പഴക്കം, പാരമ്പര്യം, പ്രൗഢി, നൈപുണ്യം തുടങ്ങി എടുത്തുപറയത്തക്ക സവിശേഷതകളുള്ള ഒരു മഹാവിദ്യാലയമാണ് ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജ്. ഇരുപത്തിരണ്ടു വയസ്സുമാത്രം ജീവിച്ച, പുണ്യപുരുഷനായി കത്തോലിക്കാസഭയില്‍ ആദരിക്കപ്പെടുന്ന ജോണ്‍ ബെര്‍ക്കുമാന്‍സിന്റെ നാമധേയത്തില്‍ സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനമാണ് എസ്.ബി. കോളജ്.
1922 ല്‍ സ്ഥാപിതമായ എസ്.ബി. കോളജിനു പ്രായം ഒരു നൂറ്റാണ്ടാകുന്നു. തിളക്കമാര്‍ന്ന ചരിത്രമാണത്. ജൂണ്‍ 19 ന് റവ. ഡോ. തോമസ് കുര്യാളശേരി തറക്കല്ലിട്ടു. മദ്രാസ് യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് 125 വിദ്യാര്‍ത്ഥികളുമായി പാറേല്‍ പള്ളി പഴയ സെമിനാരിക്കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ആ ദിവസം വായനദിനമായി 1996 മുതല്‍ ആചരിച്ചുവരുന്നു എന്നത് കേവലം യാദൃച്ഛികമാകാമെങ്കിലും അതിന്റെ പ്രസക്തി ധ്വന്യാത്മകമാണ്.
മൂവായിരത്തോളം കുട്ടികള്‍, എണ്ണൂറ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍, റഗുലര്‍ സെല്‍ഫ് ഫിനാന്‍സ് ധാരകളിലായി ഡിഗ്രി-പി.ജി. തലങ്ങളില്‍ അറുപതോളം വ്യത്യസ്തകോഴ്‌സുകള്‍, പ്രഗല്ഭരായ അധ്യാപകര്‍, ശാസ്ത്രസാഹിത്യ ഗവേഷണഡിപ്പാര്‍ട്ട്‌മെന്റുകള്‍, കേരളത്തിലെ ഏറ്റവും മികച്ച ലൈബ്രറികളിലൊന്ന് എന്നിവയെല്ലാം എസ്.ബിയുടേ പ്രത്യേകതകളാണ്.
സയന്റിസ്റ്റുകള്‍, അക്കാദമിക് പണ്ഡിതര്‍, രാഷ്ട്രീയ-സാമൂഹികസാമുദായികനേതാക്കള്‍ സാഹിത്യകലാമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ളവര്‍... എസ്.ബി.യുടെ സംഭാവനകള്‍ വലുതാണ്.
എസ്.ബി. കോളജിന്റെ നൂറാമത് സ്ഥാപകദിനാഘോഷവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനവും ജൂണ്‍ 21 തിങ്കളാഴ്ച നടന്നു. ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.ബി. കോളജ് രൂപകല്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍, ശതാബ്ദിയോടനുബന്ധിച്ച് അന്തര്‍വൈജ്ഞാനികഗവേഷണകേന്ദ്രം എന്നിവ പ്രവര്‍ത്തനമാരംഭിച്ചു. കോളജ് മാനേജര്‍ മോണ്‍. തോമസ് പാടിയത്ത,് കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന്‍ പ്ലാത്തോട്ടം, കൊടിക്കുന്നില്‍ സുരേഷ് എം.പി., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു