വേനലിലെ ഒരു വനിതാദിനവും കൂടി കഴിഞ്ഞിരിക്കുന്നു. അവളെ പരിചയപ്പെട്ടതിനു ശേഷമുള്ള എല്ലാ പെണ്‍മയാഘോഷങ്ങളിലും ഒരു ദേശാടനപ്പക്ഷിപോലെ അവള്‍ എന്റെ ഉള്ളിലേക്കു ചിറകടിച്ചെത്തും. കഴിഞ്ഞയാഴ്ച താമരശ്ശേരിയിലെ ഒരു സ്ഥാപനത്തില്‍നിന്നു വനിതാദിനത്തില്‍ ഞങ്ങളോടൊന്ന് സംസാരിക്കാന്‍ വരുമോ ടീച്ചറെ? എന്ന് ഒരു മധുരസ്വരം ചോദിച്ചപ്പോഴും ഉത്തരമെന്നപോലെ ഒരു നിമിഷാര്‍ദ്ധംകൊണ്ട് അവളെന്റെ ഉള്ളിലേക്ക് സൂര്യവെളിച്ചത്തെക്കാള്‍ വേഗെമത്തി. പറയാതെ വയ്യ. ആ പ്രഭയോടെ തന്നെ.
രണ്ടായിരത്തിയഞ്ച് തിരുവമ്പാടിയിലെ ഒരു മാര്‍ച്ചു മാസം. അന്ന് സൂര്യന്‍ ഭൂമിയെ ഇത്രയധികം പൊള്ളിച്ചിരുന്നില്ല. നാട്ടുപഴങ്ങളുടെ മണവും തുമ്പനീച്ചയും പറമ്പിലൂടെ പാറിക്കളിക്കുന്ന സമയത്താണ് എന്റെ അനിയത്തിയോടൊപ്പം അവളും വീട്ടിലേക്കു കടന്നുവന്നത്. ബാംഗ്ലൂരിലെ അവരുടെ ഹോസ്റ്റല്‍, ഫുഡ്‌പോയിസണ്‍ കാരണം നീണ്ട പത്തു ദിവസത്തേക്ക് അടച്ചുപൂട്ടിയിരുന്നു. ഒരു രാത്രിയാത്രയുടെ ക്ഷീണം മുഴുവന്‍ വിളമ്പിയ കണ്ണുകളെ നോക്കി ഞാന്‍ അവളോടു പേരു ചോദിച്ചു:
ജെംസി.
പേരിന്റെ പുതുമയില്‍ ഞാനൊന്നു പുഞ്ചിരിച്ചു.
കുളിക്കും ഭക്ഷണത്തിനും ശേഷം അവള്‍ ഉറക്കത്തിലേക്കു കയറിയപ്പോ അനിയത്തി അടുത്തു വന്നു പറഞ്ഞു. ''നീ ജെംസിയോട് കൂടുതലൊന്നും ചോദിച്ചേക്കല്ല്. അവള്‍ക്ക് അപ്പനുമമ്മയും ഒന്നുമില്ല. വല്യമ്മച്ചി മാത്രേയുള്ളൂ. അവള്‍ടെ ഇടവകക്കാരാ അവളെ പഠിപ്പിക്കുന്നെ.'' ഇതുകേട്ട് കണ്ണു മിഴിഞ്ഞെങ്കിലും ജെംസിയോടോ, അനിയത്തിയോടോ ഞാനൊന്നും തന്നെ ചോദിച്ചില്ല. പക്ഷേ, ഉറക്കമെണീറ്റപ്പോ മുതല്‍ ഞാന്‍ അവളെ 'എന്റെ രത്‌നമേ' എന്ന് തന്നെ വിളിച്ചുകൊണ്ടിരുന്നു. പ്രസവശേഷമുള്ള ഹോര്‍മോണ്‍വ്യതിയാനത്തിന്റെ കയറ്റിറക്കങ്ങളില്‍ പെട്ട് ഞാനുലഞ്ഞു വലഞ്ഞുകൊണ്ടിരുന്ന സമയമായതുകൊണ്ടു കൂടി ഞാനവളെ എന്തിനൊക്കെയോ എന്നോടുതന്നെ ചേര്‍ത്ത് വച്ചു. കുഞ്ഞിന് മുല കൊടുക്കുമ്പോള്‍, അവളെ കുളിപ്പിക്കുമ്പോള്‍, താരാട്ടു പാടി ഉറക്കുമ്പോളൊക്കെ ജെംസി എന്റെ ഓരം പറ്റി നടന്നു. പത്തു രാപകലുകള്‍ എന്റെ ചോരയില്‍ പിറന്നവളേക്കാളുമധികം ജെംസി എന്നോടൊട്ടി. തിരികെ പ്പോകുമ്പോള്‍ എന്റെ രത്‌നമേ എന്നുപറഞ്ഞ് ഞാനവളെ ഉമ്മ വച്ചു. പറമ്പില് കൈത വെട്ടാന്‍ വരുന്ന പരുന്തിയെക്കൊണ്ട് ഞാന്‍ കൈതച്ചക്ക ഹല്‍വയും, ഏത്തപ്പഴം ജാമും അവള്‍ക്കു മാത്രമായി ഉണ്ടാക്കിച്ചു.
അന്ന് മൊബെല്‍സഹോദരങ്ങള്‍ അത്രയേറെ പ്രചാരമാവാത്ത കാരണം അനിയത്തിയോടു ഫോണില്‍ മിണ്ടുമ്പോള്‍ മാത്രം ഞാന്‍ അവളോടും മിണ്ടി. ഏതാണ്ട് രണ്ടുമാസത്തെ ഐ.ഇ.എല്‍.ടി.എസ് ക്ലാസിനു ശേഷം അവധിക്കാലമായി. ഇപ്രാവശ്യത്തെ അവധിക്ക് അനിയത്തി തനിച്ചാണു വന്നത്. ജെംസി നാട്ടിലേക്കുപോയി എന്നു മാത്രം പറഞ്ഞു. അനിയത്തി മെലിഞ്ഞുപോയി എന്നു പറഞ്ഞുകൊണ്ട് അമ്മച്ചി ആട്ടിന്തല സൂപ്പുവച്ചതും കന്നി പെടച്ചിയെ കൊന്ന് പുത്തന്‍ചട്ടിയില്‍ കറി വച്ചതും കൊടുക്കുകയും ചെയ്തു. അവധിക്കാല സന്തോഷങ്ങളില്‍ ഞാനും അനിയത്തിയും ജെംസിയെ മെല്ലെ മെല്ലെ മറന്നുതുടങ്ങിയിരുന്നു. വീട്ടില്‍ വെറുതെ നില്‍ക്കുന്ന സമയമായതു കാരണം അനിയത്തിക്കു വരുന്ന ആലോചനകള്‍ക്കു മുന്നിലേക്കു ചായയും അവലോസുണ്ടയും ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന പണി. ഇടയ്ക്കുമാത്രം ജെംസി വിളിക്കുമ്പോള്‍ ഞാന്‍ ഫോണിന്റെ ഓരത്ത് ചെന്ന് നില്‍ക്കും. ഈസ്റ്ററിന് വല്യമ്മച്ചിയെയും കൂട്ടി മലബാറിലേക്കു വായോ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായിത്തന്നെ ജെംസിയോട് അപേക്ഷിച്ചു.
