ആഗോള മാധ്യമദിനമായ ജൂണ്‍ 5 ന് ഫ്രാന്‍സിസ് പാപ്പാ നല്കിയ സന്ദേശത്തില്‍നിന്ന്
മനുഷ്യകുലത്തിനേറ്റവും അത്യാവശ്യമുള്ളതെന്താണ് എന്ന് വളരെ പ്രശസ്തനായ ഡോക്ടറോടു ചോദിച്ചതിനുള്ള ഉത്തരമായി അദ്ദേഹം പറഞ്ഞത്, ശ്രവിക്കപ്പെടണം എന്ന അതിരുകളില്ലാത്ത ആഗ്രഹമായിരുന്നു. മനസ്സുകളിലേല്‍ക്കുന്ന മുറിവുണക്കുന്നതില്‍ പ്രാവീണ്യമുള്ള ഒരു ഡോക്ടറായിരുന്നു അദ്ദേഹം. ഇത്ര അദമ്യമായ ആഗ്രഹം പലപ്പോഴും ഒളിഞ്ഞുകിടക്കുകയാണു പതിവ്. പക്ഷേ, ഒളിഞ്ഞുകിടക്കുന്ന ഞാന്‍ ശ്രദ്ധിക്കപ്പെടണം, ഞാന്‍ പറയുന്നതു കേള്‍ക്കണം എന്ന ആഗ്രഹം, പലര്‍ക്കും ഒരു വെല്ലുവിളിയാവുകയാണ്. പ്രത്യേകിച്ചു മാതാപിതാക്കള്‍, അധ്യാപകര്‍, അജപാലകര്‍ എന്നിങ്ങനെയുള്ള സാമൂഹികമോ രാഷ്ട്രീയപരമോ ആയ തൊഴില്‍ത്തുറകളിലുള്ളവര്‍ക്ക്. സാമൂഹിക വിനിമയ സമ്പര്‍ക്ക മേഖലകളിലുള്ളവര്‍ക്കു പ്രത്യേകിച്ചും.
ഹൃദയമാകുന്ന ചെവികൊണ്ടുള്ള ശ്രവണം
വിശുദ്ധ ലിഖിതങ്ങളില്‍നിന്നു നമുക്കു മനസ്സിലാവുന്നത്, ശ്രവിക്കുക എന്നത് ശബ്ദത്തെക്കുറിച്ചുള്ള ഗ്രാഹ്യം മാത്രമല്ല; മറിച്ച്, ദൈവവും മനുഷ്യകുലവും തമ്മിലുള്ള ഒരു സംഭാഷണസംവേദനത്തിലധിഷ്ഠിതമായുള്ള ഒരു ബന്ധംകൂടിയാണ് - ഒരു ഹൃദയബന്ധം.
'ശ്രവിക്കുക ഇസ്രായേലേ'(നിയമാ. 6:4) എന്ന തോറയുടെ ആദ്യകല്പനയുടെ തുടക്കംതന്നെ പലപ്പോഴും വി. ഗ്രന്ഥത്തില്‍ അടിവരയിടുന്നതാണ്. വി. പൗലോസ് റോമാക്കാരോടു പറയുന്നതുതന്നെ, വിശ്വാസം വരുന്നത് ശ്രവിക്കുന്നതിലൂടെയാണ് എന്നാണ് (റോമ. 10:17). ഇതിനു പ്രാരംഭം കുറിച്ചതും മുന്‍കൈ എടുത്തതും ദൈവമാണെങ്കിലും നമ്മള്‍ അവനെ ശ്രവിച്ചു സമുചിതമായി പ്രതികരിക്കുന്നു. ഈ ശ്രവണം എന്ന അനുഗ്രഹവും സ്രഷ്ടാവിന്റെ പ്രസാദവരത്തില്‍നിന്നുതന്നെ ഉദ്ഭവിക്കുന്നതാണെന്ന് ഒരു നവജാതശിശു തന്റെ മാതാപിതാക്കളുടെ ശബ്ദം തിരിച്ചറിയുന്നതിലൂടെ നമുക്കു പെട്ടെന്നു മനസ്സിലാവും. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലേറ്റവും ശ്രേഷ്ഠമായതും സ്രഷ്ടാവിനു പ്രിയപ്പെട്ടതും ശ്രവണശക്തിയാവണം. കാരണം, അതു മനുഷ്യന് ഏറ്റവും സ്വാതന്ത്ര്യം നല്‍കുന്നതും അവധാനപൂര്‍വമായതും എതിരേയുള്ളവരെ കടന്നുപിടിക്കാത്തതും ആകുന്നു. ശ്രവിക്കുന്നതും ശ്രവണശക്തിയും ദൈവത്തിന്റെ വിനയസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സ്രഷ്ടാവായ ദൈവം തന്നെത്തന്നെ അനാവരണം ചെയ്തുകൊണ്ട് തന്റെതന്നെ പ്രതിച്ഛായയില്‍ മനുഷ്യനെ പുരുഷനായും സ്ത്രീയായും സൃഷ്ടിക്കുകയും അതിനുശേഷം അവരെ ശ്രവിക്കുന്നതിലൂടെ തന്റെ ആശയവിനിമയത്തില്‍ പങ്കാളികളാക്കുകയും ചെയ്യുന്നു. മനുഷ്യകുലത്തെ സ്നേഹിക്കുന്നതിനാലാണ്, സ്രഷ്ടാവായ ദൈവം തന്റെ വചനം അവര്‍ക്കു നല്‍കുന്നതും അവരെ ശ്രവിക്കാനായി തന്റെ ചെവികള്‍ നല്‍കുന്നതും.
ഇതിനു കടകവിരുദ്ധമായി, മനുഷ്യന്‍ ഈ മധുരോദാരമായ ബന്ധത്തില്‍നിന്ന് ഓടിയൊളിക്കാനായി ശ്രമിക്കുന്നു. പുറംതിരിഞ്ഞു നില്‍ക്കുകയും ചെവികൊട്ടിയടച്ചുകൊണ്ടു ശ്രവിക്കേണ്ട ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയും ചെയ്യുന്നു. ഈ മാറി നില്‍ക്കല്‍ പലപ്പോഴും മറ്റുള്ളവരോടുള്ള കയ്യേറ്റവും സമാധാനലംഘനവുമാകുന്നു. സ്റ്റീഫന്‍ ഡീക്കനോടു ചെവി കൊട്ടിയടച്ച് അക്രമോത്സുകരായി ചെന്നവരെപ്പോലെ (അപ്പ.7:57) പരസ്പരസമാധാനം ലംഘിച്ചു വര്‍ത്തിക്കുന്നു. എപ്പോഴും സ്രഷ്ടാവായ ദൈവം തന്നെത്തന്നെ അനാവരണം ചെയ്യുന്നത് നമ്മളോടു കെട്ടുപാടുകളില്ലാതെ ആശയവിനിമയം ചെയ്തിട്ടാണ്.
വ്യക്തമായും സ്പഷ്ടമായും നാഥന്‍ മനുഷ്യരായ നമ്മെ സ്നേഹത്തിന്റെ ഉടമ്പടിയിലേക്കു ക്ഷണിക്കുന്നുണ്ട്. അടിസ്ഥാനപരമായി ശ്രവിക്കാനുള്ള സന്നദ്ധത സ്നേഹത്തിന്റെ അളവും മാനവുമാണ്. സ്നേഹത്തിന്റെ ഉടമ്പടിയിലേക്കുള്ള ആ ക്ഷണം അങ്ങനെ നമുക്കു നമ്മളാവാനുള്ള സാധ്യതയാണ്. അവരവര്‍ക്കുള്ള സ്ഥാനങ്ങളും അധികാരങ്ങളും വിട്ടുകൊടുക്കുമ്പോഴാണ് നമ്മള്‍ മനുഷ്യര്‍, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാകുന്നത്.
