•  20 Nov 2025
  •  ദീപം 58
  •  നാളം 37
പ്രാദേശികം

റവ. ഡോ. സി. വെള്ളരിങ്ങാട്ട് ഇനി ഓര്‍മകളില്‍

   പാലാ രൂപതയിലെ മുതിര്‍ന്ന വൈദികന്‍ റവ. ഡോ. സി. വെള്ളരിങ്ങാട്ട് (95) ഓര്‍മയായി. സംസ്‌കാരം നവംബര്‍ 7-ാം തീയതി പാലാ ളാലം സെന്റ് ജോര്‍ജ് പുത്തന്‍പള്ളിയില്‍ നടന്നു.
    ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഡോ. സി. വെള്ളരിങ്ങാട്ടിന്റെ വിയോഗത്തിലൂടെ പാലാ രൂപതയ്ക്കും സഭയ്ക്കും നഷ്ടമായത് വിവിധ മേഖലകളില്‍ മികവു തെളിയിച്ച അജപാലനശുശ്രൂഷകനെയാണ്. ഗ്രന്ഥകാരന്‍, ധ്യാനഗുരു, അധ്യാപകന്‍, പാലാ-തക്കല രൂപതകളിലെ കുടുംബക്കോടതിയംഗം എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തു. 
    മാനത്തൂര്‍ വെള്ളരിങ്ങാട്ട് ചെറിയാന്‍-ബ്രിജിത്ത ദമ്പതികളുടെ മകനായി ജനിച്ചു. സ്‌കൂള്‍, കോളജ് പഠനത്തിനുശേഷം പാലാ മൈനര്‍ സെമിനാരിയിലും ആലുവ മംഗലപ്പുഴ മേജര്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. പാലാ രൂപതയുടെ പ്രഥമ ബിഷപ് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അദ്ദേഹത്തെ പഠനത്തിനായി ലുവെയ്‌നിലേക്ക് അയച്ചു. അവിടെനിന്നു തത്ത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റ് കരസ്ഥമാക്കി. തുടര്‍ന്നു ഫ്രാന്‍സിലെ സ്റ്റാസ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍നിന്നു തിയോളജിയിലും കാനന്‍നിയമത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1962 ല്‍ പാരീസിലായിരുന്നു തിരുപ്പട്ടസ്വീകരണം. പാലായില്‍ തിരിച്ചെത്തിയ അദ്ദേഹം  11 ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. ചെമ്മലമറ്റം, മുത്തോലി, ഇടമറ്റം, ചേന്നാട്, കുരുവിനാല്‍, നീലൂര്‍, ഉള്ളനാട്, വെള്ളികുളം, തിടനാട്, പാലയ്ക്കാട്ടുമല, കിഴപറയാര്‍ എന്നീ ഇടവകകളില്‍ വികാരിയായിരുന്നു. കൂടാതെ കേരളത്തിനകത്തും പുറത്തുമായി ആറു സെമിനാരികളില്‍ പ്രഫസറായും സേവനം ചെയ്തു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ക്ഷണം സ്വീകരിച്ച് തക്കല രൂപതയില്‍ കുടുംബക്കോടതി സ്ഥാപിക്കുന്നതിനു തുടക്കംകുറിച്ചതും പ്രഥമ ജുഡീഷ്യല്‍ വികാരിയായി സേവനം ചെയ്തതും വെള്ളരിങ്ങാട്ടച്ചനാണ്.
    വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ നാമകരണജോലിയുടെ ഭാഗമാകാനും അച്ചനു ഭാഗ്യം ലഭിച്ചു. പത്ത് ആത്മീയഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ ലേഖനങ്ങളെഴുതിയിരുന്നു. ദീപനാളത്തിന്റെ അഭ്യുദയകാംക്ഷിയും ലേഖകസുഹൃത്തുമായിരുന്നു ഡോ. സി. വെള്ളരിങ്ങാട്ട്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)