•  26 Sep 2024
  •  ദീപം 57
  •  നാളം 29
നേര്‍മൊഴി

വഖഫ് നിയമഭേദഗതിയുടെ പിന്നില്‍?

കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്‍ വിവാദമായതിനെത്തുടര്‍ന്ന് സംയുക്തപാര്‍ലമെന്ററിസമിതിക്കു വിട്ടിരിക്കുകയാണ്. വഖഫിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മുസ്ലീംസമുദായത്തില്‍നിന്നുതന്നെ പരാതികളുണ്ട്. വഖഫ്, മാഫിയാകളുടെ നിയന്ത്രണത്തിലാണ്, അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണം, അതിനു നിയമഭേദഗതി ആവശ്യമായിരിക്കുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, മന്ത്രിയുടെ വിശദീകരണത്തില്‍ മുസ്ലീംസമുദായമോ പ്രതിപക്ഷമായ ഇന്ത്യാസഖ്യമോ തൃപ്തി പ്രകടിപ്പിച്ചില്ല. അവരുടെ എതിര്‍പ്പും എന്‍.ഡി.എ സഖ്യത്തിലെ ചില കക്ഷികളുടെ സമ്മര്‍ദവും പരിഗണിച്ചാണ് ബില്ല് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി.) വിട്ടത്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മൃഗീയഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ടും പ്രതിപക്ഷം ഇല്ലാതിരുന്നതുകൊണ്ടും മുന്നണിക്കുള്ളില്‍ വ്യത്യസ്താഭിപ്രായം രൂപപ്പെടാതിരുന്നതുകൊണ്ടും ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കുന്ന രീതിയാണുണ്ടായിരുന്നത്.

