രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 23 ന് പാലാ സെന്റ് തോമസ് കോളജില്‍
1950 ഓഗസ്റ്റ് 8 ന് ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തയിലെ പ്രസക്തമായ ഒരു വാചകം ഇപ്രകാരമായിരുന്നു: ''മീനച്ചില്‍ താലൂക്കിന്റെ കേന്ദ്രമായ പാലായില്‍ അരുണാപുരംകുന്നില്‍ മീനച്ചില്‍നിവാസികളുടെ ധര്‍മ്മധീരതയ്ക്കും കര്‍മ്മശൂരതയ്ക്കും സര്‍വോപരി രാജ്യശ്രേയസ്സിലുള്ള ഔത്സുക്യത്തിനും മകുടോദാഹരണമായി വിരാജിക്കുന്ന ഈ കോളജുമന്ദിരത്തിന്റെ വെഞ്ചരിപ്പ് ഇന്നു രാവിലെ ചങ്ങനാശ്ശേരി രൂപതയുടെ വികാര്‍ കാപ്പിറ്റുലര്‍ മോണ്‍ ജേക്കബ്ബ് കല്ലറയ്ക്കല്‍ അവര്‍കള്‍ യഥാവിധി നിര്‍വഹിക്കുന്നതാണ്.''
ആ പുണ്യദിനത്തില്‍നിന്ന് എഴുപത്തിയഞ്ചു സംവത്സരം പിന്നിട്ട് അവിസ്മരണീയമായ മറ്റൊരു ദിനത്തെ വരവേല്ക്കാന്‍ ഒരുങ്ങുകയാണ് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ്. പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒക്ടോബര്‍ 23 നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു കോളജിലെത്തുന്നത്. നാടും കലാലയവും ജില്ലാഭരണകൂടവും മേലധികാരികളും ദ്രുതഗതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതു കാണുമ്പോള്‍ പഴയ തലമുറയുടെ മനസ്സില്‍ സമാനമായ ദിവസങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മ്മകളോടിയെത്തുന്നു.
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, കേന്ദ്ര ആഭ്യന്തരമന്ത്രി കെ.എന്‍. കട്ജു, എസ്.കെ. പാട്ടീല്‍ എംപി, സംസ്ഥാനമുഖ്യമന്ത്രി എ.ജെ. ജോണ്‍, തിരു-കൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിര തിരുനാള്‍, ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി റവ. മാര്‍ട്ടിന്‍ ലൂക്കാസ്, പൗരസ്ത്യ തിരുസംഘം സെക്രട്ടറി കര്‍ദിനാള്‍ ടിസറന്റ് തുടങ്ങിയ പ്രശസ്ത വ്യക്തികളാണ് 1953-1954 അധ്യയനവര്‍ഷത്തില്‍ വിശിഷ്ടാതിഥികളായി കോളജിലെത്തിയത്. പ്രൗഢഗംഭീരമായ എ ബ്ലോക്കിന്റെ മുകള്‍നിലയില്‍ നിന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അന്ന് സദസ്സിനെ അഭിസംബോധന ചെയ്തത്. 1976 ല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ഉദ്ഘാടന ത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനവേളയിലാണ് എ ബ്ലോക്കിനു മുന്‍വശമുള്ള സ്ഥലം ടാര്‍ ചെയ്തതും ഹെലിപാഡായി ഉപയോഗിച്ചതും. കോളജിന്റെ വലിയ മൈതാനമായിരുന്നു അന്നത്തെ സമ്മേളനവേദി. 1961-62 അധ്യയനവര്‍ഷത്തില്‍ കോളജ് ഡേ ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നത്തെ ഗവര്‍ണറും പിന്നീട് രാഷ്ട്രപതിയുമായ വി.വി. ഗിരി ആയിരുന്നു.
