•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

നിഴലും വെളിച്ചവുമായി ക്ലബ് ഹൗസ്

സലേഷന്‍, ക്വാറന്റൈന്‍, കണ്ടെയ്ന്‍മെന്റ് സോണ്‍, ലോക്ക്ഡൗണ്‍ തുടങ്ങിയ പദങ്ങള്‍ നമുക്ക് സുപരിചിതമായിക്കഴിഞ്ഞു. ഈ അവസ്ഥകളിലൂടെ ലോകം കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, സൈ്വരജീവിതത്തിനും സ്വാതന്ത്ര്യത്തിനും പൂട്ടുവീഴുന്ന കാലത്തും മനുഷ്യന്‍ ഏകനല്ലെന്നും, അവന്‍ സമൂഹ ജീവിയാണ് എന്നും സോഷ്യല്‍ മീഡിയ നമുക്ക് കാണിച്ചുതരുന്നു. ലോകത്തിന്റെ ഏതു കോണിലും ഇരുന്നുകൊണ്ട് മാസ്‌കും മേക്കപ്പും ഇല്ലാതെ വലിയൊരു സദസ്സിനോടു സംവദിക്കാനും അറിവു നേടാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും അവസരം നല്‍കുന്ന സോഷ്യല്‍ മീഡിയരംഗത്തെ നവാഗതതാരമായ ക്ലബ് ഹൗസ് ആണ് ഒരു മാസത്തോളമായി മലയാളികളുടെ ശ്രദ്ധാകേന്ദ്രം.
എന്താണീ ക്ലബ് ഹൗസ്?
വാട്‌സാപ്പും ഫേസ്ബുക്കും യൂറ്റിയൂബും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമൊക്കെ  നിറഞ്ഞാടുന്ന സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് നമ്മുടെ ശ്രദ്ധയാകര്‍ഷിച്ച പുതിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്.
പോള്‍ ഡേവിസനും ഇന്ത്യന്‍ വംശജന്‍ രോഹന്‍ സേത്തും ചേര്‍ന്ന 'ആല്‍ഫ എക്‌സ്‌പ്ലൊറേഷന്‍ കമ്പനി' 2019-ലാണ് അമേരിക്കയില്‍ ഇതിനു തുടക്കമിട്ടത്.
2020 മാര്‍ച്ചില്‍ ക്ലബ് ഹൗസ് ലോഞ്ച് ചെയ്തു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്ര മായിരുന്ന ക്ലബ് ഹൗസ് ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ലഭ്യമായതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്ലബ് ഹൗസിന്റെ പ്രചാരം ഉയര്‍ന്നു.
ഈ ആപ്ലിക്കേഷന്‍ നിലവില്‍ ബീറ്റാ വേര്‍ഷനായതിനാല്‍ ക്ലബ് ഹൗസില്‍ ഉള്ള ഒരാളുടെ ക്ഷണംവഴി മാത്രമേ പുതിയ ഒരാള്‍ക്ക് ഇതില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിലൂടെ പുതുതായി പ്രവേശിക്കുന്നയാള്‍ക്ക് വേറേ അഞ്ചു പേര്‍ക്ക് ഇന്‍വിറ്റേഷന്‍ നല്കാന്‍ കഴിയും. ക്ലബ് ഹൗസില്‍ പ്രവേശിക്കുന്ന വ്യക്തിക്ക് മറ്റു വ്യക്തികളെയും പതിവായി സംവാദങ്ങള്‍ സംഘടിപ്പിക്കുന്ന ക്ലബ്ബുകളെയും സേര്‍ച്ച് ചെയ്തു ഫോളോ ചെയ്യാനും സാധിക്കും. ക്ലബ് ഹൗസില്‍ അംഗമായ ആര്‍ക്കും ഒരു റൂം തുടങ്ങാവുന്നതാണ്. റൂം രൂപീകരിച്ചാല്‍ മാത്രമേ രണ്ടോ അതിലധികമോ വ്യക്തികള്‍ തമ്മില്‍ സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഒരു റൂമില്‍ പരമാവധി 8002 അംഗങ്ങളെവരെയാണ് ഉള്‍പ്പെടുത്താന്‍  കഴിയുന്നത്.
