വ്യാവസായികവിപ്ലവത്തില്‍ ആരംഭിച്ച് നഗരവത്കരണത്താല്‍ പ്രചോദിതമായ ഒരു സാഹിത്യപ്രസ്ഥാനമാണ് ആധുനികത. ആധുനികതാവാദികള്‍ തങ്ങള്‍ ഉയര്‍ന്നുവന്ന സമൂഹത്തിന്റെ വിപരീത ലക്ഷണങ്ങള്‍ മനസ്സിലാക്കിയിരുന്നു. യൂറോപ്പ് അവര്‍ക്ക് പുതിയതും പഴയതും, പരമ്പരാഗതവും പുരോഗമനപരവുമായിരുന്നു. ആധുനികകലയും പുതിയതും പുതുമയുള്ളതുമായിരുന്നു. എന്നാല്‍, അതേസമയം ജീര്‍ണതയും തകര്‍ച്ചയും അവരെ അലട്ടി. പാശ്ചാത്യലോകത്ത്, ആധുനികത ഒടുവില്‍ അത് ആസക്തിയിലാക്കുന്ന മരണത്തെ അനുഭവിച്ചു. മധ്യയൂറോപ്പില്‍, വിചിത്രമെന്നു പറയട്ടെ, ഇത് ഒരിക്കലും സംഭവിച്ചില്ല. വിപ്ലവത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും തുടര്‍ച്ചയായ ചക്രങ്ങളാല്‍ പ്രചോദിതമായി, കഴിഞ്ഞനൂറ്റാണ്ടില്‍ ആധുനികത തഴച്ചുവളര്‍ന്നു. ലാസ്‌ലോ ക്രാസ്‌നഹോര്‍കായ് ആ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്ന ഒരു ഹംഗേറിയന്‍ എഴുത്തുകാരനാണ്.
നാസിഅധിനിവേശം അവസാനിച്ച് ഒരു പതിറ്റാണ്ടിനുള്ളില്‍, 1954 ല്‍ ഹംഗറിയില്‍ ക്രാസ്‌നഹോര്‍കായ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ജൂതനായിരുന്നു. കമ്മ്യൂണിസത്തിന്റെ തകര്‍ച്ച തുടങ്ങിയ എണ്‍പതുകളില്‍ അദ്ദേഹം എഴുതാന്‍ തുടങ്ങി. രാഷ്ട്രീയത്തിന്റെ തകര്‍ച്ച അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ എല്ലാ നോവലുകളിലും ലോകത്തിന്റെ അവസാനത്തെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് നിറഞ്ഞിരുന്നു. അതുകൊണ്ട് സൂസന്‍ സോണ്ടാഗ്, അദ്ദേഹത്തെ 'വെളിപാടിന്റെ ശില്പി' എന്നു വിളിച്ചു. സാമ്പ്രദായികആഖ്യാനരീതികളോടു വിമുഖത കാണിക്കുന്ന ഒരു എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്‌നഹോര്‍കായ്. ആഖ്യാതാവിനെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗമാണ് അദ്ദേഹം തേടിയത്. പക്ഷേ, അത് ഒരു സാങ്കേതികത മാത്രമാണ്. നോവലിന്റെയും ലോകത്തിന്റെയും ഫ്രെയിം മനുഷ്യകേന്ദ്രീകൃതമാണെന്നദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍, ഫ്രെയിം ഇല്ലാത്ത പ്രപഞ്ചത്തിനും ഫ്രെയിമുള്ള മനുഷ്യവര്‍ഗത്തിനും ഇടയില്‍ ഒന്നു തിരഞ്ഞെടുക്കേണ്ടിവന്നാല്‍, താന്‍ മനുഷ്യവര്‍ഗത്തെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
കാഫ്കയെപ്പോലെ ആകാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരനാണ് ലാസ്ലോ ക്രാസ്‌നഹോര്‍കായ്. സാഹിത്യം വളരെ സ്വകാര്യമാണെന്നു വിശ്വസിക്കുന്ന ഒരു എഴുത്തുകാരന്‍. ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: 'ഫ്രാന്‍സ് കാഫ്ക ഒരു വ്യക്തിയാണ്. അദ്ദേഹം ഫ്രാന്‍സ് കാഫ്കയാണ്.' അദ്ദേഹത്തിന്റെ ജീവിതകഥയും പുസ്തകങ്ങളുമാണ് ലാസ്ലോയെ ആകര്‍ഷിച്ചത്. കെ. എവിടെയുമുണ്ട്, പ്രപഞ്ചത്തിലെ ഒരു സ്വര്‍ഗീയ സ്ഥലത്താണ് കെ ഉള്ളത്. ഒരുപക്ഷേ തന്റെ നോവലുകളിലെ ചില കഥാപാത്രങ്ങളും അവിടെ താമസിക്കുന്നുണ്ടാകാമെന്നും അദ്ദേഹം അവകാശപ്പെടുന്നു. യഥാര്‍ഥജീവിതം മറ്റെവിടെയോ ആണെന്ന് ലാസ്ലോ ക്രാസ്‌നഹോര്‍കായ് കരുതി. ഫ്രാന്‍സ് കാഫ്കയുടെ ദി കാസിലിനൊപ്പം, കുറച്ചു കാലത്തേക്ക് അദ്ദേഹത്തിന്റെ ബൈബിള്‍ മാല്‍ക്കം ലൗറിയുടെ അണ്ടര്‍ ദി വോള്‍ക്കാനോ ആയിരുന്നു. ഇത് അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലുമായിരുന്നു. ഒരു എഴുത്തുകാരന്റെ വേഷം സ്വീകരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഒരു പുസ്തകം മാത്രം എഴുതാന്‍ ആഗ്രഹിച്ചു. അതിനുശേഷം, വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ കൊതിച്ചു, പ്രത്യേകിച്ച് സംഗീതത്തില്‍. ഏറ്റവും ദരിദ്രരായ ആളുകളോടൊപ്പം ജീവിക്കാനാഗ്രഹിച്ചു. അതാണ് യഥാര്‍ഥ ജീവിതമെന്നു കരുതി.
അദ്ദേഹം വളരെ ദരിദ്രമായ ഗ്രാമങ്ങളിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് പലപ്പോഴും വളരെ മോശം ജോലികള്‍ ചെയ്യേണ്ടിവന്നു. നിര്‍ബന്ധിതസൈനികസേവനത്തില്‍നിന്നു രക്ഷപ്പെടാന്‍, മൂന്നോ നാലോ മാസത്തിലൊരിക്കല്‍ ഓരോരോ സ്ഥലങ്ങളില്‍ മാറിമാറിത്താമസിച്ചു. കുറച്ചുകാലം ഒരു ഖനിത്തൊഴിലാളിയായിരുന്നു. പിന്നീട് ബുഡാപെസ്റ്റില്‍നിന്ന് വളരെ അകലെയുള്ള ഗ്രാമങ്ങളിലെ വിവിധ സാംസ്‌കാരികകേന്ദ്രങ്ങളുടെ ഡയറക്ടറായി. എല്ലാ ഗ്രാമങ്ങളിലും ആളുകള്‍ക്കു ക്ലാസിക്കുകള്‍ വായിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരികകേന്ദ്രമുണ്ടായിരുന്നു. അവരുടെ ദൈനംദിനജീവിതത്തില്‍ അവര്‍ക്കുണ്ടായിരുന്നതെല്ലാം ഈ ലൈബ്രറി മാത്രമായിരുന്നു. വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ, സാംസ്‌കാരികകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഒരു സംഗീതപാര്‍ട്ടി സംഘടിപ്പിച്ചു. വളരെ ചെറിയ ആറു ഗ്രാമങ്ങളുടെ ഡയറക്ടറായിരുന്നു ലാസ്ലോ ക്രാസ്‌നഹോര്‍കായ്. മുന്നൂറു പശുക്കള്‍ക്കു രാത്രി കാവല്‍ക്കാരനായിയും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. ദസ്തയേവ്സ്‌കിയെപ്പോലെ ഒരു ദരിദ്രജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം മദ്യപിക്കാന്‍ തുടങ്ങി. യഥാര്‍ഥ പ്രതിഭകള്‍ തികഞ്ഞ മദ്യപരാണെന്ന ഒരു പാരമ്പര്യം ഹംഗേറിയന്‍ സാഹിത്യത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹം ഒരു ഭ്രാന്തന്‍ മദ്യപാനായിത്തീര്‍ന്നു. എന്നാല്‍, അത് അനിവാര്യമാണെന്നും ഏതൊരു ഹംഗേറിയന്‍പ്രതിഭയും ഒരു ഭ്രാന്തന്‍ മദ്യപനായിരിക്കണമെന്നും സങ്കടത്തോടെ സമ്മതിച്ച ഒരു കൂട്ടം ഹംഗേറിയന്‍ എഴുത്തുകാരോടൊപ്പം ഇരിക്കുമ്പോള്‍ ഒരു നിമിഷത്തില്‍ താന്‍ ഇനി ഒരിക്കലും കുടിക്കില്ല എന്ന് അദ്ദേഹം തീരുമാനിച്ചു.