മധ്യതിരുവിതാംകൂറിലെ, പ്രത്യേകിച്ച് പാലായിലെ കലാസ്‌നേഹികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സുന്ദരദിനങ്ങളായിരുന്നു 1967 ല്‍ സെന്റ് തോമസ് കോളജ് സമ്മാനിച്ചത്. അല്‍ഫോന്‍സാ കോളജുമായി സഹകരിച്ച് കോളജ് അങ്കണത്തില്‍ പല ദിവസങ്ങളിലായി സംഘടിപ്പിച്ച കലാവിരുന്നില്‍ ഹിന്ദി ചലച്ചിത്രഗാനരംഗത്തെ വിസ്മയമായിരുന്ന മുഹമ്മദ് റാഫി, ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്, എസ്. ജാനകി, ഹേമലത, പി.ബി. ശ്രീനിവാസന്‍ തുടങ്ങിയവരാണ് പാടാനെത്തിയത്. സത്യനും പ്രേംനസീറും ഉള്‍പ്പെടെയുള്ള വന്‍താരനിരയാണ് ഓരോ ദിവസവും ഉദ്ഘാടകരായി എത്തിയത്.
കോളജിലെ പൂര്‍വവിദ്യാര്‍ഥിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായ കെ.ജി. ബാലകൃഷ്ണന്‍ 2010 ല്‍ കോളജിന്റെ ഡയമണ്ട് ജൂബിലി ഉദ്ഘാടകനായിരുന്നു. കോളജിന്റെ 62-ാമത് സ്ഥാപനദിനാഘോഷത്തിന്റെ ഭാഗമായി 2012 ല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം വിശിഷ്ടാതിഥിയായി കോളജിലെത്തി. എ ബ്ലോക്കിന്റെ പിന്നിലായി ഒരു ഇലഞ്ഞിത്തൈ നട്ടതിനുശേഷമാണ് അദ്ദേഹം മടങ്ങിയത്.
2016 ല്‍ നൊബേല്‍ സമ്മാനജോതാക്കളായ പ്രൊഫ. അദാ ഇ.യോനാഥ്, പ്രൊഫ. ക്ലോസ് വോണ്‍ ക്ലിറ്റ്‌സിങ്, 2018 ല്‍ ആസാം സമരനായികയായിരുന്ന ഇറോം ശര്‍മ്മിള, 2025 ല്‍ ലോകപ്രശസ്ത സ്‌കോട്ടിഷ് ചരിത്രകാരനായ വില്യം ഡാല്‍റിംപിള്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളും കോളജില്‍ വിശിഷ്ടാതിഥികളായി എത്തി.
2022 മുതല്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ അക്കാദമിയിലൂടെ ലോകനിലവാരത്തിലുള്ള പരിശീലനമാണ് കായികപ്രതിഭകള്‍ക്കു നല്കപ്പെടുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, യു എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ള താരങ്ങള്‍ ഇവിടെ പരിശീലനത്തിനായി എത്തുന്നു. സംസ്ഥാനതലമത്സരങ്ങളില്‍ 15 സ്വര്‍ണ്ണമെഡലും 13 വെള്ളിയും19 വെങ്കലവും ദേശീയതലത്തില്‍ ഒരു വെങ്കലവും നേടാന്‍ സാധിച്ചു. ജൂണിയര്‍ ഇന്ത്യന്‍ ടീം എക്‌സ്പാനല്‍ഡ് കോച്ചായ ഷിബു ഗോപിദാസാണ് മുഖ്യപരിശീലകന്‍.
2023 ല്‍ ആരംഭിച്ച സ്വിമ്മിങ്ങ് അക്കാദമിയിലൂടെ
സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകളാണ് നീന്തല്‍പരിശീലനം നേടിയത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാന്‍ പര്യാപ്തമായ പരിശീലനം ഇവിടെ നല്കുന്നു. ഛത്തീസ്ഗഡില്‍ നിന്നുള്ള രണ്ടു നീന്തല്‍താരങ്ങള്‍ ഇവിടെയെത്തി പരിശീലനം നേടുകയും വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുകയും ചെയ്തു. മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റ് അക്കാദമിയും കാമ്പസിന്റെ ഭാഗമാണ്. ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയാണ് സെന്റ് തോമസ് കോളജിന്റെ മുഖ്യമായ ആകര്‍ഷണങ്ങളിലൊന്ന്.
