•  14 Nov 2024
  •  ദീപം 57
  •  നാളം 36
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
~ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും കണ്ടുമുട്ടിയത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് എല്‍സയുടെ കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് അവള്‍ നടന്നിരുന്നത്. അതുകൊണ്ട് അവളുടെ വിവാഹം നടന്നില്ല. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഡോക്ടര്‍ അവളുടെ വീടു സന്ദര്‍ശിച്ചു. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ഉടനെ ഒരു കുഞ്ഞുവേണ്ടെന്ന തീരുമാനത്തില്‍ വര്‍ഷ ഭര്‍ത്താവിനെ അറിയിക്കാതെ, സ്വന്തം അമ്മയുടെ സഹായത്തോടെ ആശുപത്രിയില്‍പോയി ഗര്‍ഭം അലസിപ്പിച്ചു. ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായി എന്നു ഭര്‍ത്താവിനോടു കള്ളം പറഞ്ഞു. (തുടര്‍ന്നു വായിക്കുക) 
 
   മഴ നീണ്ടുനില്‍ക്കുകയാണ്. കാതടപ്പിക്കുന്ന ഇടിശബ്ദം പടപടാ മുഴങ്ങിയപ്പോള്‍ സിസിലിയും എല്‍സയും വല്ലാതെ ഭയന്നുപോയി. ജപമാല ചൊല്ലി അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
''ഈ മഴ ഇന്നെങ്ങും തീരുന്ന ലക്ഷണമില്ലല്ലോ. ഈ രാത്രി എങ്ങനെ ഇരുട്ടിവെളിപ്പിക്കും മോളേ?''
''ഉറങ്ങണ്ട. രാത്രി മുഴുവന്‍ പ്രാര്‍ഥിച്ചോണ്ടിരിക്കാം. അല്ലാതെന്തു ചെയ്യാന്‍.''
''ഈ സ്ഥലോം വീടുമൊന്നു വിറ്റിട്ടു പോകാനും കഴിയുന്നില്ലല്ലോ.''
''വയനാട്ടിലെ ഉരുള്‍പൊട്ടലുകൂടി കേട്ടപ്പം ഇനി ഒരു മനുഷ്യനും ഈ മലമോളില്‍ വന്നു സ്ഥലം മേടിക്കില്ലമ്മേ.''
''നേരാ. എത്ര പേരാ അവിടെ മരിച്ചത്. ഉറങ്ങിക്കിടന്നപ്പം ആരെങ്കിലും പ്രതീക്ഷിച്ചതാണോ ഈ രാത്രികൂടിയേ അവര്‍ക്കീ ഭൂമിയില്‍ ജീവിതമുള്ളൂന്ന്.''
എല്‍സ ഒന്നും മിണ്ടിയില്ല.
മഴ നിലയ്ക്കുന്ന ലക്ഷണമില്ല. വീടിനകം പലയിടത്തും ചോരുന്നുണ്ട്. സിസിലി ടോര്‍ച്ചെടുത്തു തെളിച്ച് എല്ലായിടത്തും നോക്കി. പലേടത്തും വെള്ളം കെട്ടിക്കിടപ്പുണ്ട്. ടോര്‍ച്ചുതെളിച്ച് അവര്‍ അടുക്കളയിലേക്കു ചെന്നു. നോക്കിയപ്പോള്‍ അടുക്കള മുഴുവന്‍ വെള്ളം. മുകളിലേക്കു ടോര്‍ച്ചടിച്ചു നോക്കി. ഓടുപൊട്ടി വെള്ളം ധാരയായി നിലത്തേക്കൊഴുകിവീഴുന്നു. താഴെ ഒരു ബക്കറ്റ് വച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. ബക്കറ്റ് വെളിയിലിരിപ്പുണ്ട്. അടുക്കളവാതില്‍ തുറന്ന് സിസിലി വെളിയിലേക്കിറങ്ങി. അപ്പോഴാണ് ഓര്‍ത്തത് കോഴിക്കൂട് അടച്ചില്ലല്ലോ എന്ന്. കുറുക്കന്റെ ശല്യമുള്ള സ്ഥലമാണ്. മഴ നനഞ്ഞ് സാവധാനം കോഴിക്കൂടിന് അടുത്തേക്കു നടന്നു. പത്തുമീറ്റര്‍ ദൂരെയാണ് കോഴിക്കൂട്. കോഴികളെല്ലാം ഉണ്ടോ എന്ന് കൂട്ടിനകത്തേക്കു ടോര്‍ച്ചടിച്ചു നോക്കി.