''ആകയാല്‍, നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍'' (ലൂക്കാ 8:18). വിതക്കാരന്റെ ഉപമ വിവരിച്ചതിനുശേഷം ഇങ്ങനെ യേശു ക്രിസ്തു പരസ്യമായി ആഹ്വാനം ചെയ്തതു വെറുതെ കേള്‍ക്കുന്ന കേള്‍വിക്കാരനാവാനല്ല; മറിച്ച്, നല്ല പോലെ ശ്രദ്ധിച്ചു ശ്രവിച്ചു മനസ്സിലാക്കാന്‍വേണ്ടിക്കൂടി
യാണ്. സത്യസന്ധവും നല്ലതുമായ ഹൃദയഭാവത്തോടെ വചനം സ്വീകരിക്കുന്നവര്‍ക്കേ അതു കാത്തുസൂക്ഷിക്കാനും പ്രതീക്ഷിച്ച സദ്ഫലങ്ങള്‍ - ജീവന്റെയും രക്ഷയുടെയും - അനുഭവിക്കാനും സാധിക്കൂ (വി. ലൂക്കാ 8:15). ആരെയാണു നമ്മള്‍ ശ്രവിക്കുന്നതെന്നും എന്താണു ശ്രവിക്കുന്നതെന്നും എങ്ങനെയാണു ശ്രവിക്കുന്നതെന്നും ശ്രദ്ധിച്ചാലോ ആശയവിനിമയം എന്ന കലയില്‍ നമുക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ സാധിക്കൂ. ഇത് ഒരു സിദ്ധാന്തമോ പരിജ്ഞാനമോ സാങ്കേതികശക്തിയോ അല്ല; മറിച്ച്, വെറും അടുപ്പം സാധ്യമാക്കുന്ന ഹൃദയങ്ങളുടെ തുറവുമാത്രമാണ് (സുവിശേഷത്തിന്റെ സന്തോഷം, 171 (2003).
നമുക്കു ചെവികളുണ്ടെങ്കില്‍പ്പോലും, പലപ്പോഴും നല്ല ശ്രവണശക്തിയുള്ളവര്‍ക്കുപോലും പരസ്പരം കേള്‍ക്കാന്‍ പറ്റാതാവുന്നുണ്ട്. ശാരീരികമായ ബധിരതയെക്കാള്‍ ഇതിനു കാരണം ഹൃദയംകൊണ്ടും മനസ്സുകൊണ്ടും കേള്‍ക്കാനുള്ള സന്നദ്ധതയില്ലായ്മയാണ്. വെറുതെ ശ്രവിക്കുക എന്ന ബാഹ്യമായ ശാരീരിക കഴിവിനെക്കാള്‍ കേള്‍ക്കുക എന്നത് മനുഷ്യസ്വത്വത്തെയാകെ ബന്ധപ്പെട്ടുകിടക്കുന്നതാണ്.
ശ്രവിക്കുന്നതിന്റെ അടിസ്ഥാനം ഹൃദയത്തിലാണ്. സോളമന്‍ രാജാവ് തീരെ ചെറുപ്പമായിരുന്നു. എങ്കില്‍ക്കൂടി വളരെ ബുദ്ധിയോടെ നാഥനോടപേക്ഷിച്ചത് തനിക്കു ശ്രവിക്കാന്‍ തയ്യാറുള്ള ഒരു ഹൃദയം നല്‍കണം (1 രാജാ. 3:9) എന്നായിരുന്നു. വിശുദ്ധ ആഗസ്തീനോസ് പറഞ്ഞിരുന്നത്, പുറമേയുള്ള ചെവികള്‍കൊïല്ല അകമേയുള്ള ഹൃദയം കൊïു ശ്രവിക്കാനായിരുന്നു. അസ്സീസിയിലെ വി. ഫ്രാന്‍സിസ് ആഹ്വാനം ചെയ്തത് ചെവികളിലല്ല ഹൃദയം വേണ്ടത്, ചെവിയുള്ള ഹൃദയമാണു വേണ്ടത് എന്നായിരുന്നു.
