അലക്‌സാണ്ടര്‍ സോള്‍സെനിറ്റ്‌സിന്‍(1918-2008)
സ്വതന്ത്രവിവര്‍ത്തനം : ഫാ. കുര്യാക്കോസ് നരിതൂക്കില്‍
മരണം, അതൊരഗാധ ഗര്‍ത്തമല്ല,
അതൊരു ഗിരിശൃംഗമത്രേ.
ആ കൊടുമുടിയിലേക്കു കേറുന്നു വീഥി.
കറുത്തിരുണ്ട വിഹായസ്സിന്‍
നിഴലിലാണെന്‍ മൃത്യുശയ്യ.
അവിടേക്കു ദൈവമാം തൂവെള്ളസൂര്യനുടെ
രശ്മികള്‍ എത്തിനോക്കുന്നു.
പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോള്‍
ഈ ധവളരശ്മികളില്‍ കാണുന്നൂ ഞാന്‍
റഷ്യയെ, എന്‍ റഷ്യയെ
അവളുടെ ധൃവചക്രവാളങ്ങളോളം
പുരാതന ഗ്രീക്കുജ്ഞാനികള്‍ ഒറ്റശിലയില്‍
തീര്‍ത്ത ശില്പത്തിന്‍ ദിവ്യദൃഷ്ടികളോടെ
കടാക്ഷിക്കുക മമ റഷ്യയെ
വെറുപ്പോ പകയോ ഏശാതെ കാണുന്നു നിന്നെ
നിന്‍ താഴ്ചയും ഉന്നതിയും
അനുദിന ജീവിതപോരാട്ടവും
ഇവ്വിധം ക്രൂശിക്കപ്പെട്ടവളായി കാണുകില്ല നിന്നെ ഞാന്‍
നിന്‍ചാരത്തേക്കു വിളിക്കില്ല ഞാന്‍ ഇനിമേല്‍ ഉത്ഥാനത്തെ.
(Ref. Solhnitsyn Centre.org/poems)
സോള്‍സെനിറ്റ്‌സിന്റെ കവിതയ്ക്ക് ഒരു അടിക്കുറിപ്പ്
റഷ്യന്‍ ഭാഷയില്‍നിന്ന് അലക്‌സാണ്ടര്‍ സോള്‍സെനിറ്റ്‌സിന്റെ മൂന്നു പുത്രന്മാരില്‍ ഒരാളായ ഇഗ്നാസ് ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്ത കവിതയുടെ മലയാളവിവര്‍ത്തനമാണിത്.
1953 ഡിസംബര്‍ രണ്ടാം തീയതി ദക്ഷിണ കസാക്കിസ്ഥാന്‍ നഗരമായ DZAMBUL ലുള്ള ക്യാന്‍സര്‍ സെന്ററിലെ ഡോക്ടറച്ചന്‍ ''ഇനി രണ്ടാഴ്ച കൂടിയേ ജീവിക്കാനുള്ളൂ'' എന്ന് അലക്‌സാണ്ടര്‍ ഇസായിവിച്ച് സോണ്‍സെനിറ്റ്‌സിനെ അറിയിക്കുന്നു. എട്ടുവര്‍ഷത്തെ കഠിനതടവു കഴിഞ്ഞിട്ട് വീട്ടുതടങ്കലില്‍ കഴിയുമ്പോഴാണിത്. ക്ലിനിക്കില്‍നിന്നിറങ്ങി വഴിയോരത്തുകൂടി നടന്നുപോകവേ, അദ്ദേഹം മനസ്സില്‍ കുറിച്ചതാണീ ഈരടികള്‍.