മാര്‍ക്കോസിനിമയെ മാര്‍ക്കറ്റ് ചെയ്തിരുന്നത് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്ന പേരില്‍ത്തന്നെയായിരുന്നു. അക്കാരണത്താല്‍ മിനിമംധാരണയോടെയായിരുന്നു ആളുകള്‍ ആ സിനിമയ്ക്കു പോയത്. വയലന്‍സ് കണ്ടാല്‍ തല കറങ്ങുന്നവര്‍ക്കും പേടി തോന്നുന്നവര്‍ക്കും സിനിമ കാണാതിരിക്കാമായിരുന്നു. അതേസമയം, വയലന്‍സിനോട് ഇഷ്ടമുള്ളവര്‍ക്കാകട്ടെ, വേണമെങ്കില്‍ കാണുകയും ചെയ്യാം. 16+ ആയതുകൊണ്ട് കുട്ടികളെ സിനിമ കാണിക്കാതിരിക്കുന്നതിനുള്ള വിവേകം പുലര്‍ത്താന്‍ മാതാപിതാക്കള്‍ക്കും കഴിഞ്ഞിരുന്നു. അതുപോലെതന്നെ മുറ, പണി എന്നീ പേരുകള്‍ കേള്‍ക്കുമ്പോഴും അതിന്റെ ഇതിവൃത്തം എന്തായിരിക്കാം എന്നൊരു ധാരണ പ്രേക്ഷകര്‍ക്കു ലഭിച്ചിരുന്നു.
എന്നാല്‍, അങ്ങനെയൊന്നും ലഭിക്കാതിരിക്കുകയും ശീര്‍ഷകത്തിലൂടെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയും കുടുംബചിത്രമാണെന്ന തോന്നലുണ്ടാക്കുകയും എന്നാല്‍, കുടുംബവിരുദ്ധമായ ആശയം സമര്‍ഥമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് മാര്‍ക്കോയെക്കാള്‍ ഭീകരമായ ചിത്രമായി മാറിയിരിക്കുകയാണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍. മാര്‍ക്കോ പരസ്യമായി വയലന്‍സ് രേഖപ്പെടുത്തിയെങ്കില്‍ നാരായണീന്റെ മൂന്നാണ്‍മക്കളില്‍ മനംമടുപ്പിക്കുന്ന വിധത്തിലുള്ള ബാഹ്യമായ അക്രമങ്ങള്‍ ഒന്നുമില്ല. പക്ഷേ, പ്രസ്തുതചിത്രം ആശയപരമായി ആന്തരികമായ അക്രമത്തിനും സദാചാരധ്വംസനത്തിനും ധാര്‍മികവിരുദ്ധതയ്ക്കുമാണ് തിരികൊളുത്തുന്നത്.
പണ്ടുമുതല്ക്കേ മലയാളസിനിമയില്‍ പറഞ്ഞുപോന്നിട്ടുള്ള ഒരു ഇതിവൃത്തം പശ്ചാത്തലമാക്കി പുതിയകാലത്തെ സഹോദരബന്ധങ്ങളെയും സ്ത്രീപുരുഷബന്ധങ്ങളെയും ആവിഷ്‌കരിക്കാനാണ് ഈ ചിത്രത്തില്‍ ശ്രമിച്ചിരിക്കുന്നതെങ്കിലും അതു പ്രേക്ഷകന്റെ ഉള്ളിലെ സകല നന്മയെയും ചോര്‍ത്തിക്കളയുന്നവിധത്തിലും ജുഗുപ്‌സാവഹമായ വിധത്തിലുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നാരായണീന്റെ മൂന്നാണ്‍മക്കളുടെ ഇതിവൃത്തം പരിശോധിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മയിലേക്കു വരുന്നത് എംടി - ഐ വി ശശി ടീമിന്റെ ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയാണ്. മാധവന്‍ മാസ്റ്റര്‍ മരണാസന്നനാകുമ്പോള്‍ നഗരത്തില്‍നിന്ന് മക്കളും മരുമക്കളും എത്തിച്ചേരുന്നു. മരണം നീണ്ടുപോകുന്നതില്‍ അവര്‍ അസ്വസ്ഥരാകുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളും ഈ സിനിമയില്‍ വരച്ചുകാണിക്കുമ്പോള്‍ത്തന്നെ നിസ്വാര്‍ഥസ്നേഹത്തിന്റെ മെഴുകുതിരിവെട്ടങ്ങളും അതു