ആകയാല്‍, സത്യസന്ധമായ ആശയവിനിമയം വീണ്ടെടുക്കേണ്ടതിനു ചെയ്യേണ്ടത് നമ്മള്‍ നമ്മളെത്തന്നെ ശ്രവിക്കുക എന്നതാണ്. ഏറ്റവും ആവശ്യമായ ആവശ്യങ്ങളിലേക്ക്... നമ്മുടെ ഉള്ളിന്റെയുള്ളില്‍ എഴുതപ്പെട്ടിരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളെ ശ്രവിക്കണം.
അണുകണികകളെപ്പോലെ ജീവിക്കാനല്ല - ഒന്നിച്ച് ഒരുമിച്ചു ജീവിക്കാനുള്ള ബാധ്യത നമുക്കുള്ളതിനാല്‍ മറ്റു സഹോദരങ്ങളുമായുള്ള അടിസ്ഥാനബന്ധത്തിനുവേണ്ടി ദാഹിക്കുന്നതാണ് നമ്മളെ-മനുഷ്യരെ-മൗലികരാക്കുന്നത്.
നല്ല ആശയവിനിമയത്തിനുള്ള ഉപാധി - ശ്രവിക്കുക
ശ്രവിക്കുന്നതിന്റെ നേരേ വിപരീതഫലമുളവാക്കുന്നതരം കേള്‍ക്കലാണ് - ഒളിഞ്ഞുകേള്‍ക്കുന്നത്. സത്യത്തില്‍ നവമാധ്യമങ്ങളുടെ ഈ കാലത്ത്, കൂടുതലും താന്താങ്ങളുടെ സ്ഥാപിതതാത്പര്യങ്ങള്‍ക്കുവേണ്ടി മാത്രം മറ്റുള്ളവരെ ചൂഷണം ചെയ്യുക, ചാരപ്രവൃത്തികള്‍ ചെയ്യുക, ഒളിഞ്ഞിരുന്നു കേള്‍ക്കുക തുടങ്ങിയ പ്രവൃത്തികള്‍ വര്‍ദ്ധിച്ചുവരുന്നതായാണു കാണുന്നത്. ആത്മവിശ്വാസത്തോടെയും ന്യായബോധത്തോടെയും സത്യസന്ധമായും മുമ്പിലിരിക്കുന്ന വ്യക്തിയെ ശ്രദ്ധിക്കുമ്പോഴാണ് ആശയവിനിമയം നല്ലതും പൂര്‍ണവും മാനുഷികവുമാകുന്നത്.
ദൈനംദിനജീവിതത്തിലെ കേള്‍വിക്കുറവുകളെക്കാള്‍, പരസ്യജീവിതത്തിലെ വര്‍ദ്ധിക്കുന്ന പ്രവണതയായ കൂടുതല്‍ സദസ്സിനോടു സംസാരിക്കുകയെന്നത് വളരെ ആപത്കരമാണ്. ഇത്, നല്ലതിനെയും സത്യത്തെയും അന്വേഷിക്കുന്നതിനുപകരം അഭിപ്രായൈക്യത്തെ തേടുന്ന പ്രവണതയുടെ അനാരോഗ്യകരമായ പ്രതിഫലനമാണ്. ആശയവിനിമയത്തിന്റെ നിലവാരവും മാധുര്യവും ഉയരുന്നത്, സത്യാവസ്ഥകളുടെ സങ്കീര്‍ണതകളും വിഷമവൃത്തങ്ങളും ഉള്‍ക്കൊള്ളുന്ന അപരന്റെ കാരണങ്ങളും സാഹചര്യങ്ങളും സത്യസന്ധമായി മനസ്സിലാക്കി അവതരിപ്പിക്കുമ്പോഴാണ്. അല്ലാതെ പൊതുജനത്തെ ആവേശത്തിലാറാടിക്കുന്ന അനാവശ്യപ്രകടനങ്ങളിലോ സഹോദരനെ ഇകഴ്ത്തി കൈയടി വാങ്ങുന്നതിലോ അല്ല. കൂടുതല്‍ ദുഃഖകരമാകുന്നത്, സഭയുടെയകത്തും ആശയപരവും പ്രത്യയശാസ്ത്രപരവുമായ കൂട്ടായ്മകള്‍ വളരുന്നതും അതിനാല്‍, ശ്രവിക്കാനുള്ള സന്നദ്ധത കുറയുന്നതും, എതിര്‍ക്കുന്നവരെ നിശ്ശബ്ദമാക്കാനുള്ള ഔല്‍സുക്യം വര്‍ദ്ധിക്കുന്നതുമാണ്.
