•  6 Nov 2025
  •  ദീപം 58
  •  നാളം 35
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

   ചോരപുരണ്ട വാക്കത്തിയുമായി ഗേറ്റുകടന്നു വന്ന ജോസ് പൊലീസ്‌സംഘത്തിന്റെ മുമ്പിലെത്തിനിന്നു.
അവന്റെ മുഖത്തെ വന്യഭാവം സബ്ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിനെയും മറ്റു പോലീസുകാരെയും പരിഭ്രാന്തരാക്കി. മനോരോഗിയാണ്. എന്തും ചെയ്യാന്‍ മടിക്കില്ല. കീഴ്‌പ്പെടുത്തണം എങ്ങനെയും.
ജോസ് വാക്കത്തി തറയിലേക്കിട്ടു. പിന്നെ അല്പംകൂടി മുമ്പോട്ടു നടന്നു.
''എന്റെ ജീനാമോളെ കൊല്ലിച്ചവനെ ഞാന്‍ വെട്ടിക്കൊന്നു. എന്നെ വിലങ്ങുവച്ച് അറസ്റ്റ് ചെയ്ത് സാറന്മാര് കൊണ്ടുപൊയ്‌ക്കോളൂ.
ശിക്ഷിച്ചോളൂ. തൂക്കിക്കൊന്നോളൂ.'' പാലച്ചുവട്ടില്‍ ജോസ് പറഞ്ഞു.
വാഹനത്തില്‍ കൈവിലങ്ങെടുത്തിരുന്നില്ല. കോണ്‍സ്റ്റബിള്‍ രാജേന്ദ്രന്‍ ജീപ്പിലുണ്ടായിരുന്ന ചണക്കയര്‍ എടുത്തുകൊണ്ടുവന്നു. അതുകൊണ്ട് ജോസിന്റെ ഇരുകൈകളും കൂട്ടിക്കെട്ടി. പിന്നെ പൊലീസ് ജീപ്പിന്റെ പിറകിലേക്കു തള്ളിക്കയറ്റി. ഒരുപാടാളുകള്‍ അവിടെ തടിച്ചുകൂടിയിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവിലൂടെ ജീപ്പ് തിരികെ സ്റ്റേഷനിലേക്കു ചീറിപ്പാഞ്ഞു.
സബ്ഇന്‍സ്‌പെക്ടര്‍ അജിതിന്റെ ഫോണ്‍ ശബ്ദിച്ചു. 
അദ്ദേഹം അതു പെട്ടെന്നെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു ലൈനില്‍.
''ഹലോ അജിത്തേ.''
''സര്‍.''
''എന്താ അവിടുത്തെ സിറ്റ്വേഷന്‍? അവനെ കീഴ്‌പ്പെടുത്തിയോ?''
''കീഴ്‌പ്പെടുത്തി. കൈകെട്ടി സ്റ്റേഷനിലേക്കു കൊണ്ടുവരികെയാ. ആ മാത്തുക്കുട്ടിയുടെ കാര്യം അറിഞ്ഞോ സാര്‍.''
''അറിഞ്ഞു. സീരിയസ്സൊന്നുമല്ല. തോളിനൊരു വെട്ടേറ്റെന്നേയുള്ളൂ. പേടിക്കാനൊന്നുമില്ല.''
''ഹൊ! നന്നായി. അയാളെങ്ങാന്‍ തട്ടിപ്പോയിരുന്നെങ്കില്‍ നമ്മളും പ്രതിക്കൂട്ടിലായേനെ.''
''അതൊന്നുമില്ല. തട്ടിപ്പോയാല്‍ തട്ടിപ്പോയി. അത്രതന്നെ.  കോടതി പറയാതെ നമുക്കാര്‍ക്കും പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ നിയമമില്ലല്ലോ.''
''സാര്‍, ഇയാളുടെ കാര്യത്തില്‍ എന്താ ഒരു തീരുമാനമെടുക്കുന്നത്? ലോക്കപ്പിലിട്ട് മുഴുവന്‍സമയവും കാവലേര്‍പ്പെടുത്തേണ്ടി വരുമല്ലോ.''
