പാറേലമ്മയോടൊപ്പം പോയി ലിസി ആടയാഭരണങ്ങളെടുത്തു. തന്റെ കാര്യത്തില്‍ യാതൊരു ശുഷ്‌ക്കാന്തിയുമില്ലാത്ത സ്വന്തം വീട്ടുകാരെ അവള്‍ ഒപ്പം കൂട്ടിയില്ല. വീട്ടുകാര്‍ വരാഞ്ഞതില്‍ അപ്പു ഏറെ പരിഭവം പറഞ്ഞു. അവളുടെ നിര്‍ബന്ധത്താല്‍ സ്വര്‍ണ്ണം ജൂവലറിയില്‍ത്തന്നെ സൂക്ഷിച്ചു. കല്യാണദിവസം അതിരാവിലെ ജുവലറിക്കാര്‍ വീട്ടില്‍ക്കൊണ്ടെത്തരും.
സാരിബ്ലൗസുകള്‍ ടൗണില്‍ തയ്ക്കാന്‍ കൊടുത്തു. അതും കല്യാണസാരിയും കൂട്ടുകാരി ഗ്രേസി സമയത്തു കൊണ്ടെത്തരും. അവളുടെ സമ്മാനമാണ് ബ്രൈഡല്‍ ബൊക്കെയും കാറിന്മേലുള്ള അലങ്കാരവും. തയ്യല്‍ക്കൂലിക്കുപോലും അവള്‍ വീട്ടുകാരെ ഭാരപ്പെടുത്തിയില്ല. വീട്ടുകാരുടെ അനാസ്ഥയില്‍ അവളുടെ മനം ചുട്ടുപൊള്ളി.
കല്യാണത്തലേന്നു രാവിലെ കിഴക്ക് വെള്ളകീറിയപ്പോള്‍ റോയിച്ചനൊരു കാറില്‍ വന്നു. കഷ്ടിച്ച് ഒരാഴ്ചത്തെ ലീവേയുള്ളൂ. മടക്കയാത്രയ്ക്കുള്ള എയര്‍ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. സാലമ്മയുടെ നന്മകൊണ്ടു വന്നതാണത്രേ. ലിസിമോളുടെ കല്യാണം മോടിയായി നടത്താന്‍ പൊന്നുനാത്തൂന്‍ ആങ്ങളയെ വിട്ടതാണത്രേ.
ഒരു സര്‍പ്രൈസുമായിട്ടാണ് റോയിച്ചന്‍ വന്നത്. സാലമ്മ ഗര്‍ഭിണിയാണ്. യാത്ര പാടില്ല. റെസ്റ്റുവേണം. ആ വാര്‍ത്തയില്‍ ആ ഭവനം മുഴുവനും ആഹ്ലാദിച്ചു, ലിസിക്കും ഏറെ സന്തോഷമായി. വീട്ടിലെ ഏറ്റവും മൂത്തസന്തതിക്കാണ് കുട്ടിയുണ്ടാവുന്നത്.
സുമ പറഞ്ഞു: ''ഇച്ചാച്ചനുമമ്മയും നിലത്തല്ലിപ്പോള്‍.'' അമ്മ വഴക്കു പറഞ്ഞു: ''കുശുമ്പു കുത്താതെടീ, ഒരാപത്തുമില്ലാതെ എല്ലാം നന്നായി വരട്ടേ.''
''ലിസിമോളേ ഒരുങ്ങെടീ, നിനക്കു രണ്ടു വളയെടുത്തു തരാനാ സാലിക്കുട്ടിയെന്നെ വിട്ടിരിക്കുന്നത്, ഒരു പെട്ടിയും വേണ്ടേ.''
ലിസി ഗദ്ഗദകണ്ഠയായിപ്പറഞ്ഞു: ''വേണ്ട റോയിച്ചായാ, പൈസാ കളയാതെ സൂക്ഷിച്ചുവെക്ക്, എന്റെ കാര്യം എങ്ങനേലും സ്വര്‍ഗത്തിലെ അപ്പന്‍ നടത്തിക്കോളും, അപ്പന്‍ ധനവാനാണ്.''
