രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് അഭയകേന്ദ്രങ്ങള്‍ തേടി ''ഒരു ജനത'' നീണ്ട പലായനങ്ങളിലാണ്. കടല്‍ നീന്തിക്കടന്നും ചുട്ടുപൊള്ളുന്ന മരുഭൂമിയും മഞ്ഞുമലകളും താണ്ടിയും, പലവിധ പീഡനങ്ങള്‍ അനുഭവിച്ചുമാണ് അഭയാര്‍ത്ഥിസമൂഹം തങ്ങള്‍ വാഗ്ദത്തഭൂമി എന്നു കരുതുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരുന്നത്. അവിടെ പലപ്പോഴും മതിലുകള്‍ പണിതും പൊള്ളുന്ന അനുഭവങ്ങളിലൂടെ കടത്തിവിട്ടും അവരുടെ പലായനങ്ങളെ തടസ്സപ്പെടുത്തുന്നവരുണ്ട്. വിവിധ നാടുകളില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ നിലവിളികള്‍ ലോകത്തിന്റെ കാതുകളില്‍ അലച്ചുകൊണ്ടേയിരിക്കുന്നു. ഈ യാത്രയ്ക്കിടയില്‍ ലക്ഷ്യം കാണാനാവാതെ പട്ടിണികിടന്നും ഉള്‍ക്കടലില്‍ മുങ്ങിയും മരിക്കുന്നവരേറെ. അതിസാഹസികമായി പ്രതീക്ഷയുടെ തുരുത്തുകള്‍ തേടിപ്പോയ അഭയാര്‍ത്ഥികള്‍ക്ക് എത്തിപ്പെടുന്നിടത്തെല്ലാം നേരിടേണ്ടിവരുന്നത് പലതരത്തിലുള്ള വിവേചനങ്ങളാണ്. ചെന്നെത്തുന്ന ഇടങ്ങളില്‍നിന്ന് പലപ്പോഴും ആട്ടിപ്പായിക്കപ്പെടുന്ന ഇവരുടെ കണ്ണീര്‍ പലപ്പോഴും ഭരണകൂടങ്ങള്‍ കാണുന്നില്ല. അവര്‍ക്കൊപ്പം നിഷ്‌കളങ്കരായ കുഞ്ഞുങ്ങളും നിരാലംബരായ സ്ത്രീകളും വൃദ്ധരുമെല്ലാമുണ്ട്; നരച്ചതും പ്രതീക്ഷയറ്റതുമായ ജീവിതത്തിന്റെ നിരവധി പ്രതിനിധാനങ്ങള്‍. മാലിന്യം കുന്നുകൂടിയതും സുരക്ഷിതത്വം തീരെയില്ലാത്തതുമായ ഇടങ്ങളില്‍, രാ പാര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍.
സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട പതിനായിരക്കണക്കിന് ജീവനുകളോട് വേണ്ട കരുതല്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വീണ്ടുമൊരു അഭയാര്‍ത്ഥിദിനംകൂടി കടന്നുപോയി, ജൂണ്‍ 20ന്.
2015 സെപ്റ്റംബര്‍ 2ന് ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ച് മെഡിറ്ററേറിയന്‍ തീരത്ത് പഞ്ചാരമണലില്‍ കമിഴ്ന്നു കിടന്ന ഐലന്‍ കുര്‍ദി എന്ന മൂന്നുവയസുകാരന്റെ ചേതനയറ്റ ഓമനമുഖം മനസ്സുകളില്‍നിന്നു മാഞ്ഞിട്ടില്ലിനിയും. ഐലന്‍ കുര്‍ദി മധ്യപൂര്‍വേഷ്യയിലെ അവസാനിക്കാത്ത കലാപങ്ങളുടെ നോവിക്കുന്ന പ്രതീകം മാത്രമാണ്. അങ്ങനെ ഇല്ലാതാക്കപ്പെട്ട എത്രയോ കുരുന്നുകള്‍, പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടികള്‍, അമ്മമാര്‍? ഇവരുടെയൊക്കെ വേദനിക്കുന്ന മുഖങ്ങള്‍ യാചിച്ചിട്ടുണ്ടാവില്ലേ ഇത്തിരി കരുണയ്ക്കുവേണ്ടി, അന്തിക്കു തല ചായ്ക്കാന്‍ സുരക്ഷിതമായൊരു ഇടത്തിനുവേണ്ടി?