''ഒന്നുകില്‍ അങ്ങനെ ചെയ്യാം. അല്ലെങ്കില്‍ മെഡിക്കല്‍ കോളജിലെ മെന്റല്‍വിഭാഗത്തില്‍ കൊണ്ടുചെന്നാക്കണം.''
''ശരി സാര്‍.''
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫോണ്‍ കട്ടാക്കി.
* * * *
നഗരത്തിലെ പ്രധാന പ്രൈവറ്റ് ആശുപത്രിയിലേക്കാണ് മേടയ്ക്കല്‍ മാത്തുക്കുട്ടിയെ കൊണ്ടുപോയത്. ബംഗ്ലാവിന്റെ സിറ്റൗട്ടില്‍ ഒരു സ്‌നേഹിതനുമായി  സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ഗേറ്റു കടന്ന് അലറിപ്പാഞ്ഞുവന്ന പാലച്ചുവട്ടില്‍ ജോസ് അയാളെ വാക്കത്തിക്കു വെട്ടിയത്. കഴുത്തു ലക്ഷ്യമാക്കിയാണ് വെട്ടിയതെങ്കിലും കയ്യുരത്തിനാണ് വെട്ടേറ്റത്. സ്‌നേഹിതന്‍ ഓടിയകത്തു കയറി രക്ഷപ്പെട്ടു. വിപദിധൈര്യത്തോടെ ടിപ്പോയില്‍നിന്നു കൈത്തോക്ക് കൈയിലെടുത്തപ്പോള്‍ പാലച്ചുവടന്‍ പേടിച്ച് ഇറങ്ങിയോടുകയായിരുന്നു. പപ്പായുടെ കരച്ചിലും ആക്രോശവും കേട്ട് അകത്തുനിന്നോടി വന്ന ഷേര്‍ലിയാണ് പൊലീസ്‌സ്റ്റേഷനില്‍ വിവരമറിയിച്ചത്. ഹോസ്പിറ്റലില്‍നിന്ന് ആംബുലന്‍സ് വരുത്തിയതും ഷേര്‍ലിയാണ്. ആഴത്തില്‍ മുറിവും തോളെല്ലിനു പൊട്ടലും സംഭവിച്ച മാത്തുക്കുട്ടിയെ തീവ്രപരിചരണയൂണിറ്റില്‍ പ്രവേശിപ്പിച്ചു. ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് പ്രധാനഡോക്ടറായ സാം മാത്യു പുറത്തേക്കു വന്നത്. ഷേര്‍ലി ഉദ്വേഗത്തോടെ അദ്ദേഹത്തിന്റെയടുത്തെത്തി.
''ഡോക്ടര്‍ പപ്പായ്ക്ക്.''
ഡോക്ടര്‍ സാം മാത്യു പുഞ്ചിരിച്ചു.
''പപ്പായ്ക്കും മകള്‍ക്കും ഭാഗ്യമുണ്ട്. കഴുത്തോടു ചേര്‍ന്നായിരുന്നു ആദ്യത്തെ വെട്ട്. അതല്പം മാറിയിരുന്നെങ്കില്‍ അപകടകരമായേനെ. സ്റ്റിച്ചിട്ടു. അസ്ഥിക്കു പൊട്ടലുണ്ട്. അതും വലിയ പ്രശ്‌നമൊന്നുമില്ല. മനോരോഗിയായ അയാളെ വളരെ സൂക്ഷിക്കണമായിരുന്നു. അങ്ങനെയുള്ളവര്‍ക്ക് ആരെയും എന്തും ചെയ്യാമല്ലോ?'' ഡോക്ടര്‍ പറഞ്ഞു.
