•  3 Oct 2024
  •  ദീപം 57
  •  നാളം 30
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
~ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടിന്തിയാണ് എല്‍സ നടന്നിരുന്നത്. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി. എല്‍സയുടെ സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. എല്‍സയുടെ ക്ഷണം സ്വീകരിച്ച് ഡോക്ടര്‍ മനു ഒരു ദിവസം എല്‍സയുടെ വീടു സന്ദര്‍ശിച്ചു. ഇതിനിടെ ജയേഷിന്റെ ഭാര്യ വര്‍ഷ ഗര്‍ഭിണിയായി. ജയേഷും അമ്മയും ഒരുപാടു സന്തോഷിച്ചെങ്കിലും ഉടനെ ഒരു കുഞ്ഞുവേണ്ടെന്നായിരുന്നു വര്‍ഷയുടെ മനസ്സില്‍. ഭര്‍ത്താവ് അറിയാതെ ഗര്‍ഭച്ഛിദ്രം നടത്താന്‍  പദ്ധതി തയ്യാറാക്കി വര്‍ഷയും അമ്മയും. (തുടര്‍ന്നു വായിക്കുക)

ലിസബത്തു ഡോക്ടറുടെ ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുപ്രിയ മോഹന്‍ വര്‍ഷയെ വിശദമായി പരിശോധിച്ചു. പരിശോധന കഴിഞ്ഞ് സീറ്റില്‍വന്നിരുന്ന് ഡോക്ടര്‍ വര്‍ഷയോട് അഭിമുഖമായി ഇരിക്കാന്‍ കൈകൊണ്ട് ആംഗ്യം കാട്ടി. ഡോക്ടറുടെ മുമ്പിലിരിക്കുമ്പോള്‍ വര്‍ഷയുടെ മനസ്സില്‍ പഞ്ഞിവച്ചാല്‍ കത്തുന്ന തീയായിരുന്നു. തെല്ലുനേരം വര്‍ഷയുടെ മുഖത്തേക്കുതന്നെ സൂക്ഷിച്ചുനോക്കിയിരുന്നു ഡോക്ടര്‍. വര്‍ഷയുടെ ശ്വാസഗതി വര്‍ധിച്ചു.
''ഈ കുഞ്ഞിനെ വേണ്ടാന്നുള്ള തീരുമാനം നന്നായി ആലോചിച്ചെടുത്തതാണോ?''
''അതെ.''
''ആദ്യത്തെ കുഞ്ഞല്ലേ, അതിനെ വേണ്ടെന്നു വയ്ക്കാന്‍ എന്താ കാരണം?''
''കല്യാണം കഴിഞ്ഞ് ആറുമാസംപോലുമായില്ല. ഒന്നുരണ്ടു വര്‍ഷം കഴിഞ്ഞുമതി കുഞ്ഞെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതിനുള്ള പ്രിക്കോഷന്‍സും എടുത്തതാ. പക്ഷേ, എവിടെയോ പാളിച്ചപറ്റി. പ്രതീക്ഷിക്കാതെ വന്ന കുഞ്ഞാ ഇത്. വൈകാതെ എനിക്കൊരു പ്രമോഷന്‍ കിട്ടും. പക്ഷേ, മെറ്റേണറ്റി ലീവെടുത്താല്‍ അതു നഷ്ടമാകും.'' 
''കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ വരദാനമല്ലേ മോളേ! ദൈവം തരുന്ന സമയത്ത് അതിനെ സ്വീകരിക്കണ്ടേ? ഇപ്പ വേണ്ട പിന്നെ മതീന്നു പറയുന്നത് ദൈവനിഷേധമല്ലേ? പിന്നീട് ദൈവം ഒരു കുഞ്ഞിനെ തന്നില്ലെങ്കിലോ?''
''തന്നില്ലെങ്കില്‍ വേണ്ടെന്നു വയ്ക്കും.'' തെല്ലു നീരസത്തോടെ വര്‍ഷ പറഞ്ഞു.
