തുരുത്തിക്കാട്ടില്‍ കുഞ്ഞന്നേച്ചടത്തിയാണ് വെളുപ്പാന്‍കാലത്ത് കണ്ണു തിരുമ്മിത്തെളിച്ചു മഞ്ഞിന്റെ പാട മാറ്റി ആകാഴ്ചയെ ആദ്യം കണ്ടത്.
തണുത്ത കാറ്റിറങ്ങി വീശുന്ന അന്ത്യാറക്കുന്നിന്റെ താഴ്‌വാരത്തുള്ള ചെന്നിറം മേഞ്ഞ മണ്‍റോഡിലൂടെ പരിചയമില്ലാത്ത ശരീരഭാഷയില്‍ ഒരാള്‍ പതിയെ നടന്നുനീങ്ങുന്നു.
കുഞ്ഞന്ന ആദ്യം ചെന്ന് കെട്ട്യോനെ നോക്കി.
ഭാഗ്യം, അതിയാനല്ല.
പുതപ്പിനടിയില്‍ മൊതല് ഭദ്രമാണ്.
പിന്നെ ആരായിരിക്കും?
ആലോചിച്ചിരിക്കുന്ന നേരത്ത് പള്ളീല്‍ ഒന്നാം മണി അടിച്ചു. കുര്‍ബാനയ്ക്കു വരുന്നോരു വല്ലോം ആണോ? അന്ത്യാറക്കുന്നിലെ ക്രിസ്ത്യാനികളെ എല്ലാം കുഞ്ഞന്നയ്ക്കറിയാം.
കോതങ്കല്‍ മാണി. വെട്ടുകാട്ടില്‍ ഔസേപ്പ്. മുരിക്കപ്ലാക്കല്‍ കുട്ടായി. ലോട്ടറി അവറാന്‍. കുമ്പൂക്കര തോമ. കൊളായി പാപ്പച്ചന്‍. പിന്നെ കുഞ്ഞന്നയുടെ കെട്ട്യോന്‍ തുരുത്തിക്കാട്ടില്‍ പൊന്നച്ചനും. ഇത്രയും പേരാണ് അന്ത്യാറക്കുന്നിന്റെ താഴ്‌വാരത്ത് താമസമാക്കിയവര്‍.
ദിവസവും രാവിലെ കട്ടനും കുടിച്ച്, ലൈറ്റും മിന്നിച്ച് ഇടയ്ക്ക് തൊണ്ട പറിച്ച് കാര്‍ക്കിച്ചു തുപ്പി അന്ത്യാറക്കുന്നിലെ റബര്‍ത്തോട്ടത്തിലേക്കു പുറപ്പെടുന്നവര്‍.
റബറുവെട്ട്. ഒട്ടുപാല്‍ പറിക്കല്‍. പാലെടുക്കല്‍. ഒറയൊഴിക്കല്‍. ഷീറ്റടി.
ഇത്യാദി കര്‍മങ്ങള്‍ക്കുശേഷം കുന്നിഞ്ചോട്ടിലുള്ള പൂമരുതിന്റെ തണലിലിരുന്ന് കൊതുകുപാട്ടിന്റെ താളത്തിനൊപ്പം രണ്ടെണ്ണം അടിച്ച് തണുപ്പിന്റെ ഈര്‍ച്ച മാറ്റി ഒട്ടുപാലിന്റെ മുശുക്കു മണവുമായി അവര്‍ പാട്ടും പാടി കുന്നിറങ്ങും.
ഞായറാഴ്ചയായതു കാരണം റബറുവെട്ടില്ല. മൂടിപ്പുതച്ചുറങ്ങുന്ന സമയമാണ് മേല്‍പ്പറഞ്ഞ വീരന്‍മാരെല്ലാം.
എന്നിട്ടും ആരാണപ്പാ...
ഈ പെലകാലേ മഞ്ഞുംകൊണ്ട്....
മരിച്ചുപോയ മാടായി ജോസിന്റെ ആത്മാവെങ്ങാന്‍ എറങ്ങിനടക്കാന്‍ തൊടങ്ങീതാണോ ആവോ?
അറിഞ്ഞിട്ടുതന്നെ കാര്യം?
കുഞ്ഞന്ന അന്നത്തെപള്ളീല്‍പോക്ക് ഒന്നാം കുര്‍ബാനയില്‍നിന്ന് രണ്ടാംകുര്‍ബാനയിലേക്കു മാറ്റിവച്ചു.
ഇടിപിടീന്ന് കുഞ്ഞന്ന കെട്ട്യോനെയും വലിച്ചുകൂട്ടി അന്ത്യാറക്കുന്നിലേക്കു പുറപ്പെട്ടു.
