•  17 Jul 2025
  •  ദീപം 58
  •  നാളം 19
വചനനാളം

രക്ഷയുടെ ഇടുങ്ങിയ വഴികള്‍

ജൂലൈ 20  ശ്ലീഹാക്കാലം   ഏഴാം ഞായര്‍
നിയ 4:10-14  ഏശ 5:8-20
1 കോറി 16:1-14   ലൂക്കാ 13:22-30
 
ശ്ലീഹാക്കാലം അവസാനഞായറാഴ്ച നാം ആചരിക്കുകയാണ്. ശ്ലീഹന്മാരുടെ പ്രവര്‍ത്തനഫലമായി രൂപീകൃതമായ സഭാസമൂഹത്തിന്റെ ജീവിതശൈലി എപ്രകാരമായിരിക്കണമെന്നാണ് ഈ ഞായറാഴ്ചകളിലെ വചനപ്രഘോഷണങ്ങളുടെയെല്ലാം കാതല്‍. ഈശോ ജറുസലേമിലേക്കു യാത്ര ചെയ്യുകയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം 9:51 മുതല്‍  19:27 വരെയുള്ള ഭാഗം ഈശോയുടെ ജറുസലേംയാത്ര വിവരിക്കുന്നു. ജറുസലേമിലേക്കുള്ള ഈ യാത്രയിലാണ് ദൈവരാജ്യത്തെക്കുറിച്ചും  ശിഷ്യത്വത്തെക്കുറിച്ചും  ഉപമകളിലൂടെയും പ്രബോധനങ്ങളിലൂടെയും ഈശോ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നത്.  ഇതില്‍നിന്നുമുള്ളതാണ് ഇന്നത്തെ സുവിശേഷഭാഗവും. 
ഈശോ ശിഷ്യന്മാര്‍ക്കു നല്കുന്ന പ്രബോധനങ്ങളെ ധ്യാനിച്ചുകൊണ്ടാണ് ഈ ആഴ്ചകളിലെ സുവിശേഷവിചിന്തനങ്ങള്‍. വിശുദ്ധ ലൂക്കായുടെ സുവിശേഷം 13-ാം അധ്യായത്തില്‍നിന്നുമുള്ള ഇന്നത്തെ സുവിശേഷഭാഗം ഇടുങ്ങിയ വഴിയേ നടക്കുവാനാണ് ആഹ്വാനം ചെയ്യുന്നത്. ക്രൈസ്തവശിഷ്യത്വം ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്രയാണ്. ഇടുങ്ങിയ വഴിയേ നടക്കാന്‍ കിണഞ്ഞുപരിശ്രമിക്കുവിന്‍ എന്നാണ് തിരുവചനം പറയുന്നത്. ലൂക്കായുടെ സുവിശേഷം 9 മുതല്‍ 19 വരെയുള്ള അധ്യായങ്ങള്‍ ജറുസലേമിലേക്കുള്ള യാത്രയാണു വിവരിക്കുന്നതെങ്കിലും അതു കേവലം ഭൂമിശാസ്ത്രപരമായ  യാത്ര മാത്രമല്ല; മറിച്ച്, മിശിഹായുടെ ശിഷ്യത്വത്തിലേക്കുള്ള യാത്രകൂടിയാണ്,  സ്വര്‍ഗരാജ്യത്തിലേക്കുള്ള യാത്രയാണ്. നിത്യജീവനിലേക്കു പ്രവേശിക്കുന്നതിനുള്ള വഴിയാണ് ഈ യാത്രയിലുടനീളം ഈശോ പഠിപ്പിക്കുന്നത്. 