കാണിച്ചുതരുന്നുണ്ടായിരുന്നു. പുതിയ തലമുറയുടെ സമയമില്ലായ്മയും ബന്ധങ്ങളില്‍ സംഭവിച്ച ഇടര്‍ച്ചകളും നന്ദികേടുകളും സ്വാര്‍ഥതകളുമൊക്കെ ആ സിനിമ ഹൃദ്യമായി വരച്ചുകാണിച്ചിരുന്നു. സകലരും ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീരുന്നതുപോലെ അമ്മുക്കുട്ടി മാധവന്‍മാസ്റ്ററുടെ സംരക്ഷണം ഏറ്റെടുക്കുന്ന രീതിയിലാണ് സിനിമ അവസാനിക്കുന്നത്. എവിടെയൊക്കെയോ ആ സിനിമ പ്രേക്ഷകരെ വിമലീകരിക്കുന്നുണ്ടായിരുന്നു. ചില തിരിച്ചറിവുകള്‍ പ്രേക്ഷകനു നല്കുന്നുമുണ്ടായിരുന്നു. തിരുത്താനുള്ള പ്രചോദനം നല്കുന്നുണ്ടായിരുന്നു.
കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും സംഗമമായിരുന്നു ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ പറഞ്ഞത്. ഒരു അവധിക്കാലത്തു സംഭവിക്കുന്ന കഥയായിട്ടാണ് ആ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും തെറ്റുധാരണയും വിരഹവും കൂട്ടുകുടുംബങ്ങളുടെ ഊഷ്മളതയുമൊക്കെ അതില്‍ പ്രകടമായിരുന്നു. ചെറിയൊരു നോവുണര്‍ത്തിമാത്രമേ ആ സിനിമ കണ്ടുതീര്‍ക്കാന്‍ കഴിയുമായിരുന്നുള്ളൂ. അരയന്നങ്ങളുടെ വീട്, തിങ്കളാഴ്ച നല്ല ദിവസം എന്നിങ്ങനെ പല സിനിമകളും വിദൂരങ്ങളില്‍നിന്നുള്ള ബന്ധങ്ങളുടെ കൂടിച്ചേരലും അവിടെ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളും സമ്യക്കായി ആവിഷ്‌കരിച്ചവയായിരുന്നു. ഇതുപോലെ പേരെടുത്തുപറയാന്‍ വേറേയും ചിത്രങ്ങളുണ്ടാവാം.
എന്നാല്‍, അതൊന്നുമല്ല നാരായണീന്റെ മൂന്നാണ്‍മക്കള്‍. സാഹോദര്യത്തോടു നിര്‍വികാരത പുലര്‍ത്തുന്നവര്‍. ആര്‍ക്കും ആരെയും ഇഷ്ടമില്ല. എല്ലാം ചില കടമനിര്‍വഹിക്കലുകള്‍മാത്രം. മരണാസന്നയായ അമ്മയെ കാണാനും സംസ്‌കാരകര്‍മത്തില്‍ പങ്കെടുത്ത് തിരികെ വിദേശത്തേക്കും ജോലിസ്ഥലത്തേക്കും മടങ്ങാനുമായി നാട്ടിലെത്തിച്ചേരുന്ന രണ്ട് ആണ്‍മക്കളും അമ്മയെ പരിചരിക്കുന്ന നാട്ടിന്‍പുറത്തുകാരനും അവിവാഹിതനുമായ മറ്റൊരു മകനും. അവരാണ് നാരായണീന്റെ മൂന്ന് ആണ്‍മക്കള്‍. ഇന്നല്ലെങ്കില്‍ നാളെ മരിക്കാം എന്ന രീതിയില്‍ വൈദ്യശാസ്ത്രം വിധി പ്രസ്താവിച്ചിരിക്കുന്ന മരണാസന്നയായ അമ്മയെ ആ അവസ്ഥയിലും കൊല്ലാന്‍ ശ്രമിക്കുന്ന മക്കളാണ് ചിത്രത്തിലുള്ളത്. മൂന്നാമത്തെ മകന്‍ അമ്മയെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആ ശ്രമം വിജയിക്കുമോയെന്ന് ആകാംക്ഷയോടെ നോക്കിനില്ക്കുന്ന, ശ്രമം പരാജയപ്പെട്ടതില്‍ ഇച്ഛാഭംഗം നേരിട്ട മൂത്ത സഹോദരന്‍ പറയുന്നത്, നിന്നെക്കൊണ്ട് അതിനു കൊള്ളില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാനും നോക്കിയതാ നടന്നില്ല എന്നാണ്. എന്തൊരു രക്തബന്ധം!
