•  22 May 2025
  •  ദീപം 58
  •  നാളം 11
ലേഖനം

പൊതുവിദ്യാഭ്യാസം വാതില്‍ ചാരുമ്പോള്‍

 ചില കാര്യങ്ങള്‍ മറക്കുന്നത് ഒരു നിമിഷത്തെ തകര്‍ക്കും; മറ്റു ചില കാര്യങ്ങള്‍ മറക്കുന്നത് ഒരു പതിറ്റാണ്ട് തകര്‍ക്കും. പക്ഷേ, ചില കാര്യങ്ങള്‍ മനഃപൂര്‍വം മറക്കുന്നത് ഒരു നൂറ്റാണ്ടിനെത്തന്നെ ഇരുട്ടിലാക്കുമെന്നു പറയാറുണ്ട്. കൊവിഡ് കാലത്തെ രാഷ്ട്രീയകോളിളക്കങ്ങളും വര്‍ഗീയ ധ്രുവീകരണങ്ങളും അന്നന്നത്തെ അപ്പം കൊടുത്തുള്ള തൃപ്തിപ്പെടുത്തലുകളും മനുഷ്യന്‍ ഓര്‍ത്തിരിക്കുമ്പോള്‍, നൂറ്റാണ്ടിനെ നിര്‍ണയിക്കുന്ന വിദ്യാഭ്യാസത്തെ നാം മനപൂര്‍വം അവഗണിക്കുന്നു.
''ഭാരതത്തിന്റെഭാവി അതിന്റെ ക്ലാസ് മുറികളിലാണ്'' എന്നു പറഞ്ഞ കോത്താരി കമ്മീഷന്റെ വാക്കുകള്‍ അത്രകണ്ട് വിസ്മരിക്കപ്പെടുന്നു എന്നു വേണം പറയാന്‍. ലാഭം കൊയ്യുന്ന പലതിനും ഇതര മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചപ്പോള്‍  പൊതുവിദ്യാഭ്യാസം ടെലിവിഷനിലെ ഏതാനും ക്ലാസ്സുകളിലും അധ്യാപകരുടെ വാട്‌സ്ആപ്പ് വോയ്‌സ് ക്ലിപ്പുകളിലും ഒതുങ്ങിയെന്നത് ചിന്തിക്കേണ്ടതാണ്.
എഡ്ഗര്‍  ഡെയ്‌ലസിന്റെ ''കോണ്‍ ഓഫ് എക്‌സ്പീരിയന്‍സ്'' സിദ്ധാന്തം 1960 കളില്‍ പുറത്തിറങ്ങിയപ്പോള്‍, ഒരാളുടെ അനുഭവങ്ങളാണ് അയാള്‍ കേള്‍ക്കുന്നതിലും വായിക്കുന്നതിലും കൂടുതലായി അറിവായി ശേഖരിക്കുന്നത് എന്ന് ലോകം അംഗീകരിച്ചതാണ്. ഇതു സത്യമായതുകൊണ്ടുതന്നെയാണ് ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസരീതിയെ ലോകം ആരാധനയോടെ കാണുന്നതും. അറിവു സ്വായത്തമാക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം പഞ്ചേന്ദ്രിയങ്ങളുടെ ഉത്തേജനത്തിലൂടെ നേടിയെടുക്കുന്ന വിദ്യാഭ്യാസമാണ്. അവ അറിവായി, ഉയിരവസാനിക്കുന്നിടത്തോളം കാലം കുട്ടിയുടെ മനസ്സില്‍ ഉണ്ടാവും.
അനുഭവങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ നമ്മുടെ നാട്ടില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കൊവിഡ് കാലത്ത്  ഭംഗിയായി നടത്തി. പൊതുവിദ്യാഭ്യാസത്തെ വാനോളം ഉയര്‍ത്തിയെന്ന് ഖജനാവിലെ പണം മുടക്കി  പരസ്യം മാത്രം നടത്തിയിട്ടു കാര്യമില്ല. മറിച്ച്, പരിഗണിക്കേണ്ട  തലമുറയെ പരിഗണിക്കുകതന്നെ വേണം. കുട്ടികളുടെ വിദ്യാഭ്യാസം വിസ്മരിച്ച് മുന്നോട്ടു പോകുമ്പോള്‍ സൃഷ്ടിക്കുന്നത് കാര്യപ്രാപ്തിയില്ലാത്ത ഒരു പൊതുസമൂഹത്തെയാണ് എന്ന സത്യം മറന്നുപോകരുത്.
