നാഗാനോവിലെ മഞ്ഞുമൂടിയ പര്‍വത ശിഖരങ്ങള്‍ക്കിടയില്‍, സ്ഥിരം നീരാവി പറക്കുന്ന പ്രകൃതിദത്തമായ ചൂടന്‍ ഉറവകളുണ്ട്. അവിടെയാണ് ഈ കഥ നടക്കുന്നത്. അവിടത്തെ ഔഷധഗുണമുള്ള ലവണജലത്തില്‍ സ്‌നാനം ചെയ്താല്‍, നമുക്കെല്ലാം ഒരു പുനര്‍ ജീവന്‍ ലഭിക്കും, നാം ശക്തിയാര്‍ ജിക്കും.
കിക്കോ എന്ന തന്തക്കുരങ്ങന്‍ വയസ്സായി, രോമം കൊഴിഞ്ഞ് അവശനായി മന്ദം മന്ദം നടക്കുമ്പോഴും അവന്റെ കണ്ണുകളില്‍ ഒരു അസാമാന്യമായ തിളക്കം കാണാമായിരുന്നു. ഏതോ ജ്ഞാനത്തിന്റെ വെളിച്ചം! മറ്റു കുരങ്ങന്മാര്‍ വെറുതെ അലസമായി കുത്തിമറിഞ്ഞപ്പോള്‍, പ്രഭാതസൂര്യന്‍ തന്റെ പൊന്‍കിരണങ്ങള്‍കൊണ്ട് മഞ്ഞുനിറഞ്ഞ മലകള്‍ക്കുമുകളില്‍ വെള്ളി പൂശിയപ്പോള്‍, വയര്‍ ഒന്നു ചൊറിഞ്ഞ് ഏതോ സിദ്ധിവൈഭവം ലഭിച്ചതുപോലെ കിക്കോ വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങി. വെള്ളത്തിനു നല്ല ചൂടുണ്ടായിരുന്നു. പിന്നീട് ഒരു അനുഷ്ഠാനംപോലെ, ആചാരക്രമംപോലെ കിക്കോ രാവിലെ പതിവായി വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. ഇടയ്ക്കിടെ തല നനയ്ക്കും; ആവോളം ശക്തി ആവാഹിക്കും.
പുനര്‍യൗവനം ലഭിച്ച കിക്കോ
അരോഗദൃഢഗാത്രനും ശക്തിമാനുമായി പരിണമിക്കുകയായിരുന്നു, നവവീര്യം പ്രാപിച്ച കിക്കോ മറ്റു കുരങ്ങന്മാര്‍ക്കിടയിലൂടെ ഉത്സാഹഭരിതനായി തലയുയര്‍ത്തി നടന്നു. കളിയിലും വിളയാട്ടത്തിലും ബുദ്ധികൂര്‍മ്മതയിലുമൊക്കെ അവന്‍ എല്ലാവര്‍ക്കും അനുകരണീയനായി. നല്ല പ്രചോദനം ലഭിച്ച കുരങ്ങന്മാര്‍ അതീവഉത്സാഹത്തോടെ മരങ്ങളിലേക്ക് ഓടിക്കയറി. ഔഷധഗുണമുള്ള വെള്ളത്തിന്റെ മാന്ത്രികശക്തി തിരിച്ചറിഞ്ഞ മറ്റു കുരങ്ങന്മാരും കിക്കുവിനെപ്പോലെ വെള്ളത്തില്‍ മുങ്ങാന്‍ പഠിച്ചു. അവരിലെല്ലാം അനിതരസാധാരണമായ ഒരുന്മേഷം നിറയാന്‍ തുടങ്ങി.
