ഇരട്ടജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യന്‍ വേരിയന്റ് ബി വണ്‍ 617 എന്ന നൂതനനാമധേയത്തില്‍ രാജ്യത്തുടനീളം വിനാശം വിതയ്ക്കുന്നു.
കഴിഞ്ഞവര്‍ഷം കൊവിഡ് രോഗഭീഷണി നേരിടുന്നതിനു സംവിധാനം ചെയ്ത ക്രിയാത്മകമായ എല്ലാ കര്‍മപദ്ധതികളും പിന്നീടു തണുത്തു. വ്യാപകമായ ബോധവത്കരണപരിപാടികളും മുന്‍കരുതലുകളും കഴിഞ്ഞ വര്‍ഷാവസാനത്തോടെ തീര്‍ത്തും കുറഞ്ഞുപോയി. തത്ഫലമായാണ് അതിവേഗം രോഗം വ്യാപിച്ചത്.
ആരൊക്കെ ആശുപത്രിയില്‍ പ്രവേശിച്ച് ചികിത്സ തേടണം എന്നതിനെപ്പറ്റി ഏറെ ദുരൂഹതകളും സംശയങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു. കൊവിഡ് ടെസ്റ്റ് പോസിറ്റീവായവരില്‍ ശ്വാസതടസ്സവും പ്രാണവായുവിന്റെ രക്തത്തിലെ സാന്ദ്രതയും അടിസ്ഥാനമാക്കിയാണ് ചികിത്സ നിശ്ചയിക്കുന്നത്. പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവര്‍ കാറ്റഗറി 'എ' യാണ്. തീവ്രമല്ലാത്ത പനി, ചുമ, മൂക്കൊലിപ്പ്, വയറിളക്കം, തലവേദന എന്നിവ മാത്രമാണ് ഇക്കൂട്ടരില്‍ കാണുക. പള്‍സ് ഓക്‌സീമീറ്റര്‍ വച്ചു നോക്കിയാല്‍ ഇക്കൂട്ടരിലെ ഓക്‌സിജന്‍ ശതമാനം 94 ല്‍ കൂടിയിരിക്കും. ഗൗരവമല്ലാത്ത രോഗലക്ഷണങ്ങളുള്ള ഇക്കൂട്ടര്‍ വീട്ടിലിരുന്നു വിശ്രമിച്ചാല്‍ മതിയാകും. ധാരാളം വിശ്രമം, എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറക്കം, രണ്ടു ലിറ്ററോളം ചൂടുവെള്ളം കുടിക്കുക, വേദനയുണ്ടെങ്കില്‍ പാരസെറ്റാമോള്‍ ഗുളിക തുടങ്ങിയ പരിരക്ഷകള്‍ മതിയാകും. ഇക്കൂട്ടര്‍ രോഗലക്ഷണങ്ങള്‍ വഷളായാല്‍ മാത്രം ആശുപത്രിയുമായി ബന്ധപ്പെടുക.
കാറ്റഗറി 'ബി' യില്‍പ്പെട്ടവര്‍ക്ക് ഓക്‌സിജന്‍ സാന്ദ്രത 94 ശതമാനത്തില്‍ കുറവായിരിക്കും. ഇവര്‍ക്ക് കാറ്റഗറി 'എ' യില്‍പ്പറഞ്ഞ രോഗലക്ഷണങ്ങളോടൊപ്പം വര്‍ദ്ധിച്ച ശ്വാസതടസ്സം, പനി, തളര്‍ച്ച തുടങ്ങിയവ കൂടുതലായുണ്ടാകാം. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, പ്രഷര്‍, അര്‍ബുദം, എയ്ഡ്‌സ് തുടങ്ങിയ രോഗാവസ്ഥകളുള്ളവരെയും ഗര്‍ഭിണികളെയും സ്റ്റിറോയ്ഡുകള്‍ കഴിക്കുന്നവരെയും കാറ്റഗറി 'ബി' യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇവരെ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിച്ചു ചികിത്സിക്കാം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 'സെക്കന്‍ഡറി ഇന്‍ഫക്ഷന്‍' ഇല്ലെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗരേഖ പറയുന്നത്.