അഭയാര്‍ഥിപ്രവാഹത്തെ തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുമ്പോഴും ഓരോ വര്‍ഷവും അഭയാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ്. ഓരോ മൂന്നു സെക്കന്റിലും ഒരാള്‍വീതം അഭയാര്‍ഥിയായിക്കൊണ്ടിരിക്കുന്നു.
അക്രമം, യുദ്ധം, ക്ഷാമം, ദാരിദ്ര്യം, മറ്റ് മൗലികാവകാശലംഘനങ്ങള്‍ എന്നിവമൂലം പിറന്ന നാട്ടില്‍നിന്ന് ഒളിച്ചോടുന്നത് ആഗോളജനസംഖ്യയുടെ ഒരു ശതമാനത്തിലേറെ, ഏകദേശം എണ്‍പത് മില്യണിലേറെ ജനങ്ങളാണ്.
ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധക്കെടുതികളും കാരണം ജന്മനാട്ടില്‍ സ്വസ്ഥമായി താമസിക്കാന്‍ കഴിയാതെ മറ്റു നാടുകളിലേക്കു പലായനം ചെയ്യുകയാണ് നല്ലൊരു വിഭാഗം ആളുകളും.
ഭരണാധികാരികളുടെ യുദ്ധക്കൊതിമൂലവും ഭൂകമ്പം, കൊടുങ്കാറ്റ്, പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങളാലും ജനങ്ങള്‍ കൂട്ടത്തോടെ ജന്മനാട് ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യവുമുണ്ട്. എന്നാല്‍, നാടുവിട്ട ശേഷം കുടിയേറ്റത്തിനിടയില്‍ മുങ്ങിമരിക്കുന്നവര്‍, കടലില്‍ എറിയപ്പെടാന്‍ വിധിക്കപ്പെട്ടവര്‍, വെയിലിലും മഴയിലും വിശപ്പിലും ജീവിതം നഷ്ടമാകുന്നവര്‍, മരുഭൂമികളില്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍, ലൈംഗിക പീഡനത്തിനിരയാകുന്നവര്‍, ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുന്നവര്‍... അഭയാര്‍ഥികളുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.
സ്വന്തം വീടു നഷ്ടപ്പെട്ട് ഒട്ടേറെ പ്രതികൂലസാഹചര്യങ്ങളെ ധൈര്യപൂര്‍വം നേരിട്ട് ദുരന്തങ്ങളുടെ ബാക്കിപത്രമായി ജീവിക്കുന്നവരോട് ആദരവായാണ് 2001 ല്‍ യുഎന്‍ ജനറല്‍ അസംബ്ലി ജൂണ്‍ 20 ലോക അഭയാര്‍ത്ഥിദിനമായി പ്രഖ്യാപിച്ചത്.
ലോകത്താകമാനം ദുരിതങ്ങള്‍ വിതച്ച രണ്ടാം ലോകമഹായുദ്ധം ദശലക്ഷക്കണക്കിനു ജനങ്ങളെ അഭയാര്‍ഥികളാക്കിയിരുന്നു. വംശീയ - ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട ആഫ്രിക്കന്‍രാജ്യങ്ങളില്‍ അഭയാര്‍ത്ഥിപ്രശ്‌നം വളരെ രൂക്ഷമാണ്. യുദ്ധത്തില്‍ തകര്‍ന്ന വിയറ്റ്‌നാമിലെ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ ലോകത്തിന്റെ പല ഭാഗത്തുമായി പുനരധിവസിപ്പിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം രാജ്യമില്ലാതലഞ്ഞ ജനങ്ങളെ മറ്റു രാജ്യങ്ങള്‍ ഒപ്പം ചേര്‍ത്തു.
ഭൂലോകത്തങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന അഭയാര്‍ത്ഥികളില്‍ എണ്‍പതുശതമാനവും സ്ത്രീകളും കുട്ടികളുമാണ്.