''ഇതെന്നാമ്മേ, ഇവളിങ്ങനെയൊക്കെ, നമ്മുടെ ലിസിമോള്‍ എത്ര പാവമായിരുന്നു, എന്നുമുതലാ ഇവളിങ്ങനെ സംസാരിക്കുന്നേ?''
ലിസി തന്നെ ഇന്‍സള്‍ട്ട് ചെയ്യുന്നതായി റോയിക്കുതോന്നി.
''അവള്‍ ഒത്തിരി കരഞ്ഞതാ മോനേ, കല്യാണത്തിന് ഒരു മാര്‍ഗോം കാണാതെ ഇച്ചാച്ചനും ഞാനും ഒരുപാടു വെഷമിച്ചതാ, ഒന്നും മോനെ അറിയിക്കണ്ടാന്നു കരുതി. നീയും മേഴ്‌സിയുമൊക്കെ അതതിടങ്ങളില്‍ സുഖമായി കഴിയട്ടേന്നു കരുതി. ഒക്കെപ്പിന്നെപ്പറയാം. ഇപ്പം എല്ലാരുമിങ്ങു വരാന്തുടങ്ങും, അതിനുമുമ്പ് നീ വല്ലോം കഴിച്ചേ, നല്ല ചെണ്ടമുറിയന്‍കപ്പേം തൈരുചമ്മന്തീമൊണ്ട്, പെങ്കൊച്ചിന്റെ കല്യാണമായകൊണ്ടാ ആളൊഴുക്കു കുറഞ്ഞേ, എന്നാലും എല്ലാരുംവരും. വരുന്നോര്‍ക്കു വൈകിട്ടൊരു കപ്പബിരിയാണീം സദ്യേം ഒരുക്കണം, നാളെക്കാലത്തേക്ക് പാലപ്പോം സ്റ്റൂവും ഒണ്ടാക്കണം, ന്റെ റോയിച്ചന്റെ കല്യാണത്തിന് വീടിനിട്ടുവരെ എന്നാ അലങ്കാരമാരുന്നു, ഇതങ്ങു നടത്തുന്നു. അത്രേ ഒള്ളൂ.''
''എനിക്കുവേണ്ടി പ്രത്യേകമായി ഒരു സദ്യേം വേണ്ടമ്മച്ചീ, ഇതിനോടകം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേം ഡിഷസ് സാലിക്കുട്ടിയെന്നെ കഴിപ്പിച്ചു, ഇപ്പം ഒന്നിനോടുമൊരു കൊതീമില്ല'' ആ വാക്കുകള്‍ അമ്മയെ ആനന്ദിപ്പിച്ചു. അമ്മ പറഞ്ഞു: ''അവളു നല്ല പെണ്ണാ, എന്റെ മോനെ അവളൊത്തിരി സ്‌നേഹിക്കുന്നുണ്ട്.''
റോയിച്ചന്‍ കൊണ്ടുവന്ന പെട്ടി പൊട്ടിച്ചുകാണാന്‍ അക്ഷമരായി, സാജനും മോനുവും.
ഇച്ചാച്ചന്‍ റോയിച്ചനോടു പറഞ്ഞു: ''നീ വല്ലോം കഴിച്ചോ? കഴിച്ചിട്ടിച്ചിരെ വിശ്രമിച്ചിട്ടുവാ. ഒരുപാടു കാര്യങ്ങളുണ്ട് ചെയ്തു തീര്‍ക്കാന്‍.''
റോയിച്ചന്‍ വന്നത് അപ്പന് ഒരാശ്വാസമായി.
''മിടുമിടുക്കനാണ് റോയിച്ചനെങ്കിലും പണ്ടത്തേപ്പോലെ അവന്റെ തലേല്‍ കൊട്ടവച്ചു കൊടുത്തിട്ട് ഭാരമൊഴിയാനൊന്നും ഇച്ചാച്ചനിപ്പം പറ്റില്ല. കാരണം, ഒരിലയനങ്ങണമെങ്കില്‍ സാലമ്മയതറിയണം.'' അമ്മ അഭിപ്രായപ്പെട്ടു.
