"If you knew how quickly, people forget the dead, you would stop living to impress people.'' Christopher Walken.
എഴുതിയ കാലത്തുമാത്രമല്ല എക്കാലത്തും പ്രസക്തമായ ചില പുസ്തകങ്ങളുണ്ട്. മനുഷ്യനുള്ള കാലത്തോളം, പുസ്തകങ്ങളുള്ള കാലത്തോളം വിസ്മരിക്കപ്പെടില്ലെന്നു സുനിശ്ചിതമായവ. ലിയോ ടോള്‍സ്റ്റോയിയുടെ ''ഇവാന്‍ ഇലിയിച്ചിന്റെ മരണം'' അത്തരത്തിലൊന്നാണ്. താളെണ്ണംകൊണ്ടു ലഘുവെങ്കിലും ആശയഗാംഭീര്യത്തില്‍ പര്‍വതസമാനമാണ് ഈ നോവെല്ല.
ഇവാന്‍ ഇലിയിച്ചിന്റെ ജീവിതം ഏറ്റവും ലളിതവും സാധാരണവുമായിരുന്നു എന്ന് ടോള്‍സ്റ്റോയ് എഴുതുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ഭയങ്കരവും! ദീര്‍ഘകാലസേവനമുള്ള ഒരു പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അയാള്‍. കര്‍മനിരതന്‍. സ്വപ്നസ്‌നേഹി. പ്രശസ്തിയിലേക്കും അധികാരത്തിലേക്കും പാലങ്ങള്‍ പണിയാന്‍ അതിസമര്‍ഥന്‍. എന്നാല്‍, ഒന്നുമാത്രം കഴിഞ്ഞില്ല, തനിക്കേറ്റവും അടുത്തുള്ള മനുഷ്യരിലേക്കു സ്‌നേഹത്തിന്റെ പാലം പണിയുക എന്നത്. അത്തരം തിരിച്ചറിവുകളുടെ വെള്ളിവെളിച്ചങ്ങള്‍ എത്തിയപ്പോഴേക്കും തിരികെപ്പോകാനുള്ള സമയമായി. കോടതിജഡ്ജിയായിരിക്കേ നാല്പത്തിയഞ്ചാമത്തെ വയസ്സില്‍ അയാള്‍ മരിച്ചു.
സമൂഹത്തില്‍ ഉന്നതമായ പദവി. സമ്പന്നകുടുംബങ്ങളിലെ മാന്യവ്യക്തികളുമായിമാത്രം സഹവാസം. അവരോടൊപ്പം മുന്തിയ ഇടങ്ങളില്‍ ചീട്ടുകളി, നൃത്തം തുടങ്ങിയവ. അത്തരം നൃത്തസന്ധ്യകളിലൂടെയാണ് ഇവാന്‍, പ്രസ്‌കോവ്യ ഫെഡറോന എന്ന യുവതിയുമായി പ്രേമത്തിലാവുന്നത്. വൈകാതെ ഇരുവരും വിവാഹിതരായി. എന്നാല്‍, കാലം മുന്നോട്ടുപോകവേ ഭാര്യയുടെ ആവശ്യങ്ങളും സാമീപ്യംപോലും ഇവാനു ദുസ്സഹമായി തോന്നിത്തുടങ്ങി. വിവാഹം തന്റെ സുഖജീവിതത്തിനു വിഘാതമാണെന്ന് അയാള്‍ കണക്കാക്കി. ജോലിയോടനുബന്ധിച്ചുള്ള കാര്യങ്ങളിലും സൗഹൃദസദസ്സുകളിലും മുഴുകിക്കൊണ്ട് ഭാര്യയില്‍നിന്നു സ്വാതന്ത്ര്യം നേടാനായി അയാളുടെ ശ്രമം. അവര്‍ക്കൊരു കുഞ്ഞു ജനിച്ചു. എന്നാല്‍, കുഞ്ഞിനെ ലാളിക്കാനുള്ള ശ്രമത്തിലും ഇവാന്‍ പരാജയപ്പെട്ടു. അവരുടെ രോഗങ്ങളും ആവശ്യങ്ങളുമെല്ലാം അയാള്‍ക്കു വലിയ ശല്യമായി. ആ ദമ്പതികള്‍ക്കു പിന്നീടും കുഞ്ഞുങ്ങള്‍ പിറന്നു. ഉടലുകള്‍ പങ്കിട്ടെങ്കിലും മനസ്സുകൊണ്ട് ഒറ്റയൊറ്റയായ ദ്വീപുകളായി പരിണമിച്ചുകഴിഞ്ഞിരുന്നു ഇരുവരും. എങ്കിലും, സമൂഹത്തിലെ മറ്റനേകം ഉന്നതകുടുംബങ്ങളെപ്പോലെതന്നെ പുറംലോകത്തിനുമുന്നില്‍ സന്തുഷ്ടിയുടെ മുഖംമൂടിയണിഞ്ഞ് അവര്‍ക്കു ചിരിക്കാന്‍ കഴിഞ്ഞു.