വാസ്തവത്തില്‍, ഇന്നു നടക്കുന്ന പല സംഭാഷണങ്ങളിലും നമ്മള്‍ സംവദിക്കുന്നേയില്ല. അപരന്‍ സംസാരിച്ചുകഴിഞ്ഞാലുടനെ നമ്മുടെ അഭിപ്രായം അവരില്‍ അടിച്ചേല്പിക്കാനാണു കാത്തിരിക്കുന്നത്. താത്ത്വികാചാര്യനായ Abraham Kaplan ഇതിനെ പറയുന്നത് രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണമെന്നല്ല, രണ്ട് ആത്മഗതങ്ങളെന്നാണ്. രണ്ടു സ്വരങ്ങളിലുള്ള ഒരേ ആത്മഗതങ്ങള്‍. ശരിയായ ആശയവിനിമയങ്ങളിലും സംഭാഷണങ്ങളിലും 'ഞാനും' 'താങ്കളും' പരസ്പരം അടുത്തെത്താനായി അവരവരുടെ സ്ഥാനങ്ങളില്‍നിന്ന് അപരന്റെയടുത്തേക്ക് എത്തുന്ന സാഹചര്യമാണു വേണ്ടത്. അതിനാല്‍, ശ്രവിക്കുകയെന്നത് സംഭാഷണങ്ങളിലെ മാറ്റിനിര്‍ത്താനാവാത്ത ഘടകമാണ്. ശ്രവിക്കുന്നതു നടന്നിട്ടില്ലായെങ്കില്‍ അവിടെ ആശയവിനിമയം നടന്നിട്ടില്ല. അതില്ലാത്ത പത്രപ്രവര്‍ത്തനത്തിന് അസ്തിത്വമേ ഇല്ലാതാവുന്നു. പൂര്‍ണവും സന്തുലിതവും പരിപക്വവുമായ വിവരങ്ങള്‍ ലഭിക്കാന്‍ ദീര്‍ഘനേരം നല്ലതുപോലെ ശ്രവിക്കേണ്ടത് അത്യാവശ്യമാണ്. ഒരു സംഭവം വിവരിക്കാനോ, ഒരു സാഹചര്യം മനസ്സിലാക്കിക്കൊടുക്കാനോ, പ്രത്യേകിച്ച്, വാര്‍ത്താവിതരണ മേഖലയില്‍, ശ്രവിക്കേണ്ടത് എങ്ങനെയെന്നറിയേണ്ടത് അത്യാവശ്യമാണ്. ഇതിനു സ്വന്തം അനുമാനങ്ങളും അഭിപ്രാ യങ്ങളും മാറ്റിവയ്ക്കു വാന്‍വരെ തയ്യാറാവേണ്ടതുണ്ട്.
ആത്മഗതങ്ങള്‍ മാറ്റിവച്ചാല്‍ മാത്രമേ ശബ്ദങ്ങളുടെയും അഭിപ്രായങ്ങളുടെയും സമന്വയങ്ങള്‍ ഉയരുകയുള്ളൂ. കൃത്യമായ ആശയവിനിമയത്തിന്റെയും വാര്‍ത്താവിതരണത്തിന്റെയും ഉത്തരവാദിത്വങ്ങളില്‍ പ്രധാനമാണത്. വിവിധ സ്രോതസ്സുകളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് (ആദ്യം കാണുന്ന സത്രത്തില്‍ യാത്ര അവസാനിപ്പിക്കാതെ) ലഭിക്കുന്ന വിവരങ്ങളുടെ സാംഗത്യവും വിശ്വാസ്യതയും ഉറപ്പാക്കി നമ്മുടെ ഭാഗത്തുനിന്നു വാര്‍ത്തകളൊരുക്കുന്നതിനും വിവേകത്തോടെയും വിവേചനാബോധത്തോടെയും പ്രവര്‍ത്തിക്കാനാവണം. സഭയുടെ അകത്തും പല വ്യക്തികളോടും വിവിധ സ്രോതസ്സുകളോടും ആശയവിനിമയം നടത്തിയാലേ സ്വരലയങ്ങളോടു കാതോര്‍ക്കാന്‍ നമുക്കു സാധിക്കുകയുള്ളൂ.
