•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

വിശ്വസിക്കൂ, ഇവന്‍ എന്നെന്നും മതിയായവന്‍

വിജയിച്ചെന്നു വീമ്പിളക്കിയ വലിയൊരു വിഭാഗത്തെ വിസ്മയിപ്പിച്ചും, വിഷാദരായിക്കഴിഞ്ഞിരുന്ന വത്സലഗണത്തിന്റെ വാടിത്തുടങ്ങിയ വിശ്വാസത്തിനു വളവും വെള്ളവും വേരുകളുമേകിയും മൂന്നുനാള്‍മുമ്പ് കഴുമരത്തില്‍ കണ്ണുകളടച്ചവന്‍ ഊഴിയുടെ ഉള്ളറയില്‍നിന്ന് ഉയിര്‍ത്തെണീറ്റു! മൂടി മാറ്റപ്പെട്ട, കാലിയായ കല്ലറ കണ്ടുമടങ്ങിയ ശിഷ്യരുടെ ഉള്ളില്‍ ഉണ്ടായിരുന്നത് വിശ്വാസവും വിഭ്രാന്തിയുമായിരുന്നു. പക്ഷേ, പീഡനങ്ങളെ പേടിച്ച് കതകടച്ചുകഴിഞ്ഞിരുന്ന തന്റെ ഉറ്റവര്‍ക്ക് ഉത്ഥിതന്‍ ഒരു പ്രദോഷത്തില്‍ പ്രത്യക്ഷനായി. തദവസരത്തില്‍ അവിടെയില്ലാതെപോയ ദിദീമോസിന് ആ അസുലഭഭാഗ്യം നഷ്ടമായി. നിര്‍ബന്ധക്കാരനായിരുന്നതിനാല്‍ തന്റെ പാണികള്‍ ഗുരുവിന്റെ പാര്‍ശ്വത്തില്‍ വയ്ക്കാതെയും വിലാവില്‍ വിരലിടാതെയും വിശ്വസിക്കുകയില്ലെന്ന് അവന്‍ നിശ്ചയിച്ചുറച്ചു. എന്നാല്‍, ശുദ്ധമായ ശാഠ്യങ്ങള്‍ ശീലമാക്കുന്നതില്‍ ശരിക്കുറവില്ലെന്ന് ശിഷ്യര്‍ക്കു മനസ്സിലാക്കിക്കൊടുക്കാനെന്നമാതിരി എട്ടാംപക്കം  എല്ലാവരുമുണ്ടായിരുന്നപ്പോള്‍ അവിടുന്ന് അവര്‍ക്കു വീണ്ടും സ്വയം വെളിപ്പെടുത്തി. അപ്പോള്‍ സ്വന്തം കണ്ണുകള്‍കൊണ്ടു കണ്ട് തന്നിലുള്ള വിശ്വാസം വിളിച്ചോതിയ ആ അരുമശിഷ്യനോട് അവിടുന്ന് അരുള്‍ചെയ്തു: ''കാണാതെ വിശ്വസിക്കുന്നവര്‍ അനുഗൃഹീതര്‍'' (യോഹ. 20:29).
തൊട്ടതിനൊക്കെയും തെളിവുകള്‍ തേടുന്ന തലമുറയാണിന്നുള്ളത്. അടയാളങ്ങള്‍ അന്വേഷിച്ച രണ്ടായിരത്തില്‍പ്പരംവര്‍ഷം പ്രായമുള്ള കാരണവരുടെ കൊച്ചുമക്കളാണ് നാമെല്ലാം. പഞ്ചേന്ദ്രിയങ്ങള്‍ പരമാര്‍ത്ഥങ്ങളെന്നു പറയുന്നവയ്ക്കു മാത്രം മൂല്യം കല്പിക്കുകയും സാമാന്യബുദ്ധിക്കു നിരക്കാത്തവയൊന്നും യാഥാര്‍ത്ഥ്യമല്ലെന്നു ന്യായീകരിക്കുകയും ചെയ്യുന്ന യുക്തിസംസ്‌കാരമാണ് പലരുടെയും. സകലതിനെയും വിരല്‍ത്തുമ്പില്‍ സാധ്യവും സുലഭവുമാക്കാനാണ് സാങ്കേതികവിദഗ്ധരുടെ അശ്രാന്തയത്‌നം. വിശ്വശില്പിയായ ദൈവത്തെയും വിശ്വാസസത്യങ്ങളെയും പരീക്ഷണശാലകളിലെ പളുങ്കുപാത്രങ്ങളില്‍ ശോധന ചെയ്യാനാണ് ശാസ്ത്രത്തെ ചവച്ചരച്ചു ശാപ്പിടുന്നവരുടെ ശമനമില്ലാശ്രമം. വസ്തുതകളെ വിശ്വസനീയങ്ങളാക്കുന്നതിനു തെളിവുകള്‍ അത്യന്താപേക്ഷിതമായി ത്തീര്‍ന്നിരിക്കുകയാണ്.  