മനുഷ്യന്റെ ഏറ്റവും വലിയ  മല്പിടിത്തം അവനോടുതന്നെയുള്ള യുദ്ധമാണ്. നിയതമായ ഒരു ചട്ടക്കൂടില്‍ തങ്ങളെ കൊണ്ടുവരുകയെന്നതും അടുക്കും ചിട്ടയുമുള്ള ഒരു ജീവിതം  കെട്ടിപ്പടുക്കുകയെന്നതും ഈ യുദ്ധത്തിന്റെ ഭാഗമാണ്. ചെറുപ്പം മുതലുള്ള വിദ്യാഭ്യാസത്തിലൂടെ നടക്കുന്നതും ഇതുതന്നെയാണ്. ചരടുവിട്ടു നീങ്ങാന്‍  കൊതിക്കുന്ന ഒരു പട്ടത്തെ ചരടില്‍  കോര്‍ത്ത് ലക്ഷ്യത്തിലെത്തിക്കാന്‍  പരിശ്രമിക്കുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍മുതല്‍ ജീവിതം ക്രമപ്പെടുത്താന്‍ സ്‌കൂളുകളിലെ ക്ലാസ്സുകള്‍ കുട്ടികളെ സഹായിക്കുന്നുണ്ട്. ഈ ക്രമവത്കൃതജീവിതം കൊവിഡ് കാലം ഒരു പരിധിവരെ മാറ്റിമറിച്ചു എന്നുവേണം പറയാന്‍.
ഇവിടെയാണ് ഇന്നത്തെ വെല്ലുവിളി. ജര്‍മനിയില്‍ ജനങ്ങള്‍ക്കു മടി പിടിക്കാതിരിക്കാന്‍ അവരെക്കൊണ്ട് റോഡുകള്‍ പണി തീര്‍പ്പിച്ച ഹിറ്റ്‌ലര്‍ തിരിച്ചറിഞ്ഞു പറഞ്ഞുവച്ച കാര്യമുണ്ട്: ക്രമമല്ലാത്ത മനുഷ്യന്‍ അരാജകത്വം സൃഷ്ടിക്കുന്നു. ക്രമീകൃതമല്ലാത്ത ഒരു സമൂഹം ഇവിടെ രൂപപ്പെടുന്നു എന്നതു സത്യമാണെന്ന് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. ക്രമം നഷ്ടപ്പെട്ട ഒരു തലമുറ ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു.
ജൈവഘടികാരത്തിന്റെ  ക്രമം തെറ്റുന്നത് രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നു. ചിട്ടയായ ക്രമീകരണമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും രൂപപ്പെടുത്താന്‍ സഹായിക്കുന്നത്. കൊവിഡ് മഹാമാരിയുടെ ഇക്കാലത്ത് അധ്യയനവര്‍ഷത്തെക്കുറിച്ചു പദ്ധതികള്‍ രൂപപ്പെടുത്തേണ്ടതും ക്രമീകൃതമായ പൊതുവിദ്യാഭ്യാസം നല്‍കുകയെന്നതും രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. കാരണം, സമഗ്രമായ വളര്‍ച്ചയ്ക്കാവശ്യമായ വിദ്യാഭ്യാസം ഇന്ത്യയിലെ ഓരോ പൗരന്റെയും അവകാശമാണ്. അതു നല്‍കേണ്ടത് അധ്യാപകരുടെയും മാതാപിതാക്കളുടെയും രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്. പൊതുവിദ്യാഭ്യാസപദ്ധതികളെ എപ്രകാരം നടപ്പിലാക്കണമെന്നുള്ള ഒരു നിയതമായ രൂപരേഖ കൊണ്ടുവരികയും അതു നടപ്പിലാക്കുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചു.
ശമ്പളവര്‍ദ്ധനയ്ക്കുവേണ്ടി നിരന്തരം കയറിയിറങ്ങുന്ന ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നു പറഞ്ഞുവരുന്ന അധ്യാപകരെ കാണാന്‍ സാധിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. അല്ലാത്തപക്ഷം കൊവിഡ് കാലംകഴിഞ്ഞ് ക്ലാസ്സിലെത്തുന്ന കുട്ടികള്‍ എപ്രകാരമുള്ളവരായിരിക്കുമെന്നത് അചിന്ത്യമാണ്. തന്റെ ഇഷ്ടത്തില്‍ ജീവിക്കാനാഗ്രഹിക്കുന്ന, ഉന്മേഷമില്ലാത്ത, ശ്രദ്ധയില്ലാത്ത ഒരു  തലമുറയെ ക്ലാസ് മുറിയില്‍ കൈകാര്യം ചെയ്യേണ്ടിവരും.    
രക്ഷാകര്‍ത്തൃത്വവും   അധ്യാപനവും ഭരണക്രമവും പദ്ധതികളുടെ രൂപകല്പനയും ഒരു ജോലിയല്ല; മറിച്ച്, അത് പ്രതിബദ്ധതയാണ്. നാളെയുടെ നന്മകളെ സ്വപ്നം കണ്ട് അതിനനുസരിച്ചുള്ള ചിട്ടയായ പദ്ധതികള്‍ രൂപപ്പെടുത്തുകയോ അതിനായി പ്രേരിപ്പിക്കുകയോ ചെയ്തു നന്മകള്‍ പ്രാവര്‍ത്തികമാക്കണം. അതിനു കാര്യക്ഷമമായ ഒരു പൊതുവിദ്യാഭ്യാസം ആവശ്യമാണ്. അതിന് ഇനിയും താമസം വന്നാല്‍ ഒരു നൂറ്റാണ്ടുതന്നെ ഇരുട്ടിലാകും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)