എന്തിനാണു ശ്രവിക്കുന്നതിന് ഇത്രയും അദ്ധ്വാനിക്കേണ്ടത്? വത്തിക്കാന്‍ കാര്യാലയത്തിലെ സമുന്നത നയതന്ത്രജ്ഞനായCardinal Agostino Casaroli പലപ്പോഴും 'ക്ഷമയുടെ രക്തസാക്ഷിത്വ'ത്തെക്കുറിച്ചു സംസാരിക്കാറുണ്ട്. പരിമിതസ്വാതന്ത്ര്യങ്ങള്‍ മാത്രമുള്ള ഇടങ്ങളില്‍, ഏറ്റവും കഠിനമായ മധ്യസ്ഥശ്രമങ്ങള്‍ വളരെ ക്ലേശകരമായ രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍, ശ്രദ്ധിക്കാനും ശ്രവിക്കപ്പെടാനുമുള്ള പരിശ്രമങ്ങളില്‍ ക്ഷമയുടെ രക്തസാക്ഷിത്വം സംഭവിച്ചുപോവാറുണ്ട്. ഇത്തരം കഠിനമായ സാഹചര്യങ്ങളില്‍ മുമ്പിലിരിക്കുന്ന മനുഷ്യനില്‍നിന്നു ഭാഗികമായ സത്യങ്ങള്‍ ശ്രവിക്കാനേ ഭാഗ്യമുണ്ടാവുകയുള്ളൂ. എങ്കില്‍പ്പോലും, നമ്മള്‍ അദ്ഭുതപ്പെട്ടുപോവാനുള്ള സാധ്യതകളോടു പൊരുത്തപ്പെടുകയും ക്ഷമയോടെ ശ്രവിച്ചുകൊണ്ടിരിക്കുന്നതിനുള്ള ധൈര്യം ആര്‍ജിച്ചെടുക്കുകയും വേണം. അതിരറ്റ ജിജ്ഞാസയോടെ, തുറന്ന കണ്ണുകളോടെ, തനിക്കു ചുറ്റുമുള്ള ലോകത്തെ നോക്കിക്കാണുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ ലാളിത്യത്തോടെ, വിനയത്തോടെ വേണം നമ്മള്‍ മറ്റുള്ളവരെ ശ്രവിക്കാന്‍. മുതിര്‍ന്നവരുടെ അവബോധത്തോടെയുള്ള ഒരു പിഞ്ചുകുഞ്ഞിന്റെ ഔല്‍സുക്യം - അതാണിന്നിന്റെ ആവശ്യം. എത്ര ചെറുതാണെങ്കിലും അപരനില്‍നിന്ന് എന്തെങ്കിലും എനിക്കു പഠിക്കാനുണ്ടാവുമെന്നും അത് എന്നെങ്കിലും എന്റെ ജീവിതയാത്രയില്‍ ഉപകരിക്കുമെന്നുമുള്ള അവബോധത്തോടുകൂടിയുള്ള ഔത്സുക്യമാണ് നമുക്കാവശ്യം.