ഈ രണ്ടുമക്കളുടെയും ബാധ്യതയല്ല അമ്മ. അമ്മയ്ക്കു രോഗം മൂര്‍ച്ഛിച്ചപ്പോള്‍മാത്രം വന്നവരാണവര്‍. അവധി കഴിയുമ്പോള്‍ അവര്‍ക്കു നിഷ്പ്രയാസം മടങ്ങിപ്പോകാവുന്നതേയുള്ളൂ. എന്നിട്ടും തങ്ങള്‍ക്കു യാതൊരുവിധത്തിലുള്ള ബാധ്യതയുമാകാത്ത അമ്മയുടെ ജീവന്‍ കവര്‍ന്നെടുക്കാനാണ് മക്കള്‍ ശ്രമിക്കുന്നത്. നേര്‍ക്കുനേരേ പൊരുതാന്‍ കഴിവുള്ള എതിരാളിയെ കൊന്നൊടുക്കുന്ന മാര്‍ക്കോയെക്കാള്‍ നാരായണിക്കുനേരേ നടക്കുന്ന വധശ്രമം ഭീതിപ്പെടുത്തുന്നത് ദുര്‍ബലമായ ജീവനുനേരേയാണ് അതിലെ ആക്രമണം എന്നതുകൊണ്ടാണ്; കുടുംബങ്ങളില്‍ അത്തരത്തിലുള്ള സാധ്യതകള്‍ അവശേഷിക്കുന്നു എന്നതുകൊണ്ടാണ്. ശയ്യാവലംബിയായി കഴിയുന്ന വൃദ്ധമാതാപിതാക്കളുടെയോ അല്ലെങ്കില്‍ മറ്റുള്ളവരുടെയോ ജീവനുനേരേ ഇത്തരത്തിലുള്ള ആക്രമണം നടത്താന്‍ ഒരാള്‍ക്കെങ്കിലും പ്രേരണ നല്കിയേക്കാം എന്നു ഭയപ്പെടുന്നതുകൊണ്ടുമാണ്. തീര്‍ന്നില്ല, നാരായണീടെ കുടുംബത്തിലെ മറ്റു വിശേഷങ്ങള്‍.
സഹോദരന്റെ മക്കളുമായി കഞ്ചാവു വലിക്കാന്‍ സന്നദ്ധനാകുകയും അവര്‍ കഞ്ചാവു വലിക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള അസ്വാഭാവികതയും പ്രകടിപ്പിക്കാത്ത ആളുമാണ് സേതു എന്ന കഥാപാത്രം.. സഹോദരന്മാര്‍ തമ്മില്‍ ചെറുപ്പംമുതല്‍ക്കേ സാഹോദര്യത്തിലായിരുന്നില്ല എന്നാണ് ചിത്രം പറയുന്നത്. തങ്ങളെക്കാള്‍ പഠിപ്പുകുറവുള്ള സഹോദരനെ പൊട്ടന്‍ എന്നു വിളിച്ച് അധിക്ഷേപിക്കുകയാണ് മറ്റു രണ്ടുപേര്‍. ചെറുപ്പംമുതല്‍ക്കേയുള്ള വൈരം അവര്‍ ഈ അവസ്ഥയിലും മറന്നുപോകാതെ കാത്തുസൂക്ഷിക്കുന്നുമുണ്ട്. അതോടൊപ്പം അവര്‍ക്കിടയില്‍ സ്വത്തിനുവേണ്ടിയുള്ള ദാഹമുണ്ട്. അവകാശപ്പെട്ടതു കൊടുക്കാതിരിക്കാനുള്ള ശ്രമങ്ങളുണ്ട്. അവകാശപ്പെട്ടതു പിടിച്ചുവാങ്ങാനുള്ള ശ്രമങ്ങളുണ്ട്. അവരുടെ മക്കള്‍ മാതാപിതാക്കളെക്കുറിച്ചു നടത്തുന്ന നിരീക്ഷണമനുസരിച്ചാണെങ്കില്‍ ഒരാള്‍ അകം വെളിപ്പെടുത്താതെ ജീവിക്കുന്നവനും മറ്റെയാള്‍ ഉള്ളതുപോലെയും മറച്ചുവയ്ക്കാതെയും രോഷം പ്രകടിപ്പിക്കുന്നയാളും.
