വീണ്ടും ഒരു വെടിനിര്‍ത്തല്‍കൂടി ഉണ്ടായിരിക്കുന്നു. മധ്യപൂര്‍വദേശത്തു യുദ്ധവും യുദ്ധവിരാമവും തുടര്‍ക്കഥയാണ്. സമാധാനം മാത്രം ഒരിക്കലും ഉണ്ടാകുന്നില്ല. 2023 ഒക്‌ടോബര്‍ ഏഴിനു യുദ്ധം ആരംഭിച്ചതില്‍ പിന്നെ മാത്രം ഇതു മൂന്നാമത്തെ വെടിനിര്‍ത്തലാണ്. 2023 നവംബറില്‍ത്തന്നെ ഒരു താത്കാലിക വെടിനിര്‍ത്തല്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ജനുവരി 15 നും ഉണ്ടായി മറ്റൊരു വെടിനിര്‍ത്തല്‍. പക്ഷേ, അതിനൊക്കെ ഏതാനും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഇസ്രയേല്‍-അറബ് യുദ്ധങ്ങളുടെ പരമ്പരകളിലെല്ലാം വെടിനിര്‍ത്തലുകളും ഉണ്ടായിട്ടുണ്ട്. 1948 മേയ് 15 ന് ആരംഭിച്ച ആദ്യയുദ്ധത്തിന് ആ മാസാവസാനം തന്നെ വെടിനിര്‍ത്തില്‍ നിലവില്‍ വന്നു. 1956 ഒക്‌ടോബര്‍ 29 ന് ആരംഭിച്ച രണ്ടാം ഇസ്രയേല്‍-അറബ് യുദ്ധത്തിന്റെ വെടിനിറുത്തല്‍ ആ വര്‍ഷം നവംബര്‍ ഏഴിനായിരുന്നു. ആറുദിനയുദ്ധമെന്നറിയപ്പെടുന്ന മൂന്നാംയുദ്ധം 1967 ജൂണ്‍ അഞ്ചിന് ആരംഭിച്ചു. ജൂണ്‍ പത്തിനു വെടിനിര്‍ത്തി. നാലാം അറബ് - ഇസ്രയേല്‍ യുദ്ധം 1973 ഒക്‌ടോബര്‍ ആറിനു തുടങ്ങി. 25 നു വെടിനിര്‍ത്തലുണ്ടായി.
ഈ യുദ്ധപരമ്പരയില്‍ അഞ്ചാമത്തേതെന്നു പറയാവൂന്ന ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിനാണിപ്പോള്‍ വിരാമമുണ്ടായിരിക്കുന്നത്. ഏറ്റവുമധികം കാലം നീണ്ടുനിന്ന യുദ്ധവും ഇതുതന്നെ. 2023 ഒക്‌ടോബര്‍ ഏഴുമുതല്‍ 2025 ഒക്‌ടോബര്‍ 10 വരെ, രണ്ടു വര്‍ഷവും നാലു ദിവസവും നീണ്ടുനിന്ന ഈ യുദ്ധം മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമായി രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലായിരുന്നില്ല. ഇസ്രയേല്‍ യുദ്ധം ചെയ്തത് ഹമാസ് എന്ന ഭീകരപ്രസ്ഥാനത്തോടാണ്. 565 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഗാസ യുദ്ധഭൂമിയായെന്നേയുള്ളൂ.
പക്ഷേ, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ മുന്‍യുദ്ധങ്ങളെക്കാളൊക്കെ ഭയങ്കരമായിരുന്നു. ഒക്‌ടോബര്‍ 10ന് ഈജിപ്തിലെ റിസോര്‍ട്ടുനഗരമായ ഷാം ഏല്‍ ഷെയ്കില്‍ ഇസ്രയേല്‍-ഹമാസ് പ്രതിനിധികള്‍ ഒത്തുതീര്‍പ്പിലെത്തുമ്പോള്‍ ഗാസയില്‍ മരണമടഞ്ഞവരുടെ എണ്ണം 67160 ആയി ഉയര്‍ന്നിരുന്നു. ഇവരില്‍ 80% പേരും സാധാരണജനങ്ങളായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികള്‍ തന്നെ 20000 കവിയുമത്രേ. പരുക്കേറ്റവര്‍ 169679 പേര്‍ എന്നാണു കണക്ക്. ഏഴുലക്ഷത്തിലധികം ജനങ്ങള്‍ ഗാസയില്‍നിന്നു പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു. 1.95 ലക്ഷം കെട്ടിടങ്ങള്‍ തകര്‍ന്നു. ആകെയുണ്ടായിരുന്ന 36 ആശുപത്രികളില്‍ 22 എണ്ണവും ഇല്ലാതായി. 179 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഇനി ബാക്കിയുള്ളത് 62 മാത്രം. 92 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങളും 63 സര്‍വകലാശാലകളും മണ്ണടിഞ്ഞു. 6.58 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 87000 കോളജ് വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യം ഇല്ലാതായി. 89 ശതമാനം ജലവിതരണസൗകര്യങ്ങളും തകര്‍ന്നു.