രണ്ടിലൊന്നറിയണം. കയറ്റത്തിലേക്ക് ആഞ്ഞുനടക്കുമ്പോള്‍ കുഞ്ഞന്നയെ അലട്ടിയിരുന്ന ചിന്ത യാഥാര്‍ത്ഥ്യമായി.
ഉദയം പെയ്തു വീണ മരങ്ങള്‍ക്കിടയിലൂടെ മരിച്ചുപോയ മാടായി ജോസിന്റെ ഭാര്യ മേരി റബര്‍മരങ്ങളുടെ പച്ചഞരമ്പുകള്‍ക്കിടയിലേക്ക് കത്തി കയറ്റുന്നു.
എന്റെ ഈശോയേ....
എവളിതെന്നാ ഭാവിച്ചാ....?
ഡീ... മേര്യേയ്, കെട്ട്യോന്‍ മരിച്ച് നാല്പത്തിയൊന്നു തെകയുംമുന്നേ എന്നാ വിചാരിച്ചാടീ പറമ്പിലോട്ടിറങ്ങിയേക്കണത്?
ചോദ്യം കേട്ട മേരി തിരിഞ്ഞൊന്നു നോക്കി.
സൂര്യവെളിച്ചം മേരിയുടെ മുഖത്തും എളിയിലും തട്ടി മിന്നിച്ചിതറി പരക്കുന്നു.
എന്നാ സുന്ദരിയാന്നോ പെണ്ണ്!
കുഞ്ഞന്ന മനസ്സുകൊണ്ട് ഓര്‍ത്തു.
പൊന്നച്ചനെ ഒപ്പം കൂട്ടണ്ടായിരുന്നു.
അപ്പോ എവളല്ലേ റോഡിലൂടെ നടന്നുപോയത്?
അതാരാണ്?
ഓരോന്നോര്‍ത്തോണ്ടിരിക്കെ മേരിയുടെ ശബ്ദം കേട്ടു.
പറമ്പിലോട്ടിറങ്ങാതെ പിന്നെങ്ങനാ? മക്കടെ വയറ്റിലോട്ട് തന്നത്താന്‍ എന്നായേലും എറങ്ങിച്ചെല്ലോ കുഞ്ഞന്നാമ്മച്ചി?
പൊട്ടിവീഴാറായ നാരിന്റെ ഒരറ്റത്തു കത്തി കയറ്റി വലിച്ചെടുത്ത ഒട്ടുപാല്‍വള്ളികള്‍ കൊട്ടയിലേക്കിട്ട് മേരി പറഞ്ഞു.
വല്ല പണിക്കാരേം നിര്‍ത്തിച്ച് ചെയ്യിക്കാനുള്ളതിന് നീ എന്നാ വിചാരിച്ചോണ്ടാ പെണ്ണേ...? അതും ഈ ഞായറാഴ്ച.
ഒടേതമ്പ്രാന് എല്ലാ ദിവസവും ഒരുപോലെയല്ലേ കുഞ്ഞന്നാമ്മച്ചീ. ഞായറാഴ്ച കര്‍ത്താവിന്റെ ദെവസമായതുകൊണ്ട് ഇന്നുതന്നെ തൊടങ്ങാന്നു വെച്ചു.
അതിനിടയിലാണ് പൊന്നച്ചന്‍ അറിയാതൊരു ചോദ്യം ചോദിച്ചത്.
ഞാന്‍ സഹായിക്കണോ?
അതോടെ ഒന്നാം ലോകമഹായുദ്ധം അന്ത്യാറയില്‍ ആരംഭിച്ചു.
എത്ര ചുരുട്ടി ഒളിപ്പിച്ചുവെച്ചാലും വെളിച്ചം വിതറണ പെണ്ണ്. പെരയ്ക്കു പൊറത്തിറങ്ങാന്‍ മാടായി സമ്മതിക്കാത്ത മൊതലാ ഇപ്പോ റബറ് വെട്ടിത്തെളിക്കുന്നത്.
വീട്ടിലേക്കുള്ള നടത്തത്തിനിടയില്‍ കുഞ്ഞന്നയുടെ പെരുവിരല്‍ കല്ലില്‍ തട്ടി മുറിഞ്ഞു. തൊലി തുറന്ന് ചോര വന്നതും കല്ലില്‍ പുരണ്ടതുമൊന്നും കുഞ്ഞന്ന അറിഞ്ഞില്ല.
അന്ന് രണ്ടാം കുര്‍ബാനയ്ക്കുശേഷം വീട്ടിലേക്കു നടക്കുംവഴി കുഞ്ഞന്ന അന്ത്യാറക്കുന്നിലെ ടാപ്പിങ് തൊഴിലാളികളുടെ ഭാര്യമാരുടെ യോഗം വിളിച്ചു.
