•  28 Mar 2024
  •  ദീപം 57
  •  നാളം 4
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ഇന്ദുലേഖ പറഞ്ഞത്

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവല്‍ എന്നു വിശേഷിപ്പിക്കുന്ന കൃതിയാണ് ഇന്ദുലേഖ. രചയിതാവ് ഒ. ചന്ദുമേനോന്‍.
1847 ജനുവരി 9 ന് കണ്ണൂരിലായിരുന്നു ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന ഒ. ചന്തുമേനോന്റെ ജനനം. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യം നേടിയ ചന്തുമേനോന്‍ പതിനേഴാമത്തെ വയസ്സില്‍ കോടതിഗുമസ്തനായി ഔദ്യോഗികജീവിതം തുടങ്ങി. ചന്തുമേനോന്‍ തന്റെ ബുദ്ധിശക്തിയും പ്രവര്‍ത്തനപാടവവുംകൊണ്ട് 1882 എത്തിയപ്പോഴേക്കും മുന്‍സിഫ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു. ആ വര്‍ഷം തന്നെ കാത്തോളിവീട്ടില്‍ ലക്ഷ്മിയമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. 1889 ല്‍ പരപ്പനങ്ങാടി മുന്‍സിഫായിരുന്ന കാലത്താണ് അദ്ദേഹം ഇന്ദുലേഖ എഴുതുന്നത്.
ഇംഗ്ലീഷ് സാഹിത്യത്തില്‍ അതീവതത്പരനായിരുന്നു ചന്തുമേനോന്‍. വായിച്ച ഇംഗ്ലീഷ് നോവലുകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി കേള്‍ക്കണമെന്ന് സുഹൃത്തുക്കളും ഭാര്യയും നിരന്തരം ചന്തുമേനോനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതര ഭാഷയിലുള്ള കഥകള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുമ്പോള്‍ പൂര്‍ണത ലഭിക്കുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നി. ആ തോന്നലില്‍ നിന്നാണ് ഇന്ദുലേഖ എന്ന ആദ്യനോവലിന്റെ പിറവി. ഇന്ദുലേഖയ്ക്കുമുമ്പ് അപ്പു നെടുങ്ങാടി കുന്ദലത എന്ന കൃതി രചിച്ചിരുന്നുവെങ്കിലും സമ്പൂര്‍ണ നോവലിന്റെ മാതൃക മലയാളത്തിനു കാട്ടിത്തന്നത് ചന്തുമേനോനാണ്.
അക്കാലത്തെ സാമൂഹിക പശ്ചാത്തലത്തിലുള്ള ഒരു നായര്‍ തറവാടിന്റെ കഥയാണ് ഇന്ദുലേഖയിലൂടെ ചന്തുമേനോന്‍ പറഞ്ഞത്. കേവലം ഒരു കഥ എന്നതിലുപരി നോവലിലെ സാമൂഹിക-രാഷ്ട്രീയവിവരണങ്ങളും വ്യവസ്ഥിതിയോടുള്ള പ്രതികരണവുമാണ് ഇന്ദുലേഖയിലെ എടുത്തുപറയേണ്ട സവിശേഷതകള്‍. അക്കാലത്തുണ്ടായിരുന്ന മരുമക്കത്തായം, ജാതിവ്യവസ്ഥ തുടങ്ങിയ അപരിഷ്‌കൃതങ്ങളായ സമ്പ്രദായങ്ങളെ ഇന്ദുലേഖയുടെയും മാധവന്റെയും ജീവിതത്തിലൂടെ വരച്ചുകാട്ടുകയായിരുന്നു അദ്ദേഹം.
നോവല്‍ എന്ന സാഹിത്യശാഖയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ലാത്ത കേരളത്തിലെ ജനങ്ങള്‍ക്കു വേഗത്തില്‍ മനസ്സിലാകുന്ന തരത്തിലായിരുന്നു ചന്തുമേനോന്റെ ആഖ്യാനശൈലി. കഥാപാത്രങ്ങളുടെ സ്വാഭാവികസംസാരത്തിലൂടെ കഥ പറഞ്ഞതുകൊണ്ടുതന്നെ നോവല്‍ സാധാരണക്കാര്‍ക്കു പ്രിയപ്പെട്ടതായി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഉന്നമനം വേണ്ടതിന്റെയും പല വേളികള്‍ കഴിക്കുന്ന സമ്പ്രദായം അവസാനിക്കേണ്ടതിന്റെയും ആവശ്യകത വിവരിക്കുന്ന നോവല്‍ കാലത്തോടുള്ള ചന്തുമേനോന്റെ പ്രതികരണമായിരുന്നു എന്നുതന്നെ വിശേഷിപ്പിക്കാം.
ചന്തുമേനോന്‍ അംഗമായിരുന്ന മലബാര്‍ വിവാഹക്കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഈ നോവലിനു സാധിച്ചു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മലയാളത്തിലെ പിന്നീടുണ്ടായ നോവലുകളിലെ ല്ലാം ഇന്ദുലേഖയുടെ സ്വാധീനം ദൃശ്യമാണ്.
1892 ല്‍ തന്റെ രണ്ടാമത്തെ നോവലായ ശാരദയുടെ ഒന്നാം ഭാഗം അദ്ദേഹം പുറത്തിറക്കി. തൊഴിലിലെ മികവിലൂടെ ഗവണ്മെന്റിന്റെ റാവു ബഹദൂര്‍ ബഹുമതിക്ക് അര്‍ഹനായ അദ്ദേഹം മദിരാശി സര്‍വകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
1899 ല്‍ ശാരദയുടെ രണ്ടാംഭാഗം പൂര്‍ത്തിയാക്കാതെ ചന്തുമേനോന്‍ യാത്രയായി. ഇന്ദുലേഖ എന്ന നോവലും ശാരദ എന്ന അപൂര്‍ണമായ കൃതിയും മാത്രമേ ചന്തുമോനോന്‍ രചിച്ചിട്ടുള്ളൂവെങ്കിലും മലയാളസാഹിത്യത്തില്‍ എക്കാലവും ഓര്‍മിക്കുന്ന സമുന്നതസ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

 

Login log record inserted successfully!