വികസനത്തിന്റെ വിപ്ലവാരവങ്ങള്‍ വാനോളം കൊട്ടിഘോഷിക്കാന്‍ ആരൊക്കെയോ മത്സരിക്കുമ്പോഴും, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഊരുകളിലുള്‍പ്പെടെയുള്ള കേരളത്തിന്റെ ഗ്രാമഹൃദയങ്ങളില്‍ പട്ടിണിമരണങ്ങള്‍ തനിയാവര്‍ത്തനമാകുന്നു. വികസനത്തിന്റെ നാള്‍വഴികളോ വിപ്ലവത്തിന്റെ വേദാന്തമോ വാഗ്ദാനങ്ങളുടെ പെരുമ്പറയോ മനസ്സിലാകാത്ത ഒരു കൂട്ടം നിരക്ഷരകുക്ഷികളായ മനുഷ്യമക്കള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ടെന്നുള്ളത് ഒരു പൊതുനൊമ്പരമാണ്. വിശപ്പിന്റെ നിലവിളി മാത്രമറിയാവുന്ന ''മരണാസന്നമായ'' ഒരു ജീവിതത്തിന്റെ ബാക്കിപത്രമായി അവര്‍ അവശേഷിക്കുമ്പോഴും ദരിദ്രര്‍ ഏറ്റവും കുറവുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനഭിമാനിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ എന്താണുള്ളത്? മികവിനെച്ചൊല്ലി വാദപ്രതിവാദങ്ങളുയര്‍ത്തി ഊറ്റംകൊള്ളാന്‍ ഭരണപ്രതിപക്ഷങ്ങള്‍ക്കെന്തു യോഗ്യതയാണുള്ളത്? അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതകളകറ്റാന്‍ ഉത്തരവാദിത്വപ്പെട്ട അധികാരികള്‍ ശ്രമിക്കാത്തപക്ഷം പട്ടിണിമരണങ്ങളും ദുരന്തങ്ങളും കേരളത്തിന്റെ നേര്‍ക്കാഴ്ചകളായി തുടരുകതന്നെ ചെയ്യും.
അട്ടപ്പാടി ആദിവാസമേഖലയിലെ നവജാതശിശുക്കളുടെ മരണം സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളാണ് കേരളത്തെ ഈയിടെ വല്ലാതെ നാണംകെടുത്തിയത്. 47 നവജാതശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തകാലത്തിനുശേഷം കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ തദ്ദേശസ്ഥാപനങ്ങള്‍വഴി ഇവിടെയെത്തിയത് 131 കോടി രൂപയായിരുന്നിട്ടും ഇക്കാലയളവില്‍ 121 കുട്ടികളെ നഷ്ടമായെന്നത് ഇത്തിരി ഭയാശങ്കകളോടെ മാത്രമേ കേള്‍ക്കാനാവൂ. പോഷകാഹാരക്കുറവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാണ് പലരുടെയും മരണകാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അട്ടപ്പാടിയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്ന് ആരോഗ്യവകുപ്പുതന്നെ സാക്ഷ്യപ്പെടുത്തുന്നു.
ശിശുമരണത്തിന്റെ തുടര്‍ക്കഥകള്‍ കേട്ട് അട്ടപ്പാടിയിലെത്തിയ പിന്നാക്കക്ഷേമവകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്റെ വാക്കുകള്‍ക്കു ശൗര്യം കൂടുതലുണ്ടായിരുന്നു; ഒപ്പം, അട്ടപ്പാടി ഊരുകളില്‍നിന്നു കുടിയിറക്കേണ്ട ദാരിദ്ര്യമെന്ന ഒഴിയാബാധയെക്കുറിച്ചു ദൃഢനിശ്ചയവും. അദ്ദേഹം പറയുകയുണ്ടായി: ''ലോകാവസാനം വരെ ഇവര്‍ക്കു വച്ചുണ്ടാക്കി നല്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? അതിനുപകരം അവരെ സ്വയംപര്യാപ്തരാക്കുകയാണു വേണ്ടത്. അവര്‍ക്ക് ആവശ്യമുള്ളതു നല്കുക. ബാക്കി അവര്‍ വേണ്ടവിധം ഉണ്ടാക്കിക്കഴിച്ചോളും.''
ഒരു വര്‍ഷത്തിനിടെമാത്രം അട്ടപ്പാടിയുടെ വികസനത്തിന് അനുവദിച്ചത് 16 കോടി രൂപയാണ്. അതേസമയം, ഈ തുകയുടെ വിനിയോഗത്തെക്കുറിച്ചു വ്യക്തതയും കൃത്യതയുമില്ല. 194 ഊരുകളിലായി 32,000 ത്തിലധികം ആളുകള്‍ കഴിയുന്ന ഇവിടെ ഈ തുകയുടെ പത്തിലൊന്നെങ്കിലും ചെലവഴിച്ചിരുന്നെങ്കില്‍ അട്ടപ്പാടി ഇത്രമാത്രം നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകളിലിടം നേടില്ലായിരുന്നു.
