സിഗരറ്റും മദ്യവും ഉപയോഗിക്കുന്നവര്‍ക്കായി ചില താക്കീതുകള്‍ കമ്പനി അതില്‍ത്തന്നെ നല്കാറുണ്ട്: ''ആരോഗ്യത്തിനു ഹാനികരം.'' എന്നിട്ടും ആ താക്കീതിനെ വിസ്മരിച്ചുകൊണ്ടാണ് പലരും മദ്യവും സിഗരറ്റും ഉപയോഗിക്കുന്നത്. സിനിമയില്‍ അടുത്തകാലത്തായി ഇത്തരം സീനുകളില്‍ ഇതേ കാര്യം ആവര്‍ത്തിക്കാറുണ്ട്. കൂടാതെ, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ശിക്ഷാര്‍ഹമാണ്, ഹെല്‍മെറ്റില്ലാതെ ടൂവീലര്‍ ഉപയോഗിക്കരുത് തുടങ്ങിയ താക്കീതുകളും. സ്ത്രീകള്‍ക്കെതിരേയുളള അതിക്രമവും ഹെല്‍മെറ്റ് വയ്ക്കാതെയുള്ള നായകന്റെ ഡ്രൈവിങ്ങും കാണിക്കുമ്പോള്‍ത്തന്നെയാണ് ഇത്തരം മുന്നറിയിപ്പുകളും. നായകന്‍ ഹെല്‍മെറ്റ് ഉപയോഗിച്ചു ബൈക്കോടിക്കുന്ന സിനിമകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നേ പറയാനാവൂ. എന്തുകൊണ്ടാണ് ഹെല്‍മെറ്റുവച്ച് ബൈക്കോടിക്കുന്ന ഒരു നായകനെ സിനിമയില്‍ അവതരിപ്പിക്കാത്തത്? ഇന്നു നമ്മുടെ നല്ല പങ്കു ചെറുപ്പക്കാരും, അപകടങ്ങളില്‍നിന്നു വലിയ സംരക്ഷണമാണ് അതു നല്കുന്നതെന്ന് അറിയാമായിരുന്നിട്ടും മുടിപോകും, മുഖം മറയും തുടങ്ങിയ അപ്രധാനകാരണങ്ങള്‍ നിരത്തി ഹെല്‍മെറ്റ് ഉപേക്ഷിക്കുന്നവരാണ്. തീരെ ചെറിയ കാര്യത്തില്‍പ്പോലും സമൂഹത്തിനു മാറ്റമുണ്ടാക്കത്തക്കരീതിയില്‍ ഒരു തുടക്കം കുറിക്കാന്‍ സിനിമയ്ക്കു കഴിയാതെപോകുന്നത് എന്തുകൊണ്ടാണ്?
അതേസമയം, നായകന്‍ ഹെല്‍മെറ്റ് ധരിക്കുകയും അതുപയോഗിക്കാത്ത ഒരു കഥാപാത്രത്തോട് അതുപയോഗിക്കേണ്ടതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ടെങ്കില്‍ താരാരാധനയും സൂപ്പര്‍ ആരാധനയും തലയ്ക്കു പിടിച്ചിരിക്കുന്ന നമ്മുടെ സമൂഹത്തിലെ ചിലര്‍ക്കെങ്കിലും മാറിച്ചിന്തിക്കാന്‍ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടില്ലേ? അടുത്തകാലത്തു പുറത്തിറങ്ങിയ, ഇപ്പോഴും നല്ല രീതിയില്‍ ഓടുന്ന ഒരു സിനിമയുടെ പ്രതിപാദ്യം ലഹരിവേട്ടയാണ്. ലഹരിമരുന്നുപയോഗത്തെ പ്രോത്സാഹിപ്പിക്കുകയല്ല ഈ ചിത്രത്തിന്റെ ലക്ഷ്യമെന്ന് എഴുതിക്കാണിക്കുന്നുണ്ടെങ്കിലും സിനിമയുടെ ഒരു പ്രധാനതലത്തിലേക്ക് എത്തുമ്പോഴേക്കും ലഹരിയെ പ്രാധാന്യവത്കരിക്കുന്നതുപോലെയും അതിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതായുമാണ് ഒരു സാദാപ്രേക്ഷകന് അനുഭവപ്പെടുന്നത്.