തേ...
ഞാനൊരു കാര്യം പറയാം.
അടഞ്ഞ കാടും, മുടിഞ്ഞ സൗകര്യവുമാ അന്ത്യാറേല്. അത് അത്ര നല്ലതല്ലാന്ന് കാര്‍ന്നോന്‍മാര് പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. രാവിലെ തോട്ടത്തിലേക്ക് നമ്മടെ കെട്ട്യോന്‍മാര്‌ടെ കൂടെ ലൈറ്റും മിന്നിച്ച് മേരി പോണത് അത്ര വെടിപ്പല്ലാട്ടോ....
പുല്ലുകള്‍ ചെത്തിക്കോരി വൃത്തിയാക്കിയ മുറ്റത്തിനരികെയുള്ള അമ്മച്ചിപ്ലാവിന്റെ ചുവട്ടിലിരുന്ന് മേരിക്കെതിരേയുള്ള യുദ്ധത്തിന്റെ വിജയസാധ്യതകളെക്കുറിച്ച് ഏഴു പെണ്ണുങ്ങളും കൊടുമ്പിരിക്കൊണ്ടു.
എന്നാല്‍, മേരിയുടെ പുതിയ നീക്കത്തെ വന്‍ ഉത്സാഹത്തോടെയാണ് അച്ചായപ്പട എതിരേറ്റത്. ആരും വിളിക്കാതെതന്നെ അവര്‍ രാവിലെ ഉണര്‍ന്നു റബറുവെട്ടിനു പോയിത്തുടങ്ങി.
കുന്നിന്‍മുകളിലേക്കു കയറിപ്പോകുന്ന ഏഴു ദുര്‍ബലരെ നോക്കി അഞ്ചുനിലാവെളുപ്പില് പെമ്പ്രന്നോത്തികള്‍ മുട്ടിമ്മേനിന്നു പ്രാര്‍ത്ഥിച്ചു.
അന്ത്യാറേല് മേരിയുടെ ലൈറ്റും, മറ്റേതെങ്കിലും ലൈറ്റും തമ്മില്‍ കൂട്ടിയടിക്കുന്നുണ്ടോ എന്നറിയാന്‍ കുന്നിഞ്ചോട്ടില് ഏഴു പെണ്ണുങ്ങള് കണ്ണുംനട്ടിരുന്നു.
വെയില്‍ മൂക്കുംമുന്നേ തിരിച്ചെത്തുന്ന ആമ്പ്രന്നോന്മാരുടെ ശരീരത്തില് ചിലര്‍ കണ്ണുകൊണ്ട് ചികച്ചില്‍ നടത്തി. ചിലരുടെ വീട്ടില്‍ ഇരുട്ടും മുന്നേ സ്‌നേഹം പുകയാന്‍ തുടങ്ങി. മറ്റു ചിലര്‍ റബര്‍ക്കുന്നിലേക്കു പോകാതിരിക്കാന്‍ വീണ്ടും കെട്ട്യോന്‍മാരെ പായിലേക്കു വലിച്ചിട്ടു.
എന്തൊക്കെത്തന്നെ സംഭവിച്ചെങ്കിലും ആകെ മൊത്തം ടോട്ടല്‍ തുക എന്നു പറയുന്നത് ടാപ്പിങ് മേഖലയെ സംബന്ധിച്ചിടത്തോളം നേട്ടം മാത്രമാണെന്ന് ന്യൂ ജനറേഷന്‍ വിത്തായ മുരിക്കപ്ലാക്കല്‍ കുട്ടായിയുടെ മകന്‍ ജാക്ക് കണ്ടെത്തി.
തന്റെ വര്‍ത്തമാനചരിത്രത്തില് ജാക്ക് അതു രേഖപ്പെടുത്തുകയും ചെയ്തു.
അമ്മച്ചി കണ്ടോ, മേരിമ്മാമ വെട്ടാന്‍ ഇറങ്ങ്യേപ്പിന്നെ ചാച്ചന് എന്നാ സന്തോഷവാന്ന് നോക്ക്യേ.
ഇതാ പറയുന്നത് എല്ലാ മേഖലകളിലും സ്ത്രീപുരുഷ അനുപാതം ഉറപ്പുവരുത്തണമെന്ന്. എന്നാലേ വികസനം പെട്ടെന്നുണ്ടാവൂ...
പെരടിക്ക് രണ്ട് അടി കിട്ടിയതോടെ ജാക്ക് മേലാല്‍ അത്തരം സ്ത്രീപുരുഷ അനുപാതങ്ങളുടെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചില്ല.