അനുയോജ്യമായ തെളിവുകളുടെ അഭാവത്തില്‍ എത്രയോ സാഹചര്യങ്ങളില്‍ സത്യം സംഹരിക്കപ്പെടുന്നു! മതിയായ മൊഴികളും സാക്ഷികളും ഇല്ലെന്നതിന്റെ പേരില്‍ എത്രയോ ശുദ്ധഹൃദയര്‍ ശിക്ഷിക്കപ്പെടുന്നു. അപരാധികള്‍ അഴിഞ്ഞാടുന്നു! എന്നാല്‍ സത്യവും അതിന്റെ മൂല്യങ്ങളും തെളിവുകളില്‍ മാത്രമല്ല അധിഷ്ഠിതമായിട്ടുള്ളത്. അവയ്ക്ക് വിശ്വാസത്തിന്റെ വിശാലമായ ഒരു തലമുണ്ട്. മണ്ണിലെ മനുഷ്യജീവിതവും ബന്ധങ്ങളുമെല്ലാം ആത്യന്തികമായി ഉപാധികളില്ലാത്ത ഉത്തമവിശ്വാസത്തില്‍ അടിത്തറയുള്ളവയാണ്.
ആരിലെങ്കിലുമൊക്കെ അല്പം വിശ്വാസം നിക്ഷേപിക്കാതെ ശ്വാസമൊന്നുപോലും വലിച്ചുതള്ളുക സാധ്യമല്ല. കുഞ്ഞായിരുന്നപ്പോള്‍ മടിയിലിരുത്തി 'ഇതാണ് കുഞ്ഞിന്റെ അച്ഛന്‍' എന്നു പറഞ്ഞ് അമ്മ ചൂണ്ടിക്കാട്ടിത്തന്ന ആണ്‍രൂപത്തെ അന്നുമുതലിന്നോളം 'അച്ഛന്‍' എന്നുതന്നെ വിളിക്കാന്‍ ഏതെങ്കിലും തെളിവുകള്‍ ആവശ്യമായി വന്നിട്ടുണ്ടോ? 'അമ്മ' എന്ന് നീയും ഞാനും വിളിക്കുന്നയാള്‍തന്നെയാണ് യഥാര്‍ത്ഥത്തില്‍ നമുക്കു ജന്മമേകിയത് എന്നതിന് എന്താണിത്ര ഉറപ്പ്? വാഹനത്തില്‍ കയറി ലക്ഷ്യസ്ഥാനത്തേക്കുള്ള ടിക്കറ്റുകാശു കൊടുക്കുന്നതും ഇത്തിരിപ്പോന്ന രണ്ട് ഈര്‍ക്കിലിപ്പാളത്തിലൂടെ പായുന്ന തീവണ്ടിയില്‍ നീണ്ടുനിവര്‍ന്ന് കിടന്നുറങ്ങുന്നതുമൊക്കെ മിഴിചിമ്മാതെ മുന്നിലിരുന്ന് ചക്രം ചലിപ്പിക്കുന്ന പേരറിയാത്ത, പരസ്പരം പരിചയമില്ലാത്ത ഒരാളില്‍ വിശ്വാസം പണയംവച്ചിട്ടുള്ളതുകൊണ്ടല്ലേ? അല്ലാതെ, അയാളുടെ യോഗ്യതയുടെയോ തൊഴില്‍പരിചയത്തിന്റെയോ ഒന്നും സാക്ഷ്യപത്രം മുന്‍കൂര്‍ കണ്ട് ബോധ്യപ്പെട്ടതുകൊണ്ടല്ലല്ലോ? അപരിചിതനായ ഒരുവനെ 'അപ്പാ' എന്ന് അവ്യക്തമായി നാം വിളിച്ചുതുടങ്ങിയതുതന്നെ 'അമ്മേ' എന്ന് അറിയാതെ വിളിച്ച, വേറൊരു അപരിചിത ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍മുതലല്ലേ? അവളുടെ ആ വാക്കുകളെ നാളിന്നോളം നീയും ഞാനും നിസ്സംശയം വിശ്വസിക്കുന്നില്ലേ? അതിനൊന്നും അയല്ക്കാരുടെ അഭിപ്രായമോ തെളിവുകളുടെ താങ്ങോ വേണ്ടിവന്നിട്ടില്ലല്ലോ? അതെല്ലാം വെറും വിശ്വാസത്തിന്റെ അംശങ്ങളാണ്. ഇങ്ങനെ നോക്കുമ്പോള്‍ മനുഷ്യജീവിതത്തിലെ അടിസ്ഥാനവസ്തുതകളില്‍ സിംഹഭാഗവും തെളിവുകള്‍ക്ക് അതീതമായ, അല്ലെങ്കില്‍ തെളിവുകള്‍ അനിവാര്യമല്ലാത്ത വിശ്വാസത്തില്‍ വേരൂന്നിയവയാണ്.