ദാമ്പത്യബന്ധങ്ങളും അത്ര ഹൃദ്യമായ വിധത്തിലൊന്നുമല്ല ആവിഷ്‌കരിച്ചിരിക്കുന്നത്. അമ്മയും മകളും തമ്മിലുളള സംഘര്‍ഷമാണ് മറ്റൊരു തലം. പരസ്പരം ഈഗോയിസ്റ്റുകളാണ് അമ്മയും മകളും. ഇതിനെല്ലാം പുറമേയാണ് സഹോദരമക്കള്‍ തമ്മിലുളള അവിശുദ്ധബന്ധം. യാതൊരു കുറ്റബോധവും ഇല്ലാതെ വളരെ സ്വാഭാവികമായ സ്ത്രീപുരുഷ ആകര്‍ഷണംപോലെയാണ് അതു ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ചേച്ചിയെന്നു വിളിക്കാവുന്ന പിതൃസഹോദരപുത്രിയുമായിട്ടാണ് ഈ ബന്ധം. അനിയനെപ്പോലെ കരുതാവുന്ന ആണൊരുവനോടാണ് അവള്‍ അതിരുകളില്ലാതെ പെരുമാറുന്നത്. രണ്ടുപേര്‍ക്കും ബ്രേക്ക് അപ്പായ ചില സ്നേഹബന്ധങ്ങളുടെ കഥകളുമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ നന്മയെന്നു പറയാവുന്ന ഒരു ഘടകവും ഇതിലെ ഒരു കഥാപാത്രങ്ങളിലും കാണാന്‍ കഴിയുന്നില്ല. സേതുവെന്ന കഥാപാത്രത്തിലെ ചില അംശങ്ങളൊഴിച്ച്. പുറത്തേക്കുളള എല്ലാ വാതിലുകളും കൊട്ടിയടച്ച് ഇരുട്ടില്‍ ദുര്‍ഗന്ധം ശ്വസിച്ചുകഴിയുന്ന അവസ്ഥയായിരുന്നു ഈ ചിത്രം കണ്ടപ്പോള്‍ അനുഭവിച്ചത്.
രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുളള ചിത്രത്തിലെ ലൈംഗികബന്ധത്തെ ന്യായീകരിക്കുന്ന വിധത്തിലുള്ള പല കുറിപ്പുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാണ്. കേരളത്തില്‍ ഒരു കാലത്ത് സജീവമായുണ്ടായിരുന്നതും മലയാളസിനിമയില്‍ പലതവണ ആവര്‍ത്തിച്ചിട്ടുള്ളതുമായ മുറപ്പെണ്ണ് - മുറച്ചെറുക്കന്‍ ബന്ധം സാധൂകരിക്കാമെങ്കില്‍ എന്തുകൊണ്ട് സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള ലൈംഗികബന്ധം എതിര്‍ക്കപ്പെടണം എന്നാണ് ഇവരുടെ വാദം. ദയാവധത്തിനും ഗര്‍ഭച്ഛിദ്രത്തിനും നിയമപരിരക്ഷ ആവശ്യപ്പെടുകയും രാസലഹരിയുടെ മറവില്‍ ഏതുവിധത്തിലുള്ള അക്രമവും നടത്താന്‍ തയ്യാറാവുകയും ചെയ്യുന്ന ഒരു യുവതലമുറ രൂപപ്പെട്ടുവരുമ്പോള്‍ ഇത്തരം ന്യായീകരണങ്ങള്‍പോലും നമ്മെ ഞെട്ടിക്കാതെ വരുന്നുണ്ട്. ഒരു സുഹൃത്ത് സംസാരിച്ചപ്പോള്‍ അഭിപ്രായപ്പെട്ടതുപോലെ നോര്‍മലായ കാര്യങ്ങള്‍ ചെയ്യാനല്ല ഇന്നു ചെറുപ്പക്കാര്‍ക്കു താത്പര്യം. അബ്നോര്‍മാലിറ്റികളെ നോര്‍മലൈസ് ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. അത്തരമൊന്നിന്റെ ഭാഗമായാണ് ഈ ചിത്രത്തിലെ രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മിലുളള ലൈംഗികതയെ അവര്‍ ന്യായീകരിക്കുന്നത്. രക്തബന്ധത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കു ജനിതകപരമായ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ് എന്ന വിധത്തിലുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലംകൂടിയാണിത്.
