•  25 Apr 2024
  •  ദീപം 57
  •  നാളം 7
കാര്‍ഷികം

കരിക്കിന്‍വെള്ളം

പോഷകപ്രദവും നിരവധി രോഗങ്ങള്‍ക്കു സിദ്ധൗഷധവുമാണ് കരിക്കിന്‍വെള്ളം. ദാഹവും ക്ഷീണവും മാറ്റാന്‍ അത്യുത്തമം. ശരീരത്തിന് അവശ്യം വേണ്ട ജീവകങ്ങള്‍, ധാതുലവണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വയറിളക്കം കോളറ എന്നീ രോഗാവസ്ഥകളിലും ധാരാളം കരിക്കിന്‍വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് കരള്‍, വൃക്ക എന്നിവയുടെ തകരാറുകള്‍ ഒരു പരിധിവരെ നിയന്ത്രിക്കുന്നു.
കരിക്കിന്‍വെള്ളത്തില്‍ സോഡിയം, ഇരുമ്പ്, പൊട്ടാസിയം, മഗ്നീഷ്യം തുടങ്ങിയവ വിവിധ അളവില്‍ അടങ്ങിയിട്ടുണ്ട്.
പഴയകാലങ്ങളില്‍ അതിഥിസല്‍ക്കാരത്തിന് കരിക്ക് ഉപയോഗിച്ചിരുന്നു. കരിക്കിന്‍വെള്ളം അതിവേഗം ദഹിക്കുന്ന ഒന്നാണ്. ചെന്തെങ്ങിന്റെ കരിക്കാണ് ഏറ്റവും ഉത്തമം. 
മൂത്രാശയസംബന്ധമായ രോഗങ്ങള്‍ക്ക് ഇവ വളരെ നല്ലതാണ്. നേത്രരോഗങ്ങള്‍ക്കും ഫലപ്രദം. ഇവയില്‍നിന്നു തയ്യാറാക്കുന്ന ഇളനീര്‍ക്കുഴമ്പ് വളരെ പ്രസിദ്ധമാണ്. നേത്രസംബന്ധമായ പല രോഗങ്ങള്‍ക്കും ഇവ ഉപയോഗിച്ചുവരുന്നു. മഞ്ഞപ്പിത്തം, അമിതദാഹം, ഛര്‍ദ്ദി, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയ്ക്കും വളരെ ഫലപ്രദം. വേനല്‍ക്കാലത്ത് ആഴ്ചയില്‍ ഒന്നെങ്കിലും വീതം ഇളനീര്‍ കഴിക്കുന്നത് പല രോഗങ്ങളെ തടഞ്ഞുനിര്‍ത്തുകയും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.

 

Login log record inserted successfully!