1.6 ദശലക്ഷത്തിലധികം ആളുകളാണ് സിറിയന്‍ ആഭ്യന്തര യുദ്ധാനന്തരം അയല്‍രാജ്യങ്ങളിലേക്കു സുരക്ഷയെപ്രതി ചേക്കേറിയത്.
ഇന്ത്യയിലുമുണ്ട് ടിബറ്റന്‍ സമൂഹവും
റോഹിന്‍ഗ്യന്‍ ജനതയും
ഇന്ത്യയിലുമുണ്ട് കരുണ തേടുന്ന നിരവധി അഭയാര്‍ഥിസമൂഹങ്ങള്‍. 1959 മുതലേ ഇന്ത്യയിലേക്ക് ടിബറ്റന്‍ അഭയാര്‍ത്ഥികളെത്തുന്നുണ്ട്. രാജ്യത്ത് 54 ക്യാമ്പുകളിലായി 1,00,000 ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്നാണു കണക്ക്. ചൈന മനുഷ്യാവകാശലംഘനങ്ങള്‍ നടത്തുന്നുവെന്നതാണ് ടിബറ്റുകാര്‍ ഇന്ത്യയിലേക്ക് വരാനുണ്ടായ കാരണം.
മ്യാന്‍മറിലെ ന്യൂനപക്ഷ മുസ്ലീം വിഭാഗമായ രോഹിന്‍ഗ്യകളുടെ പ്രശ്‌നം രാജ്യാന്തരതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മ്യാന്‍മറില്‍ പട്ടാളഭരണം അവസാനിച്ച് സമാധാന നൊബേല്‍ ജേതാവായ ഓങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസര്‍ക്കാര്‍ വന്നെങ്കിലും രോഹിന്‍ഗ്യകളുടെ ദുരിതത്തിനു മാറ്റമുണ്ടായില്ല. 2017 ല്‍ നിരവധി റോഹിന്‍ഗ്യന്‍ വംശജര്‍ സൈനികാക്രമണത്തെത്തുടര്‍ന്ന് മലേഷ്യയിലേക്കും ബംഗ്ലാദേശിലേക്കും പലായനം ചെയ്തു. സംഘര്‍ഷങ്ങളില്‍ നിരവധി റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടു. ഗ്രാമങ്ങള്‍ കൂട്ടത്തോടെ കത്തിക്കപ്പെട്ടു. മ്യാന്‍മര്‍ സൈന്യത്തിന്റെ രോഹിന്‍ഗ്യന്‍വംശഹത്യ കഴിഞ്ഞു വര്‍ഷങ്ങളായെങ്കിലും കൂട്ടക്കൊലകളും ബലാത്സംഗങ്ങളും കൊള്ളിവെപ്പും ഭയന്ന് ബംഗ്ലാദേശിലെത്തിയ പത്തു ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളുടെ ജീവിതം ഇന്നും ദുരിതമയംതന്നെ. ലോകത്തിലെതന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥിക്യാമ്പുകളിലൊന്നായ തെക്കന്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ അഭയാര്‍ഥിക്യാമ്പുകളില്‍ കൊവിഡ്-19 രോഗബാധയും കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. 13 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഇവിടെ 10 ലക്ഷത്തിലധികം ആളുകളാണ് തിങ്ങിപ്പാര്‍ക്കുന്നതെന്നോര്‍ക്കുക.
നാല്പതിനായിരത്തോളം രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലുള്ളതില്‍ പകുതിയിലേറെയും ജമ്മുവിലാണ്. ഡല്‍ഹിയിലടക്കം നഗരമാലിന്യങ്ങളും ഇരുട്ടും കട്ടപിടിച്ച യമുനയുടെ കരയില്‍പ്പോലും ശ്വാസംമുട്ടി ജീവിക്കുന്നുണ്ട് ഒരുകൂട്ടം റോഹിന്‍ഗ്യകള്‍. ഡല്‍ഹി, ഹൈദരബാദ്, കൊല്‍ക്കത്ത നഗരങ്ങളിലും ഹരിയാനയുടെ ചില ഭാഗങ്ങളിലുമാണ് ബാക്കിയുള്ളവര്‍. കേന്ദ്രഭരണകൂടത്തിന്റെ പൗരത്വനിയമം, ജീവിച്ചിരിക്കാമെന്ന ഇവരുടെ പ്രതീക്ഷകളില്‍ നിഴല്‍ വീഴ്ത്തിയിരിക്കുന്നു.