ഒന്നാമത്തെ പ്രഘോഷണം നിയമാവര്‍ത്തനപ്പുസ്തകം നാലാം അധ്യായത്തില്‍നിന്നുമുള്ളതാണ്. സീനായ്മലയില്‍ നിന്നു ലഭിച്ച നിയമത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇസ്രയേല്‍ ജനത്തിനു കൊടുത്ത മാര്‍ഗദര്‍ശനമായിരുന്നു തോറാ. തോറാ അനുസരിച്ചു ജീവിക്കുക എന്നതായിരുന്നു വാഗ്ദത്തനാട്ടില്‍ എത്തിച്ചേരുന്നതിനുള്ള മാര്‍ഗം. അത് അനുസരിച്ചുകൊള്ളാം എന്നു പറഞ്ഞാണ് ഇസ്രയേല്‍ജനം ഉടമ്പടിയിലേര്‍പ്പെട്ടത്. അവിടുന്ന് ജനത്തിനു നിയമം നല്കിയത് ദൈവഭയമുള്ളവരായി അവര്‍ ജീവിക്കേണ്ടതിനും അതു മക്കളെ പഠിപ്പിക്കുന്നതിനുംവേണ്ടിയായിരുന്നു. കര്‍ത്താവിന്റെ ദേശത്ത് അവര്‍ അനുഷ്ഠിക്കേണ്ട ചട്ടങ്ങളും നിയമങ്ങളുമായിരുന്നു ഉടമ്പടിയുടെ ഉള്ളടക്കം. ദൈവോന്മുഖമായ മൂന്നു കല്പനകളും  മനുഷോന്മുഖമായ ഏഴു കല്പനകളും ആയിരുന്നു ഉടമ്പടിയുടെ ഉള്ളടക്കം. പഴയ ഉടമ്പടിയിലൂടെ ദൈവം ഇസ്രയേല്‍ജനത്തിനു മാര്‍ഗദര്‍ശനം നല്കിയതുപോലെ പുതിയ ഇസ്രയേലായ സഭയുടെ ജീവിതശൈലിയാണ്  ഈശോയാകുന്ന മാര്‍ഗത്തില്‍നിന്നു നാം പഠിക്കുന്നത്.
രണ്ടാമത്തെ പ്രഘോഷണം ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുമുള്ളതാണ്. നിയമം ലംഘിച്ചു ജീവിച്ചിരുന്ന യൂദയായിലെ ജനത്തിനു വരാനിരിക്കുന്ന തകര്‍ച്ചയെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചുമാണ് പ്രവാചകന്‍ പറയുന്നത്. ഈ വചനഭാഗത്ത് ആറു കാര്യങ്ങളെക്കുറിച്ചുള്ള ദുരിതം പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. കര്‍ത്താവിന്റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചുള്ള ജീവിതശൈലിയാണ് ഇവിടെ എതിര്‍ക്കുന്നത്.  ഒന്നാമതായി കര്‍ത്താവ് എതിര്‍ത്തു സംസാരിക്കുന്നത് മറ്റാര്‍ക്കും വസിക്കാന്‍ ഇടം കിട്ടാത്തവിധം ഭൂമി കരസ്ഥമാക്കിവയ്ക്കുന്നവരെക്കുറിച്ചാണ്. ദരിദ്രനോടു പരിഗണനയില്ലാതെ സ്വത്ത് കുന്നുകൂട്ടിവയ്ക്കുന്നത് കര്‍ത്താവിന്റെ  ഹിതത്തിനനുസരിച്ചുള്ള ജീവിതശൈലിയല്ല. ലഹരിപാനീയങ്ങളുടെ പിന്നാലെ ഓടുന്നവര്‍ക്കു ദുരിതം. കാരണം, അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുകയോ അവിടത്തെ കരവേലകളെ നോക്കുകയോ ചെയ്യുന്നില്ല (11:14). അതായത്, ദൈവഭയമില്ലാതെയുള്ള ജീവിതം. പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും വിളിക്കുന്നവര്‍ക്കു ദുരിതം. എന്നു പറഞ്ഞാല്‍, നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവര്‍ക്കു ദുരിതം (15:17). തങ്ങളെക്കുറിച്ചുതന്നെ നല്ലവര്‍ എന്നു കരുതുന്ന അഹങ്കാരികള്‍ (18:19), തിന്മയെ ന്യായീകരിക്കുന്നവര്‍, നിഷ്‌കളങ്കരെ കുറ്റം വിധിക്കുന്നവര്‍ (20), സാമൂഹികനീതി, ധാര്‍മികാധഃപതനം  എന്നിവയാണ് ഇവിടെ പ്രധാനമായി പ്രതിപാദിക്കുന്നത്. 