''വര്‍ഷയ്ക്കറിയുവോ എത്രയോ ദമ്പതികളാണ് ഒരു കുഞ്ഞിനുവേണ്ടി കരഞ്ഞുകൊണ്ട് എന്റെ മുമ്പില്‍ വരുന്നതെന്ന്. എത്രപേരുടെ കണ്ണീര് ഓരോ ദിവസവും ഞാന്‍ കാണുന്നുണ്ടെന്നറിയാമോ! കുഞ്ഞിനെ സൃഷ്ടിച്ചുകൊടുക്കാന്‍ എനിക്കാവില്ലല്ലോ. അത് ദൈവത്തിന്റെ ജോലിയല്ലേ.''
''ഡോക്ടര്‍ എന്താ പറഞ്ഞുവരുന്നത്?''
''ഇതിപ്പോ വഴി തെറ്റി ഉണ്ടായ ഒരു കുഞ്ഞല്ലല്ലോ. കല്യാണം കഴിഞ്ഞു രണ്ടുമൂന്നുമാസമാകുകയും ചെയ്തു. ഹസ്ബന്റിനും എതിര്‍പ്പില്ല. പിന്നെന്തിനാ ഇതിനെ കൊന്നുകളയുന്നേ?'' 
''ഡോക്ടര്‍ക്കു പറ്റില്ലെങ്കില്‍ അതു പറ. ഞാന്‍ വേറേ വഴി നോക്കിക്കോളാം.''
വര്‍ഷയ്ക്കു ദേഷ്യം വന്നു.
''ഡോക്ടര്‍ എലിസബത്ത് പറഞ്ഞതുകൊണ്ടുമാത്രമാ ഞാനിതു ചെയ്യാന്നു സമ്മതിച്ചത്. അവരുടെ ആശുപത്രീല്‍ ജോലി ചെയ്യുമ്പം അവരു പറയുന്നത് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അബോര്‍ഷനായിപ്പോയീന്നു റിപ്പോര്‍ട്ടും തരാം. പക്ഷേ, കുറ്റബോധത്തോടെയാ ഞാനിതൊക്കെ ചെയ്യുന്നത്. വര്‍ഷ ചെറുപ്പമായതുകൊണ്ട് ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാനൊന്നു ശ്രമിച്ചെന്നേയുള്ളൂ.'' 
''എന്റെ  അമ്മയ്ക്കില്ലാത്ത വിഷമം ഡോക്ടര്‍ക്കെന്തിനാ? അമ്മ എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടേയുള്ളൂ.''
''അതെന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. ഒരമ്മയ്ക്ക് എങ്ങനെ അതിനു കഴിഞ്ഞൂന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഞാന്‍ അമ്മയോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞതാ. പക്ഷേ, വര്‍ഷയുടെ ഇഷ്ടത്തിന് എതിരായി അവര്‍ക്കൊരു ഇഷ്ടമില്ല. അതുകൊണ്ട് ഞാനൊന്നുപദേശിച്ചു എന്നുമാത്രമേയുള്ളൂ. ഇനി വര്‍ഷയ്ക്ക് തീരുമാനിക്കാം എന്തുവേണമെന്ന്.''
''എന്റെ തീരുമാനത്തിനു മാറ്റമില്ല ഡോക്ടര്‍.'' 
''ഓക്കെ. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.'' കലണ്ടറിലേക്കു നോക്കിയിട്ട് തിരിഞ്ഞ് വര്‍ഷയെ നോക്കി ഡോക്ടര്‍ തുടര്‍ന്നു: 
''തിങ്കളാഴ്ച വന്ന് അഡ്മിറ്റായിക്കൊള്ളൂ. ചൊവ്വാഴ്ച സര്‍ജറി നടത്തീട്ട് പറ്റുമെങ്കില്‍ അന്നുതന്നെ വിടാം. അല്ലെങ്കില്‍ പിറ്റേന്ന്. അബോര്‍ഷനായീന്നുള്ള റിപ്പോര്‍ട്ടും തന്നേക്കാം. പക്ഷേ, ഞാനിത് സന്തോഷത്തോടെയല്ല ചെയ്യുന്നതു കേട്ടോ. ഡോക്ടര്‍ എലിസബത്ത് നിര്‍ബന്ധിച്ചതുകൊണ്ടുമാത്രം.''