പല രാപകലുകളും തങ്ങള്‍ക്കു സംഭവിച്ച ദുര്‍ഗതിയെ ഓര്‍ത്തുള്ള പഴിപറച്ചിലുകള്‍ പെണ്ണുങ്ങള്‍ തുടര്‍ന്നു. ഭര്‍ത്താക്കന്‍മാരുടെ പെട്ടെന്നുള്ള ഉത്സാഹക്കൂടുതല്‍ നേരും നെറിവും ഉള്ള ആ ഭാര്യമാര്‍ക്കു സഹിച്ചില്ല.
അമ്മച്ചിപ്ലാവിലെ ഇടിച്ചക്കകള്‍ മുഴുവന്‍ സ്ത്രീകളുടെ കുന്നായ്മ കേട്ട് ഞെട്ടറ്റു വീണു.
അടുപ്പേല് മീങ്കറീം തോരനും ആവുമ്പോഴേക്കും വീടിന്റെ പടി കേറണ മനുഷ്യനാ... ഇപ്പ ഒരു മണി ആയാലും കുടുമ്മത്ത് എത്തുന്നില്ല. കുഞ്ഞന്ന മൂക്കു പിഴിഞ്ഞു.
അതല്ലേലും സത്യാ കുഞ്ഞന്നേ... കഞ്ഞീം വാര്‍ത്ത് പശൂനേം മാറ്റിക്കെട്ടി ഞാന്‍ പെരയ്ക്കാത്ത് കേറുമ്പോഴേക്കും ചോറ് വെളമ്പടീന്നു പറയണ മനുഷ്യനാ. ഉച്ചയായാലും അതിയാനു വെശപ്പില്ല.
റോസക്കുട്ടി കുഞ്ഞന്നയുടെ ചിന്തകളുടെ മേല്‍ മുളകരച്ചു തേച്ചു.
പലരുടെ തോന്നല്‍ പലവഴി സഞ്ചരിച്ച് ഒരു വഴിയില്‍ കയറി ഒരുമിച്ചു നടന്ന് ഇടവകയിലെ വികാരിയച്ചന്റെ പക്കലെത്തി.
കണ്ണിക്കടി മൂത്തു വിളഞ്ഞ ഏഴു കൂപമണ്ഡൂകങ്ങളുടെ വിലാപത്തില്‍ വികാരിയച്ചന്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്നാഞ്ഞു വിളിച്ചു.
അച്ചോ, എന്നാ പറഞ്ഞാലും ഈ അന്ത്യാറക്കുന്നിന് ഒരു പാരമ്പര്യമുണ്ട്.
കാര്‍ന്നോന്‍മാരായിട്ട് അവിടെ ആണുങ്ങള് മാത്രമേ റബറു വെട്ടാന്‍ പോകത്തുള്ളൂ. പതിവു തെറ്റിച്ച് പെണ്ണൊരുത്തി കേറ്യാ ഒടേമ്പ്രാന്‍ പൊറുക്കുവോന്ന് ഞങ്ങക്കറിയാന്‍മേല.
ഇപ്പോത്തന്നെ എവള് വെട്ടാമ്പോണതറിഞ്ഞ് പെലകാലേ പലരും തോട്ടത്തിക്കൂടി പോകുന്നത് കാണാം. അതിലൂടെ വഴിയുണ്ടെന്നും വച്ച് നേരോം കാലോം തെറ്റിയുള്ള പോക്കൊക്കെ ശരിയാണോ അച്ചോ?
കുറെ നേരത്തെ കത്തലുകള്‍ക്കും, തൊങ്ങലുകള്‍ക്കുംശേഷം അച്ചന്‍ പെങ്കൂട്ടത്തിനുനേരേ തിരിഞ്ഞ് വിധി പ്രസ്താവിച്ചു.
ഒരു കാര്യം ചെയ്യ്.
ഇനിമുതല്‍ മേരി റബ്ബര്‍ വെട്ടാന്‍ പോകണമെന്നില്ല.
പിന്നെ....
ഏഴു കണ്ണുകളും അച്ചനുനേരേ തള്ളിത്തെറിച്ചു.
നിങ്ങളില്‍ ഒരോരുത്തരുടെയും കെട്ട്യോന്‍മാര്‍ ദെവസോം മേരീടെ വീതത്തിലെ റബ്ബറുംകൂടി വെട്ടി മേരിയെ സഹായിക്കട്ടെ.
അങ്ങനെ ഈശോമിശിഹാ നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞ് അച്ചന്‍ രണ്ടാം കുര്‍ബ്ബാനയ്ക്ക് അള്‍ത്താരയിലേക്കു നടന്നു.