പലപ്പോഴും ഞാന്‍ അത്യധികം നിരാശയിലാണ്ടിട്ടുണ്ട്. കഠിനമായ കഷ്ടപ്പാടനുഭവിച്ചിട്ടുണ്ട്. ദുഃഖംമൂലം കഠിനമായി വേദനിച്ചിട്ടുണ്ട്. എന്നാല്‍, എനിക്കപ്പോഴും തികഞ്ഞ ബോധ്യമുള്ള ഒന്നുണ്ട്. ജീവനോടെ ഇരിക്കുക എന്നത് മഹത്തായ ഒരു സംഗതിയാണെന്ന് .-അഗതാക്രിസ്റ്റിയുടെ ആത്മകഥയില്‍നിന്ന്.
എങ്ങനെയാണ് ഒരു കൃതി കാലാതിവര്‍ത്തിയാവുന്നത്? കാലത്തിനപ്പുറം, പ്രമേയത്തിനും കഥാപാത്രങ്ങള്‍ക്കുമപ്പുറം മനുഷ്യജീവിതമെന്ന മഹാസാഗരത്തിന്റെ അലകള്‍ അതില്‍ ദൃശ്യമാകുമ്പോഴാണ്. 1962ല്‍ പുറത്തിറങ്ങിയ എം.ടി. വാസുദേവന്‍നായരുടെ അസുരവിത്ത് എന്ന നോവല്‍ ഇന്നും വിപുലമായി വായിക്കപ്പെടുന്നതിന്റെ കാരണവും അതില്‍ അലയടിക്കുന്ന അനശ്വരജീവിതചിത്രണത്താല്‍ത്തന്നെ.
മരുമക്കത്തായത്തില്‍നിന്നു മക്കത്തായത്തിലേക്കുള്ള കാലത്തിന്റെ പ്രയാണകാലത്ത്, തകര്‍ന്നുപോയ ഒരു നായര്‍തറവാടിന്റെ കഥയെ, ആ തകര്‍ച്ചയുടെ പഴിയും ദുരന്തവും ഏറ്റവും അധികം ഏറ്റുവാങ്ങേണ്ടിവന്ന ഗോവിന്ദന്‍കുട്ടി എന്ന ചെറുപ്പക്കാരന്റെ കഥയെ, മനുഷ്യവര്‍ഗത്തിന്റെതന്നെ കഥയായി, മനുഷ്യാത്മാവ് നേരിടേണ്ടിവരുന്ന അവഗണനയുടെയും അപമാനത്തിന്റെയും നേര്‍ച്ചിത്രമായി, ഒരു സാര്‍വലൗകികമനുഷ്യാനുഭവംതന്നെയായി അവതരിപ്പിക്കാനായി എന്നതാണ് അസുരവിത്തിനെ മലയാളത്തിലെ എണ്ണം പറഞ്ഞ നോവലുകളില്‍ ഒന്നാക്കി മാറ്റുന്നത്.
ഈ വേദന, ഈ തിരസ്‌കാരം, മുന്നോട്ടൊരടികൂടി വയ്ക്കാന്‍ ഭയപ്പെടുന്ന നരകജീവിതവ്യഥ ഇതൊക്കെയും ഏതേതോ സമയങ്ങളില്‍, ഏതേതോ ഇടങ്ങളില്‍ താനും കടന്നുപോയ കനല്‍വഴികള്‍തന്നെയായിരുന്നല്ലോ എന്ന് വായനക്കാരനു തിരിച്ചറിയാനാവുന്നിടത്ത് നോവലിന്റെ കഥ കേവലം കഥമാത്രമല്ലാതാകുന്നു. അങ്ങനെ വാക്കിനു വിഭിന്നമായ വഴികളും വിപുലമായ അര്‍ഥങ്ങളും ഉണ്ടാകുന്നു. അതുകൊണ്ടാണ് മലയാളത്തിലെ ഉന്നതനിരൂപികയായ ഡോ. എം. ലീലാവതി 'മലയാളഭാഷയിലെ ഏറ്റവും നല്ല നോവല്‍' എന്നു സംശയലേശമെന്യേ അസുരവിത്തിനെ വിശേഷിപ്പിച്ചത്.
