എല്ലാ സിനിമകളും പ്രദര്‍ശനത്തിന് എത്തുന്നതിനുമുമ്പു സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ കാണാറുണ്ട്. അവര്‍ നല്കുന്ന അംഗീകാരത്തോടും സമ്മതത്തോടുംകൂടിയാണ് സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഏതെങ്കിലും സിനിമ ഏതെങ്കിലും വിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്നവയാണെന്ന ആരോപണം ഉയര്‍ന്നാല്‍ ഉചിതമായ നടപടി സെന്‍സര്‍ബോര്‍ഡ് എടുക്കാറുമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമയുടെ പേരു നിശ്ചയിച്ചിരുന്നത് ''പൊന്മുട്ടയിടുന്ന തട്ടാന്‍'' എന്നായിരുന്നു. എന്നാല്‍, ആ പേര് ഒരുവിഭാഗം ആളുകളെ അപമാനിക്കുന്നതാണെന്ന ആരോപണമുയര്‍ന്നപ്പോള്‍ ചിത്രത്തിന്റെ പേരു മാറ്റി. ഏ.കെ. സാജന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് സിനിമയുടെ പേര് വയലന്‍സ് എന്നായിരുന്നു. പക്ഷേ, സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം സ്റ്റോപ്പ് വയലന്‍സ് എന്ന പേരിലാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. മാറാട് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കിയ സിനിമയുടെ പേര് അതുതന്നെയായിരുന്നു. എന്നാല്‍, മാറാത്ത നാട് എന്നാക്കി മാറ്റാനായിരുന്നു സെന്‍സര്‍ബോര്‍ഡ് നിര്‍ദേശം. ഇങ്ങനെ നിരവധി ഉദാഹരണങ്ങളുണ്ട്. ഇതൊക്കെ ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിനു മുമ്പുതന്നെ സെന്‍സര്‍ബോര്‍ഡിന്റെ ക്രിയാത്മക ഇടപെടലുകളുടെ തെളിവുകളാണ്. സമൂഹത്തെയും മതരാഷ്ട്രീയമേഖലകളെയും ഏതെങ്കിലും തരത്തില്‍ പ്രതികൂലമോ ദോഷകരമോ ആയി ബാധിക്കുന്നവയാണ് ചിത്രത്തിലെ രംഗങ്ങള്‍, ഡയലോഗുകള്‍ എന്നു കണ്ടെത്തിയാല്‍ നീക്കം ചെയ്യുന്നത് സെന്‍സര്‍ബോര്‍ഡിന്റെ സ്വാഭാവികപ്രക്രിയയാണ്. അതിനുവേണ്ടിയാണ് അങ്ങനെയൊരു കമ്മിറ്റിയും. അങ്ങനെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയാണ് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകളും യു/എ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് വരുന്നതെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവും. യു സര്‍ട്ടിഫിക്കറ്റ് മാത്രമായി അടുത്തകാലത്തിറങ്ങിയ സിനിമ സ്വര്‍ഗം മാത്രമാണ് എന്നാണ് ഓര്‍മയും.
എന്നാല്‍, സെന്‍സര്‍ബോര്‍ഡ് അനുവാദം നല്കി പ്രദര്‍ശനത്തിനെത്തി രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ചില ഭാഗത്തുനിന്നുള്ള എതിര്‍പ്പുകളെ കണക്കിലെടുത്ത് ചില വിവാദഭാഗങ്ങള്‍ മുറിച്ചുനീക്കേണ്ടിവന്ന സിനിമയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ഒരു സിനിമ എന്ന ബ്രഹ്‌മാണ്ഡപ്രചാരണങ്ങളോടെയായിരുന്നു എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തിയത്. പക്ഷേ, ആദ്യദിവസംതന്നെ സിനിമ കണ്ടവര്‍ക്കു മനസ്സിലായി പറയുന്നതൊന്നും സിനിമയില്‍ ഇല്ലെന്ന്. ചിത്രത്തിന് പലഭാഗത്തുനിന്നും ഇത്തരത്തിലുള്ള നെഗറ്റീവ് റിവ്യൂസ് വന്നുതുടങ്ങിയ സമയത്തായിരുന്നു രണ്ടാംദിനംമുതല്‍ ചിത്രത്തിലെ രാഷ്ട്രീയം ചര്‍ച്ചാവിഷയമായതും വിവാദം പൊട്ടിപ്പുറപ്പെട്ടതും. സത്യത്തില്‍ ഈ വിവാദമല്ലേ എമ്പുരാനെ ശ്രദ്ധേയമാക്കിയത്?
