•  25 Apr 2024
  •  ദീപം 57
  •  നാളം 7
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

ചമ്പല്‍ക്കാട്ടിലെ തീപ്പൊരി റാണി

കുട്ടികള്‍ വായിച്ചിരിക്കേണ്ട വിശിഷ്ടഗ്രന്ഥങ്ങളെ ഹൃദ്യമായി പരിചയപ്പെടുത്തുന്ന പംക്തി

ഓരോ ആത്മകഥയും വ്യക്ത്യയനുഭവങ്ങള്‍ക്കപ്പുറം സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹികമാറ്റങ്ങളുടെ അടയാളപ്പെടുത്തലുംകൂടിയാണ്. ഏതെങ്കിലും മേഖലയില്‍ പ്രശസ്തരായവര്‍ക്കുമാത്രം അല്ലെങ്കില്‍ ജീവിതസായാഹ്നത്തില്‍ എഴുതാവുന്ന ഒന്നാണ് ആത്മകഥ എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാല്‍, വായന പുരോഗമിച്ചുതുടങ്ങിയപ്പോള്‍ അത്തരം ധാരണകളെ മാറ്റിനിര്‍ത്തേണ്ടി വന്നു. തികച്ചും വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നവരുടെ അനുഭവങ്ങള്‍ വായിച്ചുതുടങ്ങിയപ്പോള്‍ പലപ്പോഴും നെഞ്ചുകീറി, കണ്ണില്‍ രക്തം പൊടിഞ്ഞു എന്നാല്‍, ചില പുസ്തകങ്ങള്‍ കോരിത്തരിപ്പിക്കുകയും ചെയ്തു. ഈ അനുഭവങ്ങളിലൂടെയെല്ലാം ഞാന്‍ കടന്നുപോയൊരു പുസ്തകമാണ് 'ഞാന്‍ ഫൂലന്‍ ദേവി.' ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ചമ്പല്‍ക്കാടുകളെ വിറപ്പിച്ച്, ചമ്പല്‍റാണിയെന്ന വിശേഷണത്തില്‍  അറിയപ്പെട്ട്  രണ്ടായിരത്തിയൊന്നില്‍ ഒരു വെടിയൊച്ചയുടെ അറ്റത്തു പൊലിഞ്ഞുപോയ തീപ്പൊരി നക്ഷത്രം - ഒരേയൊരു ആമിറശ േഝൗലലി ഫൂലന്‍ ദേവിയുടെ ആത്മകഥ...
ആയിരത്തിത്തൊള്ളായിരത്തി അറുപത്തിമൂന്ന് ഓഗസ്റ്റ് പത്തിന് ഉത്തര്‍പ്രദേശിലെ ജലാന്‍ ജില്ലയില്‍ ഒരു കുഗ്രാമമായ ഗോരാ കാ പര്‍വയിലാണ്  ഫൂലന്‍ ദേവിയുടെ ജനനം. കഷ്ടതകള്‍ നിറഞ്ഞതായിരുന്നു ഫൂലന്റെ  ബാല്യം. ഹരിജനവിഭാഗത്തിലാണ് അവളുടെ ജനനമെന്നതിനാല്‍  ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ ഏറ്റവും താഴെയുള്ള വെറും ചണ്ഡാലത്തിയായി വളരാന്‍ അവള്‍ വിധിക്കപ്പെട്ടു. ബാല്യം മാറുംമുമ്പേ, പതിനൊന്നാം വയസ്സില്‍ തന്നെക്കാള്‍ ഏറെ പ്രായം ചെന്ന ആളുമായി വിവാഹം ചെയ്തയച്ചു. പുലര്‍ച്ചമുതല്‍ രാവിരുട്ടുവോളം വീട്ടുജോലിയും ചെറിയ കുട്ടിയെന്നുപോലും പരിഗണിക്കാതെയുള്ള പീഡനങ്ങളുമാണ് അവളെ അവിടെ കാത്തിരുന്നത്. ഒരു ദിവസം അമ്മയ്ക്കു സുഖമില്ലെന്ന വിവരമറിഞ്ഞ ഫൂലന്‍ ഭര്‍ത്താവിനോട് അമ്മയെ ഒരു നോക്കു കണ്ടിട്ടു വരാന്‍ കേണപേക്ഷിച്ചെങ്കിലും അനുവാദം കിട്ടിയില്ല. അവിടെ ആദ്യത്തെ  റാണി ജനിക്കുകയായിരുന്നു അവള്‍ ഭര്‍തൃവീടുപേക്ഷിച്ച് അമ്മയെ പരിചരിക്കാനെത്തി. എന്നാല്‍, ഭര്‍ത്താവുപേക്ഷിച്ച പെണ്ണിനെ വീട്ടില്‍ നിര്‍ത്തുന്നതു ഗ്രാമമുഖ്യര്‍ തടസ്സം നിന്നു. അങ്ങനെ അവളെ പിതാവിന്റെ  ജ്യേഷ്ഠസഹോദരന്റെ വീട്ടിലേക്ക് അയച്ചു, അവിടെയും അവസ്ഥ വത്യസ്തമായിരുന്നില്ല. പകല്‍ മുഴുവനും വിശ്രമമില്ലാത്ത വീട്ടുപണി, ഒപ്പം അയാളുടെ മൂത്തമകന്റെ ശല്യവും. അവള്‍ ആ വീടും വിട്ടിറങ്ങി.
അവിടെനിന്നിറങ്ങിയ ഫൂലന്‍ ഭര്‍ത്താവിന്റെ അടുത്ത് വീണ്ടും ചെന്നെങ്കിലും അയാള്‍ അപ്പോഴേക്കും മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഫൂലനെ കണ്ടതും കലിപൂണ്ട അയാള്‍ അവളെ ഗ്രാമത്തില്‍നിന്നു തല്ലിയോടിച്ചു. തിരികെ വീട്ടിലെത്തിയ അവളെ കാത്തിരുന്നത് ഒരു പീഡനകാലമായിരുന്നു. തങ്ങള്‍ക്കവകാശപ്പെട്ട നിലം ചതിച്ചു കൈക്കലാക്കിയ ഒരു ബന്ധുവിനെ അവള്‍ ചോദ്യം ചെയ്തിരുന്നു. ഉയര്‍ന്ന ജാതിക്കാരോടു ബന്ധവും അത്യാവശ്യം സാമ്പത്തികവുമുള്ള അയാള്‍ ഫൂലനെ ഒരു മോഷണക്കേസില്‍പ്പെടുത്തി അറസ്റ്റു ചെയ്യിപ്പിച്ചു. ഏതാണ്ട് ഒരു മാസത്തോളം ജയിലില്‍ ഫൂലനെ അവര്‍ ക്രൂരപീഡനത്തിന് ഇരയാക്കി. അവസാനം പിതാവ് മേല്‍ജാതിക്കാരുടെ കാലില്‍വീണപേക്ഷിച്ച് ഫൂലനെ ജയിലിനു പുറത്തിറക്കി. എന്നാല്‍, ഗ്രാമത്തില്‍ തിരികെയെത്തിയ അവളെ ഗ്രാമവാസികള്‍ ശപിക്കപ്പെട്ടവളെന്നു കൂവി വിളിച്ച് അപമാനിച്ചു. ഫൂലനെന്ന ശാപത്തെ ഒഴിവാക്കാന്‍ ഗ്രാമപ്രമുഖര്‍  തീരുമാനിച്ചു, അതിനവര്‍ കണ്ടെത്തിയ വഴി അതിക്രൂരമായിരുന്നൂ, ബാബു ഗജ്ജര്‍ എന്നൊരു കൊള്ളക്കാരന് അവളെ കൈമാറുക...
