ഏതെങ്കിലും സൂപ്പര്‍താരത്തിന്റെയോ സംവിധായകന്റെയോ പേരിലാണ് സിനിമകള്‍ കൂടുതലും വിറ്റഴിക്കപ്പെടുകയും ആളുകളിലേക്കെത്തുകയും ചെയ്യുന്നത് എന്നുവരികിലും നാം ഒരിക്കല്‍പ്പോലും മുഖംകൊണ്ടു തിരിച്ചറിയപ്പെടാതെ പോകുന്ന എത്രയോ അഭിനേതാക്കളുടെ കൂടിയാണ് സിനിമ. ഉദാഹരണത്തിന്, ഒരു ആശുപത്രിയാണ് പശ്ചാത്തലമെന്നു വിചാരിക്കുക. രോഗിയായും ഡോക്ടറായും നേഴ്സായും ബൈസ്റ്റാന്ററായും ഒരു സീനില്‍ എത്രയോ പേര്‍ കടന്നുപോകുന്നുണ്ട്.
ഭൂരിപക്ഷത്തിനും പരിചയമുണ്ടാകാന്‍ ഇടയുള്ള പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ ചന്ദ്രലേഖ എന്ന സിനിമതന്നെയെടുക്കുക. കൂടുതല്‍ രംഗങ്ങളിലും അതില്‍ കടന്നുവരുന്നത് ആശുപത്രിയാണ്. ആ രംഗങ്ങളിലൊക്കെ പാസിങ് ഷോട്ടുകളിലായി മുകളില്‍പ്പറഞ്ഞതുപോലെ അനേകര്‍ വരുന്നുണ്ട്. അതില്‍ ഒരാളുടെപോലും മുഖം നമ്മുടെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. അതുപോലെ ഒരു മാര്‍ക്കറ്റ്, ഉത്സവം, പെരുന്നാള്‍, കോളജ്, കോടതി... ഇങ്ങനെ പല രംഗങ്ങളിലായി സിനിമ ചിത്രീകരിക്കപ്പെടുമ്പോള്‍ കാഴ്ചക്കാരായോ അല്ലെങ്കില്‍ ഒരൊറ്റ ഡയലോഗ് പറയാനായോ പലരും വന്നുപോകുന്നുണ്ട്. എന്നാല്‍, അവരെയാരെയും നാം തിരിച്ചറിയുന്നില്ല. ഇപ്രകാരം തിരിച്ചറിയപ്പെടാതെപോകുന്ന, എന്നാല്‍, സിനിമയെ സമ്പന്നമാക്കുന്ന ഒരു വിഭാഗം നടീനടന്മാരുണ്ട്. അവരെ വിശേഷിപ്പിക്കുന്ന പേരാണ് എക്സ്ട്രാ നടീനടന്മാര്‍.
അഭിനയത്തോടുള്ള പാഷന്‍ എന്നതിനൊപ്പമോ അതിനെക്കാളുമോ ജീവിക്കാനുള്ള മാര്‍ഗമായി ദിവസക്കൂലിക്കുവേണ്ടി ഫ്രെയിം റിച്ചാക്കാന്‍ വരുന്നവര്‍. എല്ലായ്പ്പോഴും അവഗണിക്കപ്പെടുന്നവര്‍. ചൂഷണത്തിനു വിധേയരാകുന്നവര്‍, അര്‍ഹതപ്പെട്ട കൂലിപോലും കിട്ടാതെപോകുന്നവര്‍. ഏതൊരു സിനിമയിലും ഇങ്ങനെയൊരു വിഭാഗമുണ്ടെന്നു സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് ഓര്‍മ്മയുണ്ടായത് സമീപകാലത്തെ ഹിറ്റ്സിനിമകളിലൊന്നായ രേഖാചിത്രത്തിലൂടെയാണെന്നു തോന്നുന്നു. അഭിനയമോഹവുമായി വീടുവിട്ടിറങ്ങി സിനിമയില്‍ ഒരു എക്സ്ട്രാനടിയായി കരിയര്‍ ആരംഭിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ രേഖയുടെ കഥയായിരുന്നല്ലോ പ്രസ്തുത ചിത്രം പറഞ്ഞത്.