രണ്ടോ മൂന്നോ ദിവസംമാത്രം ആരാധകര്‍ ഏറ്റെടുത്തതിനുശേഷം അവര്‍പോലും കൈയൊഴിയാമായിരുന്നത്ര നിസ്സാരമായ ഒരു സിനിമയായിരുന്നു എമ്പുരാന്‍. എമ്പുരാന്‍സിനിമയുടെ ആദ്യഭാഗമായ ലൂസിഫര്‍ ഇഷ്ടപ്പെട്ടവര്‍ക്കും മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ഭൂരിപക്ഷ ആരാധകര്‍ക്കുപോലും എമ്പുരാന്‍ ഇഷ്ടമായിട്ടില്ല എന്നതാണു വാസ്തവം. കാരണം, നൂറ്റമ്പതോ ഇരുനൂറോ രൂപകൊടുത്ത് ഒരു സിനിമ കാണാന്‍ തിയറ്ററിലെത്തുന്നവര്‍ക്കു വേണ്ടത് രണ്ടരയോ മൂന്നോ മണിക്കൂര്‍ അവരെ എന്‍ഗേജ്ഡ് ആക്കാന്‍ പറ്റുന്ന, എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്ന സിനിമയാണ്. പലവിധ കാരണങ്ങളാല്‍ അസ്വസ്ഥരായ മനുഷ്യര്‍ക്ക് മനസ്സിനു സ്വസ്ഥത ലഭിക്കുന്ന അന്തരീക്ഷമാണ് തീയറ്ററുകളില്‍ വേണ്ടത് (കൊട്ടും കുരവയുമില്ലാതെ വന്ന ചില കൊച്ചുസിനിമകള്‍ പാട്ടുംപാടി വിജയിപ്പിച്ചുകൊടുത്ത ചരിത്രമില്ലേ നമുക്ക്?)
എമ്പുരാനിലെ രാഷ്ട്രീയം മറന്നിട്ട് അതില്‍ തുടക്കം മുതല്‍ കാണിക്കുന്ന രംഗങ്ങള്‍ ആലോചിച്ചുനോക്കൂ. ഒരു സാധാരണമനുഷ്യനെ എത്രയധികമായിട്ടാണ് ആ രംഗങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നത്! സിനിമയാണ്, അഭിനയമാണ് എന്നൊക്കെ അറിയാമായിരുന്നിട്ടും മനസ്സ് വല്ലാതെ അസ്വസ്ഥമാക്കുന്ന രംഗങ്ങള്‍. മാര്‍ക്കോയിലെ ക്രൂരരംഗങ്ങളെ വിമര്‍ശിക്കുന്നവര്‍പോലും എമ്പുരാനിലെ വയലന്റ്സിനെക്കുറിച്ചു നിശ്ശബ്ദത പാലിക്കുന്നു. അവര്‍ക്ക് അതൊന്നും വയലന്‍സ് ആയിത്തോന്നുന്നുണ്ടാവില്ലേ?