565 ചതുരശ്രകിലോമീറ്ററില്‍ വീണ സ്‌ഫോടകവസ്തുക്കള്‍ ഒന്നരലക്ഷം ടണ്‍ വരും. ഒരാളുടെമേല്‍ ശരാശരി 70 കിലോ സ്‌ഫോടകവസ്തുക്കള്‍! ചുരുക്കിപ്പറഞ്ഞാല്‍, ഗാസ ഒരു മരുഭൂമിയായി മാറിക്കഴിഞ്ഞു. എന്നിട്ടും, യുദ്ധവിരാമത്തോടെ അവിടേക്കു തദ്ദേശവാസികള്‍ മടങ്ങിവന്നു തുടങ്ങിയിരിക്കുന്നു. അവര്‍ക്കതേ വഴിയുള്ളൂ.
ഇത്ര ഭയങ്കരമായി ശിക്ഷിക്കപ്പെടാന്‍മാത്രം എന്തു തെറ്റാണു ഗാസയിലെ ജനങ്ങള്‍ ചെയ്തത്? ഇങ്ങനെ ചിന്തിക്കുമ്പോഴാണു നമ്മള്‍ ഗാസാജനങ്ങളോടു സഹാനുഭൂതിയുള്ളവരായിത്തീരുന്നത്. അവരുടെ നാടുമുഴുവന്‍ ഹമാസ് ഭീകരര്‍ ഒളിത്താവളമാക്കുകയല്ലേ ചെയ്തത്? ഗാസയിലെ മണ്ണിനടിയില്‍ മുഴുവന്‍ ഭൂഗര്‍ഭ അറകളും തുരങ്കങ്ങളും തീര്‍ത്ത് ഹമാസ് ഭീകരര്‍ ആയുധപ്പുരകള്‍ സജ്ജീകരിക്കുകയായിരുന്നല്ലോ. അതു തടയാന്‍ ഗാസയിലെ ജനങ്ങള്‍ക്കു കഴിയുമായിരുന്നില്ല.
പലസ്തീനായുടെ വികസനത്തിനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമായി ലോകരാഷ്ട്രങ്ങള്‍ ഭീമമായ ധനസഹായമാണു നല്‍കി വരുന്നത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയുമാണ് ഇതില്‍ സിംഹഭാഗവും നല്കിവരുന്നത്. 2025 ല്‍ത്തന്നെ യൂറോപ്യന്‍ യൂണിയന്‍ 1.6 ബില്യണ്‍ യൂറോയുടെ ധനസഹായമാണു പലസ്തീനായ്ക്കു പ്രഖ്യാപിച്ചത്. അറബ്‌രാജ്യങ്ങളില്‍ സൗദിഅറേബ്യയാണ് ഏറ്റവും വലിയ സഹായദാതാവ്. പക്ഷേ, ഈ പണമെല്ലാം പലസ്തീന്‍കാര്‍ക്കു പ്രയോജനപ്പെടുന്നുണ്ടെന്നു കരുതാനാവില്ല. അവയില്‍ നല്ലൊരു ഭാഗം ഭീകരപ്രവര്‍ത്തകരുടെ കൈകളിലാണെത്തിപ്പെടുന്നത്. പ്രത്യേകിച്ചു ഗാസയുടെ വിഹിതം മുഴുവനായി അപഹരിക്കുന്നതു ഹമാസാണ്. അവര്‍ നാട്ടില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ നേതാക്കന്മാര്‍ വിദേശരാജ്യങ്ങളില്‍ സുഖവാസത്തിലാണത്രേ. ഇറാനെപ്പോലെ ചില രാജ്യങ്ങള്‍ ഹമാസിനു മാത്രമായി വന്‍ തുക സംഭാവന നല്കുന്നുണ്ട്. ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ ഏറ്റുവാങ്ങുന്നതു ഗാസയിലെ പാവം ജനങ്ങളാണ്,
ഇനിയെങ്കിലും, ഗാസയിലെ ജനങ്ങള്‍ക്കു സമാധാനം അനുഭവിക്കാന്‍ ഭാഗ്യമുണ്ടാകുമോ? സാഹചര്യങ്ങള്‍ അത്ര ശുഭകരമാണെന്നു തോന്നുന്നില്ല. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കരാറനുസരിച്ച് ഹമാസിന്റെ കൈവശമുള്ള 20 ബന്ദികളെയും മരണമടഞ്ഞ 28 ബന്ദികളുടെ മൃതദേഹങ്ങളും ഇസ്രയേലിനു കൈമാറുമ്പോള്‍ പകരം ഇസ്രയേല്‍ജയിലുകളിലുള്ള 2000 ഹമാസ് ഭീകരരാണു വിമോചിതരാവുന്നത്. ഗാസയില്‍ ഇപ്പോള്‍ ബാക്കിയുള്ള 15000 ഹമാസ് ഭീകരരോടൊപ്പം അവര്‍കൂടിച്ചേരുമ്പോള്‍ ഹമാസ് വീണ്ടും ശക്തിപ്രാപി
