•  3 Apr 2025
  •  ദീപം 58
  •  നാളം 5
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

ല്ലാവരും ആ കാഴ്ചകണ്ടു നടുങ്ങിപ്പോയി. കുന്നിറങ്ങി ചിന്നംവിളിച്ച് ഓടിയടുക്കുന്ന കൊലയാനകള്‍. വാസ്തവത്തില്‍ അതൊന്നും കാട്ടാനകളല്ലായിരുന്നു.  തനി നാട്ടാനകള്‍. നിരവധി പേരെ കൊന്നുകൊലവിളിച്ച ആനകളെ ആദിത്യപുരംരാജാവ് വീരസേനന്‍ ആനക്കൊട്ടിലുകളില്‍ ശത്രുക്കളെ നേരിടാനായി വളര്‍ത്തിയിരുന്നു. അവയാണിപ്പോള്‍ പാഞ്ഞുവരുന്നത്. 
അത്തരം ആനകളെ സംരക്ഷിക്കാന്‍ പ്രത്യേകപരിശീലനം സിദ്ധിച്ച പാപ്പാന്മാരുണ്ട്. ശത്രുക്കളെ കാണിച്ചശേഷം ഒരു അടയാളം നല്‍കിയാല്‍ മതി ആ ആനകള്‍ ചാടിവീണ് നിലത്തടിച്ചു വധിക്കും. പിന്നെ ആകാശം നടുങ്ങുമാറുച്ചത്തില്‍ കൊലവിളി നടത്തും.
''അതാ, ആനകള്‍.'' കാര്‍ഫിയൂസ് കുന്നിന്‍മുകളിലേക്കു കൈചൂണ്ടി വിളിച്ചലറി. 
എല്ലാ കണ്ണുകളും പരിഭ്രാന്തിയോടെ ആ ഭാഗത്തേക്കു തിരിഞ്ഞു.
നാലു കൂറ്റന്‍ കൊലയാനകള്‍! 
''ഇതു ദേവദത്തന്‍ പറഞ്ഞു വിട്ടതാണ്.''
അഡോക്കിയാസ് അലറിപ്പറഞ്ഞു. 
''ഇനി നാം എന്തു ചെയ്യും?'' കാര്‍ഫിയൂസ് വല്ലാതെ ഭയന്നു. ഒപ്പം ഭടന്മാരും.
''എല്ലാവരും ഏതെങ്കിലും മരത്തില്‍ കയറി രക്ഷപ്പെടണം.'' സോയൂസ് വിളിച്ചലറി. എല്ലാവരും ഓരോ മരങ്ങളില്‍ അള്ളിപ്പിടിച്ചു കയറി. എന്നാല്‍, കാര്‍ഫിയൂസിന് ഒരിക്കലും മരംകയറാന്‍ കഴിഞ്ഞില്ല. രാജകൊട്ടാരത്തില്‍ കഴിഞ്ഞ രാജകുമാരന് എങ്ങനെ മരംകയറാന്‍ കഴിയും? കാര്‍ഫിയൂസ് വേഗം ഓടിച്ചെന്ന് ഒരു ഗുഹയ്ക്കുള്ളിലേക്കു കയറി പതിയിരുന്നു.
കൊലയാനകള്‍ എത്തി ചുറ്റും നോക്കി. ആരെയും കാണുന്നില്ല! പിന്നെ മരത്തിനു മുകളിലേക്കു നോക്കി അത്യുച്ചത്തില്‍ ചിന്നംവിളിച്ചു. അങ്ങനെ നില്‍ക്കേ, ഒരു കൊലയാന ഗുഹയ്ക്കുള്ളിലിരിക്കുന്ന കാര്‍ഫിയൂസിനെ കണ്ടു. അതു വേഗം ഗുഹയെ ലക്ഷ്യമാക്കി നീങ്ങിയതും മരത്തിനു മുകളിലിരുന്ന മേഘനാദന്‍  ഒരമ്പ് എയ്തതും ഒന്നിച്ചു കഴിഞ്ഞു. അതു കൃത്യം ആനയുടെ തലയില്‍ത്തന്നെ കൊണ്ടു. അമ്പു തലയില്‍ തുളഞ്ഞുകയറി ആന അലറിക്കൊണ്ടു തിരിഞ്ഞോടി. അതുകണ്ട മറ്റ് ആനകളും പിന്നാലെ ഓടി.
ആനകള്‍ കുന്നിറങ്ങി ആദിത്യപുരത്തേക്ക് ഓടി. 
എല്ലാവരും മരത്തില്‍നിന്നിറങ്ങി. 
കാര്‍ഫിയൂസ് മെല്ലെ ഗുഹയില്‍നിന്നു പുറത്തിറങ്ങി. നേരേ നടന്ന് തന്റെ പിതാവിന്റെ കുഴിമാടത്തിനു മുമ്പിലെത്തി. 
