ലോകത്തിനുമുന്നില്‍ ഇന്ത്യയുടെ ശക്തി തെളിയിച്ച ചരിത്രസംഭവമായിരുന്നു ബംഗ്ലാദേശ് വിമോചനയുദ്ധം. ഡിസംബര്‍ മൂന്നിന് ഇന്ത്യയുടെ പതിനൊന്ന് എയര്‍ ബേസുകളെ പാക്കിസ്ഥാന്‍ വ്യോമസേന ആക്രമിച്ചതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. 1971 ഡിസംബര്‍ മൂന്നുമുതല്‍ 16 ന് ധാക്ക കീഴടങ്ങുന്നതുവരെ ഇന്ത്യ മാരകമായ പ്രഹരമാണ് പാക്കിസ്ഥാനു നല്‍കിയത്. പതിമ്മൂന്നു ദിവസം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായാണ്
1971 ലെ യുദ്ധം അറിയപ്പെടുന്നത്. ഇന്ത്യയുടെയും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ യുദ്ധമായിരുന്നു ഇത്. യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ പരസ്യമായി ഇന്ത്യയ്ക്കു മുന്നില്‍ ദയനീയമായി കീഴടങ്ങേണ്ടിവന്ന പാക്കിസ്ഥാനു സ്വന്തം രാജ്യത്തിന്റെ പകുതിയും നഷ്ടപ്പെട്ടുവെന്നതാണ് ചരിത്രം. പാക്കിസ്ഥാന്‍ ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്നിയാസിയുടെ നേതൃത്വത്തില്‍ 93,000 പാക്കിസ്ഥാന്‍ ഭടന്മാര്‍ ഇന്ത്യയുടെ ജനറല്‍ ജഗ്ജിത് സിങ് അറോറയുടെ മുന്നില്‍ കീഴടങ്ങിയതിനെ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സൈനികകീഴടങ്ങലായി കണക്കാക്കപ്പെടുന്നു.
ഇന്ത്യ, പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍, കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നീ മൂന്നു ഭൂപ്രദേശങ്ങളെയും രണ്ടു സ്വതന്ത്ര പരമാധികാരരാജ്യങ്ങളെയും സൃഷ്ടിച്ചതിനുശേഷമാണ് ബ്രിട്ടീഷുകാര്‍ 1947 ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍നിന്നു യാത്രയായത്. ഇന്ത്യയ്ക്കു കിഴക്കും പടിഞ്ഞാറുമുള്ള രണ്ടു പാക്കിസ്ഥാനുകള്‍ തമ്മില്‍ സാംസ്‌കാരികമോ ഭൂമിശാസ്ത്രപരമോ ആയ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എഴുപത്തിയഞ്ചു ദശലക്ഷം ആളുകള്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവന്‍ കേന്ദ്രീകരിച്ചിരുന്നത് അമ്പത്തിയഞ്ചു ദശലക്ഷം ജനസംഖ്യ വരുന്ന പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ആയിരുന്നു. പാക്കിസ്ഥാന്റെ മൊത്തം ജനസംഖ്യയുടെ ഭൂരിപക്ഷവും താമസിച്ചിരുന്ന കിഴക്കന്‍ പാകിസ്ഥാനു നിരന്തരമായ മര്‍ദനവും ചൂഷണവുമാണ് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഭരണാധികാരികളില്‍നിന്നു സഹിക്കേണ്ടിവന്നത്. പാക്കിസ്ഥാന്റെ ഭരണ- സൈനിക അധികാരങ്ങള്‍ മുഴുവന്‍ കൈയാളിയിരുന്നതു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലുള്ള ആളുകളായിരുന്നു. പട്ടാള
ജനറല്‍മാരായിരുന്ന അയൂബ്ഖാന്‍, യാഹ്യാഖാന്‍ തുടങ്ങിയവരുടെ സ്വേച്ഛ്വാധിപത്യഭരണം ബംഗ്ലാജനതയുടെ ജനാധിപത്യാവകാശങ്ങളെല്ലാം പൂര്‍ണ
മായുംതന്നെ തകര്‍ത്തെറിഞ്ഞിരുന്നു.
പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ഭൂരിപക്ഷം ആളുകള്‍ സംസാരിച്ചിരുന്നത് പഞ്ചാബിയും കിഴക്ക് ബംഗാളിയും ആയിരുന്നു. കിഴക്കന്‍ പാക്കിസ്ഥാനില്‍ സംസാരിച്ചിരുന്ന ബംഗാളിഭാഷയ്ക്കുപകരം രാഷ്ട്രഭാഷയായി ഉര്‍ദു അടിച്ചേല്പിക്കാനുള്ള ശ്രമംകൂടിയായപ്പോള്‍ ജനങ്ങളുടെ പ്രതിഷേധവും രോഷവും വര്‍ദ്ധിച്ചു. ഇത്തരം അടിച്ചമര്‍ത്തലുകള്‍ക്കെതിരേ സ്വയംഭരണം എന്ന ആവശ്യം പതിയെ കിഴക്കന്‍ പാക്കിസ്ഥാന്‍ പ്രദേശങ്ങളില്‍ ശക്തമായിത്തുടങ്ങി. ബംഗാള്‍ ജനതയുടെ സ്വയംഭരണസ്വാതന്ത്ര്യസ്വപ്‌നങ്ങള്‍ക്കു നിറംപകര്‍ന്നത് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് എന്ന പ്രസ്ഥാനമായിരുന്നു. 1970 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ പ്രവിശ്യ അസംബ്ലിയിലെ 300
സീറ്റുകളില്‍ 298 എണ്ണവും പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലെ 313 ല്‍ 167 സീറ്റുകളും നേടി അവാമി ലീഗ് വമ്പിച്ച വിജയം കരസ്ഥമാക്കി. പാക്കിസ്ഥാന്റെ ദേശീയ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലെ ഭൂരിപക്ഷമുള്ള പാര്‍ട്ടി എന്ന നിലയില്‍ അവാമിലീഗ് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ആവശ്യമുന്നയിച്ചു.
തിരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നു മാസമായിട്ടും ദേശീയ അസംബ്ലി വിളിച്ചുകൂട്ടിയില്ല. ഇതിനെതിരേ അവാമിലീഗിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ പാക്കിസ്ഥാനിലാകമാനം വലിയ പ്രതിഷേധറാലികള്‍ സംഘടിപ്പിക്കപ്പെട്ടു. പ്രക്ഷോഭം രൂക്ഷമായതോടെ കിഴക്കന്‍ പാക്കിസ്ഥാനില്‍ പട്ടാളഭരണം പ്രഖ്യാപിക്കപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ 1971 മാര്‍ച്ച് 26 ന് കിഴക്കന്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും രാജ്യത്തിന്റെ വിമോചനം നേടിയെടുക്കുവാനുള്ള അന്തിമസമരത്തിന് വാമിലീഗിന്റെ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മുജീബ് റഹ്‌മാനെ തടങ്കലിലാക്കിയ പാകിസ്ഥാന്‍ സൈന്യം കിഴക്കന്‍ പാകിസ്ഥാനിലെ ദേശീയപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ സെര്‍ച്ച് ലൈറ്റ് ആരംഭിക്കുകയും അതിക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നടത്തുകയും ചെയ്തു. പോാട്ടം കനത്തതോടെ ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകിയെത്തി. ഇന്ത്യയ്ക്കു താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഈ അഭയാര്‍ത്ഥിപ്രവാഹം. ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങിയതോടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിഷയം പരിഹരിക്കാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ശീതരാഷ്ട്രീയത്തിന്റെ പോരില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ ആരും മുന്നോട്ടുവന്നില്ല. അഭയാര്‍ത്ഥിപ്രവാഹത്തിനൊപ്പം കിഴക്കന്‍ ബംഗാളികള്‍ക്കെതിരേ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വംശഹത്യയും യുദ്ധമുഖത്ത് ഇറങ്ങാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു. 1971 ഡിസംബറില്‍ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ യഥാര്‍ത്ഥ യുദ്ധം ആരംഭിക്കുന്നതിനു മാസങ്ങള്‍ക്കുമുമ്പേ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുദ്ധത്തിനു തയ്യാറാകണമെന്ന് കരസേനാമേധാവി ജനറല്‍ സാം മാനെക്ഷയോട് ആവശ്യപ്പെട്ടിരുന്നു.
കിഴക്കന്‍ പാക്കിസ്ഥാനില്‍ ഇന്ത്യയുടെ പിന്തുണയോടെ പോരാടിയ മുക്തിബാഹിനിയില്‍നിന്ന് ഏറ്റ തിരിച്ചടികള്‍ക്കു പ്രതികാരമായി 1971 ഡിസംബര്‍ മൂന്നിന് ഇന്ത്യയുടെ 11 എയര്‍ബേസുകളെ പാക്കിസ്ഥാന്‍ ആക്രമിച്ചതോടെ ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്നു പേരിട്ടുവിളിച്ച യുദ്ധത്തിനു തുടക്കമായി. പാക്കിസ്ഥാന്റെ കിഴക്കന്‍- പടിഞ്ഞാറ് അതിര്‍ത്തികളിലൂടെ ഇന്ത്യന്‍ സേന വളരെ ചടുലമായിത്തന്നെ മുന്നേറി. പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ 15,010 കിലോമീറ്റര്‍ പ്രദേശമാണ് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത്. യുദ്ധത്തില്‍ ഓരോ ദിവസവും അഞ്ഞൂറിലധികം പാക്‌സൈനികര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ വധിക്കപ്പെട്ടുവെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്. 1971 ഡിസംബര്‍ മൂന്നുമുതല്‍ 16 ന് ധാക്ക കീഴടങ്ങുന്നതുവരെ ഇന്ത്യന്‍ പടയാളികള്‍ ധീരമായി യുദ്ധം ചെയ്തു. ധാക്കയും ഇന്ത്യന്‍ പട്ടാളത്തിനു മുമ്പില്‍ കടപുഴകിയതോടെ പാക്കിസ്ഥാന്‍ ജനറല്‍ ആമിര്‍ അബ്ദുള്ള ഖാന്നിയാസിയുടെ നേതൃത്വത്തില്‍ 93,000 പാക്കിസ്ഥാന്‍ ഭടന്മാര്‍ ഇന്ത്യയുടെ ജനറല്‍ ജഗ്ജിത് സിങ് അറോറയുടെ മുന്നില്‍ കീഴടങ്ങി. അതോടെ യുദ്ധം അവസാനിച്ചു.
