•  21 Oct 2021
  •  ദീപം 54
  •  നാളം 29
സ്റ്റൂഡന്റ്‌സ് ഷെല്‍ഫ്‌

പറഞ്ഞാലും തീരാത്ത പഴങ്കഥകള്‍

വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും. കുഞ്ഞുണ്ണി മാഷിന്റെ ഈ രണ്ടുവരി കവിത എത്ര അര്‍ത്ഥവത്താണെന്ന് ഇന്നത്തെ തലമുറയെ നിരീക്ഷിച്ചാല്‍ മനസ്സിലാകും.
ലോകം വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങിയപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പുസ്തകങ്ങളില്‍നിന്ന് അകന്നു. അക്കാദമിക് പുസ്തകങ്ങളില്‍ മാത്രമായി വായന അവസാനിക്കുന്നു. ലോകം അറിയാതെ പോകുന്നു.
ഇത് അപകടകരമായ ഒരു ഒരു അവസ്ഥയാണ്. ജോലിക്കുപോകുന്ന മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികളുടെ അവധി പേടിസ്വപ്നമാണ്. ലോകമെങ്ങുമുള്ള രക്ഷിതാക്കള്‍ കുറെക്കാലമായി പറയുന്ന ഒരു പരാതിയുണ്ട്: കുട്ടികള്‍ക്ക് പുസ്തകം വായിക്കാന്‍ താത്പര്യമില്ല.
കുട്ടികളുടെ വായനശീലം കുറയുന്നു. അതുകൊണ്ട് അവരുടെ വിജ്ഞാനനിലവാരം വേണ്ടത്ര ഉയരുന്നില്ല.  ബാലസാഹിത്യപുസ്തകങ്ങള്‍ കുട്ടികളുടെ വായനയുടെ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമാണ്. 
ബാല്യകൗമാരങ്ങളുടെ ഭാവനാലോകത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയും അതിന് ഇളക്കം തട്ടാതെ ലാളിത്യവും ചാരുതയുമാര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴാണ് നല്ല ബാലസാഹിത്യസൃഷ്ടികള്‍ രൂപം കൊള്ളുന്നത്. ആ അര്‍ത്ഥത്തില്‍ സമ്പന്നമാണ് മലയാളസാഹിത്യം. മഹത്തായ ഒട്ടേറെ ബാലസാഹിത്യകൃതികള്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്ന കൃതിയാണ് ഐതിഹ്യമാല.
1909 മുതല്‍ 1934 വരെ ഏകദേശം 25 വര്‍ഷംകൊണ്ട് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെല്ലാം സമ്പാദിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണി തയ്യാറാക്കിയ ഗ്രന്ഥമാണ് ഐതിഹ്യമാല. ഐതിഹ്യമാലയുടെ കര്‍ത്താവെന്ന നിലയിലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി വിഖ്യാതനായത്. ചെമ്പകശ്ശേരി രാജാവു മുതല്‍ തിരുവട്ടാറ്റാദി കേശവന്‍വരെയുള്ള ഐതിഹ്യമാലയിലെ 126 കഥകളും മലയാളിമനസ്സിനെ കീഴടക്കിയതാണ്. 126 ഐതിഹ്യങ്ങള്‍ എട്ടു ഭാഗങ്ങളിലായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ജീവചരിത്രങ്ങളും ദേശചരിത്രങ്ങളുമെല്ലാം ഉള്‍പ്പെടുത്തിയാണ് ഐതിഹ്യങ്ങള്‍ വര്‍ണിച്ചിരിക്കുന്നത്. 
യൂറോപ്യന്മാര്‍ക്കു മുമ്പുള്ള കേരളീയജീവിതത്തിന്റെ നേര്‍ചിത്രം ഈ കഥകളില്‍ നമുക്ക് വായിച്ചെടുക്കാം. ആയിരത്തൊന്നു രാവുകളുടെയും ഈസോപ്പ് കഥകളുടെയും ഗണത്തിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന രചനയാണ് ഐതിഹ്യമാല. കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും അതിശയോക്തി കലര്‍ത്തി അവതരിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന രചനാവൈഭവമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി പരീക്ഷിച്ചു വിജയിപ്പിച്ചത്. നൂറ്റാണ്ടുകളായി ജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ കഥകളാണ് ഐതിഹ്യങ്ങള്‍. 'ഇപ്രകാരം' എന്ന അര്‍ത്ഥം വരുന്ന 'ഇതി',  പ്രസിദ്ധം എന്നര്‍ത്ഥം വരുന്ന 'ഹം' എന്നീ രണ്ടു വാക്കുകള്‍ കൂടിച്ചേരുന്നതാണ് ഐതിഹ്യം.
പണ്ഡിതസമൂഹത്തിനിട യിലും ആഢ്യകുലത്തിന്റെ സൊറപറയല്‍ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാര്‍ക്കിടയിലേക്കു കൊണ്ടുവരാന്‍ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പില്‍ക്കാലത്ത് മലയാളത്തില്‍ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതരൂപത്തില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ, ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കില്‍ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ 'പന്തിരു'നായകന്മാരും കേരളത്തില്‍ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെതന്നെയാണ് 'കടമറ്റത്തു കത്തനാര്‍', 'കായംകുളം കൊച്ചുണ്ണി', 'കുളപ്പുറത്തു ഭീമന്‍' തുടങ്ങിയ വീരനായകന്മാരും 'പാഴൂര്‍ പടിപ്പുര', 'കല്ലൂര്‍മന', 'പാണ്ടന്‍പുറത്തെ ഉപ്പുമാങ്ങ' തുടങ്ങിയ സ്ഥല, സാമഗ്രികളും പ്രാദേശികഭേദമെന്യേ മലയാളികള്‍ക്കു പരിചിതമായിത്തീര്‍ന്നത്.