•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

കുരിശിലേക്കുള്ള കുതിപ്പുയാത്ര

മാര്‍ച്ച് 28  നോമ്പുകാലം ഏഴാം ഞായര്‍
ഉത്പ 49:8-12,22-26സഖ 9:9-12 
റോമ 11:13-24 മത്താ 21:1-17

''ഇതാ, നമ്മള്‍ ജറുസലേമിലേക്കു പോകുന്നു'' എന്ന വാക്യമാണ് (ലൂക്കാ 18,31) ഈ വര്‍ഷത്തെ നോമ്പാചരണസന്ദേശത്തിന്റെ ശീര്‍ഷകമായി ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുത്തത്. സത്യത്തില്‍, ലൂക്കായുടെ സുവിശേഷത്തില്‍ ഒമ്പതാമധ്യായംമുതല്‍ യേശു യാത്രയിലാണ്. 9,51 ലാണ് അത് ആരംഭിക്കുന്നത്.  ''തന്റെ ആരോഹണത്തിന്റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, അവന്‍ ജറുസലേമിലേക്കു പോകാന്‍ ഉറച്ചു'' എന്ന  പ്രസ്താവനയോടെ പിന്നെയങ്ങോട്ട് യേശു ഒരു മുന്നേറ്റത്തിലാണ്. അതിനാല്‍, ലൂക്കാ 9,51 മുതല്‍ 18,14 വരെയുള്ള ഭാഗം വിളിക്കപ്പെടുന്നത് യാത്രാവിവരണം (ഷീൗൃില്യ ിമൃൃമശേ്‌ല) എന്നാണ്. ആ യാത്രയ്ക്കു വലിയ മാനങ്ങളാണുള്ളത്. തന്റെ രക്ഷാകരകര്‍മം പൂര്‍ത്തിയാക്കാനുള്ള ഈശോയുടെ കുതിപ്പുയാത്രയാണത് - കുരിശിലേക്കുള്ള കുതിപ്പുയാത്ര! തന്റെ രക്ഷ ലോകാതിര്‍ത്തികള്‍വരെ എത്തിക്കാന്‍ ശിഷ്യരെ തീക്ഷ്ണമായി പ്രചോദിപ്പിക്കാനായുള്ള ഒരുക്കയാത്രകൂടിയാണത് - ലോകത്തിലേക്കുള്ള കുതിപ്പൊരുക്കയാത്ര!
ഒരു വിവരണ അനന്യത
മത്താ 21,1-17-ലൂടെ നാം ശ്രവിക്കുന്നത് ജറുസലേമിലേക്കുള്ള യേശുവിന്റെ സാഘോഷപ്രവേശമാണ്. ഈ വിവരണത്തില്‍ സുവിശേഷകന്‍ പ്രവാചകവചനങ്ങളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. രണ്ടു പ്രവാചകന്മാരുടെ ഉദ്ധരണികളാണ് നാം ഇവിടെ കാണുന്നത് - ഏശ 62,11 (''സീയോന്‍പുത്രിയോടു പറയുക''); സഖ 9,9 (''അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്തു കയറിവരുന്നു''). മത്തായി മാത്രമേ കഴുതയെയും കഴുതക്കുട്ടിയെയും പരാമര്‍ശിക്കുന്നുള്ളൂ.