ആരോഗ്യവാനായിരുന്നു ഇവാന്‍. അങ്ങനെയിരിക്കേ നാവിനു തോന്നിത്തുടങ്ങിയ ചെറിയ രുചിക്കേടും ഇടതുവശത്തു വാരിയെല്ലിനു താഴെയുണ്ടായ നിസ്സാരമായ വേദനയും അയാള്‍ അത്ര കാര്യമായി എടുത്തില്ല. എന്നാല്‍, രോഗത്തിന്റെ തീവ്രത അനുദിനം വര്‍ധിച്ചു. വാരിയെല്ലിനുതാഴെ ശരീരത്തിനുള്ളില്‍ എന്തോ വലിയ സമ്മര്‍ദമുള്ളതുപോലെ അയാള്‍ക്കനുഭവപ്പെട്ടു. രോഗപീഡയുടെ ഫലമായി നിസ്സാരകാര്യങ്ങള്‍പോലും ഇവാനെ കോപാകുലനാക്കി. ഭാര്യയുമായുള്ള കലഹം വല്ലാതെ വര്‍ധിച്ചു. തന്റെ ഭര്‍ത്താവ് മരിച്ചുപോയിരുന്നെങ്കിലെന്നുവരെ ചിലപ്പോള്‍ പ്രസ്‌കോവ്യ ആഗ്രഹിച്ചു. പക്ഷേ, അതോടെ തന്റെ വരുമാനം നിലയ്ക്കുമെന്നും പങ്കാളിയുടെ മരണംപോലും തന്നെ ഈ ദുരിതക്കയത്തില്‍നിന്നു രക്ഷിക്കയില്ലെന്നുമുള്ള തിരിച്ചറിവ് ഭര്‍ത്താവിനോടുള്ള കഠിനമായ വെറുപ്പിലും ക്രോധത്തിലും അവളെ കൊണ്ടുചെന്നെത്തിച്ചു.
പല ഡോക്ടര്‍മാരെ കണ്ടെങ്കിലും, പലവിധമരുന്നുകള്‍ പരീക്ഷിച്ചെങ്കിലും കൃത്യമായ ഒരു രോഗനിര്‍ണയമോ രോഗമുക്തിയോ സാധ്യമായില്ല. ദിവസം കഴിയുംതോറും താന്‍ മരണത്തിന്റെ വായിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയാണെന്ന് ഇവാനു ബോധ്യപ്പെട്ടു. അയാള്‍ കഠിനമായ വിഷാദത്തിലായി. മരണവിചാരത്തെ മറികടക്കാന്‍ മറ്റനവധി വിചാരങ്ങളെ കൂട്ടുപിടിച്ചു. എന്നാല്‍, അവയൊക്കെയും മൃതിയുടെ സ്മൃതിക്കുമുമ്പില്‍ ദയനീയമായി പരാജയപ്പെടുന്നതു നോക്കിനില്‍ക്കേണ്ടിവന്നു.
വീട്ടുജോലിക്കാരനായ ഗെറാസിം ഒഴികെ മറ്റാരും തന്നോട് ആത്മാര്‍ഥമായി സഹതപിക്കുകയോ തന്നെ സഹായിക്കുകയോ ചെയ്യുന്നില്ലെന്ന് ഇവാനു തോന്നി. രോഗിയായ ഒരു ബാലനോട് എന്നപോലെ തന്നെ ആരെങ്കിലും വാത്സല്യപൂര്‍വം ഓമനിക്കുന്നതും ആശ്വസിപ്പിക്കുന്നതും അയാള്‍ സ്വപ്നം കണ്ടു. പക്ഷേ, താന്‍ ഇന്നു വലിയൊരു പദവിയിലാണ്, താടിരോമങ്ങളൊക്കെ നരച്ചുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ബാലമനസ്സുള്ള ഈ സ്വപ്നം ഒരു സ്വപ്‌നംമാത്രമായി അവശേഷിക്കുമെന്ന് അയാള്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ഇടയ്ക്ക് ഇവാനു കരയണമെന്നു തോന്നി. തന്നെച്ചൊല്ലി ആരെങ്കിലും കരഞ്ഞിരുന്നെങ്കില്‍ എന്നു കൊതിച്ചു. എന്നാല്‍, ഇതെല്ലാം അസാധ്യമായ കാപട്യം നിറഞ്ഞ ലോകത്താണ് താന്‍ ജീവിക്കുന്നതെന്ന യാഥാര്‍ഥ്യം അയാളെ കൂടുതല്‍ കഠിനമായ നിരാശയിലേക്കു തള്ളിയിട്ടു.