പൊടുന്നനെ സമീപത്തുനിന്ന ഒരു വലിയ പ്ലാവ് കടപുഴകി സിസിലിയുടെ ദേഹത്തേക്കു വീണു. ഒരലര്‍ച്ചയോടെ സിസിലി മറിഞ്ഞുവീണു. 
എന്തോ ശബ്ദം കേട്ടതും കിടപ്പുമുറിയിലായിരുന്ന എല്‍സ ചാടിയെണീറ്റ് അടുക്കളയിലേക്കു വന്ന് മൊബൈല്‍ടോര്‍ച്ച് അടിച്ചുനോക്കി. അമ്മയെ കാണാഞ്ഞപ്പോള്‍ പരിഭ്രാന്തയായി. നോക്കിയപ്പോള്‍ വാതില്‍ തുറന്നുകിടപ്പുണ്ട്. തിടുക്കത്തില്‍ പുറത്തിറങ്ങി ടോര്‍ച്ചടിച്ചു നോക്കി.
''അമ്മേ...''
ഉറക്കെ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പരിഭ്രാന്തിയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നുനോക്കിയപ്പോഴാണ് പ്ലാവ് കടപുഴകി വീണുകിടക്കുന്നതു കണ്ടത്. അവളുടെ ശ്വാസഗതി പരമോന്നതിയിലായി.  സൂക്ഷിച്ചുനോക്കിയപ്പോള്‍ മൊബൈല്‍ വെട്ടത്തില്‍  കണ്ടു. അമ്മയുടെ ശരീരം ചലനമില്ലാതെ തടിയുടെ അടിയില്‍ കിടക്കുന്നു. ഒരലര്‍ച്ചയായിരുന്നു. തളര്‍ന്ന് അവള്‍ നിലത്തിരുന്നുപോയി. സമനില വീണ്ടെടുക്കാന്‍ കുറേസമയം  വേണ്ടിവന്നു. മഴ അപ്പോഴും കുറഞ്ഞിരുന്നില്ല.
മൊബൈല്‍ എടുത്ത് എല്‍സ നിഷയുടെ നമ്പറില്‍ വിളിച്ചു വിവരം പറഞ്ഞു. നിഷയുടെ പപ്പ അയല്‍ക്കാരെയും കൂട്ടി പത്തു മിനിറ്റിനകം ജീപ്പില്‍ പാഞ്ഞെത്തി.
ശിഖരങ്ങള്‍ വെട്ടിമാറ്റി, തടി മറിച്ചിട്ട് സിസിലിയുടെ ശരീരം പുറത്തെടുക്കാന്‍ നന്നേ ബുദ്ധിമുട്ടി. ആ ശരീരത്തില്‍നിന്ന് അപ്പോഴേക്കും ആത്മാവ് പറന്നുപോയിരുന്നു. അമ്മ മരിച്ചു എന്നറിഞ്ഞതും എല്‍സയുടെ കരച്ചില്‍ ഉച്ചത്തിലായി. അവള്‍ തളര്‍ന്ന് ബോധമറ്റു വീണുപോയി. 
  *      *     *
എല്‍സയുടെ വീട്ടുമുറ്റത്ത് ഒരു പന്തല്‍ ഉയര്‍ന്നു. പന്തലിന്റെ മധ്യത്തില്‍ വെള്ളത്തുണി വിരിച്ച മേശപ്പുറത്ത്, ശവപ്പെട്ടിയില്‍ സിസിലിയുടെ ചേതനയറ്റ ശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. കൈയില്‍ കുരിശുരൂപം. ചുറ്റും വെള്ളപ്പൂക്കള്‍.
എല്‍സയും ടെസിയും അടുത്തിരുന്ന് ഏങ്ങിയേങ്ങി കരയുന്നുണ്ട്. ക്ഷീണിതമായ ആ മുഖങ്ങളില്‍ കണ്ണീരൊഴുകിയ പാടുകള്‍ തെളിഞ്ഞുകാണാം.
സിസിലിയെ അവസാനമായി ഒരുനോക്കുകാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ആളുകള്‍ വന്നുംപോയുമിരുന്നു. എല്‍സ ട്യൂഷന്‍ പഠിപ്പിക്കുന്ന കുട്ടികളും വേദപാഠം പഠിപ്പിക്കുന്ന കുട്ടികളുമൊക്കെ വന്ന് റീത്തു സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു.