ദൈവഹിതത്തിനും സഹോദരങ്ങളുടെ നന്മയ്ക്കുമുതകുന്ന വിധത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൈവസ്‌നേഹത്തിലും സഹോദരസ്‌നേഹത്തിലും അധിഷ്ഠിതമായിരിക്കണമെന്നാണ് പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിലൂടെ ഓര്‍മിപ്പിക്കുന്നത്. സഭാസമൂഹത്തിന്റെ ജീവിതശൈലിയില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് ശ്ലീഹാ പ്രതിപാദിക്കുന്നത്. സഭാസമൂഹം, പങ്കുവയ്ക്കുന്ന സമൂഹമായിരിക്കണം. ദാരിദ്ര്യമനുഭവിക്കുന്ന സഹോദരസഭാസമൂഹങ്ങളെക്കുറിച്ചു കരുതലുണ്ടായിരിക്കണം. മിശിഹായുടെ ശരീരത്തിലെ അവയവങ്ങള്‍ എന്ന നിലയില്‍ സഭാസമൂഹങ്ങള്‍ തമ്മില്‍ കൂട്ടായ്മയില്‍ വര്‍ത്തിക്കണം. ദൈവഹിതത്തോടു വിശ്വസ്തതയും, ധീരതയോടെ പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം വിശ്വാസസമൂഹം എന്ന് ശ്ലീഹാ പ്രബോധിപ്പിക്കുന്നു. 
സുവിശേഷത്തില്‍ കാണുന്നത്, രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ എന്ന ചോദ്യത്തിന് ഉത്തരം നല്കുന്ന ഈശോയുടെ സംഭാഷണമാണ്.  ഈശോ പറയുന്നത്, ഇടുങ്ങിയ വഴിയേ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍ എന്നാണ്. രക്ഷയുടെ മാര്‍ഗം ഇടുങ്ങിയ വഴിയേയുള്ള യാത്രയാണ്. അതു ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കുന്നതാണ്. കര്‍ത്താവിന്റെ നാമത്തില്‍ ഒന്നിച്ചു ചേര്‍ന്ന്, ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവരില്‍നിന്ന് അവിടുത്തെ ഹിതത്തിനനുസരിച്ചുള്ള ജീവിതമാണ് ഈശോ പ്രതീക്ഷിക്കുന്നത്. രക്ഷയുടെ കവാടം തുറക്കപ്പെടുന്നത് ഇപ്രകാരം ജീവിക്കുന്നവര്‍ക്കാണ്. കര്‍ത്താവിന്റെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ ദൈവരാജ്യത്തു പ്രവേശിക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെടും എന്നു തിരുവചനം ഓര്‍മിപ്പിക്കുന്നു. മിശിഹായുടെ പ്രബോധനങ്ങളോടു വിശ്വസ്തതയോടെയും എളിമയോടെയുമുള്ള പ്രത്യുത്തരിക്കലാണ് ഒരുവനെ സ്വര്‍ഗരാജ്യത്തിനു യോഗ്യനാക്കുന്നത്. അതിനുള്ള മാര്‍ഗവും ആ മാര്‍ഗത്തില്‍നിനിന്നു വ്യതിചലിക്കുന്നവര്‍ക്കുള്ള അനുഭവവുമാണ് ഇന്നു തിരുവചനം പങ്കുവയ്ക്കുന്നത്. ശ്ലീഹാക്കാലത്തിന്റെ ചൈതന്യം ആവശ്യപ്പെടുന്നതുപോലെ മിശിഹായുടെ പ്രബോധനങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ഉത്തമസഭാസമൂഹങ്ങളായി വര്‍ത്തിക്കാന്‍  തിരുസ്സഭ നമ്മെ തിരുവചനങ്ങളിലൂടെ പ്രബോധിപ്പിക്കുന്നു.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)