''എന്തു ചെയ്യാനാണ് ഡോക്ടര്‍? ഞാന്‍ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതാണ്. കോര്‍ട്ട് ഓര്‍ഡറില്ലാതെ അവര്‍ പ്രൊട്ടക്ഷന്‍ തരില്ല. അതിനുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു.'' ഷേര്‍ലി പറഞ്ഞു.
''കൊടും ക്രിമിനലുകളെയും  മനോരോഗികളെയും പേടിക്കണം. സൂക്ഷിക്കണം. അവര് എപ്പോള്‍ എങ്ങനെ റിയാക്ടു ചെയ്യുമെന്നു നിശ്ചയിക്കാനാവില്ല.  ഇയാള്‍ക്കു നിങ്ങളുമായി റിലേഷനുണ്ടല്ലോ?''
''എന്റെ സഹോദരന്റെ ഭാര്യയുടെ അപ്പനാണ്. അവള്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു.''
''ഓ... ജീനായുടെ അപ്പനാണല്ലേ ആക്രമിച്ചത്. വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ടിരുന്നു.''
''പപ്പയ്ക്ക് ഹോസ്പിറ്റലില്‍ എത്രനാള്‍ കിടക്കേണ്ടി വരും ഡോക്ടര്‍?''
''നാലുദിവസം മതി. ആള് വല്ലാതെ ഭയപ്പെട്ടിട്ടുണ്ട്. നാളെ മുതല്‍ കൗണ്‍സലിങ് കൂടി ഏര്‍പ്പാടാക്കാം. ഇനിയിപ്പോള്‍ അയാളെ സ്വതന്ത്രമായി ഇറക്കി വിടുമെന്നു ഭയപ്പെടേണ്ട. വയലന്റാകുന്ന മനോരോഗികള്‍ക്കുള്ള ഷെല്‍ട്ടറില്‍ കിടന്നു തീര്‍ന്നോളും.'' ഡോക്ടര്‍ സാം മാത്യു പറഞ്ഞു.
പിറ്റേന്നു രാവിലെ ഒന്‍പതു മണിയായപ്പോള്‍ സബ്ഇന്‍സ്‌പെക്ടര്‍ അജിത്കുമാറും റൈറ്ററും മറ്റൊരു പൊലീസുകാരനും മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെത്തി. എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിമുറിയിലെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്നു മേടയ്ക്കല്‍ മാത്തുക്കുട്ടി. അടുത്തുകിടന്ന സോഫയില്‍ ബൈസ്റ്റാന്‍ഡറായി ഷേര്‍ലിയുമുണ്ടായിരുന്നു. ഇന്‍സ്‌പെക്ടറെ കണ്ട് എഴുന്നേല്‍ക്കുകയോ കണ്ട ഭാവം നടിക്കുകയോ അവര്‍ ചെയ്തില്ല.
''ഞങ്ങള്‍ എഫ്.ഐ.ആര്‍. തയ്യാറാക്കാന്‍ വന്നതാ. ഇന്നലെ നടന്ന സംഭവങ്ങള്‍ ഒന്നു പറയണം.'' എസ്.ഐ. അജിത്കുമാര്‍ രണ്ടുപേരെയും നോക്കി.
രണ്ടുപേരും ഒന്നും പറഞ്ഞില്ല. കനത്ത മുഖത്തോടെ ഇരുന്നതേയുള്ളൂ.
''എന്താ ഒരു നിസ്സഹകരണം?''
''നിങ്ങളോട് ഒന്നും പറയാനില്ല. നിങ്ങളില്‍നിന്നൊട്ടും നീതി പ്രതീക്ഷിക്കുന്നില്ല. ദ്രോഹം തുടര്‍ന്നോളൂ.'' മേടയ്ക്കന്‍ പറഞ്ഞു.
''ഞങ്ങളെന്തു ദ്രോഹം ചെയ്‌തെന്നാണ്?'' അജിത്കുമാര്‍ ചോദിച്ചു.
