തകിടി: കുന്നോന്നി തകിടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടനുബന്ധിച്ചു സ്ഥാപിതമായിരിക്കുന്ന സഹദേക്കുന്ന് ദയറായില്‍ ഫാ. സെബാസ്റ്റ്യന്‍ അടപ്പശ്ശേരില്‍ സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചു. ''സെബസ്ത്യാനോസ് ദ് സ്ലീവാ'' എന്ന പേരില്‍ ഫാ. സെബാസ്റ്റ്യന്‍ അടപ്പശ്ശേരിലിനെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വേര്‍തിരിച്ചു വിശുദ്ധീകരിച്ചു.
നല്ലതണ്ണി മുറിഞ്ഞപുഴ മാര്‍ത്തോമാശ്ലീഹാ ദയറയിലെ സന്ന്യാസാധിപന്‍ ഡോ. സേവ്യര്‍ കൂടപ്പുഴയച്ചന്റെ കീഴില്‍ ഒരു വര്‍ഷത്തെ കാനോനിക നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കിയ വൈദികനാണ് ഫാ. സെബാസ്റ്റ്യന്‍ അടപ്പശ്ശേരില്‍. സന്ന്യാസജീവിതത്തിന്റെ പൊതുജീവിതശൈലികള്‍ പിന്തുടര്‍ന്നുകൊണ്ടായിരിക്കും അച്ചന്‍ ഇവിടെ ആശ്രമജീവിതം ആരംഭിക്കുന്നത്. രൂപതാധ്യക്ഷന്റെ മുമ്പില്‍ ദാരിദ്ര്യം, ബ്രഹ്‌മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ പാലിച്ചുകൊള്ളാമെന്നു വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ന്യാസജീവിതത്തിലേക്കു പ്രവേശിച്ചത്. ഈ ജീവിതശൈലിയാല്‍ ആകര്‍ഷിക്കപ്പെടുന്നവര്‍ക്ക് അതിലേക്കു പ്രവേശനം നല്‍കുവാനും നോവിഷ്യേറ്റ് നല്‍കാനുമുള്ള അവകാശം അച്ചനുണ്ട്.
വിശുദ്ധ രക്തസാക്ഷികളുടെ ദയറാ എന്നര്‍ഥം നല്‍കുന്ന 'ദയറാ ദ് സഹദേ കന്തീശേ' എന്നായിരിക്കും അച്ചന്‍ താമസിക്കുന്ന സ്ഥലം അറിയപ്പെടുന്നത്. സാമാന്യഭാഷയില്‍ പറഞ്ഞാല്‍ സഹദേക്കുന്ന് ദയറാ. ഇപ്പോള്‍ പൂര്‍ണ സന്ന്യാസാശ്രമം ആയിട്ടല്ല സഹദേക്കുന്ന് പ്രവര്‍ത്തിക്കുന്നതെങ്കിലും ഭാവിയില്‍ പൂര്‍ണ്ണ മൊണാസ്റ്റിക് ജീവിതശൈലി പിന്തുടരുന്ന ദയറയായി ഇതു മാറ്റപ്പെടും. അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ കാര്‍മികത്വത്തില്‍ തകിടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍വച്ച് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. പാലാ രൂപതയുടെ ദ്വിതീയമെത്രാനായ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവ് സഹകാര്‍മികനായി ശുശ്രൂഷകളില്‍ സംബന്ധിച്ചു. നല്ലതണ്ണി മാര്‍തോമ്മാശ്ലീഹാ ദയറയുടെ ആശ്രമാധിപന്‍ ഡോ. സേവ്യര്‍ കൂടപ്പുഴ, പാലാ രൂപതയുടെ മുഖ്യ വികാരി ജനറാള്‍ ഡോ ജോസഫ് തടത്തില്‍, വികാരി ജനറാള്‍ ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രോക്യൂറേറ്റര്‍ ഡോ. ജോസ് മുത്തനാട്ട്, ഡോ. കുര്യന്‍ മുക്കാംകുഴി, ഫൊറോന വികാരിമാര്‍, വാഗമണ്‍ കുരിശുമല ആശ്രമവാസികള്‍, നല്ലതണ്ണി ആശ്രമവാസികള്‍, മറ്റ് വൈദികര്‍, സന്യാസഭവനങ്ങളിലെ പ്രൊവിന്‍ഷ്യല്‍സ്, സിസ്റ്റേഴ്‌സ്, തകിടി ഇടവകാംഗങ്ങള്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.
ദീപനാളം വാരികയുടെ മുന്‍ എഡിറ്ററാണ് ഫാ. സെബാസ്റ്റ്യന്‍ അടപ്പശ്ശേരില്‍.
പ്രാദേശികം
ഫാ. സെബാസ്റ്റ്യന്‍ അടപ്പശേരില്‍ സന്ന്യാസജീവിതത്തിലേക്ക്
*