പൃഥ്വിരാജിന്റെ മേക്കിങ്ങിനെക്കുറിച്ചാണ് മറ്റു ചില അപദാനങ്ങള്‍. ഹോളിവുഡ്‌സ്റ്റൈലില്‍ ഇതുപോലെ സിനിമയെടുക്കാന്‍ ഒരേയൊരു പൃഥ്വിരാജ് മാത്രമേയുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. (ആരാധകര്‍ മണ്ടന്മാരാണ് എന്ന് പണ്ടേ സരോജ്കുമാര്‍ (ഉദയനാണ് താരം - പറഞ്ഞിട്ടുണ്ട്). തിയറ്ററില്‍പോയി സിനിമ കാണുന്നവരില്‍ എത്രപേര്‍ അതിന്റെ ടെക്നിക്കല്‍ സൈഡും ദൃശ്യഭംഗിയും മേക്കിങ്ങും കണക്കിലെടുക്കുന്നുണ്ട്? ഹോളിവുഡ് സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്താറുണ്ട്. കോഴിക്കോട് ക്രൗണ്‍പോലെയുള്ള തിയറ്ററുകള്‍ ഹോളിവുഡ് സിനിമകള്‍ക്കുവേണ്ടിമാത്രമായി നീക്കിവച്ചിരുന്നവയുമായിരുന്നു. എങ്കിലും അത്തരം സിനിമകളില്‍ എത്രയെണ്ണം മലയാളികള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്?
പാഷന്‍ ഓഫ് ദ ക്രൈസ്റ്റും ടൈറ്റാനിക്കും ജുറാസിക്ക് പാര്‍ക്കും മമ്മി റിട്ടേണ്‍സുംപോലെയുള്ള ചുരുക്കം ചില സിനിമകള്‍മാത്രമേ മലയാളിപ്രേക്ഷകര്‍ കൈയടിച്ചു വിജയിപ്പിച്ചിട്ടുളളൂ. അങ്ങനെവരുമ്പോള്‍ ഹോളിവുഡ് മേക്കിങ് ഒന്നുമല്ല ഒരു സാദാപ്രേക്ഷകനെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നത്. മുമ്പു പറഞ്ഞ കാരണങ്ങള്‍ക്കൊപ്പംതന്നെ അവനുമായി റിലേറ്റ് ചെയ്യാന്‍കഴിയുന്ന എന്തെങ്കിലും അവനു സിനിമയില്‍ ഉണ്ടാകണം. സ്റ്റീഫന്‍ നെടുമ്പിള്ളി ആരാണെന്നോ, സയ്ദ് മസൂദ് ആരാണെന്നോ, അവരുടെ ഭൂതകാലമെന്തായിരുന്നുവെന്നോ അവര്‍ക്ക് അറിയേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ എമ്പുരാന്റെ മൂന്നാം ഭാഗം അതിന്റെപേരില്‍ അപ്രസക്തമാണ്.
എമ്പുരാന്‍ മുന്നോട്ടുവച്ച രാഷ്ട്രീയം എന്തുതന്നെയുമായിരുന്നുകൊള്ളട്ടെ, അതിലെ ശരിതെറ്റുകളിലേക്കു കടക്കുകയോ ഏതിലെങ്കിലും പക്ഷംപിടിക്കുകയോ ചെയ്യുന്നില്ല. തങ്ങള്‍ ചെയ്തുവച്ചിരിക്കുന്നത് മഹത്തായ സിനിമയാണെന്ന അവകാശവാദത്തോടെയായിരുന്നു എമ്പുരാന്‍ തിയറ്ററിലെത്തിയത്. അവരുടെ നോട്ടത്തില്‍ സിനിമ മുഴുവന്‍ ശരിയായിരുന്നു. എന്നാല്‍, ആ ശരികള്‍ തങ്ങള്‍ക്കു വിനയായി മാറും എന്നു മനസ്സിലാക്കിയപ്പോള്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ചില ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇവിടെയാണ് നമ്മള്‍ കാതലായ വിഷയം ശ്രദ്ധിക്കേണ്ടത്.