വിശ്വാസത്തിന്റെ വശ്യത അതിന്റെ അന്ധതയാണ്. അന്ധന്റെ ആത്മവിശ്വാസമായിരുന്നു ആദിപിതാവായ അബ്രാഹത്തിനുണ്ടായിരുന്നത്. ദേശമോ, ദിക്കോ, പാതയോ, പദ്ധതിയോ പറഞ്ഞറിയാതെ 'പോവുക' (ഉത്പ. 12:1) എന്ന് ആജ്ഞയേകിയ അദൃശ്യശക്തിയുടെ പരിപാലനയുടെ പാരാവാരത്തിലേക്ക് തന്നെത്തന്നെ പിഴുതെറിഞ്ഞുകൊണ്ടുള്ള ഒരു പ്രയാണമായിരുന്നു  ആ പിതാമഹന്റേത്. അതുകൊണ്ടൊക്കെത്തന്നെ അല്ലേ, 'കാണപ്പെടാത്തവ ഉണ്ട് എന്നുള്ള ബോധ്യ'ത്തെ ബൈബിള്‍ വിശ്വാസമെന്നു വിളിക്കുന്നതും? തെളിവുകളും അടയാളങ്ങളും ആവശ്യപ്പെടുന്ന അനേകം ആളുകളെ വിശുദ്ധഗ്രന്ഥത്തില്‍ നാം കണ്ടുമുട്ടുന്നുണ്ട്. യഹോവ തന്നെയാണ് തന്നോടു സംസാരിക്കുന്നത് എന്നതിനുള്ള തെളിവു ചോദിച്ച ഗിദെയോനും (ന്യായ. 6:17), ദൈവപുത്രനാണെന്നു സ്വയം തെളിയിക്കാന്‍ കല്ലുകളെ അപ്പമാക്കാനും ദൈവാലയനിറുകയില്‍നിന്ന് കീഴ്‌പ്പോട്ടു ചാടാനും യേശുവിനെ പ്രലോഭിപ്പിച്ച ശക്തിയും, തങ്ങള്‍ കണ്ടുവിശ്വസിക്കാനായി കുരിശില്‍നിന്ന് ഇറങ്ങിവരാന്‍ അവിടുത്തോടു പുച്ഛിച്ചുപറഞ്ഞ പുരോഹിതപ്രമുഖരും, ഗുരുവിന്റെ ചോര ചിന്തിയ ചങ്കില്‍ തന്റെ കരതലം വയ്ക്കാതെയും വിലാവില്‍ വിരലിടാതെയും വിശ്വസിക്കുകയില്ലെന്നു ശഠിച്ച തോമസുമൊക്കെ  അത്തരക്കാരുടെ പ്രതിനിധികളാണ്. എന്നാല്‍, അവരെല്ലാം നമ്മുടെയൊക്കെ ഹൃദയവയലുകളില്‍ വിശ്വാസത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ ദൈവം നിയോഗിച്ച നിമിത്തങ്ങളാണ്. അദൃശ്യനായ തന്റെ സത്തയെക്കുറിച്ചും സ്വഭാവസവിശേഷതയെക്കുറിച്ചും വിശ്വാസരഹിതമായ തലമുറയെ പഠിപ്പിക്കാന്‍ അവിടുന്നയച്ചവര്‍! മുക്കുവനൊരുവന്റെ മര്‍ക്കടമുഷ്ടിയെ മാനിച്ച് ഉത്ഥിതന്‍ വീണ്ടും വന്നതും അവനോടു സംസാരിച്ചതുമെല്ലാം അവന്റെ അധരഘോഷണം ശ്രവിച്ച് ലോകം വിശ്വസിക്കുന്നതിനുവേണ്ടിയായിരുന്നു. ആ അരയശിഷ്യനില്ലായിരുന്നെങ്കില്‍ നാമിന്നു മനഃപാഠമാക്കിയിരിക്കുന്ന 'എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' (യോഹ. 20:28) എന്ന വിശ്വാസപ്രഖ്യാപനം നമുക്കു നഷ്ടമായിപ്പോകുമായിരുന്നില്ലേ? എങ്കിലും, 'കാണാതെ വിശ്വസിക്കുന്നവര്‍ അനുഗൃഹീതര്‍' എന്നുള്ള ഉത്ഥിതന്റെ അന്തിമമൊഴികള്‍ മറക്കാതിരിക്കാം. കാരണം, അങ്ങനെയുള്ളവരില്‍ നീയും ഞാനുമുണ്ടെങ്കില്‍ നാം പതിന്മടങ്ങ് പുണ്യപ്പെട്ടവര്‍ തന്നെ.