'അവര്‍ കഴുതയെയും കഴുതക്കുട്ടിയെയും കൊണ്ടുവന്ന് അവയുടെമേല്‍ വസ്ത്രങ്ങള്‍ വിരിച്ചു. അവന്‍ കയറി ഇരുന്നു' എന്ന വാക്യത്തെ ചൂണ്ടിക്കാട്ടി, രണ്ടു മൃഗങ്ങളുടെമേല്‍ എങ്ങനെ ഒരേസമയം യാത്ര ചെയ്യാനാകും എന്നു ചിലര്‍ ചോദിച്ചുകേള്‍ക്കാറുണ്ട്. സഖറിയായിലുള്ളത്, അക്ഷരാര്‍ത്ഥത്തില്‍, 'ആണ്‍കഴുതപ്പുറത്ത്, പെണ്‍കഴുതയുടെ കുട്ടിയായ കഴുതപ്പുറത്ത്' എന്നാണ്. ഒരു മൃഗത്തെ രണ്ടു രീതിയില്‍ സൂചിപ്പിക്കുന്ന ആവര്‍ത്തനകവിതാതന്ത്രമാണത്. എങ്കിലും ഇംഗ്ലീഷില്‍ 'മിറ' എന്നര്‍ത്ഥം വരാവുന്ന ഹീബ്രുവിലുള്ള 'വാവ്' പ്രയോഗവും സപ്തതിയിലെ 'കായ്' പ്രയോഗവും രണ്ടു മൃഗങ്ങളായി അവയെ പരിഗണിക്കാന്‍ മത്തായിസുവിശേഷകനെ പ്രേരിപ്പിച്ചു എന്നുവേണം കരുതാന്‍. ഈ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറി എന്നു സ്ഥാപിക്കുകയായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. 'അവന്‍ അവയുടെമേല്‍ ഇരുന്നു'  എന്നതിനെ 'വസ്ത്രങ്ങളുടെമേല്‍' എന്നോ 'രണ്ടു മൃഗങ്ങളുടെമേല്‍' - ഒന്നിനുശേഷം മറ്റൊന്നിന്റെമേല്‍ - എന്നോ മനസ്സിലാക്കാവുന്നതാണ്.
ഓശാനയും സങ്കീര്‍ത്തനവും
ജനക്കൂട്ടത്തിന്റെ ഓശാനവിളിയും 'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍' എന്ന ഉദ്‌ഘോഷവും സങ്കീ 118,25.26 ല്‍നിന്നു കടമെടുത്തിട്ടുള്ളതാണ്. ഹല്ലേല്‍ഗീതങ്ങള്‍ (സങ്കീ 113-118) യഹൂദര്‍ പെസഹാചരണത്തിന് ഉപയോഗിച്ചിരുന്ന കീര്‍ത്തനങ്ങളാണ്. ഈജിപ്തില്‍നിന്നുള്ള ഇസ്രായേലിന്റെ മോചനാനുസ്മരണമായിരുന്നല്ലോ പെസഹാചരണം. അത്തരം സങ്കീര്‍ത്തനശകലം ജറുസലേമിലേക്കുള്ള യേശുവിന്റെ സാഘോഷപ്രവേശവേളയില്‍ ജനം ആര്‍ത്തുപാടിയത് ഏറെ അര്‍ത്ഥഗര്‍ഭമാണ്. 
'ഞങ്ങളെ രക്ഷിക്കണമേ' എന്നര്‍ത്ഥമുള്ള 'ഹോഷിയാനാ' എന്ന ഹെബ്രായപദം യേശുവിന്റെ പേരിനോടു ചേര്‍ന്നുപോകുന്നതാണ്. 'കര്‍ത്താവു രക്ഷിക്കുന്നു' എന്നര്‍ത്ഥമുള്ള 'യഹോഷുവാ' അഥവാ 'യോഷുവാ' എന്ന  നാമമാണല്ലോ ഈശോ/യേശു എന്നു നമ്മള്‍ ഉച്ചരിക്കുന്നത്. ഓശാന എന്നത് ആദ്യകാലത്ത് ഒരു പ്രാര്‍ത്ഥനയായിരുന്നെങ്കില്‍, പിന്നീട് അത് ഇസ്രായേല്‍ കാത്തിരുന്ന അഭിഷിക്തനെ അഥവാ മിശിഹായെ/ക്രിസ്തുവിനെ എതിരേല്ക്കുന്ന മുദ്രാവാക്യം വിളിയായി മാറി. ജറുസലേമിലേക്കു കടന്നുവന്ന യേശുവിനെ മിശിഹായായി ജനം തിരിച്ചറിഞ്ഞ് ഏറ്റുപറഞ്ഞതാണ് ഓശാന. റോമാഭരണത്തില്‍നിന്നു തങ്ങളെ രക്ഷിക്കാനുള്ളവന്‍ എന്നതായിരുന്നു യേശുവിനെക്കുറിച്ചുള്ള ജനത്തിന്റെ സങ്കല്പമെങ്കിലും, ആ ഓശാനാവിളിയിലൂടെ തങ്ങളുടെ രക്ഷയുടെ കുതിപ്പിനായി, അറിയാതെയാണെങ്കിലും, യേശുവിനെ അവര്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു!
ഇന്നിന്റെ ഓശാന
ഒലിവുചില്ലകള്‍ക്കു പകരം നമുക്കു സുലഭമായ കുരുത്തോലകള്‍ കൈകളിലേന്തി ഓശാന പാടി നാം പ്രദക്ഷിണം ചെയ്യുമ്പോള്‍ നോമ്പുനോറ്റു സുന്ദരമാക്കിയ ജീവിതത്തിന്റെ വഴിത്താരയിലേക്കാണ് യേശുവിനെ ഓശാന പാടി നാം എതിരേല്ക്കുന്നത് എന്നു മറക്കരുത്. പക്ഷേ, ഇത് ഒരു ദിവസത്തിന്റെ ഏര്‍പ്പാടല്ല. ഒന്നാമതായി, വിശുദ്ധവാരത്തിന്റെ ആരംഭം എന്ന നിലയില്‍ ഈ ഓശാനപാടല്‍ ഈശോമിശിഹായുടെ പീഡാസഹനമരണോത്ഥാനങ്ങളുടെ തീക്ഷ്ണാനുസ്മരണത്തിലേക്കും നമ്മുടെ രക്ഷയുടെ രഹസ്യങ്ങളിലേക്കുമുള്ള സ്‌നേഹാര്‍ദ്രമായ ക്ഷണമാണ് നമുക്കു വച്ചുനീട്ടുന്നത്. രണ്ടാമതായി, ഓരോ ദിവ്യബലിയിലും നമ്മള്‍ ഓശാനഗീതം ആവര്‍ത്തിക്കുമ്പോള്‍ അള്‍ത്താരയാകുന്ന ജറുസലേമിലേക്ക് സാഘോഷം എഴുന്നള്ളിവരുന്ന കര്‍ത്താവിനെ നാം സഭാമധ്യത്തിലേക്ക് എതിരേല്ക്കുകയാണ് എന്ന ഓര്‍മ വേണം. മൂന്നാമതായി, ഓശാനഞായറില്‍ വെഞ്ചരിച്ച കുരുത്തോല സ്വഭവനത്തിലെ പ്രാര്‍ത്ഥനാമുറിയില്‍ ദിവസവും നമ്മള്‍ കാണുമ്പോള്‍ നമ്മുടെ കുടുംബത്തിലേക്ക് സാഘോഷം പ്രവേശിച്ചിട്ടുള്ള കര്‍ത്താവിനെക്കുറിച്ചുള്ള സ്മരണയാലും സ്‌നേഹത്താലും ഉള്ളം നിറയണം. കര്‍ത്താവിനുമുമ്പില്‍ വിരിച്ചിട്ട വസ്ത്രങ്ങളും തിരുമുമ്പില്‍ സാനന്ദം ആടിയുലയുന്ന മരച്ചില്ലകളുമായി നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതം മാറണം. ചുരുക്കിപ്പറഞ്ഞാല്‍, ഓശാനഗീതം ജറുസലേംവീഥിയില്‍നിന്ന് നമ്മുടെ തെരുവീഥികളിലേക്കും കുടുംബങ്ങളിലേക്കും ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറാനുള്ളതാണ്! അതു സംഭവിച്ചാല്‍ പിന്നെ, നാം കുതിക്കുകയായി.

 

Login log record inserted successfully!