•  2 May 2024
  •  ദീപം 57
  •  നാളം 8
ചരിത്രത്തിലെ ജ്വലാമുഖികള്‍

അധികാരവഴിയിലെ ആദ്യവനിത

ന്ത്യന്‍ ഭരണരംഗത്ത് അധികാരത്തെത്തിയ ആദ്യവനിതയാണ് സുചേത കൃപലാനി. ഉത്തര്‍പ്രദേശിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി. 1908 ജൂണ്‍ 25 ന് ഒരു ബംഗാളി  കുടുംബത്തില്‍ സുചേത ജനിച്ചു. പിതാവ് സുരേന്ദ്രനാഥ് മജുംദാര്‍. സര്‍ക്കാര്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം തീക്ഷ്ണതയുള്ള ദേശസ്നേഹിയായിരുന്നു, രാജ്യസേവനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സ്വയം സമര്‍പ്പിച്ച അദ്ദേഹമാണ് മകള്‍ സുചേതയില്‍ ദേശസ്‌നേഹം പകര്‍ന്നത്.
ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥകോളജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ സുചേത തുടര്‍ന്ന് സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഉന്നതപഠനം നടത്തി. അതിനുശേഷം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍  ഭരണഘടനാചരിത്രത്തിന്റെ ലക്ചററായി.
ഒരു സോഷ്യലിസ്റ്റു നേതാവായിരുന്ന ആചാര്യ ജെ.ബി. കൃപലാനിയെ വിവാഹം കഴിച്ച സുചേത, അദ്ദേഹത്തിന്റെ പ്രോത്സാഹനത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വനിതാ വകുപ്പിന്റെ ആദ്യനേതാവ് എന്ന ബഹുമതിയും അവര്‍ക്കു ലഭിച്ചു. സുചേതയുടെ അര്‍പ്പണബോധത്തില്‍ മതിപ്പു തോന്നിയ ഗാന്ധിജി 1946 ല്‍ കസ്തൂര്‍ബാ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ സംഘാടകസെക്രട്ടറിയായി അവരെ നിയമിക്കാന്‍ തയ്യാറായി. 
അതേവര്‍ഷംതന്നെ നവഖാലിയില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്)  വര്‍ഗീയകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഗാന്ധിക്കും കൃപലാനിക്കും ഒപ്പം സുചേതയും കലാപബാധിതപ്രദേശം സന്ദര്‍ശിക്കുകയും അക്രമങ്ങള്‍ക്കിരയായവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു.
1946 അവസാനത്തോടെ അവര്‍ ഭരണഘടനാ അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 
ഇന്ത്യന്‍ ഭരണഘടനയുടെ ചാര്‍ട്ടര്‍ സമര്‍പ്പിക്കാനുള്ള ചുമതല സുചേതയ്ക്കായിരുന്നു.
 1949 ല്‍ ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രതിനിധിയായി സുചേതയെ തിരഞ്ഞെടുത്തു.
1952 ല്‍, ആചാര്യ കൃപലാനി പുതിയ പാര്‍ട്ടി രൂപീകരിച്ചു.
1952 ല്‍ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ സുചേത കൃപലാനി ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട് ചെറുകിട വ്യവസായ സഹമന്ത്രിയായി. അഞ്ചു വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് ടിക്കറ്റില്‍ അതേ മണ്ഡലത്തില്‍നിന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മിന്നുന്ന ബുദ്ധിശക്തിയും അതിശയകരമായ പ്രഭാഷണവൈദഗ്ധ്യവും വിശിഷ്ട പാര്‍ലമെന്റേറിയന്‍ എന്ന പദവിക്ക് സുചേതയെ അര്‍ഹയാക്കി.
1962 ല്‍ സുചേത കൃപലാനി ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചു. കാണ്‍പൂര്‍ നിയോജകമണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട അവര്‍ തൊഴില്‍, കമ്മ്യൂണിറ്റി വികസനം, വ്യവസായം എന്നീ വകുപ്പുകളുടെ മന്ത്രിയായി.
അടുത്ത വര്‍ഷം, കമലാപതി ത്രിപാഠിയും സിബി ഗുപ്തയും തമ്മില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സംഘര്‍ഷം ഉടലെടുത്തു. ഗുപ്ത തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ ദില്ലി വിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം സുചേതേയാട് ആവശ്യപ്പെട്ടു. അധികാരത്തിലിരുന്നുകൊണ്ട് കാര്യക്ഷമതയുള്ള ഒരു അഡ്മിനിസ്‌ട്രേറ്റര്‍, സംഘാടിക എന്നീ നിലകളില്‍ അവര്‍ തന്റെ കഴിവ് തെളിയിച്ചു.
1971 ല്‍ സുചേത കൃപലാനി രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു.
അവസാനവര്‍ഷങ്ങള്‍
സജീവമായ രാഷ്ട്രീയം ഉപേക്ഷിച്ച സുചേതയും ആചാര്യകൃപലാനിയും ദില്ലിയില്‍ സ്ഥിരതാമസമാക്കി.
കുട്ടികളില്ലാത്തതിനാല്‍  ഇരുവരും തങ്ങളുടെ സമ്പത്തും വിഭവങ്ങളും ലോക് കല്യാണ്‍ സമിതിക്ക് ഉദാരമായി സംഭാവന ചെയ്തു.
ഈ സമയം, അവര്‍ തന്റെ ആത്മകഥ എഴുതാന്‍ തുടങ്ങി, അതില്‍ മൂന്നു ഭാഗങ്ങള്‍ 'ദ ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ' യില്‍ പരമ്പരയായി പ്രസിദ്ധീകരിക്കുകയുണ്ടായി.
1974 ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് സുചേത മരണത്തിനു കീഴടങ്ങി.

 

Login log record inserted successfully!