കണ്‍മുമ്പിലോ, കാതോരത്തോ, നാസികാനാളത്തിലോ, വിരലറ്റത്തോ, നാവിന്‍തലത്തിലോ മാത്രം വിശ്വസിക്കുന്നതിനുള്ള കാരണങ്ങളും തെളിവുകളും തിരയാതെ, തെളിവുകളുടെ ശൂന്യതയിലും വിശ്വാസത്തിന്റെ വിടര്‍ന്ന പാരച്യൂട്ടില്‍ പിടിമുറുക്കാനാണ് യേശു നമ്മോടാവശ്യപ്പെടുന്നത്. കുര്‍ബാനമദ്ധ്യേ കൈവിരലുകള്‍ക്കിടയിലേക്കു സ്വയം ഒതുങ്ങിത്തരുന്ന ഓസ്തിയില്‍ കര്‍ത്താവിന്റെ കമനീയമുഖം നേരില്‍ കാണുകയും നാവിന്റെ നനവില്‍ അതു മാംസമായി മാറുകയും ചെയ്താല്‍ മാത്രമേ വിശ്വസിക്കൂ എന്നല്ല വൈദികനായ ഞാന്‍ വാശിപിടിക്കേണ്ടത്. പകരം, ആ അപ്പം തന്റെ തിരുശ്ശരീരവും കാസയിലെ മുന്തിരിച്ചാറ് കല്മഷകറകളെ കഴുകിനീക്കുന്ന നിണവുമാണ് എന്നോതിയവന്റെ വചസ്സുകളിലുള്ള എന്റെ എളിയ വിശ്വാസത്തെ ദൃഢപ്പെടുത്തണമേയെന്ന് വിളിച്ചപേക്ഷിക്കുകയാണു വേണ്ടത്. മഹാമാരികള്‍ മാറുകയും, വീട്ടിലെ വിഷമതകളെല്ലാം ഒരു പാതിരാമഴയില്‍ ഒഴുകിപ്പോവുകയും ചെയ്താല്‍ മാത്രമേ ഞാന്‍ വിശ്വസിക്കൂ എന്നു  നിര്‍ബന്ധിക്കുകയല്ല പിന്നെയോ, ആവലാതികളുടെ ആധിക്യത്തിലും എന്നെ ചൂഴ്ന്നുനില്ക്കുന്ന ദൈവികചൈതന്യത്തെ അനുഭവിക്കാനും അതില്‍ വിശ്വസിക്കാനും എനിക്കു കൃപതരണേയെന്നു കേണു പ്രാര്‍ത്ഥിക്കുകയാണ് ഒരു ക്രിസ്ത്യാനിയായ ഞാന്‍ ചെയ്യേണ്ടത്. അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും അഗ്രാഹ്യമായവയൊക്കെ ആത്മാവിന്റെ ആഴങ്ങളില്‍ അനുഭവിച്ചറിയണമെങ്കില്‍ അവിടെ വിഘ്‌നശൂന്യമായ വിശ്വാസത്തിന്റെ അടിയൊഴുക്കുകള്‍ ഉണ്ടാകണം.
