•  3 Apr 2025
  •  ദീപം 58
  •  നാളം 5
അതിജീവനത്തിന്റെ സ്ത്രീ മുഖങ്ങള്‍

അമ്മനോവ്

   ഉചിതമായ രീതിയില്‍ നിരീക്ഷിച്ചാല്‍ നമുക്കു മനസ്സിലാകും, കണ്ടുമുട്ടുന്ന മനുഷ്യരെല്ലാം ഓരോ കഥകളാണെന്ന്. രാവും പകലും കൂട്ടിമൂട്ടിക്കണമെങ്കില്‍ നമുക്ക് അതിന്റെ ഇടയില്‍ കഠിനമായ അധ്വാനം വേണം. എല്ലാ ദിവസവും മനുഷ്യരെ സംബന്ധിച്ച് ഒരുപോലെ ആയിരിക്കണമെന്നില്ലല്ലോ. മധ്യവേനലവധി  തുടങ്ങിയിരുന്നു. സൂര്യന്‍ മനുഷ്യനെ കുളിപ്പിച്ച് ഉണക്കിയെടുക്കുന്ന സമയം. അടുക്കളയുടെ പിന്‍വാതിലിന്റെ ഇറയത്താണ് മൈലാഞ്ചിയും മാവും  കെട്ടിപ്പിടിച്ചു നില്‍ക്കുന്നത്. അതില്‍ മാവ് പുരുഷനും മൈലാഞ്ചിച്ചെടി പെണ്ണുമാണെന്ന് ഞാന്‍ വിശ്വസിച്ചുപോന്നു. രാവിലത്തെ കാപ്പി കഴിഞ്ഞ് ഞാന്‍ പര്യമ്പുറത്തിരുന്ന് മുന്നില്‍ നിറഞ്ഞ പച്ചപ്പിലേക്കു സ്വപ്നം വിതറിയിട്ട് അങ്ങനെ ഇരിക്കുകയായിരുന്നു. 'പഴേ സാധനങ്ങള് വില്‍ക്കാനുണ്ടോ' എന്ന തമിഴ്‌വിളിയില്‍ മകള്‍ വന്ന് ചിരിച്ചോണ്ടു പറഞ്ഞു, 'അമ്മേനെ ചോദിച്ചോണ്ട് ഒരു തമിഴത്തി വന്നിട്ടുണ്ടെ'ന്ന്. എനിക്കെന്തുകൊണ്ടോ എന്റെ ഇരിപ്പുസുഖം മുറിക്കാന്‍ തോന്നിയില്ല. 
'ഇങ്ങോട്ടേക്കു പറഞ്ഞുവിട്' എന്ന മറുപടി കൊടുത്ത് ഞാന്‍ ചുമരില്‍ ചാരിയിരുന്നു.
വെയില്‍വെട്ടത്തില്‍ മിന്നിത്തിളങ്ങുന്ന മൂക്കുത്തിയും അലക്കിപ്പഴകിയ മഞ്ഞബ്‌ളൗസും, പൂക്കളുള്ള പച്ചസാരിയുമണിഞ്ഞ് അവള്‍ എന്റെ മുന്നില്‍ നിന്നു.