1972 ജൂലൈ രണ്ടിനു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയും തമ്മില്‍ ഒപ്പുവച്ച സിംല കരാറോടെ യുദ്ധത്തിന് ഔദ്യോഗികപരിസമാപ്തിയായി. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട പാക്കിസ്ഥാന്‍ സൈനികരെ മോചിപ്പിച്ചു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും, ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ നിയന്ത്രണരേഖ (ഘഛഇ) ഇരുരാജ്യങ്ങളും ഔദ്യോഗികമായി ംഗീകരിക്കുകയും ചെയ്തു. യുദ്ധത്തിലും കരാറിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉപാധിരഹിതമായ കീഴടങ്ങലാണ് ഉണ്ടായത്. അത്രയ്ക്കും ആധികാരികമായിരുന്നു ഇന്ത്യയുടെ വിജയം.
ഒരേസമയം ഇന്ത്യയുടെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ പ്രകടിപ്പിച്ച ഇച്ഛാശക്തിയുടെയും പോരാട്ടവീര്യത്തിന്റെയും ആകത്തുകയായിരുന്നു ഇന്ത്യയുടെ വിജയം. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പുലര്‍ത്തിയ അനിതരസാധാരണമായ ധീരതകൂടി എടുത്തുപറയേണ്ടതുണ്ട്. യുദ്ധമുഖത്ത് ഇന്ദിരാഗാന്ധി നല്‍കിയ ധീരമായ നേതൃത്വമാണ്. 'ഇന്ത്യയുടെ അതിരുകള്‍ കാക്കുന്ന ദുര്‍ഗയാണ് ഇന്ദിര' എന്ന് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന അടല്‍ ബിഹാരി ബാജ്‌പേയ്ക്കുപോലും പറയേണ്ടിവന്നത്. ലോകശക്തിയായിരുന്ന അമേരിക്കയുടെ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സനെപ്പോലും നേരിട്ടു വെല്ലുവിളിച്ചുകൊണ്ടാണ് ഇന്ദിരാഗാന്ധി ഇന്ത്യയ്ക്കു ചരിത്രവിജയം നേടിത്തന്നത്. സോവിയറ്റ് റഷ്യയെ വിശ്വാസത്തിലെടുത്തുകൊണ്ട് ഇന്ദിരാഗാന്ധി നടത്തിയ ചടുലമായ നയതന്ത്രനീക്കങ്ങള്‍ ഇന്ത്യാവിരുദ്ധശക്തികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. യുദ്ധമുഖത്ത് ഇന്ത്യ നേടിയ ആധികാരികവിജയം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കു കൂടുതല്‍ അംഗീകാരം കിട്ടുന്നതിനു കാരണമായി. ഈ വിജയത്തോടെയാണ് വികസ്വരരാജ്യങ്ങള്‍ക്കിടയിലും സാമ്രാജ്യത്വവിരുദ്ധകൂട്ടായ്മയായ ചേരിചേരാസംഘടനയിലും ഇന്ത്യയുടെ നേതൃത്വം ആധികാരികമായി ഉറപ്പിക്കപ്പെടുന്നത്.
പാക്കിസ്ഥാന്റെ മതാധിഷ്ഠിതദേശീയതയ്ക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു ബംഗ്ലാദേശിന്റെ രൂപീകരണം. ''മതം എല്ലാ കാലത്തും കിഴക്ക് - പടിഞ്ഞാറ് പാക്കിസ്ഥാനുകളെ ഒന്നിപ്പിച്ചു നിറുത്തും'' എന്ന വിഭജനസമയത്തെ ജിന്നയുടെ പ്രഖ്യാപനം ബംഗ്ലാദേശ് രൂപീകരണത്തോടെ ജലരേഖയായി മാറി. പാക്കിസ്ഥാന്റെ ആത്മാഭിമാനത്തിനുമേല്‍ എന്നും മായ്ക്കാനാവാത്ത മുറിവായി 1971 ലെ യുദ്ധം അവശേഷിക്കും. ചരിത്രവിജയത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിടുന്ന ഈ അവസരത്തില്‍ പോര്‍ക്കളത്തില്‍ രാജ്യത്തിനുവേണ്ടി ധീരമായി പോരാടിയവരെയും അവര്‍ക്ക് ആവേശമായും പ്രചോദനമായും മുന്നില്‍നിന്നു നയിച്ചവരെയും നമുക്ക് ആദരപൂര്‍വം അനുസ്മരിക്കാം.