ബന്ധുക്കള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. മേഴ്‌സിയുടെ കല്യാണത്തലേന്ന് സ്വര്‍ണ്ണാഭരണങ്ങളും കല്യാണ സാരിയും കാണാന്‍ ആകാംക്ഷയോടെ വന്ന് തിരക്കിട്ടവര്‍ക്കൊക്കെ എന്തൊരു ശാന്തത. കല്യാണപ്പെണ്ണ് നാളെ എന്തുടുക്കും? എത്ര പവനാണ് വാങ്ങിയത്? വാഴ്ത്താനുള്ള മാല കാണിച്ചേ? ചെറുക്കന് അമ്മായിയമ്മയിടുന്ന മാല എന്ത്യേ? ചോദ്യകര്‍ത്താക്കളും ചോദ്യങ്ങളുമില്ല.
അതിലളിതമായ കല്യാണം.
അമ്മ പറഞ്ഞു: ''ലിസിയമ്മ ഇനി അടുക്കളേന്നു കേറിപ്പോ, ഇലഞ്ഞിത്തറേപ്പോയി മുടികെട്ടി നോക്കണ്ടേ, അതോ ആ കൊച്ചിങ്ങോട്ടു വരുമോ?''
ലിസി ഒന്നും മിണ്ടിയില്ല. അവള്‍ പഠിപ്പിച്ച കുട്ടിയാണ് മോനി.
മോനി പറഞ്ഞിട്ടുണ്ട്: ''ഞാനൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റൊന്നുമല്ല, എന്നാലും റ്റീച്ചറിനെ ഞാന്‍ നന്നായി ഒരുക്കാം, റ്റീച്ചര്‍ കഷ്ടപ്പെട്ട് വീട്ടിലേക്കു വരണ്ടാ ഞാനങ്ങോട്ടു വന്നോളാം. സാധനങ്ങളും കൊണ്ടുവരാം.''
ലിസിക്ക് ഒരു കാര്യത്തിനും വേവലാതി തോന്നിയില്ല. സ്വര്‍ഗത്തിലെ അപ്പന്‍, തക്കസമയത്തെല്ലാം വേണ്ടപോലെ ചെയ്യുകയാണ്.
മേഴ്‌സിയുടെ കല്യാണത്തിനും റോയിച്ചന്റെ കല്യാണത്തിനും ഓടിത്തളര്‍ന്ന അവള്‍ വാസ്തവത്തില്‍ സ്വന്തം കാര്യമായപ്പോള്‍ വിശ്രമിക്കുകയാണ്.
ഒരു കുഞ്ഞുപെട്ടിയില്‍ അവള്‍ ജോലി ചെയ്തു സമ്പാദിച്ച വസ്ത്രങ്ങള്‍ അടുക്കിവച്ചു. കഴുത്തിലും കൈയിലുമായി കിടക്കുന്ന അഞ്ചെട്ടു പവനുണ്ട്, അതും തനിക്കുവേണ്ടാ. താനേറെ സ്‌നേഹിച്ച അപ്പന്‍പോലും 'കൈയും കൈക്കലയുമില്ലാതെ' തന്നെ ഇങ്ങനെയൊരനാഥയെപ്പോലെ വിടുന്നതില്‍ അവള്‍ക്ക് ഉള്ളില്‍ രോഷം അലയടിക്കുകയാണ്.
മേഴ്‌സിയും ജോയിച്ചനും കുഞ്ഞുമായെത്തി. അമ്മ പറഞ്ഞു; ''നാളെ അതിരാവിലെ പെണ്ണിനെ ഒരുക്കാന്‍ മേഴ്‌സിയുംകൂടെ പോണം.''