കടന്നുചെല്ലാം ക്ലബ് ഹൗസിലേക്ക് 
ക്ലബ് ഹൗസ് എന്നത് ചര്‍ച്ചകള്‍ നടക്കുന്ന റൂമുകളും, ഒരു വിഷയത്തില്‍ താത്പര്യമുള്ളവര്‍ക്കു പതിവായി സംസാരിക്കാനുള്ള ഇടവുമാണ്.  ഇങ്ങനെ മൂന്നു തരത്തില്‍ റൂമുകള്‍ ഉണ്ടാക്കാം: ലോകത്തെവിടെയുമുള്ള ക്ലബ് ഹൗസ് അംഗങ്ങള്‍ ആര്‍ക്കും പങ്കുചേരാവുന്ന തുറന്ന റൂമുകള്‍, റൂം രൂപീകരിച്ച വ്യക്തിയുടെ ഫോളോവേഴ്‌സിനു മാത്രം പങ്കെടുക്കാന്‍ സാധിക്കുന്ന സോഷ്യല്‍ റൂമുകള്‍, അതുപോലെ തീര്‍ത്തും സ്വകാര്യമായുള്ള അടച്ചിട്ട റൂമുകള്‍.
ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന റൂമില്‍ ആരാണു സംസാരിക്കേണ്ടത് എന്നു തീരുമാനിക്കുക മോഡറേറ്ററാണ്. ഒരു റൂമില്‍ 'സ്പീക്കേഴ്‌സും' 'ലിസ്സനേഴ്‌സും'  ഉണ്ടായിരിക്കും. അതായത്, ചര്‍ച്ചയില്‍ സംസാരിക്കാന്‍ കഴിയുന്ന സ്റ്റേജിലുള്ളവരും, റൂമില്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്ന സദസ്സിലുള്ളവരും. 
സാധ്യതകള്‍

ഒത്തിരിയേറെ സാധ്യതകള്‍ തുറന്നിടുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് ക്ലബ് ഹൗസ്. എവിടെ ഇരുന്നുകൊണ്ടും ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ചു പറയാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന ഒരിടംകൂടിയാണ് ക്ലബ് ഹൗസ്. സമാന ചിന്താഗതിക്കാരുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുകവഴി അറിവുകള്‍ നേടാനും നമ്മുടെ ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കുന്നു. സഭാകമ്പം ഇല്ലാതെ നമുക്കു സംസാരിക്കാം, കാരണം, ഇതില്‍ വോയിസ് മാത്രമേ വരുന്നുള്ളൂ. മുഖാഭിമുഖസംഭാഷണം കൂടാതെ കാര്യങ്ങള്‍ അവതരിപ്പിക്കാം. പൊതുവായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകവഴി ആശയവിനിമയത്തിനുള്ള കഴിവ് കൂടുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുവാനും അഭിപ്രായം പറയുവാനും കേള്‍വിക്കാരുടെ വലിയൊരു  നിരതന്നെ ലഭിക്കുന്നു.
സോഷ്യല്‍ മീഡിയയിലേക്ക് ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഓരോ വിഷയത്തിലും പാണ്ഡിത്യമുള്ള ആളുകളുമായി ചര്‍ച്ച ചെയ്യുന്നതുവഴി ഒരു സോഷ്യല്‍ മീഡിയപോലെയോ, ബ്രോഡ്കാസ്റ്റിങ് മീഡിയപോലെയോ റേഡിയോപോലുള്ള ഒരു മാസ് മീഡിയപോലെയോ ക്ലബ് ഹൗസ് ഉപയോഗിക്കാം. സംസാരിക്കാന്‍ കഴിവുള്ള ആളുകള്‍ക്ക്  അവരുടെ ആശയം അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു പ്ലാറ്റ്‌ഫോം കൂടിയാണ് ക്ലബ് ഹൗസ്.
അപകടങ്ങളും വെല്ലുവിളികളും
നിലവിലുള്ള സാമൂഹികമാധ്യമങ്ങളെപ്പോലെ ക്ലബ് ഹൗസും ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. വ്യാജ ഐഡികളുടെ രംഗപ്രവേശം  ആശങ്കയുണ്ടാക്കുന്ന ഒരു പ്രധാന കാര്യമാണ്. ആര്‍ക്കു വേണമെങ്കിലും ഏതു വിഷയത്തിലുമുള്ള ചര്‍ച്ചാറൂമുകള്‍ ഇവിടെ തുടങ്ങാവുന്നതാണ്. അതിനാല്‍ത്തന്നെ പങ്കെടുക്കുന്ന വ്യക്തികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇങ്ങനെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ 'വ്യാജ വിദഗ്ദ്ധര്‍' തെറ്റുധാരണ സൃഷ്ടിക്കുന്ന വിവരങ്ങള്‍ വിദഗ്ധമായി പങ്കുവയ്ക്കുന്നു. പല വിഷയത്തെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇത്തരം ക്ലബ് ഹൗസ് ചര്‍ച്ചകള്‍ കാരണമാകുന്നുണ്ട് എന്നതും വാസ്തവമാണ്.