അഭിവന്ദ്യരായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെയും മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്റെയും കരുതലിലും പ്രോത്സാഹനത്തിലും വളര്‍ന്ന് അനേകം തലമുറകള്‍ക്കു ജ്ഞാനവിജ്ഞാനങ്ങള്‍ പകര്‍ന്ന ഈ കലാലയം 16 യു.ജി. പ്രോഗ്രാമുകളും 16 പി ജി പ്രോഗ്രാമുകളും 11 ഗവേഷണവകുപ്പുകളുമായി അക്കാദമിക് രംഗത്ത് ഇന്ന് മുന്‍പന്തിയില്‍ നില്ക്കുന്നു. പാലാ രൂപതാധ്യക്ഷനും കോളജിന്റെ രക്ഷാധികാരിയുമായ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ എന്നിവരുള്‍പ്പെടെയുള്ള മാനേജ്‌മെന്റിന്റെ പിന്തുണയും മാതാപിതാക്കള്‍ അദ്ധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൂര്‍വാധ്യപകര്‍ എന്നിവരുടെ സഹകരണവും കോളജിന്റെ വളര്‍ച്ചയില്‍ ഏറെ വിലപ്പെട്ടതാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ പറഞ്ഞു.
65 ഏക്കറോളമുള്ള ഹരിതാഭമായ കാമ്പസ് അതിന്റെ ജൈവവൈവിധ്യസമൃദ്ധികൊണ്ടുകൂടിയാണ് കേരളത്തിലെ മറ്റു കോളജ് ക്യാമ്പസുകളില്‍നിന്നു വ്യത്യസ്തമാകുന്നത്. കോളജ് ആരംഭിക്കുന്നതിനുമുമ്പുള്ള കാലത്തെ വന്‍മരങ്ങള്‍പോലും ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഞാവല്‍വര്‍ഗത്തില്‍ പെട്ട അഞ്ചു വൃക്ഷങ്ങളും കുടംപുളി കുടുംബത്തിലുള്ള ആറുതരം വൃക്ഷങ്ങളും അശോകമരത്തിന്റെ നാല് ഇനങ്ങളും നീലക്കൊടുവേലി, ചുവന്ന കൊടുവേലി, വെള്ളക്കൊടുവേലി, രുദ്രാക്ഷം, നാഗലിംഗമരം, രക്തചന്ദനം എന്നിവ ഉള്‍പ്പെടെയുള്ള അനേകം വൃക്ഷങ്ങളും ഇവിടെ കാണാം. ലിവിങ് ഫോസില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നതും 270 ദശലക്ഷം വര്‍ഷം പഴക്കമുണ്ടെന്നു കണക്കാക്കപ്പെടുന്നതുമായ 'ജിങ്കോ ബൈലോബോ' ഇനത്തില്‍പെട്ട സസ്യത്തെ ബോട്ടണിവിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുന്നു. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 75 ചന്ദനത്തൈകളും കാമ്പസില്‍ നട്ടുപിടിപ്പിച്ചിരുന്നു.
ഇത്തരത്തില്‍ പ്രത്യക്ഷതലത്തിലും പരോക്ഷതലത്തിലുമുള്ള ഒട്ടേറെ വൈവിധ്യങ്ങളുടെ സമൃദ്ധിയും സൗന്ദര്യവും നിറഞ്ഞ കാമ്പസ്‌കാഴ്ചകളിലേക്കു കൂടിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 23 ന് എത്തുന്നത്.
(ലേഖകന്‍ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് മലയാളവിഭാഗം അസി.പ്രൊഫസറാണ്.)