പന്ത്രണ്ടരമണിയായപ്പോള്‍ പൂച്ചപ്പാറപ്പള്ളിയില്‍നിന്ന് വികാരി ഫാദര്‍ മാത്യു കുരിശിങ്കലും കൈക്കാരനും കാറില്‍ വീട്ടുമുറ്റത്തു വന്നിറങ്ങി. അച്ചനെ കണ്ടപ്പോള്‍ എല്‍സയുടെ സങ്കടം ഇരട്ടിച്ചു. സാവധാനം അച്ചന്‍ എല്‍സയുടെ അടുത്തുവന്ന് ചേര്‍ത്തുപിടിച്ച് ചുമലില്‍ തലോടിക്കൊണ്ടു പറഞ്ഞു: ''എല്ലാം സഹിക്കാനുള്ള ശക്തി തരാന്‍ ദൈവത്തോടു പ്രാര്‍ഥിക്കു മോളേ.''
അച്ചന്റെ ആശ്വാസവാക്കുകളൊന്നും അവളുടെ ഹൃദയത്തെ തണുപ്പിച്ചില്ല. തനിക്കു താങ്ങും തണലുമായിനിന്ന അമ്മ ഒരു നിമിഷംകൊണ്ട് ഈ ലോകം വിട്ടുപോയല്ലോ എന്ന സങ്കടമായിരുന്നു അവള്‍ക്ക്. ഒമ്പതുവര്‍ഷംമുമ്പ് പപ്പയുടെ ജീവന്‍ ആന എടുത്തുകൊണ്ടുപോയി. ഇപ്പോള്‍ അമ്മയുടെ ജീവന്‍ വീടരികില്‍നിന്ന പ്ലാവൂം എടുത്തോണ്ടുപോയി. എന്തൊരു ദുര്യോഗമാണ് തനിക്ക്! എന്തിനാണ് ദൈവംതന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? കൈ ഉയര്‍ത്തി അവള്‍ കണ്ണുകള്‍ തുടച്ചു.
ഒപ്പീസ് ചൊല്ലിയിട്ട് ഫാദര്‍ മാത്യു കുരിശിങ്കല്‍ തെല്ലുമാറി ഒരു കസേരയില്‍ പോയി ഇരുന്നു.
ഒരുമണി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മനു തോമസ് കാറില്‍ വന്നിറങ്ങി. മൃതദേഹത്തില്‍ റീത്തുവച്ച് കൈകൂപ്പി അയാള്‍ പ്രാര്‍ഥിച്ചു. മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ എല്‍സ നിറകണ്ണുകളോടെ തന്നെ നോക്കി നില്‍ക്കുന്നതു കണ്ടു. അമ്മ പോയി ഡോക്ടറേ എന്ന് അവളുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നതായി മനുവിനു തോന്നി. ഡോക്ടറുടെ കണ്ണുനിറഞ്ഞു. മിഴികള്‍കൊണ്ട് ആശ്വാസം പകര്‍ന്നിട്ട് മനു പിന്നാക്കം മാറി ആളൊഴിഞ്ഞ സ്ഥലത്തുവന്നുനിന്നു.