പെണ്‍കുട്ടികളെ അവര്‍പോലും അറിയാതെ ലഹരിയുടെ അടിമകളാക്കുകയും അവരെ ചൂഷണം ചെയ്ത് വിലപിടിച്ചതെല്ലാം കൈക്കലാക്കുകയും ചെയ്യുന്ന ഒരു ഗ്രൂപ്പിനെ കാണിക്കുമ്പോഴും ആ ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മിലുളള അടുപ്പവും അറ്റാച്ച്‌മെന്റും സ്നേഹവുമായിരിക്കാം അത്തരം ചില താത്പര്യങ്ങള്‍ സൂക്ഷിക്കുന്ന ചെറുപ്പക്കാരനെ ആകര്‍ഷിക്കുന്നത്. മാത്രവുമല്ല, ചിത്രത്തിലെ നെഗറ്റീവ് ഷേഡ് കഥാപാത്രങ്ങള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നുമില്ല (ഇന്നത്തെ എണ്ണമറ്റ കേസുകളില്‍ സംഭവിക്കുന്നതും അതുതന്നെയാണ്. കുറ്റക്കാരെ പൊലീസ് അറസ്റ്റു ചെയ്യുന്നുവെങ്കിലും അവരാരും നീതിപീഠത്തിന്റെ മുമ്പാകെ ശിക്ഷിക്കപ്പെടുന്നില്ല. ഏതാനും ചില ദിവസത്തെ വാര്‍ത്തകള്‍ക്കപ്പുറം അവരുടെ കേസുകള്‍ക്ക് ആയുസ്സുമില്ല) പ്രത്യക്ഷത്തില്‍ പോസിറ്റീവാണെന്ന് അവകാശപ്പെടുകയും എന്നാല്‍, പരോക്ഷമായി നെഗറ്റീവ് മെസേജ് പ്രേക്ഷകര്‍ക്കു കൈമാറുകയും ചെയ്യുന്നവയായി ഇന്നത്തെ പല സിനിമകളും മാറിയിരിക്കുന്നു. സോദ്ദേശ്യപരമായ സിനിമകളുടെ കാലം അവസാനിച്ചെന്നു പറയാം. മൂല്യങ്ങള്‍ക്കു വിലകല്പിക്കാത്തതും നെഗറ്റീവായ പ്രവണതകള്‍ പ്രചരിപ്പിക്കപ്പെടുന്നതുമായ സിനിമകളാണ് നമ്മുടെ വര്‍ത്തമാനത്തില്‍ നിറയുന്നത്. അവയെല്ലാം യുവജനങ്ങളെ ടാര്‍ജറ്റ് ചെയ്തുകൊണ്ടുള്ളവയുമാണ്. ഒരു കാലത്തു മലയാളത്തില്‍ ഇറങ്ങിയതും വിജയിക്കുന്നതുമായ ചിത്രങ്ങളെല്ലാം കുടുംബചിത്രങ്ങളായിരുന്നു അല്ലെങ്കില്‍ രസിപ്പിക്കുന്ന വിധത്തിലുള്ളവയായിരുന്നു. കുടുംബസമേതം കാണുന്നതില്‍ പേടിക്കേണ്ടതില്ലാത്ത ചിത്രങ്ങള്‍. അവ വിജയിപ്പിച്ചതെല്ലാം കുടുംബങ്ങളായിരുന്നു, സ്ത്രീകളായിരുന്നു. ആളൊഴിഞ്ഞ ഇരിപ്പിടങ്ങളോടെ പ്രദര്‍ശനം ആരംഭിച്ച പല സിനിമകളും പതുക്കെപ്പതുക്കെ ഹിറ്റുകളിലേക്കും സൂപ്പര്‍ഹിറ്റുകളിലേക്കും ഉയര്‍ന്നതിന്റെ പല കഥകളും മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. റാംജിറാവ് സ്പീക്കിങ്ങും ആകാശദൂതും പോലെയെത്രയെത്ര ഉദാഹരണങ്ങള്‍!
ഇന്നു തീയറ്ററുകളില്‍ സകുടുംബം എത്തുന്നവര്‍ വളരെ കുറഞ്ഞിരിക്കുന്നു. ഒടിടിയും യൂട്യൂബും മാത്രമല്ല വര്‍ധിച്ച ജീവിതച്ചെലവുകളും ഒരു ഇടത്തരം കുടുംബത്തെ തീയറ്ററുകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നുണ്ട്. പതിനഞ്ചുവയസ്സില്‍ താഴെയുള്ള മക്കളുള്ള മാതാപിതാക്കള്‍മാത്രമാണ് ഇന്നു തീയറ്ററുകളില്‍ സകുടുംബം എത്തുന്നത്. മുതിര്‍ന്ന മക്കള്‍ കൂട്ടുകാരൊപ്പം സിനിമയ്ക്കുപോകുന്നു. അവര്‍ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള സിനിമകള്‍ കാണുന്നു. അങ്ങനെ യൂത്താണ് ഇന്നു സിനിമയുടെ വിജയം നിശ്ചയിക്കുന്നത് എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതുകൊണ്ടാണ് അവരുടെ ടേസ്റ്റിനനുസരിച്ച് സിനിമ ഇന്നു പരുവപ്പെടുന്നത്. യൂത്തന്മാരായ ഡയറക്‌ടേഴ്‌സും തിരക്കഥാകൃത്തുക്കളുമാണ് അത്തരം സിനിമകള്‍ പടച്ചുവിടുന്നത്.
