ങല്‍ കീടങ്ങളുടെ മുമ്പില്‍ അടിയറവു പറഞ്ഞിരിക്കുകയാണ്. റബറിന്റെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ. 
കേരളത്തില്‍ ഇന്നു പണമുള്ളത് പ്രവാസികളുടെയും ഉദ്യോഗസ്ഥരുടെയും പെന്‍ഷന്‍കാരുടെയും കൈയിലാണ്. അവരാരും കാര്‍ഷികാവശ്യത്തിനുവേണ്ടി ഭൂമി വാങ്ങുകയില്ല. അവര്‍ക്കുവേണ്ടത് 
ഫഌറ്റ് അല്ലെങ്കില്‍ വില്ല പണിയാന്‍ എട്ടോ പത്തോ സെന്റ് സ്ഥലം. ഭൂമിയുടെ വിതരണത്തിലെ അനീതിമൂലം മരിച്ചാല്‍ സംസ്‌കരിക്കാന്‍പോലും ഇടമില്ലാത്ത കുറെ മനുഷ്യര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല; പക്ഷേ, കേരളത്തില്‍ ഇന്ന് 'ആവശ്യമുള്ളതിലു'മധികം ഭൂമിയുണ്ട്. പച്ചക്കറികളും മറ്റും അയല്‍സംസ്ഥാനങ്ങളില്‍നിന്നു വാങ്ങുകയാണ്. അതതുകാലത്തെ കൃഷിമന്ത്രിമാര്‍ കര്‍ഷക
രെ പ്രോത്സാഹിപ്പിച്ചും നിര്‍ബന്ധിച്ചും 
കൃഷി ചെയ്യിക്കാറുണ്ടെങ്കിലും വിളവെടുപ്പിന്റെ സമയത്ത് വിലയിടിവുമൂലം വിളകള്‍ വലിച്ചെറിയുന്നത് സ്ഥിരം കാഴ്ചയാണ്. കപ്പ, കൈതച്ചക്ക, മത്തന്‍, കുമ്പളങ്ങ, നെല്ല് എന്നുവേണ്ട മിക്ക കാര്‍ഷിക
വിളകളുടെയും സ്ഥിതി ഇതാണ്.
ക്ഷീരകര്‍ഷരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ''ഭൂതം പൊന്നു കാക്കുന്നതുപോലെ'' പരിപാലിച്ചു പോരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഉടമ മരിക്കുമ്പോള്‍ അനന്തരാവകാശികളിലേക്കാണു ചെന്നുചേരുന്നത്. വില്ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇളംതലമുറ അതുവിറ്റു പണമാക്കുമായിരുന്നു. പക്ഷേ, അവര്‍ക്കും അതു സാധിക്കാതെ വന്നിരിക്കുന്നു. വാങ്ങാന്‍ ആളില്ല. വില കുറച്ചു കൊടുത്തേക്കാമെന്നു വച്ചാല്‍പോലും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചെലവും കേള്‍ക്കുമ്പോള്‍ വാങ്ങാന്‍ വരുന്നവര്‍ പിന്നോട്ടു പോകും. റിയല്‍ എസ്റ്റേറ്റുകാര്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത വിലയുടെ മുകളിലാണ് സര്‍ക്കാര്‍ 'ന്യായവില' നിശ്ചയിച്ചത്. സമീപത്തെ, റോഡിന്റെ വീതിയും ടൗണിന്റെ വലിപ്പവുമാണ് 'ന്യായവില'യുടെ മാനദണ്ഡം; അല്ലാതെ ഭൂമിയുടെ ഉത്പാദനക്ഷമതയല്ല. കേരളത്തിലുടനീളം നിശ്ചയിച്ചിരിക്കുന്ന ന്യായവില ഇന്നു മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതലാണ്. വസ്തുത വില്ക്കാന്‍ പോകുമ്പോള്‍ മാത്രമാണ് ഈ വസ്തു വില്പനക്കാരനു മനസ്സിലാകുന്നത്. നിശ്ചയിച്ച ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ധാരാളമാളുകള്‍ ഭൂമി വില്ക്കാന്‍ തയാറായിരിക്കുമെന്നതു തീര്‍ച്ചയായ കാര്യമാണ്. ഭൂമിയുടെ വില്പനയ്ക്ക് എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്‌ട്രേഷന്‍ ഫീസുമാണ് ഈടാക്കുന്നത്. നിലവിലുള്ള 'ന്യായവില'യുടെ ഈ നിരക്കിലുള്ള ഫീസ് കണക്കുകൂട്ടുമ്പോള്‍ ഒരു ചെറിയ വിസ്തീര്‍ണ്ണത്തിനുപോലും വന്‍തുക കൊടുക്കേണ്ടതായി വരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ 2020 