രക്തത്തിലെ ഓക്‌സിജന്റെ സാന്ദ്രത 90 ല്‍ കുറവുള്ളവര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളാണ്. അതായത് കാറ്റഗറി 'സി'. വര്‍ദ്ധിച്ച ശ്വാസംമുട്ടല്‍, നെഞ്ചുവേദന, കുറഞ്ഞ ബി.പി., കഫത്തില്‍ രക്തം, ഭക്ഷണം ഇറക്കാന്‍ പറ്റാത്ത അവസ്ഥ, കലശലായ തളര്‍ച്ച, മറ്റു രോഗങ്ങളുടെ തീവ്രത തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ വെന്റിലേഷന്‍ സൗകര്യമുള്ള ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യണം. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓക്‌സിജന്‍ ചികിത്സയോടൊപ്പം സ്റ്റിറോയ്ഡുകളും ആവശ്യമായി വരും. അഞ്ചുമുതല്‍ പത്തുദിവസം വരെ കൊടുക്കുന്ന സ്റ്റിറോയ്ഡ് ചികിത്സ കാറ്റഗറി 'സി' യിലുള്ള രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഈയിടെ പുറത്തുവന്ന 'റിക്കവറി ട്രയല്‍' വ്യക്തമാക്കി.
വിവിധതരം വാക്‌സിനുകളെപ്പറ്റി പലര്‍ക്കും ആശങ്കകളുണ്ട്. ഏതാണു മെച്ചം? ഏതാണ് അപകടകാരി? രോഗാണുവിന്റെ ജനിതകഘടന മനസ്സിലാക്കിയാണ് വാക്‌സിന്‍ ഉത്പാദിപ്പിക്കുക. ഇതിന് നിഷ്‌ക്രിയമാക്കപ്പെട്ട രോഗാണുവിന്റെ അംശങ്ങളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് കോവിഷീല്‍ഡ് ചിമ്പാന്‍സികളിലെ അഡിനോ വൈറസില്‍ കൊറോണ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ സന്നിവേശിപ്പിച്ച് നിര്‍മിക്കുന്നു. നിരുപദ്രവകാരികളായ അഡിനോ വൈറസുകളെ വാഹനമായി ഉപയോഗിച്ചാണ് കൊവിഡ് പ്രോട്ടീന്‍ ഘടകം മനുഷ്യശരീരത്തില്‍ കുത്തിവയ്ക്കുന്നത്. ആദ്യത്തെ കുത്തിവയ്പ്പിനുശേഷം 74 ശതമാനവും രണ്ടാമത്തെ ഡോസിനുശേഷം 84 ശതമാനവും കൊവിഡിനെ പ്രതിരോധിക്കാന്‍ കെല്പുള്ള ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകുന്നു. കുത്തിവയ്പ്പുകള്‍ക്കിടയിലുള്ള സമയം 2-3 മാസങ്ങള്‍ നീട്ടിയാല്‍ പ്രതിരോധശക്തി വീണ്ടും വര്‍ദ്ധിക്കുന്നു. ഓക്‌സ്ഫഡും അസ്‌ട്രോസെനിക്ക ഫാര്‍മകമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ്. ഇത് പൂനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്നു.
ഐ.സി.എം.ആറും ഭാരത് ബയോടെക് കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ പരമ്പരാഗതമായ വാക്‌സിന്‍ നിര്‍മാണശൈലിയിലാണ് ഉത്പാദിപ്പിച്ചത്. നിഷ്‌ക്രിയമാക്കപ്പെട്ട കൊറോണ വൈറസ്തന്നെയാണ് കോവാക്‌സിന്‍. ഇന്ത്യയുടെ സ്വന്തം കണ്ടുപിടിത്തമായ കോവാക്‌സിന്‍ ഇപ്പോള്‍ പ്രചുരപ്രചാരം നേടുന്നു.