അവശേഷിച്ച ക്ലാസും അതിനുശേഷമുള്ള പരീക്ഷയും എഴുതുവാന്‍വേണ്ടി അനിയത്തി വീണ്ടും ബാംഗ്ലൂര്‍ക്കു തിരിച്ചു പോയി. അന്ന് ഇന്നത്തേതുപോലെ മുട്ടിനുമുട്ടിന് സെന്ററുകളില്ല. എപ്പോഴും പരീക്ഷകളുമില്ല. പരീക്ഷയാന്നു കേള്‍ക്കുമ്പോഴേ നാട്ടിലെ തറവാടുകളില് അമ്മച്ചിമാര് കൊന്തകളേന്തും. അയല്‍പക്കങ്ങളിലും ബന്ധുവീടുകളിലും കൊച്ചിന് പരീക്ഷയാ പ്രാര്‍ത്ഥിക്കണേന്നു പറയും. സകല പുണ്യവാളന്‍മാര്‍ക്കും നേര്‍ച്ചകള്‍ നേരും. ആരേലും വിശുദ്ധനാട്ടില്‍ പോകുന്നുണ്ടെങ്കില്‍ അവിടുന്ന് ഒരു കൊന്ത വരുത്തിച്ച് അത് കൊച്ചുങ്ങളുടെ കഴുത്തില്‍ ഇട്ടുകൊടുക്കും. എന്നു പറഞ്ഞാല്‍ പോരാ, ഒരു വലിയ നോമ്പിന്റെ ചിട്ടകളൊക്കെ അമ്മച്ചിമാര് വീട്ടില് ക്ഷണിച്ച് വരുത്തും. അങ്ങനെ എന്റെ രത്‌നവും എന്നെ വിളിച്ച് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു. ത്രിസന്ധ്യാനേരത്ത് കൊന്തയുടെ നീല മുത്തുകളില്‍ ഞാന്‍ അവളെയും ഓര്‍ത്തു. അത്രകാലം കഴിഞ്ഞിട്ടും ജെംസിയുടെ ചാച്ചനും അമ്മച്ചിക്കും എന്തു പറ്റിയതാണ് എന്നു മാത്രം ഞാന്‍ ചോദിച്ചിരുന്നില്ല. ഒന്ന് ശരിക്ക് കാതോര്‍ത്തിരുന്നെങ്കില്‍ ജെംസി എന്നോടെല്ലാം പറയുമായിരുന്നു എന്ന് എനിക്കു പലപ്പോഴും തോന്നിയിരുന്നു. അങ്ങനെ പരീക്ഷ കഴിഞ്ഞു. പരീക്ഷ എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് കുഴപ്പമില്ല എന്നൊരു ഉഴപ്പന്‍മറുപടി. ബാംഗ്ലൂരുകാര്‍ എല്ലാവരും ഒരുമിച്ചു പറഞ്ഞു. ജെംസി തീര്‍ച്ചയായും പാസാകും എന്ന് ഞാന്‍ വിശ്വസിച്ചു.
അവധി ആയതുകൊണ്ട് ജെംസി പ്രവിത്താനത്തോട്ടും അനിയത്തി വീട്ടിലേക്കും പോന്നു. വേനലില്‍ പൊട്ടിവിരിഞ്ഞ ഒരു മഴയുടെ പിറ്റേന്നാണ് ജോണ്‍സണ്‍ അനിയത്തിയെ പെണ്ണു കാണാന്‍ വന്നത്. അതിന്റെ പിറ്റേന്നു തന്നെ തിരുവമ്പാടിയെ തണുപ്പിച്ചുകൊണ്ടുവന്ന വേനല്‍ മഴയില്‍ അനിയത്തിയുടെ ഐ. ഇ. എല്‍. ടി. എസ് റിസള്‍ട്ടും വന്നു. ചാച്ചന്‍ ബാംഗ്ലൂരിലേക്കു ഫോണ്‍ ചെയ്യുമ്പോള്‍ അനിയത്തി ചെങ്കല്ലിന്റെ ചുമരിനോടു ചാരിനിന്ന് വലതു കൈ നെഞ്ചത്ത് വെച്ചു. മഴത്തണുപ്പിലും വെന്തുപോകുന്നൊരു വേദനയോടെ അമ്മച്ചി തിരുഹൃദയത്തിന്റെ രൂപത്തിലേക്ക് കൈകൂപ്പിപ്പിടിച്ച് നോക്കിനിന്നു. പരീക്ഷയെഴുതിയ ഇരുപതു പേരില്‍ പത്തൊന്‍പതു പേരും ജയിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ചാച്ചന്‍ ഫോണ്‍ അവസാനിപ്പിച്ചു. നിശ്ശബ്ദതയുടെ ഒടുവില്‍ ക്ലോക്കില്‍ മിനിറ്റു സൂചി ഓടിത്തളര്‍ന്നിട്ടും ആരാണ് തോറ്റത് എന്നു ഞാന്‍തന്നെ ചോദിച്ചു.