ക്കുമെന്നാണു കരുതേണ്ടത്. റൊണാള്‍ഡ് ട്രംപിന്റെ 20 ഇന കരാര്‍ വ്യവസ്ഥകളില്‍ ഹമാസിന്റെ നിരായുധീകരണംകൂടി ഉള്‍പ്പെടുന്നുണ്ടെങ്കിലും അതു യാഥാര്‍ഥ്യമാകാന്‍ സാധ്യതയില്ല. യെമന്‍ താവളമാക്കിയിരിക്കുന്ന ഹൂതികളും ലെബനോണില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളകളുംകൂടി ഹമാസിന്റെ സഹായത്തിലെത്തുമെന്നും തീര്‍ച്ച. ഈ കുട്ടുകെട്ടു ലോകത്തിന്റെ സമാധാനം വീണ്ടും കെടുത്തുമെന്നു കരുതണം. അതിനു തെളിവാണ് ലോകരാഷ്ട്രങ്ങള്‍ ഗാസയുദ്ധ വിരാമത്തിനുവേണ്ടി തിരക്കിട്ടു ചര്‍ച്ചകള്‍ നടത്തുന്നതിനിടയ്ക്ക്, ഒക്‌ടോബര്‍ ഏഴാംതീയതി ഹൂതികള്‍ തെക്കന്‍ ഇസ്രയേലില്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചു നടത്തിയ ആക്രമണം. അതിനു തിരിച്ചടി നല്കാന്‍ പക്ഷേ, ഇസ്രയേല്‍ തയ്യാറായില്ല. അല്ലെങ്കില്‍ ഇസ്രയേലിനു മറ്റൊരു പോര്‍മുഖംകൂടി തുറക്കേണ്ടി വരുമായിരുന്നു.
ഇതിനിടയില്‍ അല്പമെങ്കിലും പ്രതീക്ഷ നല്‍കുന്നത് പലസ്തീന്‍ പ്രസിഡണ്ട് മെഹമൂദ് അബ്ബാസിന്റെ നിലപാടാണ്. ഈ സെപ്റ്റംബര്‍ 25 ന് യുഎന്‍.ജനറല്‍ അസംബ്ലിയെ സംബോധന ചെയ്ത അദ്ദേഹം 2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ അപലപിക്കുകയും യുദ്ധാനന്തര ഗാസഭരണത്തില്‍ ഹമാസിന് ഇടമുണ്ടായിരിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹം അഭിനന്ദനീയമാണെങ്കിലും അതു യാഥാര്‍ത്ഥ്യമാകാന്‍ ഹമാസ് ഭീകരര്‍ അനുവദിക്കുമെന്നു കരുതാന്‍ വയ്യ.
യുദ്ധം ഉണ്ടാകണമെന്നാഗ്രഹിക്കുകയും തുടങ്ങിയ യുദ്ധങ്ങള്‍ നിലയ്ക്കരുതെന്നു കണക്കുകൂട്ടുകയും ചെയ്യുന്ന ശക്തികളും ഉണ്ട്. യുദ്ധംമൂലം തകരുന്ന നാടുകളുടെ പുനര്‍നിര്‍മ്മാണത്തില്‍ കണ്ണുനട്ടിരിക്കുന്ന അന്താരാഷ്ട്രനിര്‍മാണക്കമ്പനികളും ആയുധവ്യാപാരികളും ഒരിക്കലും യുദ്ധമില്ലാത്ത ലോകത്തെ ഇഷ്ടപ്പെടുകയില്ല. ഏറ്റുമുട്ടുന്ന മുട്ടാടുകളുടെ ചോര കൊതിക്കുന്ന കുറുക്കന്മാര്‍! അവരുടെ പ്രലോഭനങ്ങളെയും ദുഷ്‌പ്രേരണകളെയും അതിജീവിക്കാന്‍ സമാധാനകാംക്ഷികളാണെങ്കില്‍പോലും, പല രാഷ്ട്രങ്ങള്‍ക്കും എളുപ്പമല്ല.