ഒരു മഹാമാരി കഴിഞ്ഞുണരുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തെയും ഇത്തരത്തില്‍ ശ്രവിക്കേണ്ടത് അത്യാവശ്യമാണ്, കാലത്തിന്റെ ആവശ്യമാണ്. കാലാകാലങ്ങളിലൂടെ വര്‍ദ്ധിച്ചുവന്ന 'ഔദ്യോഗിക അറിയിപ്പുക'ളോടുള്ള അവജ്ഞയും വിദ്വേഷവുംമൂലം കൃത്യവും അല്ലാത്തതുമായ വാര്‍ത്തകള്‍ വളരെപ്പെട്ടെന്നു ലോകമാകെ പരക്കുന്ന ഈ കാലഘട്ടത്തില്‍ ലോകം വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കുംവേണ്ടി പരക്കംപായുകയാണ്. ശ്രവിക്കാനുള്ള നമ്മുടെ സന്നദ്ധതയുടെ ആവശ്യകത, സാമൂഹികവും സാമ്പത്തികവുമായ പല തകിടംമറിച്ചിലുകളും പലപ്പോഴും നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചുവരുന്നു; പ്രത്യേകിച്ച്, ഗാഢമായി ശ്രവിക്കുന്നതിന്റെ ആവശ്യകത. നിര്‍ബന്ധിതപലായനത്തിന്റെ ബുദ്ധിമുട്ടുകള്‍ ഇന്നിന്റെ സത്യാവസ്ഥയാണ്. ആരുടെ പക്കലും ഇതിനൊരു പരിഹാരമില്ലാത്ത സാഹചര്യത്തില്‍ എല്ലാത്തരം പ്രവാസികളെയും ശ്രവിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. പ്രത്യേകിച്ച്, അവരെക്കുറിച്ചുള്ള മുന്‍വിധികളും വിപ്രതിപത്തികളും മാറ്റിയെടുക്കാനും നമ്മുടെ കടുത്തുപോയ ഹൃദയങ്ങളെ കൂടുതല്‍ ആര്‍ദ്രമാക്കാനുമതാവശ്യമാണ്. ഓരോ പ്രവാസിക്കും ഓരോരോ നാമവും കഥയും നല്‍കണം. പല പത്രപ്രവര്‍ത്തകരും അതു ചെയ്യുന്നുണ്ട്. സാധിക്കുന്നിടത്തോളം അങ്ങനെ ചെയ്യാന്‍ തയ്യാറായവരും അനേകമുണ്ട്. നമ്മള്‍ അവരെ ശ്രവിക്കാനും ധൈര്യപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കണം. അതുവഴി അതതു രാജ്യങ്ങള്‍ക്കു ചേര്‍ന്ന കുടിയേറ്റ - പ്രവാസ നീതിന്യായവ്യവസ്ഥകള്‍ ഉയര്‍ന്നുവരട്ടെ. പക്ഷേ, അതിനു നമ്മുടെ മുമ്പില്‍ കണക്കുകളോ ആക്രമണകാരികളായ അധിനിവേശക്കാരെയോ അല്ല കാണേണ്ടത്. സാധാരണ മനുഷ്യരുടെ പ്രതീക്ഷകളും ആകുലതകളും കഥകളും കഷ്ടപ്പാടുകളുമാണ്.
സഭയ്ക്കകത്തു പരസ്പരം ശ്രവിക്കുക
സഭയ്ക്കകത്തും പരസ്പരം ശ്രവിക്കേണ്ടതുണ്ട്. ഏറ്റവും അമൂല്യവും ജീവസ്സുറ്റതുമായ പാരിതോഷികമാണത്. ഏറ്റവും നല്ല ശ്രോതാവില്‍നിന്നു ലഭിച്ച ദൗത്യങ്ങളില്‍ ഒന്നായ ശ്രവിക്കുക എന്ന മഹത്തായ ദൗത്യം ക്രിസ്ത്യാനികള്‍ മറന്നമട്ടാണ്. ദൈവത്തിന്റെ വചനം പ്രഘോഷിക്കുന്നവരും സംസാരിക്കുന്നവരുമായവര്‍ക്ക്, ദൈവത്തിന്റെ ചെവികള്‍കൊണ്ട് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ Dietrich Bonhoeffer നമ്മളെ ഓര്‍മിപ്പിക്കുന്നത് നമ്മുടെ പ്രഥമ ദൗത്യവും കടമയും നമ്മുടെ സഹോദരരെ ശ്രവിക്കുക എന്നതാണെന്നാണ്. തന്റെ ഇഹലോകത്തിലെ സഹോദരീസഹോദരന്മാരെ ശ്രവിക്കാന്‍ സാധിക്കാത്തവര്‍ക്കു ദൈവത്തെ ശ്രവിക്കാനാവില്ലതന്നെ.