തൊഴില്‍ തേടി കേരളത്തിലേക്കടക്കം പലായനം ചെയ്ത അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊവിഡ് കാലത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ച് അഭയം തേടിയപ്പോള്‍ ജന്മനാടുപോലും പ്രവേശനം നിഷേധിച്ചതും പലരും വഴിയില്‍ മരിച്ചുവീണതുമൊക്കെ നാം കണ്ടു.
അഭയം തേടിയെത്തിയവര്‍ അധിനിവേശകരാകുന്ന കാഴ്ചകളും
കുടിയേറ്റവിരുദ്ധവികാരം ഇന്ന് യൂറോപ്പിലും മറ്റു പല രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്നുണ്ട്. സമീപകാല സംഭവങ്ങള്‍ അതിനു കാരണമായി എന്നതാണ് യാഥാര്‍ഥ്യം. പാരീസ് ആക്രമണത്തിനുശേഷം ഫ്രാന്‍സില്‍ നിന്നാരംഭിച്ച ഇസ്ലാമിക കുടിയേറ്റവിരുദ്ധവികാരം യൂറോപ്പിലാകെ പടര്‍ന്നുകഴിഞ്ഞു. ഐഎസ് ഭീകരാക്രമണങ്ങള്‍ സാധാരണക്കാരായ മുസ്ലീം സമുദായങ്ങള്‍ ഒറ്റപ്പെടാനിടയാക്കിയിട്ടുണ്ട്.
മുസ്ലീം അഭയാര്‍ത്ഥികളെ സ്വീകരിച്ച സ്വീഡന്‍ എന്ന കൊച്ചുരാജ്യം കലാപഭൂമിയായത് അടുത്ത കാലത്താണ്. അഭയാര്‍ത്ഥികള്‍ അധിനിവേശകരായി മാറിയത് സമാധാനത്തില്‍ കഴിഞ്ഞിരുന്ന ആ കൊച്ചു രാജ്യത്തിന്റെ സമാധാനം കെടുത്തി. മുസ്ലീം കലാപകാരികള്‍ സ്വീഡിഷ് സ്ത്രീകളെയും കുട്ടികളെയും പോലും കൂട്ടംചേര്‍ന്ന് മൃഗീയമായി തല്ലിച്ചതച്ചതും നാടു കടത്തിയതും നാം കണ്ടതാണ്.
അതുകൊണ്ട് അഭയാര്‍ത്ഥികളെ സ്വീകരിക്കുക എന്നത് ഇന്ന് പല രാജ്യങ്ങളും ഭയക്കുന്നുണ്ട്. 23 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ എഴുതി: ''തന്റെ രാജ്യക്കാരില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും ഒറ്റപ്പെട്ട വിദേശി, മനുഷ്യരുടെയും ദൈവങ്ങളുടെയും ഭാഗത്തുനിന്നുള്ള കൂടുതലായ സ്‌നേഹത്തിനു പാത്രമായിരിക്കണം. അതുകൊണ്ട്, വിദേശികള്‍ യാതൊരു വിധത്തിലും ദ്രോഹിക്കപ്പെടാതിരിക്കാന്‍വേണ്ട എല്ലാ മുന്‍കരുതലുകളും കൈക്കൊള്ളണം.''
ജീവന്‍മാത്രം കൈയില്‍ പിടിച്ച് അഭയം തേടിയെത്തുന്നവരെ ആട്ടിയോടിക്കുംമുമ്പ് ലോകരാജ്യങ്ങള്‍ ഒരു നിമിഷം ആലോചിക്കേണ്ടതുണ്ട്, ഇല്ലെങ്കില്‍ അവരുടെ നിലവിളികള്‍ നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും.