•  26 Sep 2024
  •  ദീപം 57
  •  നാളം 29
നേര്‍മൊഴി

പി.വി. അന്‍വറിന്റെ ബോംബ് മുഖ്യമന്ത്രി നിര്‍വീര്യമാക്കി

ഗ്രസ്‌ഫോടനശേഷിയുള്ള ബോംബാണ് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ പാര്‍ട്ടിനേതൃത്വത്തിനു നേരേ എറിഞ്ഞത്. പല തരത്തിലുള്ള ബോംബുകള്‍ നിര്‍മിച്ചും എറിഞ്ഞും പരിചയസമ്പന്നരായ പാര്‍ട്ടിനേതാക്കന്മാര്‍ അന്‍വറിന്റെ ആരോപണബോംബുകളെ നിര്‍വീര്യമാക്കി. പാര്‍ട്ടിയംഗമാകാതെ ഇടതുപിന്തുണയില്‍ 2016 മുതല്‍ എം.എല്‍.എ. ആയിരിക്കുന്ന അന്‍വര്‍ ഇപ്പോള്‍ ആയുധം നഷ്ടപ്പെട്ടവനെപ്പോലെയായിത്തീര്‍ന്നിരിക്കുന്നു.
സര്‍ക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് എന്തുകൊണ്ടാണ് സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. അന്‍വര്‍ എം.എല്‍.എ.യുടെ ലക്ഷ്യമെന്തായിരിക്കും? ഒന്നും കാണാതെ എം.എല്‍.എ. യുദ്ധത്തിനിറങ്ങില്ല. ഏതായാലും നാടു നന്നാക്കാനോ പാര്‍ട്ടിയെ ശുദ്ധീകരിക്കാനോ  ആണെന്നു കരുതാനാവുകയില്ല. നിലമ്പൂര്‍ എം.എല്‍.എ. വെറും എം.എല്‍.എ.യല്ല, തന്ത്രശാലിയായ കച്ചവടക്കാരന്‍കൂടിയാണ്. ഭൂമിവിവാദം, അനധികൃതനിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കാത്തതാണോ പൊലീസിലും പാര്‍ട്ടിയിലും പ്രതീക്ഷിച്ചത്ര സ്വാധീനം ചെലുത്താന്‍ കഴിയാത്തതാണോ അന്‍വര്‍ എം.എല്‍.എ. ഇടയാന്‍ കാരണമെന്നു വ്യക്തമല്ല.
ഇടതുപക്ഷത്തിന്റെ രീതിയനുസരിച്ച് അന്‍വറിന്റെ നീക്കങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കടുത്ത അച്ചടക്കനടപടികള്‍ക്ക് അര്‍ഹമായ കുറ്റമാണത്. എന്നാല്‍, പാര്‍ട്ടിയംഗമല്ലാത്തതുകൊണ്ട് തരംതാഴ്ത്തി ശിക്ഷിക്കാനാവാത്ത അവസ്ഥയുണ്ട്. ഭയപ്പെടുത്തി ഒതുക്കാനോ എം.എല്‍.എ. സ്ഥാനം ഇല്ലാതാക്കാനോ സിപിഎം തയ്യാറാവുകയുമില്ല. കാരണം, അടുത്തവര്‍ഷം പഞ്ചായത്തുതിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാതിരഞ്ഞെടുപ്പും വരികയാണ്.
നിലമ്പൂര്‍ എം.എല്‍.എ.യുടെ രൂക്ഷവിമര്‍ശനം പത്തനംതിട്ട പൊലീസ്‌മേധാവിക്കെതിരേ ആയിരുന്നുവെങ്കിലും അത് അവിടെ അവസാനിക്കുന്നതായിരുന്നില്ല. ഉന്നംവച്ചത് സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി.യെയാണ്. സ്ഥാനംകൊണ്ട് ഡി.ജി.പി.യാണ് പ്രധാനപ്പെട്ട അധികാരിയെങ്കിലും പൊലീസ്‌വകുപ്പിലെ ഏറ്റവും ശക്തന്‍ എ.ഡി.ജി.പി.യാണെന്ന് അറിയാത്തവരായി ആരുമില്ല. മുഖ്യമന്ത്രിയോടും മറ്റു നേതാക്കന്മാരോടുമുള്ള ബന്ധത്തില്‍നിന്ന് ആര്‍ജിച്ചെടുത്ത ശക്തിയാണത്. അതായത്, ക്രമസമാധാനനില മെച്ചപ്പെടുത്തിയതുകൊണ്ടോ അന്വേഷണമികവുകൊണ്ടോ അല്ലെന്നു വ്യക്തം.
സമീപകാലത്തെങ്ങും ഉണ്ടാകാത്തവിധമുള്ള ആക്ഷേപങ്ങളാണ് പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ കാലത്ത് പൊലീസ്‌രാജ് നടപ്പാകുന്നു  എന്ന ആക്ഷേപം എല്ലാക്കാലത്തുമുള്ളതാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പൊലീസിനെതിരേയുള്ള വിമര്‍ശനം രൂക്ഷമായത്. പ്രതിപക്ഷംമാത്രമാണ് വിമര്‍ശിക്കുന്നതെങ്കില്‍ അതു രാഷ്ട്രീയപരമാണെന്നു പറഞ്ഞു രക്ഷപ്പെടാം. പാര്‍ട്ടിക്കാര്‍തന്നെ പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല.  പൊലീസിന്റെ എല്ലാ കൊള്ളരുതായ്മകളെയും മുഖ്യമന്ത്രി വകവച്ചുകൊടുക്കുന്നതുപോലെ പൊതുജനത്തിനനുഭവപ്പെടുന്നു. മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിക്കുന്നവരെ എല്ലാ ചട്ടങ്ങളും ലംഘിച്ച് തല്ലിച്ചതച്ച പൊലീസിനെയും അംഗരക്ഷകരെയും മുഖ്യമന്ത്രി പിന്തുണച്ചത് അവര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്നു പറഞ്ഞാണ്.
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് പൗരന്മാരുടെ ജീവന്‍ കവര്‍ന്നും സ്വത്തു കൊള്ളയടിച്ചും സസുഖം വാഴുന്നു. കൊലപാതകം, മോഷണം, സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണംപൊട്ടിക്കല്‍ തുടങ്ങിയ മഹാപാതകങ്ങളിലേര്‍പ്പെടുന്ന മാഫിയാസംഘങ്ങളുമായി ഉന്നതപൊലീസുദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്നാണ് ആരോപണം. ഒരു എസ്പി യെ സ്ഥലം മാറ്റിയതുകൊണ്ടോ ഉദ്യോഗത്തില്‍നിന്നു തത്കാലത്തേക്കു മാറ്റിനിറുത്തിയതുകൊണ്ടോ പൊലീസിനു നേര്‍ക്കുള്ള ആരോപണങ്ങള്‍ക്കു മറുപടിയാവുകയില്ല.
അന്‍വറിന്റെ ആരോപണങ്ങള്‍ എ.ഡി.ജി.പി.യില്‍ ഒതുങ്ങുന്നതല്ല. അതു പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും രണ്ടുംപേരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയിലേക്കും നീളുന്നതാണ്. വാര്‍ത്തകളനുസരിച്ച് എ.ഡി.ജി.പി. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഒരു പൊലീസ് ഓഫീസറാണ്. സത്യവും നീതിയും സംരക്ഷിക്കാന്‍ കടമയുള്ളവര്‍ മാത്രമല്ല, അങ്ങനെ ചെയ്യാന്‍ മറ്റാരെക്കാളും നിയമസംരക്ഷണവും അധികാരവുമുള്ളവരാണ് ഉന്നതപൊലീസുദ്യോഗസ്ഥര്‍. അവര്‍തന്നെ നിയമലംഘകരായാല്‍ സാധാരണക്കാരുടെ അവസ്ഥയെന്താണ്! ഉയര്‍ന്ന പൊലീസ് അധികാരികള്‍ക്കു നിയമവ്യവസ്ഥയോടും പൊളിറ്റിക്കല്‍ എക്‌സിക്യൂട്ടിവിനോടും പൊതുസമൂഹത്തോടും ഉത്തരവാദിത്വമുണ്ടായിരിക്കണം. എ.ഡി.ജി.പി.ക്കു വിധേയത്വം ആരോടൊക്കെയാണ്? സിപിഎമ്മിനോടുണ്ടെന്ന് അവര്‍ കരുതുന്നു. സോളാര്‍ കേസ് അട്ടിമറിച്ചത്, എ.ഡി.ജി.പി.യാണെന്ന് അവര്‍തന്നെ പറയുന്നു. ബിജെപി നേതാക്കളുമായി അദ്ദേഹത്തിനു വലിയ ബന്ധമുണ്ടെന്ന ആരോപണം അന്തരീക്ഷത്തിലുണ്ട്. തൃശൂരില്‍ ബിജെപിക്കനുകൂലമായ പൂരം കലക്കുന്നതിന് എ.ഡി.ജി.പി. നേതൃത്വം വഹിച്ചുവെന്നു സിപിഐ ഉള്‍പ്പെടെ എല്ലാവരും വിശ്വസിക്കുന്നു.
ഇത്രയും വലിയ ആരോപണങ്ങളുണ്ടായിട്ടും എന്തുകൊണ്ട് ആ ഉദ്യോഗസ്ഥനെ മാറ്റാന്‍ മുഖ്യമന്ത്രി മടിക്കുന്നു? പൊളിറ്റിക്കല്‍ സെക്രട്ടറിയെ എന്തുകൊണ്ടു സംരക്ഷിക്കുന്നു. അവര്‍ക്കെതിരേ നടപടിയുണ്ടായാല്‍ തന്റെ നില പരുങ്ങലിലാകുമെന്ന് മുഖ്യന്‍ ഭയപ്പെടുന്നുണ്ടോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)