തിളങ്ങുന്ന, എണ്ണയിട്ട തലമുടി ചീകിക്കെട്ടിയിരിക്കുന്നു ഞാനവളെ നോക്കി ചിരിച്ചു. കുറച്ചു നാളുകളായി എനിക്കു പരിചയമുള്ള മുഖം. ഞാന്‍ പ്ലാസ്റ്റിക് ചാക്കിലാക്കി വച്ചിരിക്കുന്ന പൊട്ടിയ വക്കുള്ള പാത്രങ്ങളും ചില്ലുകുപ്പികളും, ശേഖരിച്ച് വീടിന്റെ പിന്‍വശവരാന്തകളെ അവള്‍ വൃത്തിയാക്കിയിരുന്നതിനാല്‍  ഞാന്‍ അവളോടു നല്ല സൗഹൃദം കാണിച്ചിരുന്നു. ''സാധനമെല്ലാം ഞാന്‍ എടുക്കട്ടെ ചേച്ചി'' അവള്‍ എന്നോടു ചോദിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ത്തന്നെ കൈയിലുണ്ടായിരുന്ന ചാക്കുകെട്ടിലേക്ക് ഓരോന്നായി കിലുക്കിയും കുലുക്കിയും ഇട്ടുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇരുന്നുകൊണ്ടുതന്നെ അവളുടെ ഒതുങ്ങിയ വയറും പാകത്തിനു വലുപ്പമുള്ള കൈകാലുകളും സസൂക്ഷ്മം നോക്കിക്കൊണ്ടിരുന്നു. പണിയെടുത്ത് ഒതുങ്ങിയ ശരീരം. എങ്ങനെയെങ്കിലും ജിമ്മില്‍ പോയി വയറു കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഞാന്‍ എന്നോടുതന്നെ പറഞ്ഞു:
''കണ്ടുപഠിക്ക്.''
അവളുടെ ചലനങ്ങളിലേക്കുതന്നെ ഞാന്‍ കണ്ണോടിച്ചുകൊണ്ടിരുന്നു. ''നിങ്ങള്‍ക്ക് എല്ലാ ദിവസവും ഇതുതന്നെയാണോ ജോലി?'' ഒരു ചോദ്യത്തിനുവേണ്ടി കാത്തിരുന്നതുപോലെ അവള്‍ തീവണ്ടിയോളം നീളമുള്ള ഉത്തരം എന്റെ മുന്നിലേക്കോടിച്ചുവിട്ടു.
'അതേ ചേച്ചി, മക്കള് സ്‌കൂളിലോട്ടു പോയിക്കഴിഞ്ഞാല് ഞാനും ഭര്‍ത്താവും വീടുപൂട്ടി ഇറങ്ങും. പത്തുനൂറു വീട് കേറിയാലാണ് ചാക്കുനിറയുക. ഇപ്പോ എല്ലാ വീട്ടിലും പച്ചയുടുപ്പിട്ട പെണ്ണുങ്ങളല്ലേ ഇതൊക്കെ വാങ്ങിക്കുന്നത്. ഞങ്ങളെ വീട്ടില്‍ കയറ്റാന്‍ എല്ലാര്‍ക്കും മടിയാണ്. മുക്കത്തു വന്നിട്ട് മുപ്പതു വര്‍ഷം കഴിഞ്ഞു. എന്റെ  അപ്പാവും അവരും ഒരുമിച്ചു തുടങ്ങിവച്ച ബിസിനസാ. ഇതിപ്പോ നിര്‍ത്താന്‍ മക്കള്‍ പറയുവാ ചേച്ചീ. അവരുടെ കൂട്ടുകാര് പറഞ്ഞു കളിയാക്കുവാന്ന്. നിങ്ങടെ അപ്പയും അമ്മയുമാണ് ഞങ്ങടെ വീട്ടില് പഴയ സാധനം എടുക്കാന്‍ വരുന്നതെന്ന്.  വഴീല്‍ക്കൂടി ഞങ്ങള് ചാക്കും പിടിച്ചു നടക്കുന്നത് അവര്‍ക്കു നാണക്കേടാണെന്ന്. അതുകൊണ്ട് കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ഭാഗത്തോട്ട് ഒന്നും ഇപ്പോള്‍ പോവാറില്ല. അതാ ഇത്രദൂരം വരുന്നത്.''
അവള്‍ നിര്‍ത്താതെ തുടര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, ഞാന്‍ ബാക്കിയൊന്നും കേട്ടില്ല. അമ്മയും അച്ഛനും കൊള്ളുന്ന വെയിലിന്റെ വേവ് അറിയാതെ മുന്തിയ ബ്രാന്‍ഡിലുള്ള സണ്‍സ്‌ക്രീന്‍ ലോഷനും ലിപ്സ്റ്റിക്കിനും പട്ടിക തയ്യാറാക്കുന്ന പുതിയ തലമുറ എന്റെ തലച്ചോറിലേക്ക് ഇരമ്പിവന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)