മുമ്പു ജീവിച്ചിരുന്നതുപോലെ സുഖകരമായി, ആഹ്ലാദകരമായി ജീവിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്ന് ഇവാന്‍ ആഗ്രഹിച്ചു. അടുത്ത നിമിഷം അപ്രതീക്ഷിതമായ മറ്റൊരു ചോദ്യം അയാളെ പിടികൂടി: 'മുമ്പ് ജീവിച്ചിരുന്നതുപോലെയോ? സുഖകരമായി? ആഹ്ലാദകരമായി?'. ഇവാന്‍ തന്റെ ഓര്‍മകളിലേക്കു തിരികെ നടന്നു. അദ്ഭുതമെന്നു പറയട്ടെ, ബാല്യത്തിലെ ചില ഓര്‍മകളൊഴിച്ച് മറ്റൊന്നും അന്നത്തേതുപോലെ സുഖകരമായി അയാള്‍ക്കനുഭവപ്പെട്ടില്ല. 'താന്‍ കുന്നിന്‍മുകളിലേക്കു കയറുകയാണ് എന്നാണ് അയാള്‍ കരുതിക്കൊണ്ടിരുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ താഴേക്കു വീണുകൊണ്ടിരിക്കുകയായിരുന്നു!'
പണമോ പ്രശസ്തിയോ പൊതുജനാഭിപ്രായമോ ലോകം വച്ചുനീട്ടുന്ന സുഖസൗകര്യങ്ങളോ ഒന്നുമല്ല ജീവിതത്തിന്റെ സാരസത്തയെന്ന് അയാള്‍ മനസ്സിലാക്കി. 'എങ്ങനെ ജീവിക്കണമായിരുന്നുവോ അങ്ങനെ ജീവിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഇപ്പോഴാവട്ടെ മുന്നില്‍ മരണംമാത്രം അവശേഷിക്കുന്നു.' ഈ കൊടുംനിരാശ ഇവാന്റെ ശാരീരികസ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. അയാള്‍ കിടക്കയില്‍ കിടന്നുരുണ്ടു. സ്വയം ശപിച്ചു. വിലപിച്ചു.
തന്റെ ജീവിതത്തിന്റെ അവസാന മൂന്നു ദിനങ്ങളില്‍ അയാള്‍ നിര്‍ത്താതെ നിലവിളിച്ചു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാള്‍ കഴുമരത്തിനുമുന്നില്‍ നിസ്സഹായതയോടെ കുതറുന്നതുപോലെ ഇവാനും മരണത്തിന്റെ കൈകളില്‍ കിടന്നു കുതറി. എന്നാല്‍, മരണത്തിനു രണ്ടു മണിക്കൂര്‍ മുന്നേ ഇങ്ങനെയൊരു സംഭവമുണ്ടായി: ഭയങ്കരമായി നിലവിളിച്ചുകൊണ്ടിരുന്ന ഇവാന്റെ അരികെ മകന്‍ വന്നിരുന്നു. ഇവാന്റെ കൈ മകന്റെ ശിരസ്സില്‍ വീണു. ബാലന്‍ ആ കരം കവര്‍ന്ന് തന്റെ ചുണ്ടോടു ചേര്‍ത്തു കരയാന്‍ തുടങ്ങി. അഗാധമായ ദുഃഖത്തോടെ കണ്ണീരില്‍ സ്‌നാനപ്പെട്ട മുഖവുമായി ഭാര്യയും അയാള്‍ക്കരികിലെത്തി. തന്റെ പ്രിയതമയെയും പുത്രനെയും കണ്ടപ്പോള്‍ പശ്ചാത്താപത്തിന്റെയും സ്‌നേഹത്തിന്റെയും നിശ്ശബ്ദമായ ഒരു നിലവിളി അയാളുടെ ഉള്ളില്‍ മുഴങ്ങി.