രണ്ടുമണിക്കാണ് സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഒന്നേമുക്കാല്‍ കഴിഞ്ഞപ്പോള്‍ പള്ളിയില്‍നിന്ന് വികാരിയച്ചനും കപ്യാരും എത്തി. അപ്പോഴേക്കും പന്തലിലും ചുറ്റുവട്ടത്തും ആളുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
കൃത്യം രണ്ടുമണിക്കുതന്നെ സംസ്‌കാരശുശ്രൂഷ തുടങ്ങി. കുരിശിങ്കലച്ചനാണ് മുഖ്യകാര്‍മികനായത്. അനുശോചനപ്രസംഗത്തില്‍ അച്ചന്‍ ഇങ്ങനെ പറഞ്ഞു:
''ഈ കുടുംബവുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം എന്റെ സ്വന്തം കുടുംബവുമായി ഉണ്ടായിരുന്നതിനേക്കാള്‍ അധികമാണ്. ഒരു മാസംമുമ്പ് ഞാനീ വീട്ടില്‍വന്ന് ചേനപുഴുങ്ങിയതും കോഴിക്കറിയും കഴിച്ചത് ഓര്‍ക്കുന്നു. എത്ര സ്‌നേഹത്തോടെയാണ് സിസിലി അതെല്ലാം വിളമ്പി ത്തന്നത്. എന്നും പള്ളിയില്‍വന്ന് വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ട് മാതൃകാപരമായ ക്രിസ്തീയ ജീവിതം നയിച്ച വീട്ടമ്മയായിരുന്നു സിസിലി. സിസിലി മാത്രമല്ല, അവരുടെ മകള്‍ എല്‍സയും മറ്റുള്ളവര്‍ക്ക് എന്നും മാതൃകയായി ജീവിച്ച കുട്ടിയാണ്. എല്‍സയെ തനിച്ചാക്കിയിട്ട് ഇത്ര പെട്ടെന്ന് ദൈവം സിസിലിയെ സ്വര്‍ഗലോകത്തേക്കു കൂട്ടി കൊണ്ടുപോകുമെന്നു പ്രതീക്ഷിച്ചില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്റെ വിളി വരുന്നത്. ഒമ്പതുവര്‍ഷം മുമ്പ് സിസിലിയുടെ ഭര്‍ത്താവ് തോമസിനെ ദൈവം വിളിച്ചു. പിന്നീട് ഒരുപാട് യാതനകളും വേദനയും അനുഭവിച്ചാണ് സിസിലി രണ്ടുമക്കളെ വളര്‍ത്തി വലുതാക്കി ജീവിതം കരുപ്പിടിപ്പിച്ചത്. മൂത്തമകള്‍ ടെസിയെ കല്യാണം കഴിച്ചയച്ചു. ഇളയമകള്‍ എല്‍സയുടെ കല്യാണം നടന്നുകണ്ടിട്ടേ തന്നെ സ്വര്‍ഗത്തിലേക്കു വിളിക്കാവൂ എന്നു സിസിലി എപ്പോഴും പ്രാര്‍ഥിക്കുമായിരുന്നു. എന്നെ കാണുമ്പോഴൊക്കെ കല്യാണം നടക്കാന്‍ പ്രാര്‍ഥിക്കണേ എന്നു പറയുമായിരുന്നു. എന്തായാലും സിസിലിയുടെ ആ ആഗ്രഹം ദൈവം നിറവേറ്റിക്കൊടുത്തില്ല. നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം ദൈവം തരാറില്ലല്ലോ. ദൈവത്തിനു പ്രിയപ്പെട്ടവളായതുകൊണ്ട് സിസിലിയെ ദൈവം പെട്ടെന്നു വിളിച്ചു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.  എല്‍സ ഒറ്റയ്ക്കായല്ലോ എന്ന സങ്കടം വേണ്ടാ. അവള്‍ക്ക് ഈ ഇടവകക്കാര് എല്ലാവരും ഉണ്ടാകും. അവളുടെ കല്യാണം ഞാന്‍ നടത്തിക്കൊടുക്കും. സിസിലിയുടെ ആത്മാവ് സ്വര്‍ഗത്തിലിരുന്ന് ഇതുകേട്ട് സന്തോഷിക്കട്ടെ. ആ ആത്മാവിന് നിത്യശാന്തി നേരുന്നു. വിധിയുടെ ദിവസം ദൈവം അവരെ വലതുവശത്തു നിറുത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
പ്രസംഗം അവസാനിപ്പിച്ചിട്ട് അച്ചന്‍ സംസ്‌കാരശുശ്രൂഷ തുടര്‍ന്നു: ''വിശ്വസ്തരായ ഭൃത്യര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട നിത്യാനന്ദത്തിലേക്കു ദൈവം നിന്നെ പ്രവേശിപ്പിക്കുമാറാകട്ടെ.''
ഒടുക്കം അങ്ങനെ പ്രാര്‍ഥിച്ചിട്ട് അച്ചന്‍ സിസിലിയുടെ ശിരസ്സില്‍ പുഷ്പമുടി ചാര്‍ത്തി.
ഭൗതികശരീരം വീട്ടില്‍നിന്ന് എടുക്കാന്‍നേരം എല്‍സയും ടെസിയും അമ്മയ്ക്ക് അന്ത്യചുംബനം നല്‍കി. അമ്മയെ കെട്ടിപ്പിടിച്ച് എല്‍സ വാവിട്ടു കരഞ്ഞു. ബന്ധുക്കള്‍വന്ന് അവളെ പിടിച്ചു മാറ്റി.
സിസിലിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സാവധാനം പള്ളിയിലേക്കു നീങ്ങി. സിസിലിയെ യാത്ര അയയ്ക്കാന്‍ പള്ളിമുറ്റത്തും ഒരുപാട് ആളുകള്‍ കാത്തുനിന്നിരുന്നു. അക്കൂട്ടത്തില്‍ സൂസമ്മയും ജോസുമുണ്ടായിരുന്നു. ജയേഷ് പക്ഷേ, വന്നില്ല. 
പള്ളിയിലെ പ്രാര്‍ഥന കഴിഞ്ഞ് ഭൗതികദേഹം സിമിത്തേരിയിലേക്ക്  എടുക്കപ്പെട്ടു. എല്‍സയെയും ടെസിയെയും താങ്ങിപ്പിടിച്ചുകൊണ്ട്   ബന്ധുക്കള്‍ സിമിത്തേരിയിലേക്കു കൊണ്ടുപോയി.
സിമിത്തേരിയിലെ പ്രാര്‍ഥന കഴിഞ്ഞ് പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സമയമായി. രണ്ടുവരിയായി ഇരുവശത്തുകൂടെയും ആളുകള്‍വന്നു പൂക്കള്‍ അര്‍പ്പിച്ചിട്ട് കടന്നുപോയി. ഏറ്റവും ഒടുവിലാണ് ബന്ധുക്കളും അയല്‍ക്കാരുമൊക്കെ വന്നത്. അക്കൂട്ടത്തില്‍ ഡോക്ടര്‍ മനു തോമസുമുണ്ടായിരുന്നു. സാവധാനം നടന്നുവന്ന് മൃതദേഹത്തില്‍ പൂക്കള്‍ അര്‍പ്പിച്ചിട്ട് കുനിഞ്ഞ് ഒരു മുത്തം നല്‍കി മനു. മുഖമുയര്‍ത്തി നോക്കിയപ്പോള്‍ അഭിമുഖമായി എല്‍സ തന്നെ നോക്കിനില്‍ക്കുന്നതയാള്‍ കണ്ടു. പൊട്ടിക്കരഞ്ഞു പോകാതിരിക്കാന്‍ അവള്‍ ചുണ്ടുകള്‍ കടിച്ചമര്‍ത്തിയിരുന്നു. കണ്ടപ്പോള്‍ മനുവിന്റെയും കണ്ണുനിറഞ്ഞുപോയി. അന്ത്യോപചാരം അര്‍പ്പിച്ചിട്ട് മനു അവിടെനിന്ന് മാറിനിന്നു.
ഏറ്റവും ഒടുവിലാണ് എല്‍സയും ടെസിയും അമ്മയ്ക്ക് അന്ത്യചുംബനം നല്‍കിയത്. എല്‍സയെ കൂട്ടുകാരികള്‍ താങ്ങിപ്പിടിച്ചുകൊണ്ടുവന്നാണ് ഉമ്മ വയ്പിച്ചത്. കെട്ടിപ്പിടിച്ച് അവള്‍ പതം പറഞ്ഞു കരയുന്നതു കണ്ടപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു. സുഹൃത്തുക്കള്‍ അവളെ പിടിച്ചു മാറ്റി.  
സിമിത്തേരിയിലെ ശുശ്രൂഷകളെല്ലാം കഴിഞ്ഞ് പെട്ടി അടച്ചു. എല്‍സയുടെ കരച്ചില്‍ ഉച്ചത്തിലായി. ടെസിയും വാവിട്ടുകരയുകയായിരുന്നു. തോമസിന്റെ കല്ലറയിലാണ് സിസിലിക്കും ഇനി അന്ത്യവിശ്രമം! 
പെട്ടി കുഴിയിലേക്ക് ഇറക്കിയതും എല്‍സ തളര്‍ന്നു വീണുപോയി. ആരൊക്കെയോ വന്ന് അവളെ താങ്ങിപ്പിടിച്ചുകൊണ്ട് പള്ളിമേടയിലെ വരാന്തയില്‍ കൊണ്ടുവന്നു കിടത്തി. കുടിക്കാന്‍ തണുത്ത വെള്ളം കൊടുത്തു.