ഡോക്ടര്‍ സുപ്രിയ മോഹന്‍ ചാര്‍ട്ടില്‍ എന്തോ കുറിച്ചിട്ട് വര്‍ഷയോടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. വര്‍ഷ എണീറ്റു പുറത്തേക്കിറങ്ങി. വെളിയില്‍ ഷൈനി കാത്തുനില്‍പ്പുണ്ടായിരുന്നു.
''എന്തു പറഞ്ഞു?'' അമ്മ ആകാംക്ഷയോടെ തിരക്കി.
''തിങ്കളാഴ്ച അഡ്മിറ്റാകാന്‍. എന്നെ കുറെ ഉപദേശിച്ചു. എന്റെ കാര്യത്തില്‍ എന്നേക്കാള്‍ വിഷമമാ ആ സ്ത്രീക്ക്. ഇനി കുഞ്ഞുണ്ടായില്ലെങ്കിലോന്ന്! അവരല്ലേ കുഞ്ഞുണ്ടാക്കിക്കൊടുക്കുന്നത്! സന്തോഷത്തോടെയല്ല ചെയ്യുന്നതെന്നു പറഞ്ഞാ ഇറക്കിവിട്ടത്! വൃത്തികെട്ട സ്ത്രീ.''
''എന്നേം കുറെ ഉപദേശിച്ചതാ.''
''ഈ ആശുപത്രീലേക്കു വരണ്ടായിരുന്നു.'' 
അമ്മയെ കൂട്ടിക്കൊണ്ട് അവള്‍ വെളിയിലേക്കു നടന്നു.
വീട്ടിലേക്കുള്ള യാത്രയില്‍ കാറില്‍ ഇരിക്കുമ്പോള്‍ വര്‍ഷ അമ്മയോടു പറഞ്ഞു:
''ആ ഡോക്ടറെ വിശ്വസിക്കാന്‍ കൊള്ളില്ല. ഇനിയെങ്ങാനും അവരിതു വല്ലോരോടും പറയുമോ അമ്മേ?''
''ഏയ്... അബോര്‍ഷനായീന്ന് റിപ്പോര്‍ട്ട് തരുന്നത് ഈ ഡോക്ടറല്ലേ; ഒന്നും പറയില്ല. എലിസബത്തു ഡോക്ടര്‍ അതു പ്രത്യേകം അവരോടു പറഞ്ഞോളും. ഞാനതു പറഞ്ഞിട്ടുണ്ട്.''
ഷൈനി മകളെ ആശ്വസിപ്പിച്ചു. 
രാത്രി അത്താഴം കഴിഞ്ഞ് സംസാരിക്കുന്നതിനിടയില്‍ വര്‍ഷയുടെ പപ്പ അലക്‌സ് ഭാര്യയോടു പറഞ്ഞു.
''നമ്മുടെ കൊച്ചിന് ചേരുന്ന ഒരു പയ്യനല്ല അവന്‍. ഇവളാണെങ്കില്‍ അടിച്ചുപൊളിച്ചു ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു പെണ്ണ്. അവനോ, ഏതോ കാട്ടീന്ന് ഇറങ്ങിവന്നപോലൊരു ചെക്കന്‍. ചിലപ്പഴത്തെ അവന്റെ സംസാരം കേള്‍ക്കുമ്പം കൈ നിവര്‍ത്തി കരണത്ത് ഒന്നു കൊടുക്കണമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കണ്‍ട്രിഫെല്ലോ.''
''ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തില്‍ താമസിക്കുന്ന ഒരു ചട്ടുകാലിപ്പെണ്ണുമായിട്ടാ പപ്പാ അവന്റെ കമ്പനി. പണ്ട് അയല്‍പക്കമായിരുന്നുവത്രേ. എന്നെ അറിയിക്കാതെ എന്തുമാത്രം കാശ് അവള്‍ക്കു കൊടുത്തിട്ടുണ്ടെന്നറിയാമോ. ഒരുദിവസം ഞാന്‍ വിളിച്ച് രണ്ടു വര്‍ത്താനം പറഞ്ഞു അവളോട്. പിന്നെ വിളിച്ചിട്ടില്ല അവള്.'' വര്‍ഷ പറഞ്ഞു.
''നീ അറിയാതെ വിളിക്കുന്നുണ്ടാകും. എന്തായാലും നീ ഒന്നു ശ്രദ്ധിച്ചോണം. പൂച്ചപോലെ ഇരിക്കുന്നോരാ ഏറ്റവും വലിയ കള്ളന്മാര്.'' അലക്‌സ് മുന്നറിയിപ്പു നല്‍കി.
''അബോര്‍ഷന്‍ നടത്തുന്നതൊക്കെ വല്യ പാപമാന്നാ ആ മനുഷ്യന്റെ വിചാരം. പ്രാര്‍ഥന കഴിഞ്ഞിട്ടൊരു നേരമില്ല. വല്ല അച്ചനാകാനും പോകേണ്ട സാധനമായിരുന്നു. അത് എന്റെ തലേല്‍ വന്നുകേറി.''
വര്‍ഷയ്ക്കു രോഷവും സങ്കടവും വന്നു.
''ങ്ഹ പോട്ടെ മോളേ. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാന്‍ നോക്കുക. അല്ലാതിപ്പം എന്താ ചെയ്യ്വാ? തലേല്‍ കേറി പോയില്ലേ. എന്റെ മോള്‍ടെ ഭാഗ്യദോഷം.'' ഷൈനി മകളെ സമാധാനിപ്പിക്കാന്‍ നോക്കി.
''അഡ്ജസ്റ്റ് ചെയ്യാന്‍ പരമാവധി ഞാന്‍ നോക്കുന്നുണ്ട് അമ്മേ. ഒത്തുപോകാന്‍ പറ്റില്ലെന്ന ഒരു സാഹചര്യം വന്നാല്‍ ഞാന്‍ ചില തീരുമാനങ്ങളെടുക്കും.''
''ഞങ്ങളോട് ആലോചിക്കാതെ ഒന്നും ചെയ്യരുത് കേട്ടോ.'' അലക്‌സ് മുന്നറിയിപ്പു നല്‍കി.
വര്‍ഷ എണീറ്റ് തന്റെ മുറിയിലേക്കു പോയി. കിടക്കയിലേക്കു ചായുമ്പോള്‍ ജയേഷിന്റെ ഫോണ്‍:
''ഉറങ്ങിയോ?''
''ഇല്ല.''
''എന്തേ വിളിക്കാതിരുന്നത്?''
''വിളിക്കാന്‍ തുടങ്ങ്വായിരുന്നു അപ്പഴാ ജയേഷിന്റെ കോള്‍.''
''ഒരു കുഞ്ഞു വരാന്‍ പോകുന്നൂന്നു കേട്ടപ്പം പപ്പയും അമ്മയുമൊക്കെ എന്തു പറഞ്ഞു.''
''എല്ലാവര്‍ക്കും ഒരുപാടു സന്തോഷമായി. അമ്മ ഇന്ന് പായസം ഉണ്ടാക്കിത്തന്ന് ആ സന്തോഷം പങ്കുവച്ചു. ജയേഷും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാനോര്‍ത്തു.'' വര്‍ഷ ഒരു കള്ളം പറഞ്ഞു.
''എങ്കില്‍ ഞാന്‍ ലീവെടുത്ത് നാളെയങ്ങു വരട്ടേ?''