ഇവാന്‍ മകനെ ചൂണ്ടിക്കൊണ്ടു ഭാര്യയോടു പറഞ്ഞു: 'അവനെ പുറത്തേക്കു കൊണ്ടുപോകൂ. അവന്റെ കരച്ചില്‍ എനിക്കു കാണാന്‍ കഴിയുന്നില്ല.' 'നിന്റെ കണ്ണീരും എനിക്കു താങ്ങാനാവുന്നില്ല, ദയവായി എന്നോടു ക്ഷമിക്കൂ' എന്നുകൂടി പറയാന്‍ ആഗ്രഹിച്ചെങ്കിലും 'എന്നോടു ക്ഷമിക്കൂ' എന്നു മാത്രമേ അയാള്‍ക്കു പറയാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, അത്രയും പറഞ്ഞുകഴിഞ്ഞതോടെ കാലങ്ങളായി താന്‍ അനുഭവിച്ചുവന്ന കൊടിയ വേദന എവിടെയോ പോയ്മറഞ്ഞതായി ഇവാന് അനുഭവപ്പെട്ടു. അയാളില്‍നിന്നു മരണഭീതി വിട്ടകന്നു. മരണത്തിന്റെ ഇരുട്ടിനുപകരം അയാള്‍ പ്രതീക്ഷയുടെ വെളിച്ചം കണ്ടു. അനിര്‍വചനീയമായ ഒരാഹ്ലാദം ആ ഹൃദയത്തില്‍ അലതല്ലി. 'മരണം കഴിഞ്ഞു! അതിനി ഇല്ല', അയാള്‍ സ്വയം പറഞ്ഞു. ഇവാന്‍ ഒരിക്കല്‍ക്കൂടി ദീര്‍ഘമായി ശ്വാസമെടുത്തു, ശ്വാസത്തിനിടയ്ക്കു നിര്‍ത്തി, ആ ദേഹം ഒന്നുകൂടി വലിഞ്ഞു, അയാള്‍ മരിച്ചു.
' ജീവിക്കുക എന്നത് ഒരു തിരഞ്ഞെടുക്കലാണ്. എന്നാല്‍, നന്നായി തിരഞ്ഞെടുക്കാന്‍ നീ ആരാണ്? നീ എന്തിനുവേണ്ടി നിലകൊള്ളുന്നു, നിനക്ക് എങ്ങോട്ടു പോകണം? എന്തിനവിടെ പോകണം? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം' എന്നെഴുതുന്നു യു എന്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന കോഫി അന്നന്‍. തിരഞ്ഞെടുക്കലില്‍ നീതിയുടെ വെട്ടമില്ലെങ്കില്‍, സ്‌നേഹമോ സഹാനുഭൂതിയോ കൂടാതെ അധികാരസ്ഥാനങ്ങളും പണവും പ്രശസ്തിയുംമാത്രമാണ് ഒരാള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഒരുവേള ഇവാനെക്കാള്‍ ദയനീയമായേക്കാം അയാളുടെ അന്ത്യദിനങ്ങള്‍. മണല്‍ഘടികാരംപോലെ ഭൂമിയിലെ നമ്മുടെ ദിനരാത്രങ്ങള്‍ ഇടമുറിയാതെ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.
ആകെയുള്ള ഈ അല്പനേരം നാം ജീവിക്കേണ്ടതുപോലെതന്നെയാണോ ജീവിക്കുന്നതെന്ന് ആത്മപരിശോധന നടത്തി വേണ്ട തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. അങ്ങനെ ഒരു ദാര്‍ശനികവിചാരത്തിലേക്കു വായനക്കാരെ നയിക്കാനാവുന്നു എന്നതുതന്നെയാണ് ഈ കൃതിയെ കാലാതിവര്‍ത്തിയാക്കുന്നത്. 'ഫിക്ഷന്‍ നുണതന്നെയാണ്. എന്നാല്‍ ആ നുണയില്‍ മഹത്തായ സത്യങ്ങളും ഉണ്ട്' എന്ന് ആല്‍ബേര്‍ കാമു.
ബുക്ക് ഷെല്‍ഫ്
കാലമേ, കൈക്കുമ്പിളില്‍നിന്നൂര്‍ന്ന ജലമേ!