ഏതായാലും ലോകം ഇപ്പോള്‍ ആശ്വാസവീര്‍പ്പിടുകയാണ്. ഒരു മഹായുദ്ധഭീതിയില്‍നിന്നു തത്കാലത്തേക്കെങ്കിലും മോചനമുണ്ടായല്ലോ. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റു റൊണാള്‍ഡുട്രംപിന്റെ ഇടപെടലുകളെ അഭിനന്ദിച്ചേ മതിയാകൂ. ലോകം മുഴവന്‍ പകച്ചുനില്‍ക്കുമ്പോഴാണ് 20 ഇന വെടിനിര്‍ത്താന്‍ കരാറുമായി അദ്ദേഹം രംഗത്തുവന്നത്. ഇസ്രയേല്‍ പക്ഷപാതിയെങ്കിലും കരാറിലെ മുഴുവന്‍ വ്യവസ്ഥകളും ഏകപക്ഷീയമായിരുന്നില്ല. അതുകൊണ്ടാണു ഹമാസ് നേതൃത്വംപോലും അദ്ദേഹത്തെ പ്രശംസിച്ചത്. മാത്രവുമല്ല, നിശ്ചിതദിവസത്തിനകം കരാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ ഇസ്രയേലിന് ഇഷ്ടംപോലെയാകാമെന്നും അതിനു തന്റെ പൂര്‍ണപിന്തുണയുണ്ടായിരിക്കുമെന്നുമുള്ള ട്രംപിന്റെ അന്ത്യശാസനത്തിന് ഒരു ഭീഷണിയുടെ സ്വരംകൂടിയുണ്ടായിരുന്നല്ലോ. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ ചര്‍ച്ചയ്ക്കു തയ്യാറായതും ട്രംപിന്റെ ഇസ്രായേല്‍ അനുകൂല ഇടപെടല്‍കൊണ്ടായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.
ഗാസയില്‍നിന്ന് അവസാനത്തെ ഹമാസ്ഭീകരനെയും പുറത്താക്കണമെന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യമെങ്കിലും അതിനുള്ള സാവകാശം നല്കാന്‍ ട്രംപും തയ്യാറായില്ല. ഇസ്രയേല്‍ യുദ്ധലക്ഷ്യത്തിലേക്കു മുന്നേറുന്നതിനിടയില്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിച്ച ബ്രിട്ടണ്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയാ, കാനഡതുടങ്ങിയ ഇസ്രയേല്‍ അനുകൂല രാഷ്ട്രങ്ങളുടെ നടപടി ഇസ്രയേലിന്റെ മേലുള്ള ഒരു സമ്മര്‍ദതന്ത്രമായിരുന്നു എന്നു കരുതാനാണു ന്യായം. ഗാസയിലെ നിരപരാധികള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആ ജനാധിപത്യരാഷ്ട്രങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികം.
പക്ഷേ, ഇതിനൊരു മറുവശം കൂടിയുണ്ട്. ഈ നിര്‍ണായകഘട്ടത്തില്‍ ആ രാഷ്ട്രങ്ങള്‍ പലസ്തീനു നല്കിയ അംഗീകാരം പരോക്ഷമായി ഭീകരപ്രവര്‍ത്തകര്‍ക്കു നല്കിയ അംഗീകാരമായി കലാശിക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ഭീകരപ്രവര്‍ത്തനം പൂര്‍ണമായി ഇല്ലാതാക്കുക അസാധ്യമാണെങ്കിലും, അതിനു വേദിയൊരുക്കിക്കൊടുക്കുന്ന നടപടികളില്‍നിന്നു ലോകരാഷ്ട്രങ്ങള്‍ വിട്ടുനില്‍ക്കേണ്ടതാണ്. അതു പക്ഷേ, പലപ്പോഴും സംഭവിക്കുന്നില്ല. ഇസ്രയേലിനെതിരേ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നു കരുതുന്ന അറബ് രാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതയ്ക്കുള്ള പരിഹാരമായി ഭീകരപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഭീകരവാദികള്‍ പൊതുവെ അറബ് രാഷ്ട്രങ്ങള്‍ താവളമാക്കിയിരിക്കുന്നിന്റെ കാരണവും മറ്റൊന്നല്ല്. എതിര്‍രാജ്യത്തിനെതിരേ പ്രയോഗിക്കാവുന്ന ആയുധമായി പലരും ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുന്നു.
ഇങ്ങനെ ആലോചിക്കുമ്പോള്‍, ഇസ്രയേല്‍ജനതയ്ക്കു സമാധാനമായി ഉറങ്ങാവുന്ന നാളുകള്‍ക്കുവേണ്ടി ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നു തീര്‍ച്ച.
(അവസാനിച്ചു)