''ഓ വേണ്ട. വെറുതെ ലീവ് കളയുന്നതെന്തിനാ! ജയേഷിനുള്ള പായസം അമ്മയെക്കൊണ്ട് ഒണ്ടാക്കിച്ചിട്ട് ഞാന്‍ വരുമ്പം അങ്ങു കൊണ്ടുവന്നേക്കാം.''
''സന്തോഷം! ങ്ഹ... അമ്മ ഇവിടെ എല്ലാരേം വിളിച്ചു സന്തോഷവാര്‍ത്ത പറഞ്ഞു ട്ടോ. ഇനി അറിയാത്തോരായിട്ട് സ്വന്തക്കാര് ആരുമില്ല. അയല്‍പക്കത്തുള്ളവരും അറിഞ്ഞു.''
''ഇവിടെ അമ്മേടെ ജോലീം അതായിരുന്നു. രണ്ടു ദിവസമായിട്ട് ഫോണിലായിരുന്നു അമ്മ. എനിക്കുള്ളതിനേക്കാള്‍ സന്തോഷം അമ്മയ്ക്കും പപ്പയ്ക്കുമാ.''
''എല്ലാ മാതാപിതാക്കള്‍ക്കും അങ്ങനാ. വീട്ടിലേക്ക് ഒരു കുഞ്ഞുവരികാന്നു പറഞ്ഞാല്‍ അവര്‍ക്കു വലിയ സന്തോഷമാ. ലാളിക്കാനും കൊഞ്ചിക്കാനും ഒരാളെ കിട്ടുവല്ലോ. വയസാംകാലത്ത് അവര്‍ക്കതല്ലേ ഒരാനന്ദം.''
''അബോര്‍ഷന്‍ നടത്തിയാലോ എന്നു ചിന്തിച്ചുപോയതില്‍ എനിക്കിപ്പം ഒരുപാട് കുറ്റബോധം തോന്നുന്നു ജയേഷ്. മനസ്സിലതൊരു വേദനയായി ഇപ്പം കിടക്ക്വാ.'' 
അതോര്‍ത്തു വിഷമിക്കണ്ട. പെട്ടെന്ന് അങ്ങനെയൊരു തോന്നല്‍ മനസ്സില്‍ വന്നൂന്ന് അല്ലേയുള്ളൂ. തീരുമാനമൊന്നും എടുത്തില്ലല്ലോ! അങ്ങനെ വിഷമിച്ചിരുന്നാല്‍ കുഞ്ഞിന്റെ ബുദ്ധിയെ അതു ബാധിക്കും. എപ്പഴും സന്തോഷമായിട്ടിരിക്കണംട്ടോ.''
''ഉം. എന്നോട് ദേഷ്യമൊന്നുമില്ലല്ലോ അല്ലേ?''
''ഒരിക്കലുമില്ല. ഒരു കുഞ്ഞുണ്ടാകുന്നതോടെ നമ്മള്‍ തമ്മിലുള്ള സ്‌നേഹം ഒന്നുകൂടി ശക്തിപ്പെടും വര്‍ഷേ. എനിക്കുറപ്പാ.'' 
''എനിക്കും അങ്ങനെ തോന്നുന്നു.''
''ങ്ഹാ... അവിടുത്തെ മറ്റു വിശേഷങ്ങള് പറ.''
''ഇതൊക്കെയേ ഒള്ളൂ ജയേഷേ, ഇവിടുത്തെ വിശേഷം. അവിടെ പപ്പേം അമ്മേം സുഖായിട്ടിരിക്കുന്നോ?''
''ഞാന്‍ പറഞ്ഞല്ലോ, ഇരട്ടി സന്തോഷത്തിലാ അവരിപ്പം. നീ എന്നു വരുമെന്നു നോക്കിയിരിക്ക്വാ അവര്.''