സമകാലികഗദ്യ എഴുത്തുകാര്‍ക്കിടയിധലെ ഒരു മദ്യപനായിരുന്നു പീറ്റര്‍ ഹാനോസി. അദ്ദേഹം ഒരു ജീവിക്കുന്ന ഇതിഹാസമായിരുന്നു. അദ്ദേഹത്തിന്റെ മരണം ഹംഗേറിയന്‍ സാഹിത്യത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു. അദ്ദേഹത്തിനു വളരെ ചെറുപ്പമായിരുന്നു. നാല്പതുവയസ്സു മാത്രം. ലാസ്ലോ ക്രാസ്‌നഹോര്‍കായിയും ജീവിച്ച ജീവിതം അതായിരുന്നു. ഒന്നിനെക്കുറിച്ചും അദ്ദേഹത്തിന് ആശങ്കയില്ലായിരുന്നു. വളരെ സാഹസികമായ ഒരു ജീവിതമായിരുന്നു അത്. എപ്പോഴും രണ്ടു നഗരങ്ങള്‍ക്കിടയിലുള്ള യാത്രയില്‍, രാത്രിയില്‍ റയില്‍വേ സ്റ്റേഷനുകളിലും ബാറുകളിലും, ആളുകളെ നിരീക്ഷിക്കുകയും അവരുമായി ചെറിയ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. പതുക്കെ, ലാസ്‌ലോ ക്രാസ്‌നഹോര്‍കായിയുടെ തലയില്‍ എഴുതാനുള്ള ആഗ്രഹം തുടങ്ങി. സാഹിത്യം ഒരു ആത്മീയമേഖലയാണെന്ന് അദ്ദേഹത്തിന് ശക്തമായ ഒരു തോന്നല്‍ ഉണ്ടായി. എഴുപതുകള്‍ ഹംഗറിയില്‍ ധാരാളം പാശ്ചാത്യസാഹിത്യകൃതികള്‍ ലഭിച്ചിരുന്ന ഒരു കാലമായിരുന്നു. വില്യം ഫോക്‌നര്‍, ഫ്രാന്‍സ് കാഫ്ക, റില്‍ക്കെ, ആര്‍തര്‍ മില്ലര്‍, ജോസഫ് ഹെല്ലര്‍, മാര്‍സെല്‍ പ്രൂസ്റ്റ്, സാമുവല്‍ ബെക്കറ്റ് തുടങ്ങിയവരില്‍നിന്നും മിക്കവാറും ഒരു പുതിയ മാസ്റ്റര്‍പീസ് വര്‍ക്ക് ഉണ്ടായിരുന്നു. കമ്യൂണിസ്റ്റുഭരണത്തിന്‍ കീഴില്‍ ഹംഗേറിയന്‍ എഴുത്തുകാര്‍ക്ക് സ്വന്തം കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതിനാല്‍, ഏറ്റവും വലിയ എഴുത്തുകാരും കവികളും വിവര്‍ത്തകരായി. അതുകൊണ്ടാണ് ഷേക്‌സ്പിയര്‍, ദാന്തെ, ഹോമര്‍ മുതല്‍ എല്ലാ മഹാന്മാരായ എഴുത്തുകാരുടെയും അദ്ഭുതകരമായ വിവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചത് എന്ന് ക്രാസ്‌നഹോര്‍കായ് പറഞ്ഞിട്ടുണ്ട്. 