വ്യാജ ഐഡികള്‍വഴി പല ദുരുപയോഗങ്ങളും ക്ലബ് ഹൗസിലും നടക്കുന്നു. തീവ്രവാദസംഘങ്ങളും സെക്‌സ് റാക്കറ്റുകളും മയക്കുമരുന്ന് ഗ്രൂപ്പുകളും ക്ലബ് ഹൗസില്‍ വ്യത്യസ്ത ചാറ്റ്‌റൂമുകള്‍ നടത്തുകയും വ്യാജ ഐഡികളില്‍ മറഞ്ഞിരുന്ന് അവര്‍ക്കു വലയിലാക്കേണ്ടവരെ കണ്ടെത്തുകയും, ആവശ്യമായ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.
ക്ലബ് ഹൗസ് കേരളത്തില്‍ പിറവിയെടുത്ത ആദ്യദിനങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്ത ആരോഗ്യകരമായ ചര്‍ച്ചകളാണ് കാണാന്‍ സാധിച്ചത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ചയുടെ  ഗതിമാറി. ആരോഗ്യകരമായ ചര്‍ച്ചകളുടെ എണ്ണം കുറയുകയും  ദുരുപയോഗത്തിനുള്ള ഇടങ്ങളായി  ക്ലബ് ഹൗസ് മാറ്റപ്പെടുകയും ചെയ്തു.
ഇത്തരത്തില്‍ ലൈവ് ആയി നടക്കുന്ന ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധ്യമല്ല എന്ന് ക്ലബ് ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണില്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് വഴി ഈ ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ട അശ്ലീലസംഭാഷണങ്ങള്‍ അടങ്ങിയ നിരവധി വീഡിയോകള്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്.
ക്ലബ് ഹൗസ് ചാറ്റ്‌റൂമുകളിലും അവിടുത്തെ ചര്‍ച്ചകളിലും പെട്ടുപോയി സമയം നഷ്ടപ്പെടുന്നു എന്നത് വലിയ ഒരു വെല്ലുവിളിയാണ്. ഒരു മണിക്കൂര്‍ ഉദ്ദേശിച്ചാരംഭിച്ച പല ചര്‍ച്ചകളും എട്ടും പത്തും മണിക്കൂറുകളിലേക്കും നീണ്ട പോയത് ക്ലബ്ഹൗസ് ചര്‍ച്ചകളില്‍ പങ്കുചേര്‍ന്ന പലരുടെയും അനുഭവമാണ്. ക്ലബ് ഹൗസിലെ ചാറ്റ്‌റൂമുകള്‍ക്കു സഭാവിശ്വാസികളെ ആകര്‍ഷിക്കത്തക്ക പേരുകള്‍ നല്‍കി അവിടെ സഭാവിരുദ്ധ ചര്‍ച്ചകളും സഭയെയും വിശ്വാസത്തെയും കളിയാക്കിയുള്ള ട്രോള്‍ ചര്‍ച്ചകളും നടത്തുന്നതിനും ഉപയോഗിക്കുന്നുണ്ട്. വൈദികരുടെയും സന്ന്യസ്തരുടെയും പേരും ഫോട്ടോയുമുള്ള വ്യാജപ്രൊഫൈലുകള്‍പോലും അവരെ അവഹേളിക്കാനും താഴ്ത്തിക്കെട്ടാനുമൊക്കെ ഉപയോഗിക്കുന്നു. സഭാവിരുദ്ധര്‍ ഇത്തരം ചര്‍ച്ചകളിലൂടെ സഭയിലെ വ്യത്യസ്ത സംഘടനകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നു. പക്വതയോടെ സമീപിച്ചാല്‍ അറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്കു നമ്മെ നയിക്കുകയും മറിച്ചായാല്‍ ദുരന്തങ്ങളിലേക്കു വീഴ്ത്തുകയും ചെയ്യുന്ന ഒരു മാധ്യമമാണ് ഈ ഓഡിയോ ചാറ്റ് ആപ്ലിക്കേഷന്‍.