അക്കി ഹിറ്റോ
മൈലുകള്‍ക്കകലെ അക്കിഹിറ്റോ എന്നൊരു ചക്രവര്‍ത്തി വാഴുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച ഒരു ജീവിതമായിരുന്നു ചക്രവര്‍ത്തിയുടേത്. എപ്പോഴും പ്രജകളുടെ പ്രശ്‌നങ്ങള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, വിരുന്നുസല്‍ക്കാരങ്ങള്‍ എന്നുവേണ്ട, വിശ്രമം എന്നൊന്ന് അസുലഭമായിരുന്നു. ഈ തിരക്കുകള്‍ക്കിടയില്‍ വല്ലാത്തൊരു ക്ഷീണം ചക്രവര്‍ത്തിയെ തളര്‍ത്തുന്നുണ്ടായിരുന്നു. അസ്ഥികള്‍ക്കൊക്കെ ഒരു ബലക്കുറവു സംഭവിച്ചതുപോലെ. ദേഹാസ്വാസ്ഥ്യങ്ങള്‍ മെല്ലെ മെല്ലെ അദ്ദേഹത്തെ അലട്ടാന്‍ തുടങ്ങി. ഏറെ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ മൊത്തത്തില്‍ ഒരു വല്ലായ്മ. ജീവചൈതന്യവും ചുറുചുറുക്കും നഷ്ടപ്പെട്ടതുപോലെ.
അങ്ങനെയിരിക്കെ ഒരു തണുപ്പു കാലത്തു കൊട്ടാരത്തിലെ ബഹളങ്ങള്‍ക്കിടയില്‍നിന്നൊരു മോചനം നേടാന്‍ അദ്ദേഹം മലമുകളിലേക്ക് ഒരു ഏകാന്തയാത്ര പോയി. ഒറ്റയ്ക്കു മലഞ്ചെരുവുകളിലൂടെ നടക്കുമ്പോള്‍ പൊടുന്നനെ ചെന്നുനിന്നതു നമ്മുടെ കിക്കുക്കുരങ്ങന്റെയും കൂട്ടരുടെയും ചൂടന്‍ നീരുറവയ്ക്കടുത്ത്! അദ്ഭുതപരതന്ത്രനായി ഈ മനോഹരമായ കാഴ്ച കണ്ടു ചക്രവര്‍ത്തി നിന്നു. കിക്കുവും കൂട്ടരും മുങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ക്ക് ഒരു ഉണര്‍വും പുനര്‍ജീവനും ലഭിച്ചതുപോലെ. ആദ്യം ക്ഷീണിതനായി മുങ്ങിയ കിക്കോ മുങ്ങിപ്പൊന്തുമ്പോള്‍ അവന്റെ ഊര്‍ജം ഇരട്ടിക്കുന്നതുപോലെ. സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെ ശ്രദ്ധിക്കണം എന്നതിന്റെ പാഠം അങ്ങനെ കിക്കോക്കുരങ്ങില്‍നിന്നു ചക്രവര്‍ത്തി പഠിച്ചെടുത്തു.
ഓണ്‍സെന്‍ എന്നുവിളിക്കുന്ന ചൂടന്‍ ഉറവകള്‍
വിശ്രമമില്ലാത്ത തന്റെ ജീവിതയാത്രയ്ക്കിടയില്‍ സ്വന്തം ശരീരത്തെ അവഗണിക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യം ചക്രവര്‍ത്തി തിരിച്ചറിഞ്ഞു. ശരിയായ ഊര്‍ജം വീണ്ടെടുക്കാനും പുനരുജ്ജീവനത്തിനും ഇടവേളകള്‍ അത്യാവശ്യമെന്നു മനസ്സിലാക്കി. അപ്പോഴാണ് നമ്മുടെ ശരീരത്തില്‍ ആഴത്തില്‍ ഒളിഞ്ഞുകിടക്കുന്ന ശക്തികള്‍ പുറത്തേക്കു വരിക. നീരുറവയിലെ ചൂടിനെ പേശികള്‍ക്കുള്ളിലേക്ക് ആവാഹിച്ചു, പല പ്രാവശ്യം മുങ്ങിയപ്പോള്‍ അസാമാന്യമായ ഒരു ശാന്തി അനുഭവപ്പെട്ടു. ശരീരം മാത്രമല്ല, മനസ്സും വീര്യം പ്രാപിക്കുകയായിരുന്നു.