ഭക്ഷണത്തിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വേതനത്തിന്റെയും കാര്യങ്ങളില്‍ രൂക്ഷമായ രീതിയിലുള്ള വിവേചനം നേരിടുന്നവരാണ് എക്‌സ്ട്രാനടീനടന്മാര്‍ എന്നതു പരസ്യമായ രഹസ്യമാണ്. രണ്ടാം നിരയോ മൂന്നാംനിരയോ ഉള്ള നടീനടന്മാര്‍പോലും ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നേരിടുമ്പോള്‍ പേരും ഊരുമില്ലാത്ത വെറും ആള്‍ക്കൂട്ടങ്ങളായ ഇവരുടെ കാര്യം പറയാനുണ്ടോ? അതുപോലെ, നമ്മുടെയൊക്കെ വിചാരം എക്സ്ട്രാനടീനടന്മാര്‍ക്കു സൂപ്പര്‍താരങ്ങളെയെല്ലാം അടുത്തുകാണാനെങ്കിലുമുള്ള സാഹചര്യമുണ്ട് എന്നാണ്. അതും എത്ര സൗമ്യമായിട്ടാണ് രേഖാചിത്രം ബ്രേക്ക് ചെയ്യുന്നതെന്ന് ആ സിനിമ കണ്ടവര്‍ക്കറിയാം. താന്‍ ആരാധിക്കുന്ന മമ്മൂട്ടിച്ചേട്ടനെ ഒന്നു നേരില്‍കാണാന്‍പോലും രേഖയ്ക്കു സാധിക്കുന്നില്ല. സിനിമയുടെ തിളക്കത്തിലും പ്രശസ്തിയിലും മതിമറന്ന് അതിനെക്കാള്‍ വലിയ ലോകമില്ലെന്നു തെറ്റിദ്ധരിക്കുന്നവരുടെ നേരേയാണ് എക്‌സ്ട്രാനടീനടന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള പച്ചയായ ചിത്രീകരണവുമായി രേഖാചിത്രം വ്യത്യസ്തയോടെ നില്ക്കുന്നത്. രേഖാചിത്രത്തെക്കുറിച്ചുള്ള ഇതിനകമുള്ള നിരവധി വാഴ്ത്തലുകള്‍ക്കിടയില്‍ പ്രസ്തുത ചിത്രത്തിലെ ഇങ്ങനെയൊരു മുഖം ഒരിടത്തും പരാമര്‍ശിച്ചുകണ്ടില്ല. ആസിഫ് അലിയിലും അനശ്വരരാജനിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ആസ്വാദനങ്ങളാണ് എവിടെയും നിറഞ്ഞുനിന്നിരുന്നത്. യഥാര്‍ഥത്തില്‍ ഒരു എക്സ്ട്രാനടിയുടെ ജീവിതം എത്രത്തോളം ദുരിതമയം എന്നാണ് രേഖാചിത്രം പറഞ്ഞുതന്നത്.
രേഖാചിത്രത്തെക്കുറിച്ചു പറയുമ്പോള്‍ എക്സ്ട്രാനടീനടന്മാരുടെ ജീവിതം പരോക്ഷമായി പരാമര്‍ശിക്കപ്പെടുന്ന ഒരു ചിത്രത്തെക്കുറിച്ചുളള ഓര്‍മയും മനസ്സിലേക്കു കടന്നുവരുന്നു: കമലിന്റെ പച്ചക്കുതിര. ദിലീപ് ഇരട്ടവേഷത്തില്‍ അഭിനയിച്ച പ്രസ്തുത സിനിമയില്‍ ദിലീപിന്റെ ഒരു വേഷം എക്‌സ്ട്രാനടന്റേതാണ്. സലിംകുമാര്‍, ഗോപിക എന്നിവരും അങ്ങനെയുള്ളവരാണ്. സൗന്ദര്യമുള്ള മുഖമായിട്ടെങ്കിലും രേഖാചിത്രത്തിലെ രേഖയ്ക്കു പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞുവെങ്കില്‍, ഈ സിനിമയിലെ ഒരു രംഗത്തില്‍ ബോംബ് സ്ഫോടനത്തിലോ വാഹനാപകടത്തിലോ മരണമടഞ്ഞ മുഖവും ശരീരവമുള്ള വികൃതമായ മനുഷ്യരായിട്ടാണ് സലീംകുമാറും ദിലീപും അഭിനയിച്ചത്. നമ്മെപ്പോലെയുള്ള മനുഷ്യരാണ് ഇത്തരത്തിലുള്ള അപ്രധാനവേഷങ്ങള്‍ ചെയ്യുന്നതെന്ന്, അതിനു പിന്നിലെ അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് നാം എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?