ജെംസി.
എന്നു ചാച്ചന്‍ പറഞ്ഞതും എന്റെ തൊണ്ടയും കണ്ണും കനത്തു. ഞാന്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതും താരാട്ടുപാടുന്നതും ഉറക്കുന്നതും നോക്കി എന്റെ പിറകേ നടന്ന അവളുടെ രൂപത്തിന്റെ നേര്‍ത്തൊരു നിഴല്‍ സമീപത്തെവിടെയോ ഇപ്പോഴും എന്നെ നോക്കി നടക്കുന്നുണ്ട് എന്ന് എനിക്കു തോന്നി. അന്ന് ഐ.ഇ.എല്‍.ടി.എസ് ആദ്യശ്രമത്തില്‍ തന്നെ വിജയിച്ചതിന്റെ ആഘോഷം ഒന്നും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായില്ല. സന്ധ്യയ്ക്കു കൊന്ത ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഞാന്‍ തന്നെ നിര്‍ബന്ധിച്ച് അനിയത്തിയെക്കൊണ്ട് ജെംസിയെ വിളിപ്പിച്ചു. അവളുടെ വല്യമ്മച്ചിയാണു ഫോണ്‍ എടുത്തത്.
''എന്റെ കൊച്ചേ, പെണ്ണിന്റെ റിസള്‍ട്ട് വന്ന ദിവസമല്ലേ. ജയവാന്നേലും തോല്‍വി ആന്നേലും ഞങ്ങള്‍ ഒരുപോലെ ആഘോഷിക്കുമെന്ന് നേരത്തേ തീരുമാനിച്ചതാ. അങ്ങനെ തോറ്റുകൊടുക്കാമ്പറ്റുവോ? ഞാനിപ്പോ നെലോളിച്ചാ നാളെ ഒരു സങ്കടം വരുമ്പോള്‍ അവളും നെലോളിച്ചോണ്ടിരിക്കും. ഞങ്ങള് രാവിലെ പാലാ ഇടപ്പറമ്പില്‍ പോയി എനിക്കൊരു ചട്ടേം മുണ്ടും അവള്‍ക്കൊരു ചുരിദാറിന്റെ തുണീം വാങ്ങി. രണ്ട് ഫലൂദേം. നോമ്പുകാലമല്ലായിരുന്നേല് ഞാന്‍ കൊച്ചിന് നല്ല പോത്ത് ബിരിയാണി വാങ്ങിച്ചു കൊടുത്തേനെ.'
അപ്പോഴേക്കും ജെംസി സംസാരിച്ചുതുടങ്ങി.
''സങ്കടം ഒന്നുമില്ലെടീ. ഇനി ഉണ്ടേത്തന്നെ സങ്കടപ്പെടാന്‍ വല്യമ്മച്ചിയൊട്ടു സമ്മതിക്കത്തുമില്ല.''