എല്ലാവരും പിരിഞ്ഞപ്പോഴും ഡോക്ടര്‍ മനു പോയിരുന്നില്ല. അയാള്‍ സാവധാനം പള്ളിമേടയുടെ വരാന്തയിലേക്കു ചെന്നു. ഡോക്ടറെ കണ്ടതും എല്‍സയുടെ സങ്കടം അണപൊട്ടി.
''പോയി ഡോക്ടറേ, എന്റെ അമ്മ പോയി. ഇനി എനിക്കാരുമില്ല. ഒമ്പതുവര്‍ഷം മുമ്പ് പപ്പ എന്നെ ഇട്ടിട്ടു പോയി. ഇപ്പം ദേ അമ്മയും! ഞാന്‍ ആര്‍ക്കുവേണ്ടിയാ ഇനി ജീവിക്കുന്നത്. എന്നെയുംകൂടിയങ്ങു കൊണ്ടുപോകായിരുന്നല്ലോ ദൈവത്തിന്...''
കേട്ടപ്പോള്‍ മനുവിന്റെ കണ്ണു നിറഞ്ഞു. എല്‍സയുടെ കരംപിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: 
''കരയണ്ട. എല്ലാം ദൈവത്തിന്റെ പദ്ധതിയാന്നു വിചാരിച്ച് ആശ്വസിക്കാന്‍ നോക്ക്. മനസ്സിലുള്ള വിഷമം സഹിക്കാന്‍ പറ്റാത്തതാന്ന് എനിക്കറിയാം. ആരുമില്ലല്ലോന്നുള്ള സങ്കടം വേണ്ട. ഞങ്ങളൊക്കെയുണ്ട് ഒപ്പം! അച്ചന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞതു കേട്ടില്ലായിരുന്നോ. ഒറ്റപ്പെട്ടുപോയീന്നുള്ള ദുഃഖം വേണ്ടെന്ന്. ഈ ഇടവകക്കാര് മൊത്തം ഉണ്ടാകും എല്‍സയോടൊപ്പം.''
''ആരൊക്കെയുണ്ടെങ്കിലും എന്റമ്മയ്ക്കു പകരമാകുമോ ഡോക്ടറെ?''
ആ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ കഴിഞ്ഞില്ല മനുവിന്. അമ്മയില്ലാത്തതിന്റെ ദുഃഖം അതനുഭവിക്കുന്നവര്‍ക്കല്ലേ അറിയാന്‍ പറ്റൂ.
ഈ സമയം ഫാദര്‍ മാത്യു കുരിശിങ്കല്‍ അങ്ങോട്ടുവന്നു. എല്‍സയെ ഓരോന്നു പറഞ്ഞ് ആശ്വസിപ്പിച്ചിട്ട് അച്ചന്‍ ടെസിയെയും ഭര്‍ത്താവ് ജോണിയെയും വിളിച്ചു മാറ്റിനിറുത്തിയിട്ട് പറഞ്ഞു:
''നിങ്ങളു കുറച്ചുദിവസം ഇവിടുണ്ടാകണം കേട്ടോ. അവളുടെ സങ്കടം ഒന്നു കുറഞ്ഞിട്ടേ പോകാവൂ. പറ്റുമെങ്കില്‍ കുറേനാള് അവളെ നിങ്ങളുടെ വീട്ടില്‍ കൊണ്ടെനിറുത്താന്‍ നോക്കുക.'' 
ജോണി തലകുലുക്കി. 
ഇടയ്ക്കു വിളിക്കാമെന്നു പറഞ്ഞിട്ട് അച്ചന്‍ എല്‍സയോടു യാത്ര പറഞ്ഞു പിരിഞ്ഞു. എന്താവശ്യം വന്നാലും വിളിക്കണമെന്നു പറഞ്ഞിട്ട് ഡോക്ടര്‍ മനുവും പോയി.
ജോണിയും ടെസിയും കൂടി എല്‍സയെ താങ്ങിപ്പിടിച്ച് കൊണ്ടുവന്ന് കാറില്‍ കയറ്റി വീട്ടിലേക്കു കൊണ്ടുപോയി.