എക്സ്ട്രാനടീനടന്മാരെപ്പോലെ അപ്രസക്തരായ മറ്റൊരു കൂട്ടരാണ് ഡ്യൂപ്പുകള്‍. സാഹസികരംഗങ്ങള്‍ ചിത്രീകരിക്കേണ്ടിവരുമ്പോഴോ അല്ലെങ്കില്‍ പ്രധാനതാരത്തിന്റെ അഭാവത്തിലോ അവര്‍ക്കു പകരക്കാരാകുന്നവരാണ് ഡ്യൂപ്പുകള്‍. ഡ്യൂപ്പിന്റെ സഹായമില്ലാതെ സാഹസികരംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ ഒരേയൊരു നടന്‍ അന്തരിച്ച ജയന്‍ ആണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ ജീവനെടുത്ത കോളിളക്കം സിനിമയിലെ ഹെലികോപ്റ്റര്‍ രംഗത്തേക്ക് ഡ്യൂപ്പിനെ നിര്‍ദേശിച്ചുവെങ്കിലും ജയന്‍ അതിനു തയ്യാറല്ലായിരുന്നു. സൂപ്പര്‍താരം മമ്മൂട്ടിക്ക് പല സിനിമകളിലും ടിനി ടോം ഡ്യൂപ്പായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലിയില്‍ ചില രംഗങ്ങളില്‍ ദുല്‍ക്കറിന്റെ ഡ്യൂപ്പായി അഭിനയിച്ചത് ഇന്നത്തെ ശ്രദ്ധേയ യുവനടന്മാരില്‍ ഒരാളായ ഹക്കീംഷാ ആയിരുന്നു.
നടി മോനിഷ അപകടത്തില്‍പ്പെട്ട് അപ്രതീക്ഷിതമായി മരണമടഞ്ഞപ്പോള്‍ അവസാനമായി അഭിനയിച്ച സിനിമ പൂര്‍ത്തിയാക്കിയത് മോനിഷയ്ക്കു പകരം ഒരു ഡ്യൂപ്പിനെ വച്ചുകൊണ്ടായിരുന്നു. തിരക്കഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി അപ്രകാരം അവസാനിപ്പിച്ച സിനിമയുടെ പേരാണ് ചെപ്പടിവിദ്യ. എന്തിന്, നാം പറഞ്ഞുതുടങ്ങിയ രേഖാചിത്രത്തില്‍ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മമ്മൂട്ടിച്ചേട്ടനെ അവതരിപ്പിക്കാന്‍ സാധിച്ചതും ഒരു ഡ്യൂപ്പിനെ വച്ചുകൊണ്ടായിരുന്നുവല്ലോ. ഇതിനോടു ചേര്‍ത്തുപറയേണ്ട ഒരു പേരാണ് സുമാദേവി. മലയാളത്തിലെ ആദ്യവനിതാ ഫൈറ്ററും ഡ്യൂപ്പുമാണ് സുമാദേവി. ബാന്ദ്ര സിനിമയില്‍ തമന്നയ്ക്കുള്‍പ്പടെ ഭാവന, മംമ്താ മോഹന്‍ദാസ്, കീര്‍ത്തി സുരേഷ്, മൈഥിലി എന്നിങ്ങനെ ഒട്ടേറെ നടികളുടെ ഡ്യൂപ്പായിരുന്നു സുമാദേവി. ഇങ്ങനെ അനേകം സിനിമകളില്‍ മുഖമില്ലാതെ ശരീരംമാത്രമായി അഭിനയിച്ച സുമാദേവി ദി സീക്രട്ട് ഓഫ് വുമണ്‍ എന്ന സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചതും വാര്‍ത്തയായിരുന്നു.
ഡ്യൂപ്പുകളെപ്പോലെതന്നെയുള്ള ഒരു വിഭാഗമാണ് സ്റ്റണ്ട് മാസ്റ്റേഴ്സ്. സിനിമയില്‍ നായകന്‍ പറന്ന് ഇടിക്കുമ്പോഴും എതിരാളികളെ നിലം തൊടാതെ നേരിടുമ്പോഴും അവര്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന മുഖം സ്റ്റണ്ട് മാസ്റ്ററുടേതാണ്. നായകനെ പ്രേക്ഷകര്‍ക്കു വീരനാക്കി മാറ്റുന്നത് ഇത്തരം സ്റ്റണ്ട്താരങ്ങളാണ്. അതുകൊണ്ടുതന്നെ നായകനെക്കാള്‍ സ്റ്റണ്ട്മാസ്റ്ററെ ഇഷ്ടപ്പെടുകയും പ്രേമിക്കുകയും ചെയ്യുന്ന ഒരു നായികയുടെ കഥയും മലയാളത്തിലുണ്ടായിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധിക്കപ്പെടാതെപോയ സിനിമയായ ഹീറോ.