ആ സംഭാഷണം ഏകദേശം ഒരുമണിക്കൂറോളം നീണ്ടു. അന്നൊക്കെ അമ്പതു രൂപയ്ക്കാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഷോപ്പുകാരന്‍ റോബിന്‍സിന്റെ കടതുറപ്പിച്ച് വീണ്ടും അമ്പതു രൂപയ്ക്ക് റീ ചാര്‍ജ് ചെയ്ത് ഞാനും ജംസിയോടു സംസാരിച്ചു. ''കാട്ടാന കുത്തിക്കൊന്ന വല്യപ്പനെ മണ്ണില് ഒറ്റയ്ക്കു കുഴിയെടുത്ത് അടക്കി കുരിശും നാട്ടിയവളാ എന്റെ വല്യമ്മച്ചി. ആ വല്യമ്മച്ചിയുടെ മോളല്ലേ ചേച്ചി ഞാന്‍, ഞാന്‍ സങ്കടപ്പെടൂല്ല. നാളെ ഇതൊക്കെ മാറും. ഞാന്‍ പരീക്ഷയ്ക്കു ജയിക്കും. ഇനി നിന്റെ സങ്കടം മാറ്റാന്‍ ഞാനും വല്യമ്മച്ചീം വേണേല് ഈസ്റ്ററിന് അങ്ങോട്ടേക്കു വരാം.''
ആ ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ മാത്രമാണ് ഞങ്ങളുടെ വീട്ടില്‍ ഒരു വെട്ടം വീണത്.കഞ്ഞി കുടിക്കാന്‍ ഇരുന്നപ്പോ അനിയത്തി ചോദിച്ചു:
''ചാച്ചന്‍ പാലായീന്നുതന്നെയല്ലേ ഈ അമ്മച്ചീനെ കെട്ടിക്കൊണ്ടുവന്നത്.'' ഒരുമിച്ചുള്ള ചിരിയില്‍ അന്നത്തെ രാത്രി അവസാനിച്ചു. വീണ്ടും ഒരു വേനല്‍ക്കാലം കൂടി കഴിഞ്ഞു. ജെംസി, ഐ.ഇ.എല്‍. ടി.എസ് ഒക്കെ പാസായി ഗള്‍ഫില്‍ എത്തി. പിന്നെ കേട്ടു, വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുമായി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ആണെന്ന്. രണ്ടുവര്‍ഷം മുമ്പുള്ള മീനവേനലില്‍ ജെംസിയുടെ വല്യമ്മച്ചി മരിച്ചു. അവള്‍ നാട്ടില്‍ വന്നു. അനിയത്തിക്കു പകരമായി ഞാന്‍ പോയി. കണ്ടു. മിണ്ടി. അവള്‍ കരഞ്ഞില്ല. ശവസംസ്‌കാരച്ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍ അവള്‍ എനിക്കൊരു ഫലൂദ വാങ്ങിത്തന്നു.
''ദുഃഖം ആണേലും സന്തോഷമാണേലും ഒരു ദിവസത്തിന് അപ്പുറത്തേക്കു വേണ്ടാ എന്നാ വല്യമ്മച്ചീടെ നിലപാട്. മാതാവ് ഇതുവരെ നെലോളിച്ചിട്ടില്ല എന്നാണ് വല്യമ്മച്ചി എന്നെ പറഞ്ഞുപഠിപ്പിച്ചേക്കുന്നെ. ജീവിച്ചിരുന്ന കാലത്തോളം എന്റെ വല്യമ്മച്ചി കരഞ്ഞു ഞാന്‍ കണ്ടിട്ടില്ല. എന്നെ കരയിക്കാനും സമ്മതിച്ചിട്ടില്ല. വല്യമ്മച്ചി ഉള്ളപ്പോ കരയാത്ത ഞാന്‍ ഇനി എന്തിനാ ഇല്ലാത്തപ്പം കരയുന്നത്? 'അല്ലേലും ഈ കരച്ചിലില്‍ ഒന്നും വലിയ കാര്യമില്ല ചേച്ചീ ചിരിച്ചുകൊണ്ടുതന്നെ അവള്‍ എന്നെ യാത്രയാക്കി.
ഒരിക്കലും നീ ഇതു വായിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ, നിന്നെ ഞാന്‍ ഓര്‍ക്കുന്നു ജെംസീ.
എന്റെ എല്ലാ ദുഃഖങ്ങളിലും. എന്റെ എല്ലാ പ്രതിസന്ധികളിലും.
എന്റെ എല്ലാ ചര്‍ച്ചകളിലും നീ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.