പാലാ: നീന്തല്‍ക്കുളത്തില്‍ അലക്‌സ് മേനാംപറമ്പിലിനു പ്രായം വെറും നമ്പറുകള്‍ മാത്രം. ''പഴകും തോറും വീഞ്ഞിന് വീര്യം കൂടും'' എന്ന പഴമൊഴിയെ അന്വര്‍ഥമാക്കി നീന്തല്‍മത്സരങ്ങളില്‍ സ്വര്‍ണം വാരിക്കൂട്ടുകയാണ് ഈ 70 കാരന്‍. കഴിഞ്ഞമാസം തിരുവല്ലയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 70 വയസ്സിനു മുകളിലുള്ളവരുടെ നീന്തല്‍മത്സങ്ങളില്‍ 3 സ്വര്‍ണവും 2 വെള്ളിയും കരസ്ഥമാക്കിയതാണ് നേട്ടങ്ങളുടെ പട്ടികയില്‍ ഒടുവിലത്തേത്. കഴിഞ്ഞ 10 വര്‍ഷവും 60 വയസ്സിന്റെ കാറ്റഗറിയിലും, 65 വയസ്സിന്റെ കാറ്റഗറിയിലും പങ്കെടുത്ത് രണ്ടു ഡസനോളം സ്വര്‍ണവും വെള്ളിയും അലക്‌സ് നേടിയിട്ടുണ്ട്. 70 ന്റെ കാറ്റഗറിയില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. പഠനകാലത്തു സര്‍വകലാശാലാതലത്തില്‍ നീന്തല്‍മത്സരത്തില്‍ വിജയിച്ച കരുത്തും കൈമുതലാക്കിയാണ് അലക്‌സ് ഇക്കുറി നീന്തല്‍ക്കുളത്തില്‍ മത്സരിക്കാനിറങ്ങിയത്. 34 വര്‍ഷത്തെ ഇടവേള അലക്‌സിന്റെ കായികക്ഷമതയെ തെല്ലും ബാധിച്ചിട്ടില്ലെന്നു തെളിയിക്കുന്നതാണ് തുടര്‍ച്ചയായുള്ള ഈ വിജയങ്ങള്‍. പാലാ തോപ്പന്‍സ് നീന്തല്‍അക്കാദമിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മുതിര്‍ന്ന നീന്തല്‍താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നത് അലക്‌സിന്റെ പതിവാണ്. ചിട്ടയായ പരിശീലനവും മത്സരങ്ങളോടുള്ള അഭിനിവേശവുമാണ് സംസ്ഥാനതലത്തില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ അദ്ദേഹത്തിനു പ്രചോദനമാകുന്നത്. എസ്ബിഐ ബാങ്കിലെ റിട്ട. ജീവനക്കാരനാണ് അലക്‌സ്. പാലായുടെ സാമൂഹികസാംസ്‌കാരികരംഗത്തെ നിറസാന്നിധ്യമാണദ്ദേഹം. വൈഎംസിഎയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റായും, സെന്റ് തോമസ് കോളജ് അലുംമിനി അസോസിയേഷന്റെ സ്ഥാപനകാലം മുതല്‍ 24 വര്‍ഷത്തെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. വെള്ളിയേപ്പള്ളി സെവന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ദീര്‍ഘകാലപ്രസിഡന്റുമായിരുന്നു. പ്രായം തെല്ലും തളര്‍ത്താത്ത അലക്‌സ് മേനാംപറമ്പില്‍ സാമൂഹികമാധ്യമങ്ങളിലും സജീവമാണ്. പേരക്കുട്ടികളോടൊപ്പം മഴയില്‍ തുള്ളിക്കളിക്കുന്ന അലക്‌സിന്റെ വീഡിയോകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സെന്റ് ്‌തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ടു നടത്തിയ മാരത്തണ്‍ ഓട്ടത്തില്‍ അലക്‌സും അദ്ദേഹത്തിന്റെ മക്കളും കൊച്ചുമക്കളും മൂന്നുമാസം പ്രായമുള്ള അന്നക്കുട്ടിയുമുള്‍പ്പെടെ മൂന്നു തലമുറയിലെ എട്ടു പേര്‍ പങ്കെടുത്തത് അന്ന് സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അന്നമ്മ പെരുമാലിലാണ് ഭാര്യ. പാമ്പാടി ആര്‍ഐറ്റി എന്‍ജിനീയറിങ് കോളജ് അധ്യാപകന്‍ ചെറി എം. മേനാംപറമ്പില്‍, ആലുവ ചൂളയ്ക്കല്‍ അന്ന, കടപ്ലാമറ്റം നെല്ലിക്കുന്നില്‍ സിസി എന്നിവരാണ് മക്കള്‍. ഭാര്യയുടെയും മക്കളുടെയും നിര്‍ലോപമായ പിന്തുണയും പ്രോത്സാഹനവുമാണ് സുവര്‍ണനേട്ടങ്ങള്‍ക്കു കരുത്താകുന്നതെന്ന് അലക്‌സ് മേനാംപറമ്പില്‍ പറയുന്നു.
*