പൊന്നാനിത്താലൂക്കില്‍ കിഴക്കുമ്മുറി അംശത്ത് താഴത്തേതില്‍ തറവാട്ടിലെ കുഞ്ഞിക്കാളിയമ്മയ്ക്ക് അമ്പത്തിയൊന്നാം വയസ്സില്‍ ഉണ്ടായ പുത്രനാണ് കഥാനായകനായ ഗോവിന്ദന്‍കുട്ടി. പെറ്റമ്മയുടെപോലും ഹൃദയപൂര്‍വമുള്ള സ്‌നേഹലാളനങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യമില്ലാതെ ഭൂമിയില്‍ പിറക്കേണ്ടിവന്ന നിര്‍ഭാഗ്യവാനായ മനുഷ്യശിശു.
അവന്‍ അമ്മയുടെയും ഏട്ടന്റെയും ഉള്‍പ്പെടെ സര്‍വമനുഷ്യരുടെയും അവഗണനയുടെ കയ്പുനീര്‍ കുടിച്ചു വളര്‍ന്നുവന്നു.
അവനുണ്ടായിരുന്നതു കൊണ്ട് സര്‍വഅസഭ്യങ്ങളും പറഞ്ഞ് അവഹേളിക്കാനും സകല ദൗര്‍ഭാഗ്യങ്ങള്‍ക്കും പഴിചാരി പ്രാകാനും മറ്റാരെയും ആര്‍ക്കും അന്വേഷിക്കേണ്ടിവന്നില്ല.
തന്റെ ദുരിതജീവിതത്തിന് ഒരു അറുതിയാവുമെന്ന പ്രതീക്ഷയോടെ ഇടയ്ക്ക് മതം മാറി മുസ്ലിം ആകുന്നുമുണ്ട് ഗോവിന്ദന്‍കുട്ടി.
എന്നാല്‍, മതംമാറ്റവും അയാളുടെ ജീവിതത്തില്‍ മാറ്റമൊന്നും ഉണ്ടാക്കുന്നില്ല. നടന്നിട്ടും നടന്നിട്ടും നിന്നുപോകുന്ന ജീവിതമാണ് തന്റേതെന്ന്, കയറിവരാന്‍ കഠിനമായി ശ്രമിക്കുംതോറും കൂടുതല്‍ക്കൂടുതല്‍ താഴ്ചയിലേക്കാണു ജീവിതം തന്നെ കൊണ്ടുപോകുന്നതെന്ന് ഗോവിന്ദന്‍കുട്ടി നിരാശയോടെ തിരിച്ചറിയുന്നു. നാടും വീടും ഒരുതരം പകയോടെ അയാളെ വേട്ടയാടുന്നുണ്ട്. നാട്ടില്‍ വര്‍ധിച്ചുവരുന്ന മോഷണത്തിന്റെപോലും കാരണക്കാരന്‍ അയാളാണെന്നു വിധിയെഴുതപ്പെടുന്നു. നാട്ടുകാര്‍ കൂട്ടമായി വന്ന് ക്രൂരമായി മര്‍ദിക്കുന്നു.
എന്നാല്‍, ഒരു കാലം കാത്തിരിക്കുന്നുണ്ടായിരുന്നു. തള്ളിപ്പറഞ്ഞവരും തല്ലിക്കൊല്ലാന്‍ ഉത്സാഹിച്ചവരും അയാള്‍ക്കുമുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കാലം. നാടിനെ ഭയം വരിഞ്ഞുമുറുക്കിയ, പണ്ഡിതപാമരഭേദമേതുമില്ലാതെ പിംഗളകേശിനിയായ മൃത്യു സംഹാരതാണ്ഡവമാടിയ കോളറക്കാലമായിരുന്നു അത്.
ഒരു കാലഘട്ടത്തില്‍ കേരളത്തെ നടുക്കിയ ദുരന്തമായിരുന്നല്ലോ കോളറ. ആ രോഗത്തിന്റെയും രോഗത്തോടൊപ്പം എത്തിയ ഭയത്തിന്റെയും തീവ്രത അതിസൂക്ഷ്മമായിത്തന്നെ നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്.