വേണ്ടത് വിവേകവും ജാഗ്രതയും

ദിനംപ്രതി ആഗതമാകുന്ന ഇത്തരം നവമാധ്യമങ്ങളെ ഭയത്തോടെ നോക്കിക്കാണാതെ  അവയെ വിവേകത്തോടും മൂല്യബോധത്തോടുംകൂടി ഉപയോഗിക്കാന്‍ സ്വയം പരിശീലിക്കുകയും നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും ബോധവത്കരിക്കുകയുമാണ് വേണ്ടത്.
1. ക്ലബ് ഹൗസ് സമയപരിധി നിശ്ചയിച്ച് ഉപയോഗിക്കുക. അനാവശ്യമായി വരുന്ന നോട്ടിഫിക്കേഷന്‍ ഒഴിവാക്കാന്‍ ക്ലബ് ഹൗസ് സെറ്റിങ്‌സില്‍ നോട്ടിഫിക്കേഷന്‍ പോസ് ചെയ്യുന്നത് നല്ലതായിരിക്കും.
2. ഒരു വിഷയത്തെക്കുറിച്ച് ആധികാരികമായ അറിവു ലഭിക്കുന്നതിനുവേണ്ടി ക്ലബ്ഹൗസിനെ ഒരിക്കലും ആശ്രയിക്കരുത്. വിമര്‍ശനബുദ്ധിയോടെ മാത്രമേ അവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും വിവരങ്ങള്‍ സ്വീകരിക്കുകയും ചെയ്യാവൂ.
3. ചതിക്കെണികള്‍ ഒരുക്കി കാത്തിരിക്കുന്ന ചാറ്റ് റൂമുകള്‍ അനേകമുണ്ടെന്നു ജാഗ്രതയോടെ ഓര്‍ക്കേണ്ടതാണ്. ക്ലബ് ഹൗസിലെ റൂമുകളില്‍ നമ്മുടെയോ മറ്റുള്ളവരുടെയോ വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നത് ബുദ്ധിശൂന്യതയാണ്.
4. ക്ലബ്ഹൗസ് റൂമുകള്‍ പൊതുവിടമാണ്. രഹസ്യമായി പറയുകയും, ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട കാര്യങ്ങള്‍ ഈ റൂമുകളില്‍ സംസാരിക്കരുത്. അറിവുള്ളതിനെപ്പറ്റി മാത്രം അഭിപ്രായം പറയുക.
സഭ ചെയ്യേണ്ടതെന്ത്?
ക്രിസ്തീയമൂല്യങ്ങളെ നമ്മുടെ പുതിയ തലമുറകളിലേക്ക് എത്തിക്കാനും വചനം പങ്കുവയ്ക്കാനും വിശ്വാസപരിശീലനം നടത്താനുമുള്ള പുതിയ ഇടങ്ങളായി ഇതു മാറണം. വിശ്വാസികള്‍ക്ക് അവരുടെ ആകുലതകള്‍ തുറന്നു പറയാനും വിശ്വാസസംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാനുമുള്ള പുതിയ ഒരു ഇടം. നമ്മുടെ കുട്ടികളും യുവാക്കളും ഇപ്പോള്‍ കൂടുതല്‍ സമയം ആയിരിക്കുന്ന ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍  നമുക്ക് പരിശ്രമിക്കാം. ഒളിഞ്ഞിരിക്കുന്ന ചതിയുടെയും വര്‍ഗീയതയുടെയും വഞ്ചനയുടെയും കാപട്യത്തിന്റെയും വിഷവായു നിറഞ്ഞ 'റൂമുകള്‍' നമ്മുടെ യുവതലമുറയെ മാടിവിളിക്കുമ്പോള്‍, ദൈവസ്‌നേഹത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും അറിവിന്റെയും ദൈവകരുണയുടെയും വചനപ്രഘോഷത്തിന്റെയും സൗരഭ്യം നിറഞ്ഞ അനേകായിരം 'റൂമുകള്‍' തുറക്കുവാന്‍ ക്ലബ് ഹൗസ് അവസരം ഒരുക്കുന്നു. അതിനു സാധിക്കട്ടെ.
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)