''ഒരാഴ്ച കഴിഞ്ഞ് പോയാ മതീന്നു പറഞ്ഞ് അമ്മ പിടിച്ചുനിറുത്തിയിരിക്ക്വാ ഇവിടെ. അമ്മയെ പിണക്കി പോരാന്‍ ഒരു മടി.''
''പിണക്കണ്ട. അമ്മേടേം പപ്പേടേം സന്തോഷത്തിന് നമ്മള്‍ ഒരു തടസ്സമാകാന്‍ പാടില്ല. ഒരാഴ്ച കഴിഞ്ഞു വന്നാ മതി.''
''ശരി. വയ്ക്കട്ടെ.'' 
''ഉം. ഗുഡ്‌നൈറ്റ്.''
ഫോണ്‍ കട്ടായി. വര്‍ഷയ്ക്കു കുറ്റബോധം തോന്നി. എന്തുമാത്രം നുണയാണ് താന്‍ ജയേഷിനോടു പറഞ്ഞത്. മനസ്സ് അസ്വസ്ഥമായപ്പോള്‍ അവള്‍ എണീറ്റ് ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു.
തിങ്കളാഴ്ച എലിസബത്തുഡോക്ടറുടെ ആശുപത്രിയില്‍ വന്ന് വര്‍ഷ അഡ്മിറ്റായി. അമ്മയുമുണ്ടായിരുന്നു കൂടെ. റൂമിലിരിക്കുമ്പോള്‍ വര്‍ഷ അമ്മയോടു പറഞ്ഞു: 
''മനസ്സിലിപ്പം ചെറിയൊരു വിഷമമുണ്ട് അമ്മേ. ഒരു കുഞ്ഞിന്റെ ജീവനല്ലേ എടുത്തുകളയുന്നത്. കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് മാരകപാപമല്ലേ ഞാന്‍ ചെയ്യുന്നത്! ദൈവം ക്ഷമിക്കുമോ അമ്മേ?''
''ങ്ഹാഹാ... ഇപ്പഴാണോ കുറ്റബോധം തോന്നുന്നത്? നിന്റെ നിര്‍ബന്ധംകൊണ്ടല്ലേ ഞാന്‍ സമ്മതിച്ചത്? വേണ്ടെങ്കില്‍ തിരിച്ചുപോയേക്കാം.''
''ങ്ഹാ, നടക്കട്ടെ. വിഷമമൊക്കെ കുറച്ചു ദിവസത്തേക്കേ കാണൂ. എത്രയോ പേരാ ഓരോ ദിവസവും അബോര്‍ഷന്‍ നടത്തുന്നത്.''            
''രണ്ടും നീതന്നെ പറയുന്നു. നിന്റിഷ്ടംപോലെ നടക്കട്ടെ.''
വര്‍ഷ പിന്നൊന്നും മിണ്ടിയില്ല.
പിറ്റേന്ന് എട്ടുമണിയായപ്പോള്‍ ഡോക്ടര്‍ സുപ്രിയ മോഹന്‍ വര്‍ഷയുടെ ഗര്‍ഭത്തിലുള്ള കുഞ്ഞിനെ എടുത്തു ദൂരെക്കളഞ്ഞു. സര്‍ജറി വിജയകരം. ഡോക്ടര്‍ പുറത്തേക്കിറങ്ങി വന്നിട്ട് ഷൈനിയോടു പറഞ്ഞു:
''എല്ലാം ഭംഗിയായി നടന്നു. ഇന്നു വൈകിട്ടുതന്നെ ഡിസ്ചാര്‍ജ് ചെയ്‌തേക്കാം. റിപ്പോര്‍ട്ട് അപ്പോഴേക്കും ഞാന്‍ റെഡിയാക്കി വച്ചേക്കാം.''
ഷൈനി തലകുലുക്കി. ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ ഷൈനി ജയേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. നുണ പറയുമ്പോള്‍ പാളിച്ച പറ്റുമോ എന്നൊരു ഉത്കണ്ഠ ഉണ്ടായിരുന്നു ഷൈനിക്ക്.
 
(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)