വഖഫ് ഒരു അറബിവാക്കാണ്. നിയന്ത്രണം, നിരോധനം എന്നൊക്കെയാണ് ഈ പദത്തിനര്‍ഥം. അതായത്, വില്ക്കാനോ കൈമാറ്റം ചെയ്യാനോ കഴിയാത്തവിധം അല്ലാഹുവിനു സമര്‍പ്പിക്കപ്പെട്ടത് എന്നര്‍ഥം. മുസ്ലീംസമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ ആവശ്യങ്ങള്‍ക്കുമായി മുസ്ലീംവിശ്വാസികള്‍ ഉദാരമനസ്സോടെ നല്‍കുന്ന സംഭാവനയാണത്. സമുദായം അതിനെ ക്ഷേമനിധിപോലെയാണു കണക്കാക്കുന്നത്. വസ്തുവകകളും മറ്റു സമ്പത്തുകളും വാക്കാലോ രേഖാമൂലമോ നല്‍കിയാലും അതു വഖഫായി മാറും.
    കേന്ദ്രസര്‍ക്കാര്‍ കണക്കനുസരിച്ച്, വഖഫിനു കീഴില്‍ 9 ലക്ഷം ഏക്കറോളം ഭൂമിയുണ്ട്. അതില്‍ ആയിരക്കണക്കിനു സ്ഥാപനങ്ങളുമുണ്ട്. അതില്‍ പല സ്ഥാപനങ്ങളും വരുമാനവര്‍ധനവിനു സഹായിക്കുന്നവയാണ്. വഖഫിനു കീഴിലുള്ള സ്ഥാവരജംഗമവസ്തുക്കളുടെ വില നിശ്ചയിച്ചാല്‍ കുറഞ്ഞത് ഒന്നേകാല്‍ ലക്ഷം കോടി രൂപയെങ്കിലുമുണ്ടാകും. ഇത്രയും വലിയ ആസ്തി കേവലം 32 വഖഫ് ബോര്‍ഡുകളുടെ കീഴിലാണ്. ഇരുന്നൂറോളം പേരാണ് അതിന്റെ നടത്തിപ്പുകാര്‍.
വഖഫിന് നിയമസാധുതയുണ്ട്. ഡല്‍ഹി സുല്‍ത്താനായിരുന്ന മുയിസുദ്ദീന്‍ സാം ഗോവോര്‍ ഒരു മസ്ജിദിനുവേണ്ടി രണ്ടു ഗ്രാമങ്ങള്‍ വിട്ടുകൊടുത്തതോടെയാണ് വഖഫിന്റെ ചരിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇസ്ലാമികഭരണത്തിനുകീഴില്‍ വഖഫ് ഭൂമികള്‍ വര്‍ധിച്ചു. എന്നാല്‍, 19-ാം നൂറ്റാണ്ടില്‍ ഒരു തര്‍ക്കത്തില്‍ ബ്രിട്ടീഷ് ന്യായാധിപന്മാര്‍ വഖഫ് നയം അസാധുവാക്കി പ്രഖ്യാപിച്ചു. വീണ്ടും, 1913 ല്‍ മുസല്‍മാന്‍ വഖഫ് സാധൂകരണനിയമത്തിലൂടെ വഖഫ് പുനഃസ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനുശേഷം 1954 ല്‍ നെഹ്‌റുസര്‍ക്കാര്‍ പാസാക്കിയ വഖഫ് ആക്ട് വഖഫുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. 1964 ല്‍ സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന നൈയാമികസംവിധാനം നിലവില്‍ വന്നു. 1995 ലെ വഖഫ് ആക്ട് വഖഫിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും അധികാരം കേന്ദ്രീകരിക്കുന്നതിനും സഹായകമായി. വഖഫ് സെന്‍ട്രല്‍ കൗണ്‍സിലിനു പുറമേ സംസ്ഥാന വഖഫ് ബോര്‍ഡുകളും വഖഫ് ട്രിബ്യൂണലുകളും നിലവില്‍ വന്നു. വഖഫ് സംബന്ധിച്ചുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അധികാരം വഖഫ് ട്രിബ്യൂണലുകള്‍ക്കുമാത്രമാണെന്ന നിലവന്നു. അതായത്, സിവില്‍കോടതികള്‍ക്കുപോലും ഇടപെടാനാവാത്ത അവസ്ഥ. അത്തരം സ്ഥാപനങ്ങളും നിയമവ്യവസ്ഥയും ഒരു മതേതരരാജ്യത്തു പാടില്ലാത്തതാണ്. മതത്തിന്റെ പേരിലും മറവിലും രാജ്യത്തെ സിവില്‍നിയമങ്ങളെ മറികടക്കുകയും നോക്കുകുത്തിയാക്കുകയും ചെയ്യുന്ന ഒരു സംവിധാനവും അനുവദിച്ചുകൂടാ. ഭൂരിപക്ഷ-ന്യൂനപക്ഷവ്യത്യാസമെന്യേ ഈ നയം പാലിക്കപ്പെടണം.
    വഖഫിനും മറ്റു മതങ്ങളിലെ തത്തുല്യമായ സംവിധാനങ്ങള്‍ക്കും ഭരണഘടനയുടെ പരിരക്ഷയുണ്ട്. ഭരണഘടനയുടെ 26-ാം ഖണ്ഡികയിലാണ് ഈ സംരക്ഷണം ഉറപ്പുനല്‍കുന്നത്. അതായത്, മതപരമായ ആവശ്യങ്ങള്‍ക്കും സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി വിശ്വാസികളില്‍നിന്നു ഭൂമിയും മറ്റു സ്ഥാവരജംഗമവസ്തുക്കളും സ്വന്തമാക്കാനും സൂക്ഷിക്കാനും അതിന്റെ നടത്തിപ്പു നിര്‍വഹിക്കാനും ഒരു വിശ്വാസിസമൂഹത്തിന് അവകാശമുണ്ടെന്നാണ് ഭരണഘടനയില്‍ പറയുന്നത്. ഈ അവകാശം നിലനില്‌ക്കേ ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതിബില്‍ ഭരണഘടനാവിരുദ്ധമാണെന്നാണ് മുസ്ലീംനേതൃത്വത്തിന്റെ ആക്ഷേപം. നിയമനിര്‍മാണങ്ങളിലൂടെയും സാമ്പത്തികസ്രോതസ്സുകള്‍ നിയന്ത്രിക്കുന്നതിലൂടെയും സര്‍ക്കാര്‍ സമുദായങ്ങളെ ദുര്‍ബലമാക്കുന്നുവെന്ന പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ മേല്‍നടപടികളുണ്ടാകേണ്ടതാണ്.
     മതത്തിന്റെയും സമുദായത്തിന്റെയും നിലനില്പിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി സദുദ്ദേശ്യത്തോടെ സ്ഥാപിതമായ നിയമവ്യവസ്ഥകളുടെ മറവില്‍ കടന്നുകയറ്റങ്ങളും അധിനിവേശങ്ങളും കൊള്ളകളും നടക്കുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിച്ചേ മതിയാവൂ. ഇനി താജ്മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനുംവേണ്ടി വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുമോ എന്ന മധ്യപ്രദേശ് ജഡ്ജിയുടെ ചോദ്യത്തെ നിസ്സാരമായി തള്ളാന്‍ പാടുള്ളതല്ല. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)