''യ്യോ അമ്മേ, ജോയിച്ചായന്റെ അപ്പച്ചനും അമ്മേം അനിയനുമൊക്കെ വരും, ഞാന്‍ ഇവിടെ നിന്നാലേ അവര്‍ക്കു കൃത്യത്തിന് വല്ലോം കൊടുക്കാന്‍ പറ്റൂ, അല്ലേപ്പിന്നെ ഏക്കപ്പേറാകും.''
''എന്നാ സുമകൂടെ പോ.''
'വേണ്ടാമ്മേ, ലിസിച്ചേച്ചിക്ക് ആരുടേം ഓശാരം ആവശ്യമില്ല, തന്നേമല്ല, മോനി ഇങ്ങോട്ടു വരും ഒരുക്കാന്‍, ഇന്ന് ട്രയലു നോക്കാനും നാളെ ഒരുക്കാനും. ആരുമാപ്പാവത്തിനെ ശല്യപ്പെടുത്താണ്ടിരുന്നാ മാത്രംമതി.''
മേഴ്‌സി കൈയില്‍നിന്ന് ഒരു വള ഊരി അപ്പന്റെ കൈയില്‍ കൊടുത്തു. ''ജോലിയൊണ്ടെന്നേയുള്ളൂ ഇച്ചാച്ചാ, സ്വര്‍ണ്ണം വാങ്ങിത്തരാനോ, പണം തരാനോ സമ്മതിക്കുന്നില്ല, അവരെടങ്ങേറാ.''
ടൗണില്‍പ്പോയി മടങ്ങിവന്ന റോയിച്ചന്‍ സ്‌നേഹനിര്‍ഭരമായി വിളിച്ചു: ''ലിസിക്കുട്ടിയേ, ഇങ്ങുവാ മോളേ, ഇന്നാ.'' തന്റെ കല്യാണത്തിന് ആദ്യമായി കിട്ടിയ സമ്മാനമാണ്. രണ്ടു സ്വര്‍ണ്ണവളകള്‍.
''റോയിച്ചായനിത് കൈയില്‍ വച്ചോളൂ, എനിക്കുവേണ്ടാ.''
അവള്‍ ആ സമ്മാനപ്പൊതി തിരിച്ചേല്പിച്ചു.
മേഴ്‌സികൊടുത്ത വള അപ്പന്‍ ലിസിക്കു നല്കി. അവള്‍ അതു വാങ്ങാന്‍ കൂട്ടാക്കിയില്ല.
റോയി ചോദിച്ചു: ''എന്താ മോളേ നിനക്കെന്താ സംഭവിച്ചേ? സ്ത്രീധനം അവര്‍ക്കു വേണ്ടെന്നല്ലേ പറഞ്ഞത്, പണം കൊടുക്കാഞ്ഞിട്ടാണോ നിന്റെ സങ്കടം. പിന്നെ നീയിട്ടിരിക്കുന്നതെല്ലാം കൂടെ കണക്കാക്കുമ്പം സ്വര്‍ണ്ണോം ഇത്രേമൊക്കെപ്പോരേ, നീ സ്ത്രീധനത്തിനെതിരേ വനിതാ മാസികയില്‍ എഴുതി സമ്മാനം വാങ്ങിയയാളല്ലേ, കഷ്ടം, ഇതാ പറയുന്നത്, ഏട്ടിലെ പശു പുല്ലു തിന്നില്ലെന്ന്.''
''നാളെ കല്യാണമാ അല്ലെങ്കില്‍ ഇതിനു തക്ക മറുപടി അവളു തന്നേനേ.'' ജാക്‌സണ്‍ കളിയാക്കി.
അമ്മയും മേഴ്‌സിയും പേരമ്മമാരും കൊച്ചമ്മമാരും എല്ലാം ഓരോരോ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരാള്‍ മോരുകാച്ചുന്നു, മറ്റൊരാള്‍ കാബേജ് തോരന്‍ വയ്ക്കുന്നു, പേരമ്മയും അയലത്തെ തങ്കമണിച്ചേച്ചിയുംകൂടെ മുറ്റത്തെ ചെമ്പടുപ്പില്‍ ഇറച്ചി ഉലര്‍ത്തുന്നു, വ്യാഴാഴ്ച നല്ലനേരം നോക്കി മംഗല്യഭാഗ്യമുള്ളവര്‍ ഒത്തുകൂടി അഞ്ചാറു ചട്ടികളിലായി മീന്‍ കറിവച്ചിട്ടുണ്ട്.