രാപകലില്ലാതെ തകര്‍ത്തുപെയ്യുന്ന മഴയോടൊപ്പം, കുഞ്ഞുങ്ങളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ കോളറമരണങ്ങളും ഗ്രാമത്തിലാകെ പെയ്തിറങ്ങി. മഴയോടൊപ്പം എത്തിയ തണുത്ത കാറ്റില്‍ മരണത്തിന്റെ ഭയപ്പെടുത്തുന്ന തണുപ്പും കലര്‍ന്നിരുന്നു. മരണം എന്ന രംഗബോധമില്ലാത്ത കോമാളി സകല അതിരുകളും ഭേദിച്ച് സര്‍വരുടെയും സമീപത്തെത്തി. എവിടെയും നിലവിളികളും വിലാപങ്ങളുംമാത്രം. മരിച്ച മനുഷ്യരെ അടക്കം ചെയ്യാന്‍പോലും ആരും പുറത്തിറങ്ങാത്തത്ര ഭീതിദമായ അവസ്ഥ.
അന്നുവരെ നാടിനും നാട്ടുകാര്‍ക്കും ശല്യമായിരുന്ന ഗോവിന്ദന്‍കുട്ടി കാലം തന്നെ ഏല്പിച്ച നിയോഗമെന്നോണം ആ ജോലി ഏറ്റെടുക്കുകയാണ്.
കിഴക്കുമ്മുറിയിലെ ജീവനുള്ള മനുഷ്യര്‍ക്ക് തന്നെ ആവശ്യമില്ലായിരുന്നു, പക്ഷേ, മരിച്ചവര്‍ക്കു വേണം. താന്‍ ഇല്ലെങ്കില്‍ ഗ്രാമത്തിലാകെ അനാഥശവങ്ങള്‍ പുഴുവരിച്ചു കിടക്കും.
അതിനയാള്‍ ഇടവരുത്തുന്നില്ല.
മരണത്തിന്റെ ചുഴലിക്കാറ്റില്‍ മനുഷ്യര്‍ ഉതിര്‍ന്നുവീണ ദിവസങ്ങളില്‍ ആ മനുഷ്യന്‍ അവര്‍ക്കൊക്കെയും (അതിലയാളെ പരിഹസിച്ചവരും തല്ലിച്ചതച്ചവരും ഉണ്ട്) മാന്യമായ യാത്രയയപ്പു നല്കുന്നു. ഒടുവില്‍ കോളറയുടെ കരുണയില്ലാത്ത വിളയാട്ടത്തിന് അറുതിയായപ്പോള്‍ ഗ്രാമത്തിന്റെ ആകാശത്തുനിന്നു ഭയത്തിന്റെ കാര്‍മേഘങ്ങള്‍ നീങ്ങി ത്തുടങ്ങിയപ്പോള്‍ ഗോവിന്ദന്‍കുട്ടി ആ ഗ്രാമത്തോടു യാത്ര പറയുകയാണ്.
നോവല്‍ ഇപ്രകാരമാണ് അവസാനിക്കുന്നത്: 'നടുവില്‍ കടന്നുപോയവരുടെയെല്ലാം കാല്‍പ്പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു.
പ്രിയപ്പെട്ടവരേ, തിരിച്ചുവരാന്‍വേണ്ടി യാത്ര ആരംഭിക്കുകയാണ്.'
അയാള്‍ തിരിച്ചുവരുമോ ഇല്ലയോ എന്നൊന്നും നമുക്കറിഞ്ഞുകൂടാ.
എന്നാല്‍, ആ ഗ്രാമത്തിന് നിറഞ്ഞ കൃതജ്ഞതയോടെയും അതിലേറെ കുറ്റബോധത്തോടെയുംമാത്രമേ ഇനി അയാളെ ഓര്‍ക്കാനാവൂ. ജീവിതത്തിന്റെ നടപ്പാതകളില്‍ എന്തെല്ലാമാണ് ഓരോ മനുഷ്യരെയും കാത്തിരിക്കുന്നത്!
മലയാളനോവലിന്റെ ഭൂമികയില്‍, അനേകായിരം വായനക്കാരുടെ ഹൃദയങ്ങളില്‍ ഗോവിന്ദന്‍കുട്ടിയുടെ യാത്ര ഇനിയും തുടരുകതന്നെ ചെയ്യും.
ഡിസി ബുക്‌സ് ആണ് പ്രസാധകര്‍.
ബുക്ക് ഷെല്‍ഫ്
അസുരവിത്തിന്റെ അനന്തജീവിതം