ഒരുകാലത്ത് കുടുംബചിത്രങ്ങളുടെ സംവിധായകര്‍ എന്നു പേരെടുത്ത എത്ര പേര്‍ ഇന്നു സജീവമായിട്ടുണ്ട്? അവര്‍ക്കു ചിത്രങ്ങളില്ല. അവരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പുതിയ താരങ്ങള്‍ക്കു താത്പര്യവുമില്ല. പുതിയ കാലത്തിനനുസരിച്ചു പുതിയ കരുക്കള്‍ നിരത്താന്‍ കഴിയാതെപോയ പ്രതിഭാധനരായ അത്തരം സംവിധായകരൊക്കെ ഷെഡ്ഡില്‍ കയറിയിട്ട് നാളുകളേറെയായി. തിരിച്ചുവരാനുള്ള ആഗ്രഹത്തിന്റെ ഭാഗമായി അവര്‍ നടത്തുന്ന ശ്രമങ്ങള്‍ അമ്പേ പരാജയപ്പെടുന്നതും നാം കാണുന്നു. കമലിന്റെ 'വിവേകാനന്ദന്‍ വൈറലാണ്', സിബി മലയിലിന്റെ 'കൊത്ത്' പോലെയുള്ള സിനിമകള്‍ ഉദാഹരണങ്ങള്‍. അവിടെയാണ് ന്യൂജന്‍ സംവിധായകരും അഭിനേതാക്കളും വിജയക്കൊടി നാട്ടുന്നത്.
ഇനി മലയാളസിനിമയില്‍ ഒരു കുടുംബചിത്രം ഉണ്ടാവുമോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു 'വാത്സല്യ'മോ 'അരയന്നങ്ങളുടെ വീടോ' ഇവിടെ അസംഭവ്യമാണെന്നുതന്നെ പറയേണ്ടിവരും. രക്തബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും കഥകള്‍ കേള്‍ക്കാന്‍ ഇവിടെ പ്രേക്ഷകരില്ലാതെയായിരിക്കുന്നു. കാരണം, കുടുംബം എന്ന വ്യവസ്ഥയ്ക്കുതന്നെ ഇന്ന് ഇളക്കംതട്ടിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്തിറങ്ങിയ രണ്ടു ചിത്രങ്ങളുടെ പേരുകള്‍ നോക്കൂ: നാരായണീന്റെ മൂന്നാണ്‍മക്കള്‍, ഔസേപ്പിന്റെ ഒസ്യത്ത്. പേരുകേള്‍ക്കുമ്പോള്‍ത്തന്നെ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്: കുടുംബചിത്രങ്ങളാണ്. പക്ഷേ, തീയറ്ററുകളില്‍ ഭേദപ്പെട്ട അനക്കമൊന്നും ഉണ്ടാക്കാന്‍ നാരായണിക്കു സാധിച്ചില്ല. ഔസേപ്പിന്റെ വിധി വരുംദിവസങ്ങളില്‍ പുറത്തുവരികയും ചെയ്യും. പറഞ്ഞുവരുന്നത്, കുടുംബചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ ആകര്‍ഷണം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി കുടുംബചിത്രമാണെങ്കില്‍ത്തന്നെ കിഷ്‌ക്കിന്ധാകാണ്ഡംപോലെ ത്രില്ലറോ ആര്‍ഡിഎക്സ് പോലെ ആക്ഷനോ ആയിരിക്കുകയുംവേണം. കുടുംബചിത്രങ്ങളില്‍പ്പോലും വയലന്‍സ് കുത്തിത്തിരുകുന്ന കാഴ്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. സൂക്ഷ്മദര്‍ശിനി എന്ന ഹിറ്റ്ചിത്രം നോക്കൂ. കുടുംബത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാന്‍വേണ്ടി മകളെ കൊല്ലാന്‍ മകനോടാവശ്യപ്പെടുകയും ആ മൃതദേഹം കഷണങ്ങളായി മുറിച്ച് രാസലായനിയില്‍ ലയിപ്പിക്കുകയും ചെയ്യുന്നതാണു ചിത്രം. ബന്ധങ്ങളുടെ മൂല്യം നഷ്ടപ്പെടുന്ന വിധത്തില്‍ കുടുംബചിത്രങ്ങള്‍പോലും മാറിയിരിക്കുന്നു.
