മതതീവ്രവാദവും വര്‍ഗീയഭ്രാന്തും തഴച്ചുവളരുന്ന ഒരു ലോകക്രമത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണ് ആഗോളജനസമൂഹം. ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ വാദപ്രതിവാദങ്ങളും സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലുകളും രാജ്യത്തിനകത്തും പുറത്തും പലയിടങ്ങളിലായി അരങ്ങേറുന്ന ഭയാനകമായ വാര്‍ത്തകള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം മതമൗലികവാദത്തിനും വര്‍ഗീയതയ്ക്കും പരമാധികാരം കല്പിച്ചുകൊടുത്തപ്പോള്‍, ഹിംസയുടെ പ്രത്യയശാസ്ത്രങ്ങളാണു നാടുഭരിച്ചതെന്ന ചരിത്രവസ്തുതകള്‍ നാം പാടേ മറന്നുപോകുന്നു. ജാതി, മത, വര്‍ഗ, വര്‍ണഭേദമെന്യേ സകലമനുഷ്യരും സാഹോദര്യത്തിലും സഹിഷ്ണുതയിലും കഴിയണമെന്ന പ്രാചീനകാല പ്രാര്‍ത്ഥനാമന്ത്രധ്വനികള്‍ക്ക് എവിടെയൊക്കെയോ താളം പിഴച്ചിരിക്കുന്നു!
ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബി.ജെ.പി. നേതാക്കള്‍ നടത്തിയ വിവാദപരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്തൊട്ടാകെയും രാജ്യാന്തരതലത്തിലും കത്തിപ്പടര്‍ന്ന മതവിദ്വേഷത്തിന്റെ അഗ്നിനാളങ്ങള്‍ കെട്ടണഞ്ഞിട്ടില്ല. മതനിരപേക്ഷഭാരതത്തിന്റ ബഹുസ്വരതയ്ക്കും, രാജ്യം കാലങ്ങളായി കാത്തുസൂക്ഷിച്ച അടിസ്ഥാനമാനവികമൂല്യങ്ങള്‍ക്കുമാണ് ഒരൊറ്റ പരാമര്‍ശത്തിന്റെ പേരില്‍ ക്ഷതമേറ്റത്. വര്‍ഗീയവിഷനാവുകള്‍ക്കു കടിഞ്ഞാണിടാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണാധികാരികള്‍ തയ്യാറാകണമെന്നു ലോകരാജ്യങ്ങള്‍ മുറവിളി കൂട്ടുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നത് അത്യന്തം ഖേദകരവും ഭയാനകവുമാണ്.
വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. ദേശീയവക്താവ് നൂപുര്‍ ശര്‍മയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡു ചെയ്യുകയും, പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം മീഡിയ ഇന്‍ ചാര്‍ജ് നവീന്‍കുമാര്‍ ജിന്‍ഡലിനെ പുറത്താക്കുകയും ചെയ്‌തെങ്കിലും മതേതരഭാരതത്തിനുണ്ടായ കളങ്കം ബാക്കിനില്‍ക്കുന്നു. അച്ചടക്കനടപടിക്കു പിന്നാലെ, വിവാദപരാമര്‍ശം നിരുപാധികം പിന്‍വലിക്കുന്നതായി നൂപുര്‍ ശര്‍മയും, ആരുടെയും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് നവീന്‍കുമാറും അറിയിച്ചത് ആശ്വാസകരംതന്നെയാണ്. മാത്രമല്ല, വിവാദമായ വിദ്വേഷപരാമര്‍ശങ്ങള്‍ ഇന്ത്യയുടെ നയമല്ലെന്നും ചില വ്യക്തികളുടേതുമാത്രമാണെന്നും അവര്‍ക്കെതിരെ നടപടിയെടത്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത് സംഘര്‍ഷാന്തരീക്ഷം മയപ്പെടുത്താന്‍ കാരണമായേക്കാം.
ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഇതേച്ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാഗ്വാദങ്ങളും സംഘര്‍ഷപൂരിതമായ ഏറ്റുമുട്ടലുകളും രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായി. കുവൈത്തും ഖത്തറും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധമുയര്‍ന്നതോടെ വിവാദം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഖത്തര്‍, ഇറാന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ, യു.എ.ഇയും സൗദി അറേബ്യയും ഒമാനും 57 ഇസ്ലാമികരാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ - ഓപ്പറേഷനും (ഒ.ഐ.സി.) സംഭവത്തെ നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ ഇസ്ലാമിനുനേരേ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെ ഭാഗമാണ് വിവാദപരാമര്‍ശമെന്നാണ് ഒ.ഐ.സിയുടെ ആരോപണം. ലോകവേദികളില്‍ ഇന്ത്യയ്‌ക്കെതിരേ ആഞ്ഞടിക്കാനുള്ള വെടിമരുന്നെന്നോണം വിവാദവിഷയത്തെ പാക്കിസ്ഥാന്‍ കൂട്ടുപിടിച്ചിരിക്കുന്നതും നിസ്സാരവത്കരിക്കാനാവില്ല.
അതേസമയം, പാക്-ഒ.ഐ.സി. പ്രസ്താവനകളെ പൂര്‍ണമായും തള്ളിയാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യന്‍ സര്‍ക്കാരിന് എല്ലാ മതങ്ങളോടും ആദരവാണുള്ളതെന്നും ചില വ്യക്തികള്‍ നടത്തിയ വിവാദപരാമര്‍ശത്തിന്റെ പേരില്‍ ഒ.ഐ.സി. സെക്രട്ടറിയേറ്റ് തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനം നടത്തിയതു ഖേദകരമാണെന്നും വിദേശമന്ത്രാലയം അറിയിച്ചു.
മതേതരത്വവും ബഹുസ്വരതയും ഉറഞ്ഞുകൂടിയ പരിശുദ്ധമായ മണ്ണാണ് ഇന്ത്യയുടേത് എന്നത് കാലങ്ങളായി നാം കാത്തുസൂക്ഷിച്ചുപോന്ന സംസ്‌കാരമാണ്. മതനിരപേക്ഷതയുടെ മഹനീയത കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന ദൃഢനിശ്ചയമാണ് ഭരണഘടനാശില്പികള്‍ അതിനുള്ള ദര്‍ശനങ്ങളും സ്വതന്ത്ര സംവിധാനങ്ങളുമൊരുക്കി നമ്മെ പ്രബോധിപ്പിച്ചത്. മതേതരജനാധിപത്യരാജ്യമായി ഇന്ത്യ ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ന്നതും ഈ അടിസ്ഥാനദര്‍ശനത്തിന്റെ ചുവടുറച്ചു വളര്‍ന്നതുകൊണ്ടാണ്.
ലോകത്തിനുതന്നെ മാതൃകയാക്കാവുന്ന തരത്തില്‍ ഇന്ത്യന്‍ മതേരത്വത്തിന്റെ പ്രൗഢമായ പാരമ്പര്യത്തിനു കോട്ടംതട്ടുന്ന തരത്തിലുള്ള പ്രസ്താവനകളും നിലപാടുകളും അതേതു ഭാഗത്തുനിന്നുണ്ടായാലും ന്യായീകരിക്കാനാവില്ല. എല്ലാ മതങ്ങളെയും മതവിശ്വാസങ്ങളെയും പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ചൈതന്യവത്തായ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനും വരുംതലമുറയിലേക്കു പകര്‍ത്താനും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്, അതിന് അവനു വിശാലഹൃദയമുണ്ടായിരിക്കണമെന്നുമാത്രം.
ഒരു മതത്തിലും തീവ്രവാദമോ സങ്കുചിതത്വമനോഭാവമോ പാടില്ല. മതം സ്‌നേഹത്തിന്റെ സര്‍വകലാശാലയാകണം. മതാചാര്യന്മാര്‍ ഹൃദയവലിപ്പമുള്ളവരാകണം. ഒരു മതവും മതിലുകെട്ടി മനുഷ്യനെ തിരിക്കരുത്. എല്ലാ മതവും ഹൃദയവാതിലുകള്‍ തുറന്ന് അപരരിേലക്ക് ഇറങ്ങണം. മതാനുയായികള്‍ എന്നതിനപ്പുറം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുന്ന സാഹോദര്യത്തിന്റെ സന്ദേശവാഹകരാകാന്‍ മതാചാര്യന്മാരും വിശ്വാസികളും പ്രതിജ്ഞാബദ്ധരായാല്‍ മതഭ്രാന്തും വര്‍ഗീയലഹളകളും നാടുവിട്ടൊഴിഞ്ഞുപോകുമെന്നുറപ്പ്.
എല്ലാ മതങ്ങളെയും ഒറ്റച്ചരടില്‍ കോര്‍ത്തിണക്കി വ്യത്യസ്തമായ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാനുള്ള പ്രാഥമികോത്തരവാദിത്വം സര്‍ക്കാരിനാണ്. അസഹിഷ്ണുത വച്ചുപൊറുപ്പിക്കാവില്ലെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. സഹിഷ്ണുതയും നാനാത്വത്തിലെ ഏകത്വവുമാണ് ഇന്ത്യന്‍ ദേശീയതയുടെ ആത്മാവ്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന ഛിദ്രശക്തികള്‍ക്കെതിരേ ഒന്നിച്ചണിനിരക്കാന്‍ മതനിരപേക്ഷഭാരതത്തിലെ ഓരോ പൗരനും ആത്മശക്തിയും ദൃഢനിശ്ചയവുമുണ്ടായേ പറ്റൂ.