രോഗത്തെ 94 ശതമാനം വരെ ചെറുക്കാന്‍ ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ഫൈസര്‍ വാക്‌സിന്‍ വൈറസിന്റെ ജനിതകപദാര്‍ത്ഥമായ എം.ആര്‍.എന്‍.എ. ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇതു മൈനസ് എഴുപതു ഡിഗ്രി സെല്‍ഷ്യസില്‍ വേണം സൂക്ഷിക്കാന്‍. അതുപോലെ അമേരിക്കയുടെ മൊഡേണ വാക്‌സിനും ജോണ്‍സണ്‍ വാക്‌സിനും റഷ്യ നിര്‍മിക്കുന്ന സ്പുട്‌നിക് വി.യും ചൈനയുടെ സിനോവാക് വാക്‌സിനും ഇതിനകം ലോകമെമ്പാടും ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഈ മാസം ഇന്ത്യയില്‍ ഉപയോഗിച്ചുതുടങ്ങും. ഓരോ വാക്‌സിനും വിവിധ ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ നിര്‍മിക്കപ്പെട്ടതുകൊണ്ട് പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിലും പാര്‍ശ്വഫലങ്ങളിലും വ്യതിരിക്തതകളുണ്ട്. എല്ലാ വാക്‌സിനുകളും പൊതുവെ നിസ്സാരപാര്‍ശ്വഫലങ്ങള്‍ മാത്രമാണുണ്ടാക്കുന്നത്. നേരിയ പനി, തലവേദന, ശാരീരികാസ്വാസ്ഥ്യം, വയറിളക്കം, തളര്‍ച്ച തുടങ്ങിയവ ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം അപ്രത്യക്ഷമാകും. കൂടിവന്നാല്‍ ഒരു പാരസെറ്റാമോള്‍ ഗുളിക മാത്രം മതിയാകും.
ഹാര്‍ട്ടറ്റാക്ക്, ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് സര്‍ജറി, വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, സ്‌ട്രോക്ക് തുടങ്ങിയവയ്ക്കുശേഷം വാക്‌സിനെടുക്കുന്നതിനെപ്പറ്റി അനേകം സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും കഴിഞ്ഞാല്‍ ഒന്നുരണ്ടു മാസങ്ങള്‍ക്കുശേഷം വാക്‌സിനെടുക്കാം. ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസ് സര്‍ജറിയോ കഴിഞ്ഞവര്‍ വാക്‌സിനെടുക്കുന്നതില്‍ അപകടമില്ല. മാത്രമല്ല, തീര്‍ച്ചയായും എടുക്കുക തന്നെ വേണം. ഹൃദയാഘാതവും വിവിധ ചികിത്സകളും കഴിഞ്ഞ് രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ (ആസ്പിരിന്‍, ക്ലോപിഡോഗ്രേല്‍) എടുക്കുന്നവര്‍ ഇവ തുടര്‍ന്നുകൊണ്ടുതന്നെ വാക്‌സിനെടുക്കണം. യാതൊരു കാരണവശാലും ഈ ഔഷധങ്ങള്‍ നിര്‍ത്തരുത്. ഇക്കൂട്ടര്‍ക്ക് വാക്‌സിനെടുത്താല്‍ രക്തം കട്ടപിടിക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കൃത്രിമഹൃദയവാല്‍വുകള്‍ വച്ചുപിടിപ്പിച്ച രോഗികള്‍ രക്തം നേര്‍പ്പിക്കുന്ന മരുന്നുകളായ 'വാര്‍ഫ്', 'ആസിട്രോം' തുടങ്ങിയവ എടുക്കുന്നുണ്ടെങ്കില്‍ അതിന്റെ പരിശോധനാസൂചകമായ ഐ.എന്‍.ആര്‍. 3ല്‍ കുറഞ്ഞിരിക്കണമെന്നുണ്ട്. കൂടുതലുണ്ടെങ്കില്‍ കുറച്ചിട്ടുമാത്രം വാക്‌സിനെടുക്കുക.
വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതകളേറിയെന്നും ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും മരണംതന്നെയും സംഭവിച്ചെന്നും വാര്‍ത്തകള്‍ വന്നു. പ്രത്യേകിച്ച് ആസ്ട്ര സെനിക്ക വാക്‌സിനെതിരായാണ് ഇത്തരം പരാതികള്‍ ഉണ്ടായത്. തദ്ഫലമായി യൂറോപ്പിലത് കുറച്ചുകാലത്തേക്കു നിരോധിക്കുകയും ചെയ്തു. വാക്‌സിനെടുത്തശേഷം ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നതായും അതേത്തുടര്‍ന്ന് രക്തം കട്ടപിടിക്കുന്നതായും കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ പരാതികള്‍ അത്യപൂര്‍വമാണെന്നും വാക്‌സിനെടുക്കുന്നതുമായി ബന്ധപ്പെടുത്തി കാണരുതെന്നും ലോകാരോഗ്യസംഘടന പ്രസ്താവിച്ചു. അതുപോലെ വാക്‌സിനെടുത്തശേഷം ഹാര്‍ട്ടറ്റാക്കും സ്‌ട്രോക്കും മരണംതന്നെയും സംഭവിച്ചുവെന്നത് അടിസ്ഥാനരഹിതമെന്നു പിന്നീട് തെളിഞ്ഞു. രൂക്ഷമായിരുന്ന ഏതെങ്കിലും അപകടഘടകങ്ങളുള്ളവര്‍, അതായത്, ഹാര്‍ട്ടറ്റാക്കിനും സ്‌ട്രോക്കിനുമുള്ള വര്‍ദ്ധിച്ച സാധ്യതയുള്ളവര്‍ സ്വാഭാവികമായി സംഭവിച്ച രോഗാവസ്ഥയെ വാക്‌സിനേഷനുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്ന പ്രശ്‌നങ്ങളായി മാത്രം അവ അവശേഷിച്ചു. വാക്‌സിനെടുത്തതുകൊണ്ട് അറ്റാക്കോ സ്‌ട്രോക്കോ ഉണ്ടായി എന്നതിന് ഒരു തെളിവുമില്ല.
അതുപോലെ, അമിതരക്തസമ്മര്‍ദമുള്ളവര്‍, പ്രമേഹരോഗികള്‍, ആസ്ത്മയോ ശ്വാസകോശരോഗങ്ങളോ ഉള്ളവര്‍, കരള്‍രോഗികള്‍, വൃക്കരോഗികള്‍ തുടങ്ങിയവരെല്ലാം വാക്‌സിന്‍ എടുക്കുന്നതില്‍ വൈമുഖ്യം കാണിക്കരുത്. കരള്‍രോഗികളിലെ ഐ.എന്‍.ആര്‍. മൂന്നില്‍ കുറഞ്ഞിരിക്കണെന്നു മാത്രം. അതുപോലെ പ്രമേഹവും പ്രഷറുമൊക്കെ തീര്‍ച്ചയായും നിയന്ത്രണവിധേയമായിരിക്കണം. 18 വയസ്സില്‍ കുറഞ്ഞവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ഇതുവരെ നിര്‍ദേശങ്ങളുണ്ടായിട്ടില്ല.
കൊവിഡ്ബാധ തടയാന്‍ ജീവിതശൈലിയില്‍ ഏറെ വ്യതിയാനങ്ങള്‍ ഉണ്ടാവണം. ഈ രംഗത്ത് ആന്റിബയോട്ടിക്കുകളും വൈറ്റമിനുകളും ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യംതന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. അതുകൊണ്ട്, ആരോഗ്യം നിലനിര്‍ത്താനുള്ള ക്രിയാത്മകപദ്ധതികള്‍ സംവിധാനം ചെയ്യുക. എട്ടു മണിക്കൂര്‍ ഉറക്കം, കൃത്യമായ വ്യായാമം, ധാരാളം ചൂടുവെള്ളം കുടിക്കുക, ദിവസേന 3-4 പ്രാവശ്യം 'സ്റ്റീം ഇന്‍ഹലേഷന്‍' ചെയ്യുക. പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന സമീഹൃതാഹാരം കഴിക്കുക. വിവിധ രോഗങ്ങളുള്ളവര്‍ ചികിത്സകന്റെ നിര്‍ദേശപ്രകാരമുള്ള ഔഷധങ്ങള്‍ കൃത്യമായി സേവിക്കുക. ഹൃദ്രോഗമോ മറ്റു രോഗങ്ങളോ തീവ്രമായാല്‍ മടിക്കാതെ ആശുപത്രിയിലെത്തുക, മാറ്റിവയ്ക്കാവുന്ന ചികിത്സകള്‍, ശസ്ത്രക്രിയകള്‍ എന്നിവ വാക്‌സിനേഷനുശേഷം ചെയ്യുക. എപ്പോഴും ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കുക, നല്ലതു ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക: ഓര്‍ക്കുക, ഈ ഭീഷണമായ രോഗവ്യാപനത്തെ നാം തീര്‍ച്ചയായും അതിജീവിക്കും.