ഇതിനിടയിലാണ് സംസ്ഥാനങ്ങളിലെ ദാരിദ്ര്യം വിലയിരുത്തി നീതി ആയോഗ് തയ്യാറാക്കിയ ബഹുതലദാരിദ്ര്യസൂചിക കേരളത്തിന് അഭിമാനം പകര്‍ന്നതും അതേസമയം മലയാളികളെ അമ്പരപ്പിച്ചതും. ദരിദ്രരുടെ എണ്ണത്തില്‍ ഇതര ഇന്ത്യന്‍സംസ്ഥാനങ്ങളെക്കാള്‍ കേരളം ഏറ്റവും കുറവു കാണിക്കുന്നുവെന്നു മാത്രമല്ല, വളരെ വലിയ അന്തരവുമാണത്രേ കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ദരിദ്രര്‍ ഏറ്റവും കൂടുതലുള്ള ബീഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനമാണ് സൂചികയിലെങ്കില്‍, ഏറ്റവും കുറവുള്ള കേരളത്തില്‍ ദരിദ്രരുടെ ശതമാനം 0.71 ആണ്, അതായത് 10,000 ത്തില്‍ 71 പേര്‍. കേരളം കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ കുറവ് ഗോവയിലാണ് - 3.76 ശതമാനം. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 4.89 ശതമാനവും കര്‍ണാടകത്തില്‍ 13.16 ശതമാനവും ദരിദ്രരുണ്ട്. പോഷകാഹാരം, ശിശു-കൗമാരമരണനിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍വിദ്യാഭ്യാസം, പാചക ഇന്ധനലഭ്യത, ശുചിത്വം, ശുദ്ധജലലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യസൂചിക തയ്യാറാക്കിയത്.
ഇതിനിടെ, നീതി ആയോഗ് പുറത്തുവിട്ട ദാരിദ്ര്യസൂചികപ്രകാരം കേരളത്തിനു ലഭിച്ച മികവിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും അവകാശവാദമുന്നയിച്ചു രംഗത്തെത്തിയത് കല്ലുകടിയായി. ഇടതുസര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊട്ടിഘോഷിക്കുമ്പോള്‍, യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. നീതി ആയോഗ് പുറത്തുവിട്ട റിപ്പോര്‍ട്ട്, 2015-16 ലെ നാലാം ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വേപ്രകാരമുള്ളതാണെന്നാണു പ്രതിപക്ഷത്തിന്റെ വാദം. അതെന്തെങ്കിലുമാവട്ടെ, ദാരിദ്ര്യപ്പിശാച് കേരളത്തില്‍നിന്ന് എന്നന്നേക്കുമായി കുടിയൊഴിഞ്ഞുപോകണമെന്നതുമാത്രമാണ് കേരളത്തിന്റെ ആവശ്യം.
പട്ടിണിയും പരിവട്ടവുംകൊണ്ടു വീര്‍പ്പുമുട്ടുന്ന കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ ദീനരോദത്തിനറുതി വരുത്താതെ, അവര്‍ക്കു നീതിയും ശാന്തിയും ക്ഷേമൈശ്വര്യങ്ങളും ഉറപ്പാക്കാതെ ഭരണപ്രതിപക്ഷങ്ങള്‍ നടത്തുന്ന എല്ലാ വാദകോലാഹലങ്ങളും നിരര്‍ത്ഥകമെന്നേ പറയേണ്ടൂ. ഉണ്ണാനും ഉടുക്കാനും ഗതിയില്ലാത്തവരും കടത്തിണ്ണകളിലഭയം തേടുന്നവരും ഇന്നും കേരളത്തിന്റെ സങ്കടക്കാഴ്ചകളാണ്. പട്ടിണിമരണങ്ങളും കൊലപാതകങ്ങളും അതേത്തുടര്‍ന്നുള്ള നീതിനിഷേധങ്ങളും പ്രതിഷേധാര്‍ഹമായി തുടരുന്നു. ആദിവാസിയുവാവ് മധുവിനെ മറക്കാന്‍ മനഃസാക്ഷിയുള്ള ഒരു മലയാളിക്കുമാവില്ലല്ലോ. 2018 ഫെബ്രുവരി 22 ന് അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ചു നടത്തിയ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട വിശപ്പിന്റെ നിശ്ശബ്ദ ഇര. മധുവധക്കേസിന്റെ വിചാരണ എങ്ങുമെത്തിയില്ലെന്നു മാത്രമല്ല, തുടങ്ങാന്‍പോലും നാളിതുവരെയായിട്ടും പ്രബുദ്ധകേരളത്തിനായിട്ടില്ല. നീതിനിഷേധത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ മാത്രം...!