അപ്പോള്‍ കുമാരന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 
''പിതാവേ, അങ്ങയുടെ ആത്മാവിനോട് ഈ മകന്‍ പ്രാര്‍ഥിക്കുകയാണ്. എന്റെ സിംഹാസനം അവിടുത്തെ ഇളയ മകന്‍ തട്ടിയെടുക്കുകയാണ്. ആ സിംഹാസനം എനിക്ക് അങ്ങു തരില്ലേ? അങ്ങയെ സ്‌നേഹിക്കുന്ന മകന്‍ ഞാനല്ലേ?''
ആ കരിങ്കല്‍ കല്ലറയില്‍ മുഖമമര്‍ത്തി കാര്‍ഫിയൂസ് പൊട്ടിക്കരഞ്ഞു.
ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥ. എങ്കിലും ഒരേ അമ്മ പ്രസവിച്ച അനുജന്‍ തന്നോടിങ്ങനെ ചെയ്യുമെന്നു കരുതിയിരുന്നില്ല.
കാര്‍ഫിയൂസിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. കാര്‍ഫിയൂസ് എല്ലാം ഓര്‍ക്കുകയായിരുന്നു. അനുജനെ താന്‍ ജീവനുതുല്യം സ്‌നേഹിച്ചിരുന്നു. അവനു സിംഹാസനം വേണമെങ്കില്‍ നല്‍കാമായിരുന്നു. അതിനുവേണ്ടി ഒരിക്കലും തന്റെ പിതാവിനെ സര്‍പ്പത്തെക്കൊണ്ട് വധിപ്പിക്കേണ്ടിയിരുന്നില്ല. 
ഇത്ര വലിയൊരു കൊടുംചതി സ്വന്തം സഹോദരനില്‍നിന്നു പ്രതീക്ഷിച്ചിരുന്നില്ല. അതറിഞ്ഞ നിമിഷം കാര്‍ഫിയൂസ് ശാരീരികമായും മാനസികമായും വല്ലാതെ തളര്‍ന്നിരുന്നു.
കാര്‍ഫിയൂസ് ശവക്കല്ലറയില്‍ തല ചായ്ച്ചിരുന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ആ കരച്ചില്‍ കേട്ട് എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. കാര്‍ഫിയൂസിന്റെ കണ്ണീര്‍ കാണാന്‍ ആര്‍ക്കും കരുത്തില്ലായിരുന്നു. സോയൂസ് മെല്ലെ കുമാരന്റെ സമീപത്തു ചെന്നു. അദ്ദേഹം കുമാരനെ പിടിച്ചെഴുന്നേല്പിച്ചു.
''കുമാരാ, അങ്ങ് ഒരിക്കലും വ്യസനിക്കരുത്. സ്വന്തം സഹോദരന്റെ കൊടുംചതിയില്‍ അവിടുന്ന് ആകെ തകര്‍ന്നിരിക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം.''
സോയൂസ് അല്പം നിറുത്തി. 
''എല്ലാം തിരിച്ചുകിട്ടാന്‍ അവിടുന്ന്  ദൈവത്തോട് കേണപേക്ഷിക്കുക. നമുക്ക് എല്ലാവര്‍ക്കുംകൂടി സത്യത്തിനും നീതിക്കും വേണ്ടി പോരാടണം. എല്ലാം തിരിച്ചുപിടിക്കണം. അനീതിക്കു കൂട്ടുനിന്നവര്‍ക്കെല്ലാം കനത്ത ശിക്ഷ നല്‍കണം. അങ്ങു കരയുന്നതു കാണാന്‍ ഞങ്ങള്‍ക്കു കരുത്തില്ല. കരച്ചില്‍ നിര്‍ത്തൂ കുമാരാ...''
കാര്‍ഫിയൂസ് മെല്ലെ തലയുയര്‍ത്തി:
അവന്റെ കണ്ണുകള്‍ അപ്പോഴും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
''എല്ലാം നാം വെട്ടിപ്പിടിക്കും കുമാരാ. സമാധാനമായിരിക്കൂ.''
പിറ്റേന്നു രാവിലെ എല്ലാവിധ ആയുധങ്ങളോടുംകൂടി കാര്‍ഫിയൂസിന്റെ നേതൃത്വത്തില്‍ കുന്നിന്‍മുകളിലെത്തി. തിരുമാലിയിലെ മഹേന്ദ്രരാജാവ് കാര്‍ഫിയൂസിനുവേണ്ടി ധാരാളം ആയുധങ്ങളും കുറെ പടയാളികളെയും നല്‍കി. 
എല്ലാവരും ആദിത്യപുരം രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി. അകലെക്കണ്ട കാഴ്ച അക്ഷരാര്‍ഥത്തില്‍ സകലരെയും ഞെട്ടിച്ചുകളഞ്ഞു. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)