ചക്രവര്‍ത്തി തന്റെ ദിനചര്യകള്‍ മാറ്റിക്കുറിച്ചു. ഒറ്റയ്ക്കിരുന്നു ധ്യാനിക്കാന്‍ സമയം കണ്ടെത്തി. പ്രകൃതിയുമായി കൂടുതലടുത്തു. കൂടക്കൂടെ ഏകാന്തയാത്രകള്‍ നടത്തി കിക്കോവിനെപ്പോലെ ചുടുനീര്‍വെള്ളത്തില്‍ മുങ്ങിക്കിടന്നു. കൊട്ടാരത്തിലെ പരിചാരകരും മന്ത്രിമാരും ചക്രവര്‍ത്തിക്കു വന്ന മാറ്റം കണ്ട് അദ്ഭുതപ്പെട്ടു. അദ്ദേഹമെടുക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം ഒരു കൃത്യത കൈവന്നിരിക്കുന്നു. പെരുമാറ്റരീതിക്കും മാറ്റം വന്നു. കൂടുതല്‍ ലാളിത്യം, ദീനാനുകമ്പ! വറ്റാത്ത അരുവിയില്‍ എന്നപോലെ ഊര്‍ജം പ്രവഹിക്കുന്നത് അവര്‍ക്കു കാണാമായിരുന്നു.
ചക്രവര്‍ത്തിയുടെ ഈ രഹസ്യം പതുക്കെപ്പതുക്കെ ജനങ്ങള്‍ എല്ലാവരും അറിഞ്ഞു. ശരീരത്തിന്റെയും മനസ്സിന്റെയും ബാറ്ററികള്‍ എങ്ങനെ വീണ്ടും നിറയ്ക്കാം, പൂര്‍ണമാക്കാമെന്നു പ്രജകള്‍ തിരിച്ചറിഞ്ഞു. ഒരിക്കല്‍ ഒരു യുദ്ധത്തില്‍ രാജ്യം ഏര്‍പ്പെടുകയും അതില്‍ വല്ലാതെ പരാജയപ്പെടുകയും ചെയ്തു. ക്ഷീണിതരായി എല്ലാം തീര്‍ന്നുവെന്നു കരുതി മടങ്ങിയവരോട് എങ്ങനെ വീണ്ടും ഊര്‍ജസ്വലരാകാമെന്ന് ചിലര്‍ ഉപദേശിച്ചു. ചൂടുറവകളില്‍ കുറെനാള്‍ മുങ്ങി അവരെല്ലാം ശക്തി പ്രാപിച്ചു, ഒടുവില്‍ പിന്നെയൊരു യുദ്ധത്തില്‍ വിജയശ്രീലാളിതരായി മടങ്ങിയെന്നാണു കഥ.
ഇന്ന് ജാപ്പനീസ്‌സംസ്‌കാരത്തിന്റെ ഭാഗമാണ് ചൂടുറവകളിലെ സ്‌നാനവും ധ്യാനവും. ഇന്നും കുരങ്ങന്മാര്‍ക്കു മാത്രമായി ജലക്രീഡയ്ക്കായി ധാരാളം ഇടങ്ങള്‍ ജപ്പാനിലുണ്ട്. മനുഷ്യര്‍ക്കു കുളിക്കാന്‍ ഒട്ടേറെ ഇടങ്ങളില്‍ സ്‌നാനഘട്ടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പല വലിയ ഹോട്ടലുകളിലും പുനരുജ്ജീവനത്തിനായി പ്രത്യേകം സൗകര്യം ഒരുക്കിയിരിക്കുന്നു.