സിനിമയ്ക്ക് അവിഭാജ്യഘടകമായിട്ടും സിനിമയിലെ രംഗങ്ങള്‍ കളറാക്കുന്ന ഇത്തരക്കാരുടെ ജീവിതം ഒട്ടുമേ കളറല്ല എന്നതാണു വാസ്തവം. ഒരു സിനിമകാണുമ്പോള്‍-അത് നല്ലതോ ചീത്തയോ ഇഷ്ടമാകുകയോ ഇഷ്ടമാകാതിരിക്കുകയോ എന്തുമായിക്കൊള്ളട്ടെ - മുഖം പതിയാത്തതോ ടൈറ്റില്‍ കാര്‍ഡില്‍ പേരു തെളിയാത്തതോ ആയ അനേകരുടെ സമര്‍പ്പണത്തെയും കഷ്ടപ്പാടുകളെയുംകുറിച്ചുകൂടി ഒന്നോര്‍ക്കുന്നത് നല്ലതായിരിക്കും. പേരും പ്രശസ്തിയും പണവും മറ്റുള്ളവര്‍ കൊണ്ടുപോകുമ്പോള്‍ അര്‍ഹതപ്പെട്ടതുപോലും കിട്ടാതെവരുന്ന ഇത്തരക്കാരുടെ നിസ്സഹായതയ്ക്കും ഇവര്‍ നേരിടുന്ന ചൂഷണത്തിനും ആരു പരിഹാരം നിര്‍ദേശിക്കും?
എക്സ്ട്രാനടീനടന്മാരായി ജീവിതം ആരംഭിച്ചവര്‍ ജീവിതാവസാനംവരെ അതേരീതിയില്‍ തുടരുകയാണു പതിവ്. കട്ടപ്പനയിലെ ഋത്വിക്റോഷന്‍ സിനിമയില്‍ പറയുന്നതുപോലെ കള്ളനായി അഭിനയിച്ചുതുടങ്ങിയോ, അഭിനയരംഗത്തു തുടരുന്നിടത്തോളം കാലം കള്ളന്‍തന്നെയായിരിക്കും. എന്നാല്‍, അപൂര്‍വം ചിലര്‍ അത്തരം വിശ്വാസങ്ങളെ മാറ്റിയെടുക്കാറുണ്ട്. അതിലൊരാളാണ് ശാന്തി എന്ന നര്‍ത്തകി. 1970 കളുടെ അവസാനത്തെ കഥയാണ് ഇത്. അനേകം സിനിമയില്‍ ഡാന്‍സ് രംഗങ്ങളില്‍ നായികയ്ക്കു പിന്നില്‍ നില്ക്കുന്ന നര്‍ത്തകിമാരിലൊരാള്‍. അതായിരുന്നു ശാന്തി. പക്ഷേ, ക്യാമറക്കണ്ണിലൂടെ സംവിധായകന്‍ അവളെ നോക്കിയപ്പോള്‍ അവളിലൊരു നായികയുണ്ടെന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അവളുടെ ശിരോലിഖിതം മാറ്റിയെഴുതുകയായിരുന്നു. സിനിമയിലെ ഡാന്‍സ് രംഗങ്ങളില്‍ ആരുടെയും പ്രത്യേകമായി ശ്രദ്ധയില്‍പ്പെടാതെ നൃത്തം ചെയ്ത ആ പെണ്‍കുട്ടി പിന്നീട് മലയാളസിനിമാചരിത്രത്തിലെ നായികാവസന്തമായി. അതേ സംവിധായകന്റെ ഭാര്യയായി. ആ നടിയുടെ പേരാണ് സീമ. ശാന്തിയെപ്പോലെ അപൂര്‍വം ചിലര്‍ക്ക് ആ ഭാഗ്യമുണ്ടാെയങ്കില്‍, ഭൂരിപക്ഷവും രേഖയെപ്പോലെ ഒന്നുമാകാതെ അവസാനിക്കുകയാണു പതിവ്. അങ്ങനെ, വിളക്കിന്റെ തീയില്‍ ചിറകു വാടിക്കരിഞ്ഞു പോകുന്ന അനേകം രേഖമാരെ ഓര്‍മിപ്പിക്കുന്ന ചിത്രമായാണ് രേഖാചിത്രം ഈയുള്ളവന് അനുഭവപ്പെട്ടത്.