എരിതീയില്‍നിന്ന് വറചട്ടിയിലേക്കാണവള്‍ എറിയപ്പെട്ടത്. കുടുംബാഗങ്ങളെ  പിരിഞ്ഞ വിഷമംകൂടാതെ രാപകലില്ലാതുള്ള ക്രൂരപീഡനങ്ങളും താങ്ങാനാവാതെ അവള്‍ കൊള്ളസംഘത്തില്‍നിന്ന് ഒളിച്ചോടി വീട്ടില്‍ തിരിച്ചെത്തി. രക്ഷപ്പെട്ടോടിയ ഫൂലനെ പിടികൂടാന്‍ ഗജ്ജര്‍ അവളുടെ വീട്ടിലെത്തി. കൊന്നാലും തിരിച്ചു സംഘത്തിലേക്കില്ലെന്ന് അവള്‍ ആണയിട്ടു. നാടും കാടും വിറപ്പിച്ചിരുന്ന ഗജ്ജറിന് ഞെട്ടലിനെക്കാളേറെ അപമാനമാണു തോന്നിയത്. തന്റെ പേരുകേട്ടാല്‍ വിറയ്ക്കുന്ന നാട്ടില്‍ ഒരു നരന്തുപെണ്ണ് എതിര്‍ത്തു സംസാരിച്ചത് അയാളെ വിറകൊള്ളിച്ചു. അയാള്‍ ഫൂലന്റെ കുടുംബത്തിനു നേര്‍ക്കു തോക്കു ചൂണ്ടി. മറ്റെന്തിനെക്കാളും കുടുംബത്തെ സ്‌നേഹിച്ച ഫൂലന് അയാള്‍ക്കൊപ്പം പോവുകയല്ലാതെ പിന്നെ നിവൃത്തിയില്ലായിരുന്നു. കുടുംബാംഗങ്ങളുടെ മുമ്പില്‍വച്ചു തന്നെ അവളെ അയാള്‍ നഗ്‌നയാക്കി മര്‍ദിച്ചു. കുതിരയുടെ പിറകില്‍ അവളെ കെട്ടിവലിച്ചു. പോകുംവഴിയെല്ലാം അവളെ മര്‍ദിച്ചു എന്നിട്ടും, കോപമടങ്ങാഞ്ഞ ഗജ്ജര്‍ അവളെ കൊന്നുകളയാന്‍ തീരുമാനിച്ചു. എന്നാല്‍, അങ്ങനെ മരണപ്പെട്ടുപോകാനുള്ളതായിരുന്നില്ല അവളുടെ ജീവിതം. അവള്‍ക്ക് കുറച്ചു കണക്കുകള്‍ തീര്‍ക്കാന്‍ ജീവന്‍ ബാക്കിയുണ്ടാവേണ്ടതുണ്ടായിരുന്നു അവളുടെ മുന്നില്‍ ഒരു രക്ഷകന്‍ അവതരിച്ചു. വിക്രം മല്ല, കൊള്ള സംഘത്തിലെ രണ്ടാമന്‍... ഇതിന്റെ ബാക്കി ഞാന്‍ എഴുതുന്നില്ല നിങ്ങള്‍ വായിച്ചു തന്നെ അറിയുക...
ഫൂലന്‍ ദേവി ജീവിച്ചത് മുപ്പത്തിയെട്ടു വര്‍ഷം മാത്രമാണ്. എന്നാല്‍ ഫൂലന്‍ ദേവി എന്ന ബണ്ഡിറ്റ് ക്യൂനിന് അക്കാലയളവ് ധാരാളമായിരുന്നു. ഇനിയൊരാള്‍ക്കും നടന്നുപോവാനാകാത്ത പാതയിലൂടെയായിരുന്നു അവള്‍ സഞ്ചരിച്ചത്. ഇക്കാലത്തെ സ്ത്രീകള്‍ക്കൊരിക്കലും പ്രതികാരദുര്‍ഗയാവാന്‍ കഴിയില്ലെന്നു വിശ്വസിച്ചിരുന്ന ഒരു ലോകത്തെയാകെ തന്റെ ജീവിതത്തിലൂടെ അവള്‍  ഞെട്ടിച്ചു. സിനിമയെപ്പോലും വെല്ലുന്ന ജീവിതം ജീവിച്ചുതീര്‍ത്ത ഫൂലന്‍ മണ്‍മറഞ്ഞിട്ട് രണ്ട് ദശാബ്ദത്തോളമെത്തിയിട്ടും ഫൂലന്‍ ദേവി എന്നു കേട്ടാല്‍ ഇന്നും ചമ്പല്‍ക്കാടൊന്ന്  ഞെട്ടും, അതാണ് ഫൂലന്‍ ദേവി; ചരിത്രത്തിലെ ഒരേയൊരു ബണ്ഡിറ്റ് ക്യൂന്‍.

 

 

Login log record inserted successfully!