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സ്റ്റാമ്പ് ഡ്യൂട്ടി/ രജിസ്‌ട്രേഷന്‍ ഫീസ് നേര്‍പകുതിയാക്കി വെട്ടിച്ചുരുക്കിയപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധനയ്ക്കു മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ഭൂമി വില്പന നടന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏതാണ്ട് സ്തംഭനാവസ്ഥയിലായിരിക്കുന്ന ഭൂമിയുടെ ക്രയവിക്രയം ക്രമാനുഗതമായി നടന്നിരുന്നുവെങ്കില്‍! അതിന്റെ ധനതത്ത്വശാസ്ത്രവശം ഒന്നു പരിശോധിക്കാം. ഒരാള്‍ പുതുതായി ഒരു ഭൂമി വാങ്ങിയാല്‍ താമസിയാതെ അതിനൊരു അതിര്‍ത്തി കെട്ടും. കുറച്ചു കരിങ്കല്ലും ഇഷ്ടികയും മണലും സിമന്റും അധ്വാനവും അതിനാവശ്യമാണ്. നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുവരണമെങ്കില്‍ ഒരാള്‍ ലോറി ഓടിക്കണം. നിര്‍മ്മാണസാമഗ്രികള്‍ വില്ക്കുന്ന കച്ചവടക്കാരന് കച്ചവടം കിട്ടും. തൊഴിലാളിക്കു കൂലി കിട്ടും. അങ്ങനെ കുറച്ച് 'ചക്രം' ആ വിപണിയില്‍ കിടന്നുകറങ്ങും. ഇനി അവിടെ ഒരു കെട്ടിടമോ വീടോ പണിയുന്നപക്ഷം, 'ചക്രം' കൂടുതല്‍ കറങ്ങും. ഇങ്ങനെ കൂടുതല്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ ആ വിപണിയില്‍ മൊത്തത്തിലൊരു പണപ്രവാഹമുണ്ടാകും. ശരീരത്തില്‍ രക്തചംക്രമണമെന്നതുപോലെ ആ പണപ്രവാഹം സമ്പദ്‌വ്യവസ്ഥയുടെ സ്തംഭനത്തെ മാറ്റും. ഭൂമി വിറ്റുകിട്ടിയ പണംകൊണ്ട് പെണ്‍മക്കളുടെ വിവാഹം നടത്തുകയോ വീടു പുതുക്കിപ്പണിയുകയോ മകനെ വിദേശവിദ്യാഭ്യാസത്തിനോ ജോലിക്കോ അയയ്ക്കുകയോ ഒക്കെ ചെയ്യാം.
ഭൂമി ഉണ്ടായത്, ബ്രഹ്മാവിന്റെ സൃഷ്ടികര്‍മ്മത്തിലൂടെയായാലും വന്‍സ്‌ഫോടനത്തിലൂടെയായാലും അത് എല്ലാവര്‍ക്കും വേണ്ടി ഉണ്ടായതാണ്. എങ്ങനെയൊക്കെയോ കുറേയാളുകളുടെ കൈവശത്തിലായെങ്കിലും അതിന്റെ ഉടമസ്ഥാവകാശം മാറിക്കൊണ്ടിരിക്കേണ്ടതാണ്. പണം കൈയിലുണ്ടായിട്ടും ഒരു തുണ്ടുഭൂമി വാങ്ങാന്‍ പറ്റാത്ത അവസ്ഥ സങ്കടകരമാണ്. അതിനാല്‍ ഭൂമിയുടെ ക്രിയവിക്രയം ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടതാണ്. ഭൂമിയുടെ ഉത്പാദനക്ഷമതയുടെയും കമ്പോളശക്തിയുടെയും കൂടെ അടിസ്ഥാനത്തില്‍ 'ന്യായവില' പുനര്‍നിര്‍ണയിക്കേണ്ടതും സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഗണ്യമായി കുറയ്‌ക്കേണ്ടതുമാണ്. ഭൂമിയുടെ കൊടുക്കല്‍ വാങ്ങല്‍ ത്വരിതപ്പെടുത്തിയാല്‍ സാമ്പത്തികസ്തംഭനത്തില്‍പ്പെട്ട് വിറങ്ങലിച്ചു നില്ക്കുന്ന ഭൂവുടമകള്‍ക്ക് ഒരാശ്വാസമാകും. ഭക്ഷ്യക്കിറ്റിനെക്കാളും ക്ഷേമപെന്‍ഷനെക്കാളും അവര്‍ ഇഷ്ടപ്പെടുന്നത്  അത്തരമൊരു സാഹചര്യമായിരിക്കും. കാരണം കേരളത്തിലെ കര്‍ഷകര്‍ അഭിമാനമുള്ളവരാണ്. നെറ്റിയിലെ വിയര്‍പ്പുവീണ മണ്ണ് അവര്‍ക്കു തുണയാകട്ടെ. കുറഞ്ഞ വിലയ്ക്കു കിട്ടാനുണ്ടെങ്കില്‍ ഇന്നും ഭൂമി വാങ്ങി സ്വന്തമായി അധ്വാനിക്കാന്‍ തയ്യാറുള്ള കര്‍ഷകര്‍ ഉണ്ടായിരിക്കും. മനുഷ്യര്‍ കൃഷിയെ സ്‌നേഹിക്കുന്നവരാണ്. 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)