പേരമ്മ പറഞ്ഞു: ''ഇനി കപ്പബിരിയാണി ഉണ്ടാക്കണം.''
അമ്മയുടെ വീട്ടുകാര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. അമ്മായിമാര്‍ ലിസിയെ അടുത്തുവിളിച്ച് ഓരോ കുഞ്ഞുകവറുകള്‍ ഏല്പിച്ചു. പേരെഴുതാത്ത ആ കവറുകള്‍ ആരും കാണാതെ അവള്‍ അമ്മയ്ക്കു നല്കി. അമ്മ പറഞ്ഞു: ''ഇതു മോള്‍ വച്ചോളൂ, നിനക്കു കിട്ടുന്നതൊക്കെ നീയെടുത്തോളൂ, മേഴ്‌സി അങ്ങനെയിരുന്നു.'' അവള്‍ക്കൊന്നും വേണ്ടെന്ന് അവള്‍ ആംഗ്യം കാണിച്ചു.
അമ്മയ്ക്കു പതിവില്ലാത്ത ശ്രദ്ധയാണ് ഇന്നു ലിസിയെ. ''ലിസിമോളേ മുടിയൊക്കെ കെട്ടിനോക്കിയെങ്കില്‍ ഇനി പോയിക്കെടന്നുറങ്ങ്, വെളുപ്പിനെ എഴുന്നേക്കണം.'' പതിവില്ലാതെ അമ്മ ഒരു ഗ്ലാസ് പാല്‍ അവളെ നിര്‍ബന്ധിച്ച് കുടിപ്പിച്ചു.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു.
''എന്റെ മക്കളെക്കൊണ്ട് ഞാനൊരുപാടു ജോലിയെടുപ്പിച്ചിട്ടൊണ്ട്. നല്ലയാഹാരംപോലും തന്നിട്ടുമില്ല, അമ്മയോടു മോളു പൊറുക്കുമോ?''
''സാരമില്ലമ്മേ, ദൈവം എന്നെയേറെ സ്‌നേഹിക്കുന്നുണ്ടല്ലോ അതുമതി. അമ്മകാരണമല്ലേ ഞാനിത്രയേലും പഠിച്ചത്.''
''ചാണകോം വാരി പശൂംമൂത്രോം കോരി, തറവാട്ടിപ്പോയി തുപ്പല്‍കോളാമ്പീം മെഴക്കി എന്റെ പൊന്നൊത്തിരി കഷ്ടപ്പെട്ടു.''
അമ്മയുടെ കൈവിരലുകള്‍ അവളുടെ മുടിയിഴകളെ തഴുകി. അമ്മ നിറകണ്ണുകളോടെ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു:
''ന്റെ മോള്‍ ഏറെ അനുഗ്രഹിക്കപ്പെടും നാളെ മുതല്‍ നീ അപ്പൂന്റെയാണ്. അവന്‍ നല്ല കൊച്ചനാ. അപ്പൂനേം അവന്റെയമ്മേം പൊന്നുപോലെ നോക്കണം. മോളെപ്പറ്റി ഒരു മോശോം പറേപ്പിക്കരുത്. അവരെ ജീവനെപ്പോലെ സ്‌നേഹിച്ചോണം.''
ലിസി തന്റെ ആഭരണങ്ങളെല്ലാം ഓരോന്നായി ഊരിയെടുത്ത് അമ്മയെ അണിയിച്ചു. ഇതെല്ലാം ഇനി അമ്മയ്ക്കുള്ളതാണ്. സൂക്ഷിച്ചോണം, കല്യാണവീടാണ്. ഒന്നും കളയല്ലേ, ഞാനൊത്തിരി കഷ്ടപ്പെട്ടുണ്ടാക്കിയതാ.
(തുടരും)