''ഈയവസ്ഥയിലിരിക്കുന്ന എന്നെക്കൊണ്ട് അതെല്ലാം പറയിക്കാന്‍ വന്നതാണോ? ആ ഭ്രാന്തനെ ഞാനാക്രമിച്ചെന്നു പറഞ്ഞ് എന്റെ പേരില്‍ ഒരു കള്ളക്കേസുകൂടി എടുക്ക്. എന്നിട്ട് എന്നെ ലോക്കപ്പിലാക്കി ഇടിച്ചും തൊഴിച്ചും കൊല്ല്. പിന്നെ ബാത്ത്‌റൂമില്‍ കെട്ടിത്തൂക്ക്. ജീനായെ കൊന്ന കേസില്‍ പിടിക്കപ്പെടുമെന്നു കണ്ട് ആത്മഹത്യ  ചെയ്തതാണെന്ന് ഒരു സ്റ്റോറിയുമുണ്ടാക്ക്.'' മാത്തുക്കുട്ടി പറഞ്ഞു. 
''മാത്തുക്കുട്ടിച്ചേട്ടന്‍ വല്ലാതെ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു. സുരക്ഷാപ്രശ്‌നമുണ്ടെന്നു പറഞ്ഞ് അപേക്ഷ തന്നിരുന്നു. കോര്‍ട്ട് ഓര്‍ഡര്‍ കിട്ടിയാലുടനെ ഞാനതേര്‍പ്പാടാക്കുമായിരുന്നു. എല്ലാത്തിനും നിയമമുണ്ടല്ലോ. അതനുസരിച്ചല്ലേ ഞങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ.''
അതുകേട്ടപ്പോള്‍ മാത്തുക്കുട്ടി അല്പമൊന്നു തണുത്തു.
''സാറേ... ഞാനിപ്പോള്‍ ജീവനോടെ ഇങ്ങനെയിവിടെയിരിക്കുന്നത് ഒരു വലിയ അദ്ഭുതമാ. മോര്‍ച്ചറിയില്‍ തണുത്തു മരച്ച് പോസ്റ്റുമോര്‍ട്ടം കാത്തു കിടക്കേണ്ട ശരീരമാ ഇത്. എനിക്കങ്ങനെയൊക്കെ വന്നുകൂടുന്നത് നിങ്ങടെയാരുടേം കുറ്റംകൊണ്ടാന്നും വിചാരിച്ചിട്ടില്ല. എന്റെ മകനു പറ്റിയ പിഴവാ. അവനുമനുഭവിക്കുന്നു. ഞാനുമനുഭവിക്കുന്നു. അപ്പുറത്തിരിക്കുന്ന എന്റെ പെണ്ണുമനുഭവിക്കുന്നു. എതിരാളികളും ശത്രുക്കളും മേടയ്ക്കന് ഒത്തിരിയുണ്ട്. ജീവനെടുക്കാനാഗ്രഹിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളവരെ നേരിടാന്‍ ലൈസന്‍സുള്ള റിവോള്‍വറുമുണ്ട്. സ്വയരക്ഷയ്ക്ക് ആ വട്ടനു നേരേ അതെടുത്തൊന്നമര്‍ത്തിയാല്‍ പണി തീരുമായിരുന്നു.''
''മാത്തുക്കുട്ടിച്ചേട്ടന്‍, നടന്ന കാര്യങ്ങളൊക്കെയൊന്നു പറഞ്ഞു താ. ഞങ്ങള്‍ക്കു ജോലി പൂര്‍ത്തിയാക്കേണ്ടേ?''
''മോളേ ഷേര്‍ലീ, പറഞ്ഞുകൊടുക്ക്. നടന്നതൊക്കെ നെനക്കറിയാമല്ലോ. എനിക്കൊരു ക്ഷീണം. ഒന്നു കിടക്കട്ടെ.'' അയാള്‍ ബഡ്ഡില്‍ കയറി നിവര്‍ന്നുകിടന്നു.
സബ് ഇന്‍സ്‌പെക്ടര്‍ ഷേര്‍ലിയുടെയടുത്തേക്കു ചെന്നപ്പോള്‍ അവളെഴുന്നേറ്റു. തലേദിവസം നടന്ന സംഭവങ്ങളോരോന്നും ചുരുക്കമായി വിവരിച്ചു. റൈറ്റര്‍ എല്ലാം അതിവേഗം കുറിച്ചെടുക്കുകയും ചെയ്തു. 
''ഷേര്‍ലി മേഡം, ഇനിയൊരിക്കലും സെല്ലില്‍നിന്നു പുറത്തിറങ്ങാത്തവിധത്തില്‍ പാലച്ചുവട്ടില്‍ ജോസിനെ നമുക്കു പൂട്ടാം. അയാളിറങ്ങി നടന്നാല്‍ ഒരു ദിവസംപോലും നിങ്ങള്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. എല്ലാ മനോരോഗാശുപത്രികളിലും വയലന്റ് നേച്ചറുള്ളവരെ ഇടാന്‍ പ്രത്യേകസെല്ലുകളുണ്ട്. ജോസ് അതിലെവിടെയെങ്കിലും കിടന്ന് അവസാനിക്കും.'' സബ്ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
മൊഴിപ്പകര്‍പ്പിന്റെ ഒടുവില്‍ ഷേര്‍ലി പേരും അഡ്രസും എഴുതി ഒപ്പിട്ടു കൊടുത്തു. പൊലീസുദ്യോഗസ്ഥര്‍ യാത്ര പറഞ്ഞുപോയി.
''ഷേര്‍ലീ... മോളെ.'' മുമ്പൊരിക്കലും പ്രകടിപ്പിക്കാത്ത വാത്സല്യത്തോടെ മാത്തുക്കുട്ടി വിളിച്ചു.
''പപ്പാ...'' അവള്‍ സോഫയില്‍ നിന്നെഴുന്നേറ്റ് അടുത്തേക്കു ചെന്നു.
സങ്കടഭാവത്തോടെ മാത്തുക്കുട്ടി മകളെ നോക്കി.
''ഒരു പിശാചിനെപ്പോലെ കൈയില്‍ വാക്കത്തിയുമായി അവന്‍ പാഞ്ഞടുത്തപ്പോള്‍ ഞാന്‍ മരണത്തെ തൊട്ടുമുന്നില്‍ കണ്ടു.''
''അത് എപ്പഴും ഇങ്ങനെ ഓര്‍ക്കണ്ട.... പറയണ്ട... മറക്കാന്‍ നോക്ക്.'' ഷേര്‍ലി പറഞ്ഞു.
''ങാ... പോലീസിനെ കുറ്റപ്പെടുത്തി പറയണ്ടായിരുന്നു. അവരെന്തു പിഴച്ചു? എല്ലാം വരുത്തി വച്ചത് അവനാണ്... എന്റെ മകന്‍.''
''അവന്റെയവസ്ഥയെപ്പറ്റിക്കൂടെ പപ്പായൊന്നു ചിന്തിച്ചേ? ഒത്തിരി സ്‌നേഹിച്ച്... മോഹിച്ച് അവനവളെ കെട്ടിയതല്ലേ? വെറും എട്ടുമാസമല്ലേ അവരൊന്നിച്ചു ജീവിച്ചുള്ളൂ.''
''എല്ലാം... സ്വയം വരുത്തി വച്ചതല്ലേടീ?''
ഷേര്‍ലി അതിനു മറുപടി പറഞ്ഞില്ല. അവള്‍ ചിന്താധീനയായി നിന്നതേയുള്ളൂ.
അപ്പോള്‍ റൂമിന്റെ വാതില്‍ മെല്ലെ തുറന്ന് റോണി പപ്പായുടെയടുത്തേക്കു വന്നു. വല്ലാത്ത ഒരു മുഖഭാവമായിരുന്നു അവന്റേത്. ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്‍ മാത്തുക്കുട്ടി മുഖം തിരിച്ച് ചെരിഞ്ഞുകിടന്നു.
 
(തുടരും)
 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)