1985ല്‍ അദ്ദേഹം തന്റെ ആദ്യനോവലായ സെയ്റ്റന്‍ടാന്‍ഗോ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ദ് മെലങ്കൊളി ഓഫ് റെസിസ്റ്റന്‍സ് (1989), വാര്‍ ആന്‍ഡ് വാര്‍ (1999), ഹെര്‍ഷ്ട് എന്നിവയും പ്രസിദ്ധീകരിച്ചു. ഭാഷയുടെ കേളീപരതയും ഭ്രാന്തമായ കഥാപാത്രങ്ങളും, മഴയില്‍ നനഞ്ഞ പ്രകൃതിദൃശ്യങ്ങളും ഉള്ള ഈ നോവലുകള്‍ പില്‍ക്കാലആധുനികതയുടെ കഠിനമായ ഒരു ലോകപ്രതീതി നല്‍കി. പക്ഷേ, അവ ഗംഭീരവും സൂക്ഷ്മവും രസകരവുമായി വായനക്കാര്‍ അനുഭവിച്ചു. നോവലുകള്‍ക്കൊപ്പം അദ്ദേഹം എഴുതിയ മറ്റു കൃതികളിലും ഈ സ്വരങ്ങളുടെ സംഘനൃത്തം ദൃശ്യമാണ്. ആനിമല്‍ ഇന്‍സൈഡ് (2010) പോലുള്ള ചെറുകഥകളും ഡിസ്ട്രക്ഷന്‍ ആന്‍ഡ് സോറോ ബെനീത്ത് ദ് ഹെവന്‍സ് (2004), സീയോബോ ദേര്‍ ബിലോ (2008) പോലുള്ള ഗ്രന്ഥങ്ങളും അതില്‍ ഉള്‍പ്പെടുന്നു.
ക്രാസ്‌നഹോര്‍കായ് പാശ്ചാത്യരുടെയും കിഴക്കന്‍ യൂറോപ്പിലെ സംസ്‌കാരങ്ങളുടെയും മൂല്യങ്ങളുമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്ന കൃതികളാണ് എഴുതിയിട്ടുള്ളത്. അതു നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തിന്റെ നോവലുകളില്‍, കിഴക്കന്‍-യൂറോപ്യന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍, പ്രത്യേകിച്ച് സെയ്റ്റന്‍ടാന്‍ഗോ (ടമമേിമേിഴീ) എന്ന കൃതിയില്‍ വ്യക്തിഗത ഉത്തരവാദിത്വത്തിന്റെയും ദേശീയതയുടെയും തകര്‍ച്ചയായി അവതരിപ്പിക്കുന്നു. ഈ നോവല്‍ ഒരു പ്രതിഭാസത്തിന്റെ വിനാശകരമായ സ്വാധീനത്തെക്കുറിച്ചും അതു വ്യക്തിയിലും കമ്യൂണിസത്തിലുമുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും പറയുന്നു. അത് ഇര്‍മിയാസിന്റെ ബന്ധങ്ങളെയും അധികാരങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു വിശകലനമാണ്. അതുപോലെതന്നെ, പ്രത്യേക രാഷ്ട്രീയ ഭരണകൂടത്തിന്റെ വിമര്‍ശനം എന്നതിലുപരി, യുക്തിസഹമായ വ്യക്തിവാദത്തിന്റെ അഭാവം, സാര്‍വത്രികമായ നന്മയുള്ള ഒരന്തസ്സ് എന്നിവ കാരണം സാധ്യമായ കൂടുതല്‍ സങ്കീര്‍ണവും സാര്‍വത്രികവുമായ ഒരു കാപട്യത്തിന്റെ പൈശാചികകേളികളെക്കുറിച്ചും പറയുന്നു.
