•  3 Apr 2025
  •  ദീപം 58
  •  നാളം 5
ശ്രേഷ്ഠമലയാളം

പ്രക്ഷോഭവും പ്രക്ഷോഭണവും

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് തയ്യാറാക്കിയ സംസ്‌കൃത - മലയാള നിഘണ്ടുവില്‍ പ്രക്ഷോഭവും പ്രക്ഷോഭണവും സമാനാര്‍ത്ഥപദങ്ങളായി കണക്കാക്കിയിരിക്കുന്നു.* ഇളക്കം, ചലനം എന്നീ വിവക്ഷിതങ്ങളില്‍ രണ്ടു ശബ്ദങ്ങളും പ്രചരിച്ചതിനാലാകണം നമ്പൂതിരിപ്പാട് അവയെ തുല്യപദങ്ങളായി സങ്കല്പിച്ചത്. പദനിരുക്തിയനുസരിച്ചു പ്രക്ഷോഭവും പ്രക്ഷോഭണവും രണ്ടാണ്. പ്രമുഖരായ മലയാളനിഘണ്ടുകാരന്മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്ര + ക്ഷോഭം = പ്രക്ഷോഭം. പ്രകര്‍ഷേണയുള്ള ക്ഷോഭമാണ് പ്രക്ഷോഭം. വലിയ ഇളക്കം അഥവാ കുഴപ്പം എന്നര്‍ത്ഥം. തെറ്റായ രൂപമാണ് 'പ്രക്ഷോപം'. പ്ര+ക്ഷോഭ്+അനം = പ്രക്ഷോഭണം. (പ്രക്ഷോപനം തെറ്റായ രൂപം) ക്ഷോഭിപ്പിക്കല്‍ എന്നര്‍ത്ഥം. ക്ഷുഭ് ണ്ണ ക്ഷോഭണേ എന്നാകുന്നു. ഒരു വാക്കില്‍ത്തന്നെ ഒരക്ഷരത്തിന്റെ സാമീപ്യംകൊണ്ട് മറ്റക്ഷരങ്ങള്‍ക്കു മാറ്റം വരാം. നകാരം ണകാരമാകാം. ''ഒരേ പദത്തില്‍ത്തന്നെ രേഫത്തിനോ ഷകാരത്തിനോ ഋകാരത്തിനോ പരമായിരിക്കുന്ന നകാരം ണകാരമാകും.'' ** രഷാഭ്യാം നോ ണഃ സമാനപദേ എന്നു സൂത്രം.*** അതിന്‍പ്രകാരം പ്രക്ഷോഭനം ണ്ണ പ്രക്ഷോഭണം എന്നാകുന്നു. ഈ പ്രവണതയ്ക്ക് സാങ്കേതികമായി ആഭ്യന്തരസന്ധി എന്നു പറയാം.
പ്രക്ഷോഭം ബഹളം വയ്ക്കലോ സമരം ചെയ്യലോ ആണെങ്കില്‍ പ്രക്ഷോഭണം ബഹളം വയ്പിക്കലോ സമരം ചെയ്യിപ്പിക്കലോ ആകുന്നു. മലയാള വ്യാകരണസംജ്ഞ ഉപയോഗിച്ചു പറഞ്ഞാല്‍, പ്രക്ഷോഭം കേവലക്രിയാനാമവും പ്രക്ഷോഭണം പ്രയോജകക്രിയാനാമവും എന്നതത്രേ അവയ്ക്കു തമ്മിലുള്ള ഭേദം. അതായത്, സ്വമേധയാ സംഭവിക്കുന്ന ബഹളമോ ഇളക്കമോ പ്രക്ഷോഭവും പരപ്രേരണയാല്‍ ചെയ്യിക്കുന്ന സമരമോ ബഹളമോ പ്രക്ഷോഭണവും ആകുമെന്നു ചുരുക്കം.
പദത്തിലും അര്‍ത്ഥത്തിലും വന്നുചേരുന്ന ശൈഥില്യങ്ങള്‍ക്കു പ്രാമാണികത്വം വന്നുകഴിഞ്ഞാല്‍, അവയെ നിഘണ്ടുകാരന്മാര്‍ പരിഗണിച്ചേക്കാം. പക്ഷേ, പൊരുളറിഞ്ഞ് വാക്കുകള്‍ പ്രയോഗിക്കാന്‍ കഴിയണമെങ്കില്‍, പ്രക്ഷോഭവും പ്രക്ഷോഭണവും രണ്ടാണെന്നുതന്നെ തിരിച്ചറിയാന്‍ കഴിയണം.
*ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍, സംസ്‌കൃത മലയാളം നിഘണ്ടു, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1129, പുറം - 723,
**നാരായണപിള്ള പി.കെ., പ്രയോഗദീപിക, സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പ്, തിരുവനന്തപുരം, 1938, പുറം - 57
വാസുദേവന്‍ പോറ്റി, ആര്‍. പ്രഫ., ലഘുസിദ്ധാന്തകൗമുദി, ഗവ. സംസ്‌കൃതകോളജ് കമ്മിറ്റി, തൃപ്പുണിത്തുറ, 2013, പുറം - 43.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)