മാത്രവുമല്ല, ഇന്നു മുറപ്പെണ്ണ് - മുറച്ചെറുക്കന്‍ വിവാഹങ്ങള്‍ എവിടെയാണ് വ്യാപകമായിരിക്കുന്നത്? അറിവില്ലായ്മകളുടെ കാലത്ത് അത്തരം ബന്ധങ്ങള്‍ നടന്നിട്ടുണ്ട് എന്നതു വാസ്തവം. പക്ഷേ, അവയൊക്കെ ഇപ്പോള്‍ കാലഹരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിലാണ് മറ്റൊരുതരത്തിലുളള അഗമ്യഗമനത്തിനുള്ള പ്രചോദനവുമായി ഇത്തരം ചിത്രങ്ങള്‍ വരുന്നത്. ബന്ധങ്ങളുടെ വിലയും പ്രസക്തിയും മൂല്യവും തിരിച്ചറിയാതെ മക്കളെ വളര്‍ത്തുന്ന മാതാപിതാക്കളും ഇക്കാര്യത്തില്‍ പ്രതികളാണ് എന്നു പറയേണ്ടിയിരിക്കുന്നു. ആദ്യമായി കാണുന്ന രക്തബന്ധമുള്ളവര്‍ തമ്മില്‍ സാഹോദര്യത്തിനു പകരം കാമം തോന്നുന്നുവെങ്കില്‍ പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ മാനസികാരോഗ്യത്തിനു കുഴപ്പമുണ്ടെന്നല്ലേ തെളിയുന്നത്? അതുപോലെ ആ രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ടുവന്ന മാതാപിതാക്കളും ഇക്കാര്യത്തില്‍ കുറ്റക്കാരല്ലേ?
മുമ്പൊരു ലേഖനത്തില്‍ നാരായണീന്റെ മൂന്നാണ്‍മക്കളെ ഒരു കുടുംബചിത്രമായി പരാമര്‍ശിച്ചുപോയതില്‍ ഖേദിക്കുന്നു. തീയറ്ററില്‍ പോയി പടം കണ്ടിരുന്നില്ല. കുടുംബചിത്രം എന്ന നിലയിലാണ് ചില റിവ്യൂ കണ്ടിരുന്നതും. അത്തരമൊരു തെറ്റുധാരണയിലാണ് ആ ലേഖനത്തില്‍ പ്രസ്തുത ചിത്രത്തെക്കുറിച്ചു പരാമര്‍ശിച്ചു കടന്നുപോയത്. പക്ഷേ, ഒടിടിയിലെത്തിയപ്പോഴാണ് അത് ഏതുതരത്തിലുള്ള സിനിമയായിരുന്നുവെന്നു തിരിച്ചറിഞ്ഞത്. ഇത് ഒരു കാര്യംകൂടി ബോധ്യപ്പെടുത്തി. സ്വന്തമായി കണ്ടു വിലയിരുത്താതെ ഒരു സിനിമയെക്കുറിച്ച് ഒരാളും ഒരു നിഗമനത്തിലെത്തരുത്. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമാണല്ലോ.