അതിര്‍ത്തിമേഖലകളെക്കുറിച്ചും സംസ്‌കാരങ്ങളെക്കുറിച്ചുമുള്ള എഴുത്ത് കിഴക്കന്‍യൂറോപ്പില്‍നിന്നു ലോകത്തിനു കൈമാറുന്ന സുപ്രധാനമായ ഒരു കാര്യമായിട്ടു കണക്കാക്കപ്പെടുന്നുവെന്നാണ് ക്രാസ്‌നഹോര്‍ക്കായ്‌യുടെ കൃതിയുടെ അന്താരാഷ്ട്രസ്വീകാര്യത സൂചിപ്പിക്കുന്നത്. കിഴക്കന്‍ യൂറോപ്പിന്റെ ഈ കഴിവ് ക്രാസ്‌നഹോര്‍ക്കായുടെ ലോകവീക്ഷണവുമായി അടുത്തു ബന്ധമുള്ളതാണ്. ഇത്, പടിഞ്ഞാറന്‍ യൂറോപ്പും കിഴക്കന്‍ ഏഷ്യയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് നോവലുകളില്‍ സങ്കീര്‍ണമായി ചിത്രീകരിക്കുന്ന സാംസ്‌കാരികമായ കൂടിക്കാഴ്ചകളാല്‍ നിര്‍വചിക്കപ്പെട്ടതാണ്.
ഈ നോവലിലെ കിഴക്കന്‍-ഏഷ്യന്‍ യാത്രാവിവരണങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളുമായി ബന്ധപ്പെട്ട അന്തര്‍-സാംസ്‌കാരികമായ ഇടങ്ങളെക്കുറിച്ചല്ല; മറിച്ച്, തകര്‍ച്ചയുടെ അവസ്ഥകളില്‍ നിലനില്പിനായി പോരാടുന്ന സമൂഹത്തിന്റെ അരികുകളിലെ സാഹചര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. നോവലിലെ കഥ നടക്കുന്നത് ഒരു പേരില്ലാത്ത ഗ്രാമത്തിലാണ്. ഒറ്റപ്പെട്ട ആ ഗ്രാമത്തിലെ അവശേഷിക്കുന്ന ഡസന്‍ കണക്കിന് നിവാസികളെ കേന്ദ്രീകരിച്ചാണ് നോവല്‍ വികസിക്കുന്നത്. ഒരിക്കല്‍ അഭിവൃദ്ധി പ്രാപിച്ചിരുന്ന ഈ തോട്ടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ദാരിദ്ര്യത്തിലും രോഗങ്ങളിലും സ്വന്തം സമയം പോക്കുന്ന ഭവനരഹിതരായ മനുഷ്യരാണ് അവിടെയുള്ളത്. ആ ഫാമിലേക്ക് ഒരു ദിവസം ഇര്‍മിയാസും അദ്ദേഹത്തിന്റെ കൂട്ടുകാരനും അപ്രതീക്ഷിതമായി മടങ്ങിയെത്തുന്നു. 'ഒക്ടോബര്‍മാസത്തിന്റെ അവസാനത്തോടടുത്ത്, ആദ്യത്തെ കഠിനമായ നീണ്ട ശരത്കാലമഴ എസ്റ്റേറ്റിന്റെ പടിഞ്ഞാറുഭാഗത്തുള്ള വിണ്ടുകീറിയതും ഉപ്പുരസമുള്ളതുമായ മണ്ണിലേക്കു വീഴാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഒരു ദിവസം'. ഇര്‍മിയാസ് ആരാണെന്നോ എന്തിനാണു തിരികെ വരുന്നതെന്നോ വായനക്കാര്‍ക്ക് ആദ്യ അധ്യായത്തില്‍ത്തന്നെ സൂചന ലഭിക്കുമെങ്കിലും, ഇത് അധികാരികള്‍ അറിയുന്നില്ല. ഇര്‍മിയാസ് അവര്‍ക്ക് ഒരു പുതിയ ജീവിതം വാഗ്ദാനം ചെയ്യുന്നു, പക്ഷേ, തന്റെ വാഗ്ദാനം