സ്വതന്ത്രമാധ്യമപ്രവര്‍ത്തനവും മാധ്യമസ്വാതന്ത്ര്യവും അവസാനിക്കുന്നിടത്ത്, ആരംഭിക്കുന്നത് ഏകാധിപത്യവും സമഗ്രാധിപത്യവുമാണ്. മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ഒരു ഭരണകൂടം ശ്രമിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ ജനാധിപത്യത്തെ ഭയപ്പെടുന്നുവെന്നാണ്.
വളരെയധികം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ മാധ്യമരംഗത്തിനു വലിയ ആശ്വാസവും പ്രതീക്ഷയും നല്കുന്നതാണ് ഏതാനും ആഴ്ചകള്‍ക്കുമുമ്പുണ്ടായ സുപ്രീംകോടതി വിധി. ''ഭരണകൂടത്തെയും അതില്‍ പ്രവര്‍ത്തിക്കുന്നവരെയും വിമര്‍ശിക്കാന്‍ പൗരന് അവകാശമുണ്ട്'' എന്ന സുപ്രധാന നിരീക്ഷണമാണ് വിനോദ് ദുവ കേസില്‍ കഴിഞ്ഞ മാസം സുപ്രീം കോടതി നടത്തിയത്.
പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനം രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്നു വിലയിരുത്തി മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ സുപ്രധാനനിരീക്ഷണം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹക്കേസില്‍നിന്നു സംരക്ഷണം വേണമെന്നും ജസ്റ്റീസ് യു.യു. ലളിത്, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നീരിക്ഷിച്ചു. കേദാര്‍സിംഗ് കേസില്‍ സുപ്രീംകോടതിയുടെ 1962 ലെ ഉത്തരവ് പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വകുപ്പുകളില്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും വിനോദ് ദുവ കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം വളരെ അപകടകരമായ നിലവാരത്തിലാണ് എന്ന് അന്തര്‍ദേശീയ തലത്തില്‍ത്തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് ആശ്വാസം പകരുന്ന ഇത്തരമൊരു വിധി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിനു മുമ്പില്‍ രാജ്യത്തെ ഉന്നത നീതിപീഠം മുട്ടിലിഴയുന്നു എന്ന വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായ വിവാദമായ നിരവധി വിധിന്യായങ്ങള്‍ക്കുശേഷം പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍നിന്ന് ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട് എന്നുകൂടി ഈ കോടതി വിധിയോടെ തെളിയുകയാണ്.
2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള യുട്യൂബ് പരിപാടിയില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിനോദ് ദുവ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി. നേതാവ് അജയ് ശ്യാം നല്‍കിയ പരാതിയില്‍ ഹിമാചല്‍പ്രദേശ് പോലീസ് എടുത്ത കേസാണ് മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഈ സുപ്രധാനപരാമര്‍ശത്തിന് ഇടയാക്കിയത്. 'മരണവും ഭീകരാക്രമണവുമെല്ലാം വോട്ടു നേടാന്‍ നരേന്ദ്ര മോദി ദുരുപയോഗിക്കുന്നു'വെന്ന വിനോദ് ദുവയുടെ പരാമര്‍ശം ദുരുദ്ദേശ്യപരമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ശിക്ഷാനിയമം 124 എ പ്രകാരമാണ് വിനോദ് ദുവയ്‌ക്കെതിരേ ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പൊതുശല്യം, തെറ്റുധാരണ പരത്തല്‍ തുടങ്ങിയ കുറ്റങ്ങളും എഫ്.ഐ.ആറില്‍ ചുമത്തിയിരുന്നു. ഇതിനെതിരേയാണ് വിനോദ് ദുവ സുപ്രീംകോടതിയെ സമീപിച്ചത്. 1962 ലെ കേദാര്‍നാഥ് സിങ് കേസിലെ വിധി പ്രകാരം ഓരോ മാധ്യമപ്രവര്‍ത്തകനും സംരക്ഷണമുണ്ട് എന്ന് അടിവരയിട്ടു പറയുകയാണ് സുപ്രീം കോടതി വിനോദ് ദുവ കേസില്‍ ചെയ്തിരിക്കുന്നത്. (2008 ല്‍ പത്മശ്രീ പുരസ്‌കാരം നേടിയ ആളാണ് വിനോദ് ദുവ)
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചു എന്നത് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കാരണമല്ലെന്ന് സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിനെയും അതിനെ നയിക്കുന്ന ആളെയും വിമര്‍ശിക്കാന്‍ പൗരന് അവകാശമുണ്ട്. പ്രതികരണങ്ങളും പ്രവൃത്തികളും പൊതുസമൂഹത്തെ അക്രമത്തിനു പ്രേരിപ്പിക്കാത്തിടത്തോളം അതു കുറ്റകരമല്ല. 1962ലെ കേദാര്‍നാഥ് സിങ് കേസിലെ സുപ്രീംകോടതിയുടെ വിധി അഭിപ്രായപ്രകടനവിഷയത്തില്‍ എല്ലാ പൗരന്മാര്‍ക്കുമുള്ള സംരക്ഷണമാണ്. സര്‍ക്കാരിനെതിരായ വിമര്‍ശനം രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരില്ല എന്ന് അന്നത്തെ വിധിയില്‍ വളരെ വ്യക്തമായി സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഈ സംരക്ഷണം മാധ്യമപ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണെന്ന് വിനോദ് ദുവ കേസില്‍ സുപ്രീം കോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം ബന്ധപ്പെട്ട് വളരെ പരിതാപകരവും അപകടകരവുമായ സ്ഥിതിയിലാണെന്ന് അന്തര്‍ദേശീയ പഠനങ്ങളും നിരീക്ഷണങ്ങളും വരുമ്പോഴാണ് പ്രതീക്ഷ നല്‍കുന്ന ഈ വിധി ഉണ്ടായിരിക്കുന്നത്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിനു മോശം സാഹചര്യമാണെന്നും മാധ്യമസ്വാതന്ത്ര്യം അപകടകരമായ സ്ഥിതിയിലാണെന്നും വിലയിരുത്തി ആഗോളമാധ്യമസ്വാതന്ത്ര്യനിരീക്ഷണസംഘടനയായ ആര്‍എസ്എഫ് ഏപ്രില്‍മാസം തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്തര്‍ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു കാരണമായിരുന്നു. പാരീസ് ആസ്ഥാനമായ ആര്‍ എസ്എഫ് ലോകത്തിലെ 180 രാജ്യങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിച്ചപ്പോള്‍ ഇന്ത്യ എത്തിയത് 142-ാം സ്ഥാനത്താണ്. മാധ്യമങ്ങള്‍ക്കുമേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പിടിമുറുകുകയാണെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള ആര്‍എസ്എഫ് ലോകമാധ്യമസ്വാതന്ത്ര്യസൂചികയിലെ പരാമര്‍ശം. തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും 2019 ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ ഹിന്ദു ആശയസംഹിതകള്‍ക്കു വഴങ്ങാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദത്തിലാണെന്നും ആര്‍എസ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ലെ ആഗോളജനാധിപത്യസൂചികയിലും ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സമാനപരാമര്‍ശങ്ങളുണ്ട്.
2020 ലെ മാധ്യമസ്വാതന്ത്ര്യസൂചികയിലും ഇന്ത്യ 142-ാം സ്ഥാനത്തായിരുന്നു. ഇത്തവണ ഇന്ത്യയുടെ മൊത്തം പോയിന്റ് കുറഞ്ഞിട്ടുണ്ട്. 2013 മുതലുള്ള കണക്കനുസരിച്ച് സൂചികയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം.
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വംശനാശ ഭീഷണിയെ നേരിടുകയാണെന്നാണ് ഇന്ത്യയിലെ മാധ്യമരംഗത്തെ കുലപതിയായ എന്‍. റാം അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിലെ നാലാമത്തെ തൂണാണ് മാധ്യമങ്ങള്‍. സ്വതന്ത്രമാധ്യമപ്രവര്‍ത്തനവും മാധ്യമസ്വാതന്ത്ര്യവും അവസാനിക്കുന്നിടത്ത് ആരംഭിക്കുന്നത് ഏകാധിപത്യവും സമഗ്രാധിപത്യവുമാണ്. മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ഒരു ഭരണകൂടം ശ്രമിക്കുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ ജനാധിപത്യത്തെ ഭയപ്പെടുന്നു എന്നാണ്.
സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ വലിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നത് യഥാര്‍ത്ഥ വസ്തുതതന്നെയാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുകയും സ്വതന്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത നിരവധി മാധ്യമപ്രവര്‍ത്തകരാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ വധിക്കപ്പെടുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്തത്. ഗൗരി ലങ്കേഷ് മുതല്‍ കല്‍ബുര്‍ഗിവരെ ഈ പട്ടിക നീണ്ടതാണ്. പെരുമാള്‍ മുരുഗനെപ്പോലെയുള്ള അസംഖ്യം എഴുത്തുകാര്‍ നിശ്ശബ്ദരാക്കപ്പെട്ടു. രാജ്യത്തെ മാധ്യമരംഗത്ത് മുന്‍നിരയിലുള്ള എന്‍ഡിടിവി ക്കെതിരെയും പ്രണോയ് റോയിക്കെതിരെയും നടന്ന വേട്ടയാടലുകള്‍ സമാനതകളില്ലാത്തതാണ്. 'നരേന്ദ്രമോദി പ്രധാനമന്ത്രിയായ ഇന്ത്യയില്‍ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്ന ജ്ഞാനപീഠപുരസ്‌കാരജേതാവായ യു ആര്‍ അനന്തമൂര്‍ത്തിയുടെ വാക്കുകള്‍ എത്രമാത്രം ദീര്‍ഘവീക്ഷണമുള്ളതായിരുന്നു എന്ന് നമ്മള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. മഹേശ്വതാദേവിയെപ്പോലെ മറ്റു പ്രശസ്തരായ പല എഴുത്തുകാരും ജഞാനപീഠപുരസ്‌കാരജേതാക്കളും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ നൊബേല്‍ പുരസ്‌കാരജേതാക്കളായ അമര്‍ത്യാസെന്നും കൈലാഷ് സത്യാര്‍ത്ഥിയും വേട്ടയാടപ്പെട്ടത് നമ്മുടെ രാജ്യത്തുതന്നെയാണ്. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും സ്വതന്ത്രചിന്തയെക്കുറിച്ചും ഇത്തരത്തിലുള്ള ആകുലപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയില്‍ തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ് വിനോദ് ദുവ കേസിലെ സുപ്രീം കോടതിയുടെ വിധി.