ലൂസിഫര്‍ സിനിമ ഇറങ്ങിയപ്പോള്‍മുതല്‍ ഇതുവരെയും അതില്‍ പ്രകടമായിരിക്കുന്ന ക്രൈസ്തവവിരുദ്ധതയെയും സാത്താനികസ്വാധീനത്തെയുംകുറിച്ച് ക്രൈസ്തവമാധ്യമലോകം വാതോരാതെ ചര്‍ച്ച ചെയ്യുകയും വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എമ്പുരാനിലെ വചനവിരുദ്ധമായ ഡയലോഗുകള്‍ക്കെതിരേയും സമാനമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ക്രൈസ്തവരുടെ ഭാഗത്തുനിന്നുണ്ടായി. പക്ഷേ, ഈ എതിര്‍പ്പുകളും പരിദേവനങ്ങളും വനരോദനമായിമാത്രം കലാശിക്കുകയാണു ചെയ്തിരിക്കുന്നത്.
17 അല്ലെങ്കില്‍ 22 ഭാഗങ്ങളില്‍ തങ്ങളുടെ നിലനില്പിനുവേണ്ടി മാറ്റംവരുത്തിയ എമ്പുരാന്‍സ്രഷ്ടാക്കള്‍ അത്തരമൊരു റീഎഡിറ്റിങ് നടത്തിയപ്പോള്‍പ്പോലും ക്രൈസ്തവര്‍ തങ്ങള്‍ക്കു വിരുദ്ധമെന്ന് ആവര്‍ത്തിച്ചുപറഞ്ഞ ഡയലോഗുകളില്‍ മാറ്റംവരുത്താന്‍ തയ്യാറായിട്ടില്ല. ഇതെന്തുകൊണ്ട്? ഇവിടെയാണ് സെന്‍സറിങ്ങിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. താടിയുള്ള അപ്പനെയേ പേടിയുള്ളൂ എന്നു നാട്ടിന്‍പുറങ്ങളില്‍ ഒരു ചൊല്ലുണ്ട്. അതാണ് ഇവിടെയും നടന്നിരിക്കുന്നത്. ക്രൈസ്തവരെ പേടിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞാല്‍ ഇത്രയുമൊക്കെയേയുള്ളൂവെന്നും ഇവിടത്തെ സിനിമയും സാഹിത്യവും ഭരിക്കുന്നവര്‍ക്കറിയാം. ക്രൈസ്തവര്‍ക്ക് എന്തു സാഹിത്യം എന്തു സിനിമ എന്നാണ് മേലാളന്മാരുടെ ചോദ്യവും.
ഒരു വിഭാഗം ആളുകളെമാത്രം ബാധിക്കുന്ന വിഷയമാകുമ്പോള്‍ അവിടെ സെന്‍സര്‍ഷിപ്പ് കര്‍ശനമാക്കുകയും ന്യൂനപക്ഷവിഭാഗമായ ക്രൈസ്തവര്‍ക്കെതിരേ ആര്‍ക്കും ഏതുരീതിയിലും സിനിമയോ നാടകമോ എടുക്കുകയും ചെയ്യാം എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. എമ്പുരാനിലെ വിവാദഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടിവന്ന സാഹചര്യത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി ഉച്ചൈസ്തരം സംസാരിച്ചവര്‍ തങ്ങളെ എതിര്‍ക്കുന്ന ചില സിനിമകള്‍ തിയറ്ററില്‍പ്പോലും എത്തിച്ചില്ല എന്നതും കൂട്ടിച്ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പ്രസ്തുത സിനിമകള്‍ തിയറ്ററിലെത്തിച്ചാല്‍ തിയറ്റര്‍പോലും കത്തിക്കും എന്നായിരുന്നുവത്രേ ഭീഷണി. അപ്പോള്‍ ഈ ആവിഷ്‌കാരസ്വാതന്ത്ര്യവും പക്ഷംപിടിക്കലുമൊക്കെ യഥാര്‍ഥത്തില്‍ എന്താണ്?