അയല്‍ക്കാരും ഏതാനും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. അവര്‍ സഹതാപത്തോടെ എല്‍സയെ നോക്കി. ആരോടും ഒന്നും മിണ്ടാതെ, തളര്‍ന്ന കാലുകള്‍ നീട്ടി അവള്‍ അമ്മ കിടന്ന മുറിയിലേക്കു ചെന്നു. അമ്മയുടെ കട്ടിലില്‍ തലയിണയില്‍ കെട്ടിപ്പിടിച്ച് എങ്ങിയേങ്ങി കരഞ്ഞു. ഇനി അമ്മയില്ലല്ലോ ഒന്നു വര്‍ത്തമാനം പറയാന്‍. 
ഇരുട്ടുവീണപ്പോഴേക്കും അയല്‍ക്കാരും ബന്ധുക്കളുമെല്ലാം പോയിക്കഴിഞ്ഞിരുന്നു. അത്താഴം കഴിഞ്ഞ് മുറിയില്‍ വന്നിരിക്കുമ്പോള്‍ ടെസിയുടെ ഭര്‍ത്താവ് ജോണി പറഞ്ഞു: 
''ഞാന്‍ നാളെ പോകും. കുട്ടികളുടെ പഠിത്തം മുടക്കാന്‍ പറ്റുകേലല്ലോ. ടെസി കുറച്ചു ദിവസം ഇവിടുണ്ടാകും. അവളു പോരുമ്പം അക്കൂടെ എല്‍സയും അങ്ങോട്ടുപോരെ. ഇനി അവിടെ നില്‍ക്കാം.
''ഈ വീടൂം മണ്ണും ഉപേക്ഷിച്ച് ഞാന്‍ എങ്ങോട്ടും പോകില്ല.'' എല്‍സ തീര്‍ത്തുപറഞ്ഞു.
'ഒറ്റയ്ക്കിവിടെ കഴിയാന്‍ പറ്റ്വോ?''
''എന്റമ്മയുടെയും പപ്പയുടെയും ആത്മാവ് ഉണ്ടിവിടെ; എനിക്കു കൂട്ടായിട്ട്. അതുമതി.''
''ഞങ്ങടെയാരുടേം സഹായം വേണ്ടെങ്കില്‍ നീ ഒറ്റയ്ക്ക് ഇവിടെ കഴിഞ്ഞോ. എനിക്കെന്താ ചേതം.''
ജോണിയുടെ വാക്കുകളില്‍ നീരസം പ്രകടമായിരുന്നു. അയാള്‍ പോയി ഒരു പെഗ് മദ്യം എടുത്തു കഴിച്ചിട്ട് ഉറങ്ങാന്‍ കിടന്നു. ജോണി ഉറങ്ങിക്കഴിഞ്ഞപ്പോള്‍ ടെസി അനിയത്തിയുടെ അടുത്തുവന്നിരുന്നു ചുമലില്‍ തലോടി സങ്കടത്തോടെ പറഞ്ഞു:
''നീ വരുന്നില്ലാന്നു പറഞ്ഞതു നന്നായി മോളേ. എനിക്കറിയാല്ലോ ആ വീട്ടിലെ സ്ഥിതി. അവിടെ കഴിയുന്നതിനേക്കാള്‍ ഭേദം ഇവിടെ ഒറ്റയ്ക്കു കഴിയുന്നതാ. നമ്മള്‍ ഓടിക്കളിച്ചു നടന്ന വീടും പറമ്പുമല്ലേ. അമ്മേടെ ആത്മാവ് നിന്നെ കാത്തുകൊള്ളും...''
''എന്നാലും... ഇത്ര പെട്ടെന്ന് അമ്മ പോയല്ലോ ചേച്ചീ...'' ചേച്ചിയുടെ തോളിലേക്കു ചാരി അവള്‍ ഏങ്ങലടിച്ചു.
''എന്റെ സ്ഥിതിയൊന്നു നീ ആലോചിച്ചുനോക്കിക്കേ. വല്ലപ്പഴും അമ്മയെ കാണാനാന്നു പറഞ്ഞു വരായിരുന്നു. ഇവിടെ വരുമ്പം ഒരു സന്തോഷവുമുണ്ടായിരുന്നു. ഇനി വിടുകപോലുമില്ല.'' ടെസിയും സങ്കടം നിയന്ത്രിക്കാനാവാതെ കരഞ്ഞു.
ആ രാത്രി ഓരോന്ന് ആലോചിച്ചു കിടന്ന് എല്‍സ നേരം വെളുപ്പിച്ചു. പുലര്‍ച്ചെ എണീറ്റ് എല്ലാവരും പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. കുര്‍ബാന കഴിഞ്ഞ് സിമിത്തേരിയില്‍ ഒപ്പീസുണ്ടായിരുന്നു.