ദാനധര്‍മങ്ങളിലേറ്റവും അമൂല്യമായത് മറ്റുള്ളവരെ ശ്രവിക്കാന്‍ നമ്മുടെ സമയം നല്‍കുക എന്നതാണ്. അജപാലനദൗത്യങ്ങളിലേറ്റവും പ്രധാനപ്പെട്ടത് ശ്രവിക്കുകയെന്ന അപ്പസ്തോലിക കടമയാണ്. യാക്കോബ് ശ്ലീഹാ ആഹ്വാനം ചെയ്യുന്നതും അതുതന്നെയാണ്. ഏതു മനുഷ്യനും കേള്‍ക്കാന്‍ വേഗവും സംസാരിക്കാന്‍ സാവധാനവും ഉണ്ടാവട്ടെ (വി. യാക്കോബ് 1:19).
ഒരു സിനഡിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പരസ്പരം ശ്രവിക്കാനുള്ള നല്ലൊരവസരമാകട്ടെ അതെന്ന് നമുക്കു പ്രാര്‍ത്ഥിക്കാം. തന്ത്രങ്ങളുടെയും പരിപാടികളുടെയും പരിണതഫലമല്ല കൂട്ടായ്മ; മറിച്ച്, പരസ്പരം ശ്രവിക്കുന്നതിലൂടെ നിര്‍മിക്കപ്പെടുന്നതാണത്. ഒരു ഗായകസംഘത്തിലെന്നപോലെ ഒത്തൊരുമയ്ക്ക്, ഐകരൂപ്യമോ ഏകസ്വരതയോ അല്ല ആവശ്യം; മറിച്ച്, അനേകത്വവും ബഹുസ്വരതയും വൈവിധ്യങ്ങളുമുള്ള സ്വരങ്ങളാണ്. അതേസമയം, ഒരു ഗായകസംഘം പാടുമ്പോള്‍ അതിലെ ഓരോ അംഗവും മറ്റുള്ളവരുടെ സ്വരങ്ങളെയും ആ സ്വരങ്ങളുടെ മൊത്തത്തിലുള്ള ലയപൊരുത്തങ്ങളെയും ശ്രദ്ധിച്ചാണ് ആലപിക്കുന്നത്. ഈ ലയപൊരുത്തങ്ങളുടെ ആശയം സൃഷ്ടിച്ചത് സംഗീതസംവിധായകനാണെങ്കിലും അതിന്റെ സാക്ഷാത്കാരം സംഭവിക്കുന്നത് വിവിധങ്ങളായ സ്വരശബ്ദങ്ങളുടെയും ഐക്യപൂര്‍ത്തിയിലാണ്.
നമ്മെക്കാളും വളരെ മുമ്പുതന്നെ തുടങ്ങിയതും നമ്മെ ഉള്‍ക്കൊള്ളുന്നതുമായ ഈ കൂട്ടായ്മയില്‍ നമ്മളോരോരുത്തരും ഭാഗഭാക്കാകുമ്പോള്‍, നമുക്കു നമ്മുടെ സഭയെ വീണ്ടും കണ്ടെത്താം. സ്വരലാവണ്യമുള്ള, ഇമ്പമുള്ള സഭയെ പുനരവതരിപ്പിക്കാം. അതിലെ ഓരോ വിശ്വാസിക്കും അവനവന്റെ സ്വന്തം ശബ്ദത്തില്‍ പാടാനവസരമുള്ള, മറ്റുള്ളവരുടെ ശബ്ദങ്ങളെ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ട് പരിശുദ്ധാരൂപിയുടെ സ്വത്വമായ ലയപൊരുത്തങ്ങളെ പ്രത്യക്ഷീകരിച്ചുകൊണ്ടു ജീവിക്കാനുള്ള പാരിതോഷികമായിക്കരുതി നമുക്കു പരസ്പരം ഹൃദയംകൊണ്ടു ശ്രവിച്ചു മുന്നേറാം.