വര്‍ത്തമാനകാലത്തിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍, അവയ്ക്കു പിന്നിലെ സംഭവങ്ങളെ അപഗ്രഥിക്കുമ്പോള്‍ നാം മനസ്സിലാക്കുന്നത്, കുടുംബങ്ങളുടെ തകര്‍ച്ചയാണ് ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത് എന്നാണ്. രണ്ടു സംഭവങ്ങള്‍മാത്രം പറയാം. ബിസിനസ്പരാജയത്തെത്തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിപ്പോയി ആറേഴു വര്‍ഷത്തോളം നാടുമായോ കുടുംബവുമായോ ബന്ധമില്ലാതെപോയ ഒരു കുടുംബനാഥന്‍. അമ്മയും മകനും ചേര്‍ന്നുനടത്തിയ സാമ്പത്തികഇടപാടുകള്‍ തങ്ങളുടെ വരുതിയില്‍ നില്ക്കുന്നവയല്ലെന്നു ബോധ്യമായപ്പോള്‍ അവിടെ കൂട്ടക്കൊലപാതകത്തിനു വഴിയൊരുങ്ങുന്നു. വരുമാനം അറിഞ്ഞ് ജീവിക്കാനും മക്കളെ നേര്‍വഴിക്കു നയിക്കാനും മാതാപിതാക്കള്‍ക്കു സാധിക്കാതെ പോകുന്നതുകൊണ്ടുകൂടിയാണ് മക്കള്‍ വലിയ തെറ്റുകളില്‍ചെന്നു പതിക്കുന്നത്.. പത്താംക്ലാസുകാരനെ മര്‍ദിച്ചുകൊന്ന സംഘത്തിലെ പത്താംക്ലാസുകാരുടെ കുടുംബങ്ങളിലെ സ്ഥിതിയും ഭിന്നമല്ല. കുടും0ബങ്ങളില്‍നിന്നു നല്ല മാതൃകകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ സിനിമകളുടെ സ്വാധീനം മക്കളെ വഴിതെറ്റിക്കുമെന്ന് ഉറപ്പുതന്നെയാണ്.
അവധിക്കാലം വരാന്‍ പോവുകയാണല്ലോ. ടിവിയുടെയും മൊബൈലിന്റെയും ലോകത്തിലേക്കു കുട്ടികളെ അഴിച്ചുവിടുന്നതിനുപകരം ഇടവകതലത്തിലും സ്‌കൂള്‍തലത്തിലും ഈ സമയം നല്ല സിനിമകളുടെ പ്രദര്‍ശനം നടത്തുന്നത് ഉചിതമായിരിക്കും. കുട്ടികള്‍ നല്ല സിനിമകള്‍ കാണട്ടെ. കിം കി ഡുക്ക് മാത്രമല്ല സംവിധായകന്‍. മജീദ് മജീദിയെപ്പോലെയുള്ള സംവിധായകരുമുണ്ട്. കൊറിയന്‍സിനിമകള്‍മാത്രമല്ല സിനിമകള്‍. നല്ല ഇറാനിയന്‍ സിനിമകളുമുണ്ട്. അവരുടെ സിനിമകളുമായുള്ള പരിചയം പുതിയൊരു ചലച്ചിത്രസംസ്‌കാരം രൂപപ്പെടുത്താന്‍ യുവതലമുറയെ സഹായിക്കും. അങ്ങനെ പുതിയ ചലച്ചിത്രാസ്വാദനങ്ങള്‍ ഉണ്ടാകട്ടെ. മാര്‍ക്കോയും ആനിമലും കില്ലും ആര്‍ഡിഎക്സും അവതരിപ്പിക്കുന്നതല്ല യഥാര്‍ഥസിനിമയെന്ന് വരുംതലമുറ കണ്ടുമനസ്സിലാക്കട്ടെ. സിനിമയിലെ നല്ലതിനെക്കാള്‍ സിനിമയിലെ മോശമാണ് കുട്ടികളെ സ്വാധീനിക്കുന്നത് എന്നത് ഉറപ്പ്. പക്ഷേ, നല്ല സിനിമയിലെ നല്ല ആശയത്തിനു നൂറില്‍ ഒരാളെയെങ്കിലും മെച്ചപ്പെട്ട മനുഷ്യനും ഉത്തരവാദിത്വബോധമുള്ള പൗരനുമാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ? അതുകൊണ്ട് ഒരുകാലത്തു നമ്മുടെ നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്ന ചലച്ചിത്രക്കളരികളും ഫിലിംപ്രദര്‍ശനങ്ങളും മൂല്യാധിഷ്ഠിതതലമുറയ്ക്കുള്ള പ്രവേശകമായിമാറിയതുപോലെ പുതിയ കാലത്തില്‍ അത്തരം ചില മാതൃകകള്‍ പിന്തുടരുന്നതു നല്ലതായിരിക്കുമെന്നു തോന്നുന്നു.