തിരികെ വീട്ടില്‍വന്നു കയറിയപ്പോള്‍ ജോണി എല്‍സയോടു പറഞ്ഞു: 
''ഞാന്‍ രാവിലെ പോക്വാ. ടെസി രണ്ടുമൂന്നു ദിവസംകൂടി ഇവിടുണ്ടാകും. അവളു പോരുമ്പം നീയും അങ്ങോട്ട പോരെ. കുറച്ചുദിവസം അവിടെ നില്‍ക്കാം. പ്രയാസമൊക്കെ മാറിക്കഴിയുമ്പം ഇങ്ങുപോരാം.''
'''ഞാന്‍ വരുന്നില്ല.'' എല്‍സ തീര്‍ത്തു പറഞ്ഞു.
''നീ വരില്ലെന്ന് എനിക്കറിയാം. ഒരു ഡോക്ടറുണ്ടായിരുന്നല്ലോ സിമിത്തേരിയില്‍ ഏതു നേരവും നിന്റെ വായിലേക്കു നോക്കി. എല്ലാരും പോയിക്കഴിഞ്ഞിട്ടും അവന്‍ മണംപിടിച്ചു നിന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കണ്ടല്ലോ. എനിക്കറിയാം നീ ഈ വീടുവിട്ട് പോകില്ലെന്നു പറഞ്ഞതിന്റെ കാരണമെന്താന്ന്. ഒരു കാര്യം പറഞ്ഞേക്കാം. ചീത്തപ്പേരുണ്ടാക്കിയാല്‍ നിന്റെ ചേച്ചിയെ പിന്നെ ഈ വീട്ടിലേക്കു വിടുകേയില്ല. നിന്നെ അങ്ങോട്ടു കേറ്റുകയുമില്ല.''
എല്‍സ ഒന്നും മിണ്ടിയില്ല. എന്തു വേണമെങ്കിലും പറഞ്ഞോട്ടെ എന്നവള്‍ വിചാരിച്ചു. തന്റെ മനസ്സ് ദൈവത്തിന് അറിയാല്ലോ. അതു മതി. വേറാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. 
ഈ സമയം എല്‍സയുടെ മൊബൈല്‍ ശബ്ദിച്ചു. ജോണി എടുത്തുനോക്കിയിട്ട് എല്‍സയുടെ നേരേ തിരിഞ്ഞു പറഞ്ഞു.
''അവനാ... ആ ഡോക്ടര്‍. എല്ലാരും പോയോന്നറിയാന്‍ വിളിക്കുന്നതായിരിക്കും. വന്ന് ആശ്വസിപ്പിക്കാന്‍.'' ജോണി കോള്‍ കട്ട് ചെയ്തിട്ട് ഫോണ്‍ മേശപ്പുറത്തേക്ക് എറിഞ്ഞു.
''ഒറ്റയ്ക്കിവിടെ താമസിച്ചാല്‍ നിന്റെ കല്യാണം നടക്കൂന്ന് സ്വപ്നത്തില്‍പ്പോലും വിചാരിക്കണ്ട. അല്ല, ഒരു കണക്കിന് ആലോചിച്ചാല്‍ എന്തിനാ കല്യാണം. കാര്യങ്ങളൊക്കെ മുറപോലെ നടക്കുന്നുണ്ട്. കാശും കിട്ടുന്നുണ്ട്.''
തിരിഞ്ഞു കരണത്തൊന്നു കൊടുക്കാന്‍ തോന്നിയെങ്കിലും എല്‍സ രോഷം കടിച്ചമര്‍ത്തി നിയന്ത്രിച്ചു. ചേച്ചിയുടെ ഭര്‍ത്താവാണ്. ഭൂമിയോളം ക്ഷമിക്കുകതന്നെ!
ടെസി എല്ലാം കേട്ട് കണ്ണീരൊഴുക്കി നിസ്സഹായയായി നില്‍ക്കുകയായിരുന്നു. അവള്‍ക്കറിയാമായിരുന്നു എന്തെങ്കിലും പറഞ്ഞാല്‍ അയാളുടെ കൈ തന്റെ ചെകിട്ടത്തുവീഴുമെന്ന്. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)