ഉയിര്‍ത്തെഴുന്നേറ്റ സത്യദൈവമേ, പ്രപഞ്ചം മുഴുവനിലും അതിലെ ഏറ്റവും നിസാരനായ എന്റെയുള്ളിലും പ്രസരിച്ചുനില്ക്കുന്ന നിന്റെ ചൈതന്യത്തില്‍ പൂര്‍ണമായും വിശ്വസിക്കാന്‍ ഈയുള്ളവനു തെളിവുകളുടെ തരിപോലും ആവശ്യമില്ല. അദ്ഭുതങ്ങളുടെ അടമഴ ഞാന്‍ അനുദിനം ആഗ്രഹിക്കുന്നില്ല. അടയാളങ്ങള്‍ ആവശ്യപ്പെടുന്നില്ല. തെളിവുകള്‍ തേടുന്നുമില്ല. അവയൊക്കെ ഒരു പരിധിവരെ എന്റെ വിശ്വാസത്തെ പരിപോഷിപ്പിക്കാന്‍ പര്യാപ്തങ്ങളാണെങ്കിലും  അവയുടെയൊന്നും അരിപ്പയില്‍ തെള്ളിയെടുത്ത തരിമണികളല്ല എന്റെ വിശ്വാസപ്രമാണങ്ങള്‍. എന്റെ കാലുകള്‍ കഴയുമ്പോള്‍ താങ്ങായും, കാഴ്ച കുറയുമ്പോള്‍ തെളിച്ചമായും നെഞ്ചകം നുറുങ്ങുമ്പോള്‍ തൈലമായും നയനങ്ങള്‍ നിറയുമ്പോള്‍ തൂവാലയായും കാലങ്ങളോളം കൂട്ടായി കൂടെ വസിക്കാന്‍ അങ്ങുണ്ടാകുമെന്നുള്ള അവിടുത്തെ വാഗ്ദാനം (മത്താ. 28:20) മാത്രമാണ് എന്റെ ശരണം. നിന്റെ വചനങ്ങളാണ് എന്നാളും എന്റെ വഴിവിളക്ക്. മൃദുവിരല്‍ത്തുമ്പിനാല്‍ ഞാന്‍ ആദ്യമായി അരിയില്‍ വരച്ച നിന്റെ നാമം എന്റെ കരളിന്റെ കല്ഫലകത്തിലാണ് കൊത്തപ്പെട്ടത്! മരണംവരെ മായാതെ അത് അവിടെത്തന്നെയുണ്ടാവും. ശൈശവത്തില്‍ ഞാന്‍ ചൊല്ലിക്കേട്ടതും ബാല്യത്തില്‍ ഉരുവിട്ടു പഠിച്ചതുമായ വിശ്വാസത്തിന്റെ പ്രഥമപാഠങ്ങള്‍ എന്നെ ഇന്നും ബലപ്പെടുത്താന്‍ മതിയായവയാണ്.
വിഭവങ്ങള്‍കൊണ്ട് വയറു നിറച്ച് വിശ്രമിക്കുന്ന വേളയിലല്ല, വിശപ്പിന്റെ വിളിയുള്ളപ്പോഴും  വിശ്വസിക്കാനുള്ള വരമാണ് (റോമ. 12:3) എനിക്കു വേണ്ടത്. കണ്‍മുമ്പില്‍ കാണപ്പെടുന്നില്ലെങ്കിലും എന്റെ കരളിന്റെ കൊച്ചുകോവിലില്‍ കുടികൊള്ളുന്ന നിന്നെ വിശ്വാസത്തിന്റെ നേത്രങ്ങളിലൂടെ കാണാന്‍ എനിക്ക് എപ്പോഴും കഴിയുന്നുണ്ട്. എന്റെ വിരല്‍സ്പര്‍ശമല്ല, നിന്റെ വിശുദ്ധസ്പര്‍ശമാണ് ഞാന്‍ കൂടുതല്‍ കാംക്ഷിക്കുന്നത്. വിരലഗ്രത്തെ വിവേചനവൈഭവമല്ല മറിച്ച്, വിശ്വാസമാണ് വലുതും വിലപ്പെട്ടതും നിത്യരക്ഷയ്ക്കു നിദാനവും. ആകയാല്‍, പഥികനായ എന്റെ വഴി തീരുവോളം എന്റെ ആശ്വാസവിളക്കിനെ നിന്റെ വിരലുകളുടെ വള്ളിക്കുടിലിനുള്ളില്‍ കെടാതെ കാത്തുകൊള്ളണേ. അങ്ങനെ അന്ധമായി വിശ്വസിക്കുന്നതിന്റെ അവാച്യമായ ആനന്ദം അവസാനംവരെ ഞാന്‍ ആസ്വദിച്ചോട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)