നിറവേറ്റുന്നതിനു പകരം, അവര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കൈക്കലാക്കുകയും അവരെ തന്റെ നിയന്ത്രണത്തിലുള്ള ഒരു ശൃംഖലയിലേക്കു റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു. ഹംഗറിയില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ നോവല്‍ വലിയതോതില്‍ സ്വീകരിക്കപ്പെട്ടു. രാഷ്ട്രീയവായനകള്‍ ഏറെ ഈ നോവലിനുണ്ടായി. ദശാബ്ദത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളില്‍ ഒന്നായി സെയ്റ്റന്‍ടാന്‍ഗോ കണക്കാക്കപ്പെടുന്നു. 1990ല്‍ ജര്‍മന്‍ വിവര്‍ത്തനം വന്നതിനുശേഷം വിദേശസ്വീകാര്യത ഈ നോവലിന് പുതിയ മാനങ്ങള്‍ നല്‍കി. ഈ നോവലിനെ നിഷേധാത്മകമായ അതിഭൗതികതയുടെ (ിലഴമശേ്‌ല ാലമേുവ്യശെര)െ ഫലമായ വലിയ നിരാശയുടെ പനോരമയായി കണക്കാക്കാമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ജീവിതം അര്‍ഥശൂന്യമാണെന്നോ മരണം മാത്രമാണ് പോംവഴിയെന്നോ ക്രാസ്‌നഹോര്‍കായ് പറയുന്നില്ല. മനുഷ്യത്വം നിത്യതയില്‍ അര്‍ഥശൂന്യമായ ഒരു ബിന്ദുവാണെന്ന് അദ്ദേഹം കരുതുന്നില്ല. ആളുകള്‍ മറന്നുപോകുമ്പോള്‍ എന്താണു സംഭവിക്കുന്നതെന്ന് അദ്ദേഹം കാണിക്കുകയാണ്. ജീവിതം ഇത്രയും താഴ്ന്ന നിലയിലെത്താന്‍ അനുവദിച്ചതിന് അദ്ദേഹം തന്റെ സര്‍ക്കാരിനെയും രാജ്യത്തെയും വിമര്‍ശിക്കുന്നു. അതിനാല്‍ ഉത്തരാധുനികമാണ് അദ്ദേഹത്തിന്റെ എഴുത്ത്. അതില്‍ ചില പുരാവൃത്തസംഹിതകളുണ്ട്. ''തമാശകള്‍ ജീവിതംപോലെയാണെന്ന് നിങ്ങളുടെ മസ്തിഷ്‌കത്തില്‍ ഉറപ്പിക്കൂ. മോശമായി തുടങ്ങുന്ന കാര്യങ്ങള്‍ മോശമായി അവസാനിക്കും. മധ്യത്തിലായിരിക്കും എല്ലാം നന്നായിരിക്കുന്നത്, നിങ്ങള്‍ പേടിക്കേണ്ടത് അതിന്റെ അവസാനത്തെക്കുറിച്ചാണ്.'' ലാസ്ലോ ക്രാസ്‌നഹോര്‍കായ്‌യുടെ ഏറെ ആഘോഷിക്കപ്പെട്ട ഉദ്ധരണികളിലൊന്നാണിത്. ഇക്കൊല്ലം സാഹിത്യനൊബേല്‍ സമ്മാനിതനായ ഈ ഹംഗേറിയന്‍ എഴുത്തുകാരന് ഒരിക്കലും സ്വന്തം എഴുത്തിനെക്കുറിച്ച് പേടിക്കേണ്ടിവന്നിട്ടില്ല. എഴുത്തില്‍ നന്നായി തുടങ്ങി നന്നായിത്തന്നെ തുടരാന്‍ ഈ സമ്മാനം സഹായകമാകുമെന്ന കാര്യത്തില്‍ സംശയവുമില്ല.
(ലേഖകന്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പലാണ്)